ഹരിത സംരംഭക വർഷത്തിനായി  എഫ് പി ഓ കൾ

പാർവതി. ആർ. നായർ
രാജ്യത്തെ പതിനായിരം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എഫ്. പി. ഓ കൾ ആക്കുന്നു എന്ന് കേന്ദ്ര സഹകരണ മന്ത്രിയുടെ പ്രഖ്യാപനം കാർഷിക മേഖലയിലെ സംരംഭകർക്ക് ആഹ്ലാദം പകരുന്ന ഒന്നാണ്. പരമ്പരാഗതമായി കൃഷി ചെയ്ത് ഉൽപാദിപ്പിയ്ക്കുന്ന വിളകൾ പൂർണമായും വിപണനം ചെയ്യാത്ത, അവയ്ക്ക് ന്യായമായ വില ലഭിയ്ക്കാത്ത ഒരവസ്ഥ ഇന്നുണ്ട്. തന്മൂലം കാർഷിക വായ്പകൾ തിരിച്ചടയ്ക്കാനാവാതെ കർഷകർ കുഴങ്ങുന്നുമുണ്ട്. വായ്പ നൽകലും നിക്ഷേപങ്ങൾ സ്വീകരിയ്ക്കലും എന്നതിലുപരി ഉൽപാദകരായ കർഷകർക്ക് മികച്ച ആദായം ലഭിയ്ക്കുംവിധം എഫ് പി ഒ കൾ ആയി ഇനി സഹകരണ സംഘങ്ങൾ പരിവർത്തനം ചെയ്യും. 
 
ഇന്ത്യയിൽ ഏതാണ്ട് 98,995 കാർഷിക വായ്പാ സഹകരണ സംഘങ്ങളും അവയിൽ എല്ലാം കൂടി 13 കോടി കർഷകരുമുണ്ട്. കാർഷിക മേഖലയിലെ ചാഞ്ചാട്ടം മൂലം ഇവയിൽ അറുപതു ശതമാനവും നഷ്ടത്തിൽ പ്രവർത്തിക്കുന്നു. ഇന്നും മഴയുമായുള്ള ചൂതാട്ടമാണല്ലോ ഇവിടെ. അതിവൃഷ്ടിയും അനാവൃഷ്ടിയും വിളകൾക്ക് ഒരുപോലെ ദോഷകരമാകുന്നു. ചില പ്രത്യേക ഉൽപന്നങ്ങൾക്ക് ക്ഷാമവും അതുമൂലം പൊള്ളുന്ന വിലക്കയറ്റവും ഇവിടെ സർവസാധാരണമാണ്. മുമ്പ് സവാളയായിരുന്നു താരമെങ്കിൽ ഇത്തവണ അത് തക്കാളിയായിരുന്നു. ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് അരിയുടെ കയറ്റുമതി ഇതിനോടകം കേന്ദ്രം നിരോധിച്ചു കഴിഞ്ഞു. ഇതുമൂലം ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്തിരുന്ന പത്തിലേറെ രാജ്യങ്ങളിൽ അരിവില ഉയർന്നു തുടങ്ങി. 70,000 കോടി രൂപയുടെ അരിയായിരുന്നു നമ്മൾ പോയവർഷം കയറ്റുമതി ചെയ്തത്. ഇപ്പോൾ ബസ്മതി അരിയൊഴികെ എല്ലാ ഇനങ്ങളും നാം ക്ഷാമം മുന്നിൽ കണ്ടു സംഭരിയ്ക്കുകയാണ്. 
 
എഫ്. പി. ഓ അഥവാ കാർഷികോത്പാദക സംഘടന എന്ന പുതിയ വിലാസം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ചാർത്തപ്പെടുമ്പോൾ പ്രയോജനങ്ങൾ ഏറെയാണ്. അതതു പ്രദേശങ്ങളിലെ വിളകളുടെ സംഭരണം, സംസ്‌കരണം, വിപണനം, വൈവിധ്യവൽകരണം തുടങ്ങിയവയെല്ലാം എഫ് പി ഒ കൾക്കാകും. ഇവർക്കുള്ള ധനസഹായം നബാഡ് വഴി ലഭ്യമാക്കും. സാങ്കേതിക സഹായം, വിപണനത്തിനുള്ള നെറ്റ്‌വർക്കുകൾ ഇവയും വിത്തു മുതൽ വിപണി വരെയുളള വിവിധ പ്രക്രിയകളിൽ വിദഗ്ദ്ധ പരിശീലനവും കർഷക സമൂഹത്തിനു ലഭ്യമാക്കും. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിയ്ക്കും. സ്റ്റാർട്ടപ്പുകൾക്കും ധനസഹായവും മാർക്കറ്റ് പ്രൊമോഷനും ലഭ്യമാകും.
 
സഹകരണ മേഖല ഔന്നത്യത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ താഴെപ്പറയും പ്രകാരമാണ് കാർഷിക മേഖലയിലെ സഹകരണ സ്ഥാപനങ്ങൾ സംബന്ധിച്ച സ്ഥിതിവിവരം. 
 
പ്രാഥമിക കാർഷിക വായ്പാ 
സംഘങ്ങൾ 1607
പ്രാഥമിക കാർഷിക വികസന ബാങ്കുകൾ  78
ഫാർമേഴ്‌സ് സർവ്വീസ് സഹകരണ 
സംഘങ്ങൾ 37
റൂറൽ കോ- ഓപ്പറേറ്റീവ് ബാങ്കുകൾ 31
റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾ 158
അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സംഘങ്ങൾ 353
ജോയിന്റ് ഫാമിങ്ങ് സംഘങ്ങൾ 18
 
ബാങ്കിംഗ് സേവനങ്ങളോടൊപ്പം കർഷക ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്ന ഈ സ്ഥാപനങ്ങൾക്കും കാർഷിക വിളകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കാനും അവസരങ്ങൾ തെളിയുകയാണ്. 
 
എഫ്.പി.ഒ കളുടെ പ്രഭവകേന്ദ്രം പ്രാഥമിക സംഘങ്ങളെങ്കിലും അത് വ്യവസായ സംരംഭങ്ങളായി വികസിയ്ക്കുന്നതോടെ ചിത്രം മറ്റൊന്നാകുന്നു. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ സഹകരണ വകുപ്പും വ്യവസായ വകുപ്പും കൈകോർത്താണ് പ്രവർത്തിയ്ക്കുന്നത്. യൂത്ത് കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾ, സ്റ്റാർട്ടപ്പ് സൊസൈറ്റികൾ എന്നിവ ഉദാഹരണങ്ങളാണ്. നൂതനാശയങ്ങളുമായെത്തുന്ന സംരംഭകർക്ക് രണ്ടു വകുപ്പുകളും സ്വാഗതമോതുന്നു. കാർഷികാധിഷ്ഠിതമായ സംരംഭങ്ങൾക്കാവും പുതിയ എഫ്. പി. ഒ സഹായഹസ്തമൊരുക്കുന്നത്. സീസണുകളിൽ പാഴാകുന്ന ഫലവർഗ്ഗങ്ങളുടെ സംഭരണവും സംസ്‌കരണവും മുതൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഭക്ഷ്യ വിളകളുടെയും ഭക്ഷ്യേതര വിളകളുടെയും പുതിയ ഉൽപന്നങ്ങൾ വരെ ഇതിൽ ഉൾപെടും. ഇവയ്‌ക്കൊക്കെയുള്ള പ്രോജക്റ്റ് റിപ്പോർട്ടുകൾ, സാങ്കേതിക ഉപദേശങ്ങൾ എന്നിവ നൽകാൻ വ്യവസായ വകുപ്പിലെ വിദഗ്ദ്ധർക്കു കഴിയും. ഉൽപന്നങ്ങളുടെ വിപണനശ്രേണി ഒരുക്കുന്നതിലും വ്യവസായ വകുപ്പിന് സംവിധാനങ്ങളുണ്ട്. പ്രാദേശികം മുതൽ അന്തർദേശീയ മേളകൾ വരെ ഒരുക്കുവാനും ബി റ്റു ബി മീറ്റുകളിലൂടെ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുവാനും സംസ്ഥാന വ്യവസായ വകുപ്പിന് അനായാസം സാധിയ്ക്കും. ഏതാണ്ട് നൂറിൽപരം എഫ്. പി. ഒ കൾ തുടക്കത്തിൽതന്നെ സംസ്ഥാനത്തെത്തുമ്പോൾ അത് വ്യവസായ മേഖലയിൽ ശുഭോതർക്കമായ ചലനങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. സംരംഭകവർഷം എന്ന നവീന പദ്ധതിയിലൂടെ മുന്നേറ്റം സൃഷ്ടിച്ച് ദേശീയ തലത്തിൽത്തന്നെ ശ്രദ്ധ നേടിയ നമുക്ക് ഇനി ഒരു ഹരിത സംരംഭക വർഷം കൂടി ആസൂത്രണം ചെയ്യാൻ എഫ്. പി. ഒ കൾ ഭാവിയിൽ സഹായകമാവും.
 
എഫ് പി ഒ കളുടെ ലിങ്കേജ് ഇഫക്റ്റായി നിലമൊരുക്കൽ, വിത്തിറക്കൽ, വിളശേഖരണം എന്നിങ്ങനെ തുടക്കത്തിലും നവീന ഉൽപന്ന വികസനം, വിപണനം എന്നിങ്ങനെ ഒടുക്കത്തിലും പുതിയ സ്ഥാപനങ്ങളുടെ സമാരംഭത്തിനും സാധ്യതയേറുന്നു. ഇവ കൂടുതൽ തൊഴിലവസരങ്ങളും പ്രദാനം ചെയ്യും. ക്ഷേമകാലത്ത് സംഭരിയ്ക്കുന്ന എല്ലാ വിളകളും ക്ഷാമകാലത്ത് ഫലപ്രദമായി ഉപയോഗിയ്ക്കാനും  വഴിയൊരുക്കാം. പെട്ടെന്ന് കേടാകുന്ന പഴങ്ങൾ പച്ചക്കറികൾ എന്നിവ ശീതീകരണ സംവിധാനമുപയോഗിച്ചും ഉണക്കിയും പൊടിച്ചും സൂക്ഷിയ്ക്കാനും കഴിയുന്നതിലൂടെ അമിതോൽപാദന സമയത്തെ വിലയിടിവും ദൗർലഭ്യകാലത്തെ വിലക്കയറ്റവും ഒരുപോലെ പിടിച്ചു നിർത്താനും കർഷകരുടെ ദുരിതം ശമിപ്പിയ്ക്കാനും ഇതു വഴിയൊരുക്കും. 
 
എഫ്. പി. ഒ കൾ ഭാവിയിൽ ഐ ഡി ഒ (ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് ഓർഗനൈസേഷൻസ്) ആവട്ടെ എന്ന് ആശംസിയ്ക്കാം. കൃഷി നാടിന്റെ ജീവസന്ധാരണോപാധി എന്നതിനെക്കാൾ വ്യവസായമായിത്തന്നെ കാണണം. 54 ശതാമനത്തിലേറെയൊണ് ഇതിൽ ഏർപെട്ടിരിയ്ക്കുന്ന ജനത എന്നതോർക്കണം. കാർഷികാധിഷ്ഠിത വ്യവസായങ്ങളിൽ 42 ശതമാനം പേർ ഇവിടെ തൊഴിലെടുക്കുന്നു. ആകെ ജി ഡി പി യുടെ 18 ശതമാനം ഈ മേഖലയിൽ നിന്നുണ്ട് എന്ന കാര്യം പ്രത്യേകം ഓർമ്മിയ്ക്കാം.