ആദിത്യ എൽ1ലും ചാന്ദ്രയാൻ 3ലും കരുത്തായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി

രാജ്യത്തിന്റെ രണ്ട് ബഹിരാകാശ ദൗത്യങ്ങളിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സുപ്രധാനമായ പങ്ക് നാട് വീക്ഷിച്ച ദിവസങ്ങളാണ് കടന്നുപോകുന്നത്. ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ ചാന്ദ്രയാൻ 3ലും ആദ്യ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ1ലും കേരളത്തിന്റെ പേരും അടയാളപ്പെടുത്താൻ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാധിച്ചു. ചാന്ദ്രയാൻ ദൗത്യത്തിൽ കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളും പങ്കാളികളായി. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ, സിഡ്‌കോ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം ഉൽപ്പന്നങ്ങളാണ് ചാന്ദ്രയാൻ 3 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ആദിത്യ എൽ1 ദൗത്യത്തിലും നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ നിർമ്മിച്ച സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ചത്. റോക്കറ്റ് കുതിച്ചുയരുന്നതിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണിത്. ഏകദേശം 350 ടണ്ണോളം സോഡിയം ക്ലോറേറ്റ് ക്രിസ്റ്റൽ ടി.സി.സി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ ആരംഭിച്ച ഐ.എസ്.ആർ.ഒ-ടി.സി.സി സംയുക്ത സംരംഭമായ പ്ലാന്റിലാണ് ഇവ നിർമ്മിക്കുന്നത്.
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എൽ ദൗത്യത്തിൽ പങ്കാളികളായത് ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ച് ഉണ്ടാക്കിയ അലോയ്കൾ നൽകിക്കൊണ്ടാണ്. ചാന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാനാണിവ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന ഏക പ്ലാന്റാണ് നമ്മുടെ കെ.എം.എം.എല്ലിലേത്.

കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ ചാന്ദ്രയാൻ 3 മിഷനിലേക്ക് നൽകിയിട്ടുള്ളത് നാൽപ്പത്തിയൊന്ന് ഇലക്ട്രോണിക്‌സ് മോഡ്യൂൾ പാക്കേജുകളാണ്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഘഢങ 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്‌സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവയെല്ലാം നൽകിയത് കെൽട്രോൺ ആണ്.

അതിസങ്കീർണ്ണമായ ഫോർജിംഗ്‌സുകൾ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയാണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ എസ്.ഐ.എഫ്.എൽ ചാന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായത്. ടൈറ്റാനിയം അലോയി, ഇൻകോണൽ, അലൂമിനിയം അലോയ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ തുടങ്ങിയ ലോഹസങ്കര ഫോർജിംഗ്‌സുകൾ തദ്ദേശീയമായി എസ്.ഐ.എഫ്.എൽ വികസിപ്പിച്ചിട്ടുണ്ട്. വികാസ് എഞ്ചിൻറെ അനുബന്ധ സാമഗ്രികൾ ആയ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്യുലിബ്രിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്യുലിബ്രിയം റെഗുലേറ്റർ ബോഡി, സിഇ-20 ക്രയോ എഞ്ചിൻ ത്രസ്റ്റ് ചേംബർ ഭാഗങ്ങളായ കൺവെർജൻറ് ഡൈവേർജൻറ് എന്നിവയും എസ്.ഐ.എഫ്.എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിമാനപദ്ധതിയിൽ പ്രധാനഘടകമായി പ്രവർത്തിക്കുകയും അത്തരമൊരു ദൗത്യം വിജയകരമാക്കുന്നതിൽ സഹായിക്കുകയും ചെയ്തുവെന്നത് മലയാളികൾക്കാകെ അഭിമാനകരമാണ്. പൊതുമേഖലയെ സംരക്ഷിച്ചും നവീകരിച്ചും കേരള ബദൽ രാജ്യത്തിന് മുന്നിൽ ഉയർത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഈ നേട്ടം സംസ്ഥാനത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ബലം നൽകുകയാണ്.