നൂതന സംരംംഭക ആശയങ്ങൾ മാറ്റുരച്ച ‘ഡ്രീംവെസ്റ്റർ’ ഇന്നൊവേറ്റീവ് ഐഡിയ കോണ്ടസ്റ്റ്
ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
നവസംരംഭകർക്കും ബിസിനസ് താൽപര്യമുള്ളവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച നൂതനാശയ മത്സരമായ ‘ഡ്രീംവെസ്റ്റർ’ ഫൈനൽ റൗണ്ട് മത്സര വിജയികളുടെ ഔദ്യോഗിക പ്രഖ്യാപനവും സമ്മാനദാനവും ബഹു. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്, 2023 ജൂലൈ 19 ന് 5 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ വെച്ച് നിർവഹിച്ചു.
സംസ്ഥാന സർക്കാർ 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംരംംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡ്രീംവെസ്റ്റർ മത്സരം സംഘടിപ്പിച്ചത്. അഭ്യസ്തവിദ്യരായ യുവജനത അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവരുടെ കഴിവും പരിശ്രമങ്ങളും മറ്റ് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന് പകരം നമ്മുടെ നാട്ടിൽ തന്നെ വിനിയോഗിക്കുന്നതിനും ആയിരുന്നു മത്സരം ലക്ഷ്യം വച്ചത്. യുവജനങ്ങൾ സംരംഭക രംഗത്തേയ്ക്ക് കൂടുതലായി കടന്നു വരുന്നതിലൂടെ അവരെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളായി മാറ്റുന്നതിനും മികവുറ്റ തൊഴിൽ അന്തരീക്ഷവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും സാധിക്കും. അതുകൊണ്ട് തന്നെ 18 വയസ്സ് മുതൽ 35 വയസ്സ് വരെയായിരുന്നു മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി.
നൂതന സംരംംഭക ആശയങ്ങളും വ്യത്യസ്ത സംരംഭക സ്വപ്നങ്ങളുടെ അവതരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഡ്രീം വെസ്റ്ററിന്റെ ഓരോ റൗണ്ടും. മികച്ച സംരംഭകാശയങ്ങളും അവ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയും കൈമുതലായ മികവുറ്റ മത്സരാർത്ഥികളായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. അഗ്രി & ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്‌സ് & ഐ. റ്റി. ബിസിനസ് ഇന്നവേഷൻ, ലൈഫ് സയൻസ് & ഹെൽത്ത് കെയർ എന്നീ വിഭാഗങ്ങളിലായി 19 പേരായിരുന്നു ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ. വിവിധ ഭാഗങ്ങളിലായി 816 എൻട്രികളാണ് ഡ്രീംവെസ്റ്റർ മത്സരാർത്ഥികളുമായി കടന്നു വന്നത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 19 ആശയങ്ങളാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേഷൻ സെൻററുകളിലെ ഇൻകുബേഷൻ സ്‌പേസിലേക്കുള്ള പ്രവേശനം, മെൻററിംഗ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയ സഹായം ഡ്രീംവെസ്റ്റർ ഉറപ്പു നൽകും. കേരളത്തിൽ വേരൂന്നിക്കൊണ്ട് വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കാനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഡ്രീംവെസ്റ്റർ അവസരമൊരുക്കും.
അഗ്രി & ഫുഡ് പ്രോസസ്സിംഗ് വിഭാഗത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രഞ്ജിത്ത് ജോൺ, ഇടുക്കി ജില്ലയിൽ നിന്നുള്ള അനഘ സുനിൽ എന്നിവരും ഇലക്ട്രോണിക്‌സ് & ഐ. റ്റി. വിഭാഗത്തിൽ അലക്‌സ് മാത്യു, പത്തനംതിട്ട, ശ്യാം പ്രദീപ്, എറണാകുളം എന്നിവരും ബിസിനസ്സ് ഇന്നവേഷൻ വിഭാഗത്തിൽ സബിൻ തോമസ്, എറണാകുളം, മുഹമ്മദ് സാദിഖ്, മലപ്പുറം എന്നിവരും ലൈഫ് സയൻസസ് & ഹെൽത്ത് കെയർ വിഭാഗത്തിൽ മുഹ്‌സിൻ ഒ. വി. കോഴിക്കോട്, മേഘ്‌ന ഡെയ്‌സൺ, തൃശൂർ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും, മെമെന്റോയും ബഹു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിച്ചു. ഒന്നാം സമ്മാനം ലഭിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ചവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമായിരുന്നു സമ്മാനം.