പാരമ്പര്യത്തിന്റെ കൈപുണ്യവുമായി ‘ജേക്കബ് കാറ്റേഴ്സ് ‘
ഇന്ദു കെ പി
മുപ്പതുവർഷം മുൻപ് തൃശൂർ ജില്ലയിലെ എൽത്തുരുത്ത് എന്ന പ്രദേശത്തെ ആലപ്പാട് ഔസേപ്പ്, പള്ളിയിലെ ആരാധന ചടങ്ങിൽ എത്തുന്നവർക്ക് ഭക്ഷണം വച്ചു വിളമ്പിയാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. അതൊരു പാരമ്പര്യത്തിന്റെ തുടർച്ചയാകുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ, അതൊരു പാചക കുടുംബത്തിന്റെ നാന്ദിയായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന പള്ളിയിലെ ഇത്തരം ചടങ്ങുകളിലെ പാചകത്തിന്റെ നേതൃത്വം ഏറ്റെടുത്തതിലൂടെ ഔസേപ്പിന് ലഭിച്ച ആത്മവിശ്വാസം വലുതായിരുന്നു. തുടർന്ന് ചെറിയ വിരുന്നുകൾക്കും സദ്യകൾക്കുമെല്ലാം ഭക്ഷണം ഒരുക്കുന്നതിന്റെ ചുമതല ലഭിക്കാൻ തുടങ്ങി. ജില്ലയിലെ പ്രധാന കോളേജുകളിൽ ഒന്നായ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥികൾക്ക് അക്കാലത്ത് ഭക്ഷണവും താമസ സൗകര്യവും ഔസേപ്പ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഔസേപ്പിന്റെ മകൻ ജേക്കബും ഈ മേഖലയിൽ തന്നെ ചുവടുറപ്പിച്ചു. പാചകക്കാരന്റെ ലേബൽ പതിച്ചു കിട്ടിയതോടെ അപ്പന്റെ വഴിയിൽ തന്നെ ജേക്കബും സഞ്ചരിച്ചു,സദ്യകൾ ഒരുക്കുന്നതിനൊപ്പം ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും വീടുകളിലെ ചടങ്ങുകൾക്ക് നേരിട്ടുപോയി ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയുമായിരുന്നു ആദ്യകാലത്തെ രീതി.

മൂന്നാം തലമുറയിൽപ്പെട്ട ജേക്കബ്ബിന്റെ മകൻ ജെയ്മോനും രണ്ട് സഹോദരങ്ങളും അപ്പൂപ്പന്റെ പാത പിന്തുടർന്ന് കാറ്ററിംഗ് രംഗത്ത് ജില്ലയിൽ സജീവ സാന്നിധ്യമാണ്. ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ശേഷം പൂർണമായും കാറ്ററിംഗിലേക്ക് തിരിയുകയായിരുന്നു ജെയ്മോൻ. പഠനത്തോടൊപ്പം തന്നെ അപ്പനെ സഹായിക്കുന്നതിലൂടെ ഈ സംരംഭത്തിന്റെ സാധ്യതകളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും അതിൽ തന്നെ തുടരാനുമുള്ള ആഗ്രഹവും ഉണ്ടായി. അപ്പൻ അസുഖം ബാധിതനായതോടെ ജെയ്മോൻ ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. പ്രധാന പാചകകാരൻ ജെയ്മോൻ തന്നെയാണെങ്കിലും മറ്റു രണ്ട് പാചകക്കാർ വേറെയുമുണ്ട്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ 14 സ്ഥിരം ജീവനക്കാരാണ് ജേക്കബ് കാറ്റേഴ്സിലുള്ളത്. ‘ജേക്കബ് കാറ്റേഴ്സ് ‘എന്ന പേരിൽ നാല്പതോളം പേർക്ക് നേരിട്ടും മറ്റു മേഖലയിൽ ഉള്ളവർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നുണ്ട് സ്ഥാപനം. ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന ഉത്തരവാദിത്വത്തിൽ നിന്നും ഉയർന്ന്, ഈവന്റ് മാനേജ്മെന്റ് എന്ന പുതു സംവിധാനത്തിലേക്ക് ചുവടുമാറുകയാണ് ഈ സംരംഭം.
വീടിനോട് ചേർന്നുള്ള അടുക്കളയിൽ നിന്നായിരുന്നു ജെയ്മോന്റെ പുതിയ കാലത്തെ കാറ്ററിങ്ങ് സർവീസിന്റെ ആരംഭം. പിന്നീടുള്ള നാളുകൾ കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. ചെറുതും വലുതുമായ ഏതു പരിപാടികളും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുത്താണ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതെന്ന് ജെയ്മോൻ പറയുന്നു. ഭക്ഷണത്തിന് ആവശ്യക്കാർ കൂടിയപ്പോൾ സൗകര്യങ്ങൾ വിപുലമാക്കേണ്ടിവന്നു. പുതിയ സ്ഥലത്തേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റുകയും ചെയ്തു. ബിസിനസ്സ് മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി മറ്റേത് മേഖലയെയും എന്ന പോലെ കാറ്ററിംഗ് രംഗത്തെയും ബാധിച്ചത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെയും മരണാനന്തര ചടങ്ങുകൾ പോലും നടത്താൻ സാധിക്കാതെയും വന്നു. അക്കാലം ശരിക്കും വറുതിയുടെ കാലം തന്നെയായിരുന്നുവെന്ന് ജെയ്മോൻ ഓർമ്മിക്കുന്നു.
ജില്ലയിലെ കാറ്ററിംഗ് മേഖലയിൽ ആദ്യം ലൈസൻസ് നേടിയ സ്ഥാപനം എന്ന പ്രത്യേകതയും ജേക്കബ്ബ് കാറ്റേഴ്സിനുണ്ട്. വ്യത്യസ്തങ്ങളായ പച്ചക്കറി, മത്സ്യ-മാംസ വിഭവങ്ങൾക്ക് പുറമേ മാമോസ്, ബർഗർ, ബിരിയാണി, ചിക്കൻ സിക്സ്റ്റി ഫൈവ് തുടങ്ങി പുതുതലമുറക്ക് ഇഷ്ടപ്പെട്ട ചൈനീസ്, നോർത്തിന്ത്യൻ വിഭവങ്ങളും ഇവരുടെ ഓർഡറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും തൃശൂർക്കാരുടെ ഇഷ്ട വിഭവമായ ചോറ്, മീൻ കറി, ചിക്കൻ, പോർക്ക്, ബീഫ് ഇവയ്ക്ക് തന്നെയാണ് എന്നും ആവശ്യക്കാർ കൂടുതലുള്ളത്. നാളികേര പാല് ചേർത്ത് പച്ച മാങ്ങയിട്ട മീൻ കറിയ്ക്കും എന്നും നല്ല ഡിമാന്റുണ്ടെന്ന് ഇവർ പറയുന്നു. പ്രഭാത ഭക്ഷണത്തിനുള്ള പുട്ട്, ദോശ, ഇഡ്ഡലി, വെള്ളേപ്പം, നൂൽപ്പുട്ട് തുടങ്ങി നാടൻ വിഭവങ്ങളും ഇവർ ആവശ്യാനുസരണം പാകം ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. പായസമുൾപ്പെടെയുള്ള വെജിറ്റേറിയൻ സദ്യ, നോൺവെജിറ്റേറിയൻ, ടീ പാർട്ടികൾ, കാൻഡിൽ ലൈറ്റ് ഡിന്നർ തുടങ്ങി പുതിയ ട്രെഡിന് അനുയോജ്യമായ ഏതുതരം സേവനവും കസ്റ്റമേഴ്സ്ആവശ്യപ്പെടുന്ന രീതിയിൽ നൽകുന്നതാണ് ജേക്കബ് കാറ്റേഴ്സിന്റെ സവിശേഷത. സാധാരണ ദിവസങ്ങളിൽ പുലർച്ചെ മൂന്നിനു ജോലികൾ ആരംഭിക്കുന്ന ഇവരുടെ അടുക്കള,ഓർഡർ അധികം ലഭിക്കുന്ന ദിവസങ്ങളിൽ 24 മണിക്കൂറും വിശ്രമില്ലാതെ പ്രവർത്തിക്കും. സ്വന്തം വാഹനങ്ങളിൽ തന്നെയാണ് ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും.
കൃത്യമായ ആസൂത്രണം, കഠിനാദ്ധ്വാനം, ടീം വർക്ക്, ആശയവിനിമയത്തിനുള്ള കഴിവ്, സമയകൃത്യത തുടങ്ങിയവയെല്ലാം ഒത്തൊരുമിച്ചാൽ മാത്രമാണ് ഈ മേഖലയിൽ വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണ് ജെയ്മോൻ. ഭക്ഷണത്തെ കുറിച്ചുള്ള കൃത്യമായ ധാരണ. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, മികച്ച സേവനം ഇതെല്ലാമുണ്ടെങ്കിൽ കാറ്ററിംഗ് രംഗത്ത് വിജയിക്കാനാകും. ഒരു കാറ്ററിംഗ് സർവീസ് ആരംഭിക്കുന്നതിലൂടെ നിരവധി പേർക്ക് തൊഴിൽ സാധ്യത ഉണ്ടാകുന്നുണ്ട്. ഇതിനോടനുബന്ധിച്ച് വരുന്ന ചിക്കൻ-പോർക്ക്-ബഫലോ ഫാമുകൾ, ഡ്രൈവർമാർ, മാനേജർ, പാചക തൊഴിലാളികൾ, സഹായികൾ തുടങ്ങി നിരവധിയാളുകൾക്ക് വരുമാനമാർഗമാണ് ഇത്തരം സ്ഥാപനങ്ങൾ. മാമോദീസ, ഒന്നാം പിറന്നാൾ, കൂർബാന സ്വീകരണം, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, പെരുന്നാളുകൾ, തുടങ്ങി ഭക്ഷണം ആവശ്യമുള്ള എല്ലായിടത്തും കാറ്ററിംങ്ങ് സംരംഭങ്ങൾക്ക് സാധ്യതയുണ്ട്. ചുരുക്കി പറഞ്ഞാൽ. ജനനം മുതൽ 28ന് നൂലുക്കെട്ടും പിറന്നാളും തുടങ്ങി മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും ഭക്ഷണം പ്രധാന സ്ഥാനത്തു തന്നെയാണ്.

വിവാഹം ഉൾപ്പടെയുള്ള വിവിധ ചടങ്ങുകളിൽ ഭക്ഷണം വിളമ്പുന്നതിന് പ്ലസ്ടു കുട്ടികൾ മുതലുള്ള വിദ്യാർത്ഥികളുടെ സേവനമാണ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. നിരവധി വിദ്യാർത്ഥികൾ സ്വന്തം ആവശ്യങ്ങൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ ഇങ്ങനെ പണം സമ്പാദിക്കുന്നുണ്ട്. പോക്കറ്റ് മണിയായിട്ടു മാത്രമല്ല. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരാശ്വാസമായും പഠനത്തിന്റെ ഇടവേളകളിൽ തെരഞ്ഞെടുക്കാവുന്ന ഒരു തൊഴിലാണിത്. എല്ലാ ദിവസവും ജോലി ഇല്ലാത്തതിനാലും ഒഴിവിനനുസരിച്ച് തെരഞ്ഞെടുക്കാമെന്നതിനാലും പ്രത്യേകമായ പരിശീലനം ആവശ്യമില്ലാത്തതിനാലും നിരവധി വിദ്യാർത്ഥികൾ ഈ രംഗത്ത് എത്തുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മാംസം, പച്ചക്കറി എന്നിവയ്ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്. അതുപോലെതന്നെ വേസ്റ്റ് മാനേജ്മെൻറ് ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്. സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ സംസ്ഥാനത്തു തന്നെ മത്സ്യ-മാംസാദികളും പച്ചക്കറികളും ആവശ്യത്തിന് ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഭക്ഷണത്തിന്റെ വിലനിലവാരത്തിൽ വലിയ മാറ്റം സംഭവിക്കുകയും കൂടുതൽ ഗുണമേന്മയുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയും ചെയ്യും.
ഭക്ഷണത്തിന് പ്രഥമസ്ഥാനം നൽകുന്ന ഒരു സമൂഹം ആണ് നമ്മുടേത് പിറന്നാൾ, വിവാഹം, മരണം, മീറ്റിംഗ്, ഈവന്റുകൾ എന്നിവയ്ക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാറ്ററിംഗ് സർവീസുകൾ. കൃത്യമായ രീതിയിൽ പ്രവർത്തിക്കാൻ സന്നദ്ധരാണെങ്കിൽ സ്ഥിരവരുമാനമുണ്ടാക്കാൻ കഴിയുന്ന ഒരു സ്വയം തൊഴിൽ കൂടിയാണിത്. മാത്രമല്ല ഇതിനോടനുബന്ധമായി നിരവധി പേർക്ക് തൊഴിൽ നൽകുന്നതിനും സാധിക്കും.