കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ നേട്ടത്തിന്റെ പാതയിൽ

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി

കേരളത്തിന്റെ ഇ.വി മേഖലയിലെ കുതിപ്പിന് അടിത്തറ പാകുന്ന കണ്ടുപിടുത്തം നടന്ന ആഴ്ചയാണ് കടന്നുപോകുന്നത്. തദ്ദേശീയമായി കേരളം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചിരിക്കുന്നു. കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യമാണ് ഈ നേട്ടത്തിന് പുറകിൽ പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസി കൂടിയാണ് കെ-ഡിസ്ക്. വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എഞ്ചിനീയറിങ്ങ് സയൻസ് ആന്റ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.

ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ വിതരണം ചെയ്യുകയും ഇതുപയോഗിച്ച് വി.എസ്.എസ്.സിയുടെ നേതൃത്വത്തിൽ ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയുമായിരുന്നു. മികച്ച ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്ങ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ്ജ ഇന്ധന ലഭ്യതയുടെ പുതിയ വഴി തെളിക്കും. എൽ.ടി.ഒ ബാറ്ററി സംസ്ഥാന സർക്കാറിന് കൈമാറിയ മുഹൂർത്തം ചരിത്രപരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഇതിന്റെ മികവ് കൂട്ടുന്നു.

കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. ഈ മേഖലയിൽ വളരെ സുപ്രധാനമായൊരു ചുവടുവയ്പ്പിന് കൂടി സാക്ഷ്യം വഹിച്ച ആഴ്ചയാണിത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി കേരളത്തിൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണം ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചു. മട്ടന്നൂരിലെ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന യൂണിറ്റിൽ നിന്ന് അടുത്ത ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് കൂടി ഈ ആഴ്ച അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രതിരോധമേഖലയിൽ 5 വർഷങ്ങളിലേക്കായി വിവിധ ഗ്രേഡുകളിലുള്ള 650 ടൺ ടൈറ്റാനിയം സ്പോഞ്ച് വിതരണം ചെയ്യുന്നതിനായി 105 കോടിയുടെ ഓർഡർ നാം നേടിയെടുത്തു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിന് ഈ ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിക്കും. ഭാവിയിലും കൂടുതൽ ഓർഡറുകൾ വിവിധ ആവശ്യങ്ങൾക്കായി പ്രതിരോധമേഖലയിൽ നിന്നും കെ.എം.എം.എല്ലിന് ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.

ലിഥിയം ടൈറ്റനേറ്റ് ബാറ്ററി നിർമ്മാണം, കേരളത്തിൽ തന്നെ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമ്മാണം എന്നിവ സാധ്യമാകുന്നതോടെ ഇ.വി മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന മാറ്റം വളരെ വലുതായിരിക്കും. ഈ മേഖലയിൽ വ്യവസായ നയത്തിൽ പങ്കുവെച്ചിരിക്കുന്ന ഇൻസെന്റീവുകളും മറ്റ് ആനുകൂല്യങ്ങളും കൂടുതൽ കമ്പനികളെ ആകർഷിക്കും. കേരളത്തിൽ ഒരു ഇ.വി എക്കോസിസ്റ്റം രൂപപ്പെടുന്നതിൽ സുപ്രധാന ചുവടുവയ്പ്പ് സംഭവിക്കുന്ന വർഷമായിരിക്കും 2023. ഇതോടൊപ്പം തന്നെ പ്രതിരോധമേഖലയിലേക്കുൾപ്പെടെ പുതിയ ഓർഡറുകൾ നേടിയെടുത്ത് കെ.എം.എം.എലും മാതൃക തീർക്കുകയാണ്. പൊതുമേഖലയെ ബദലായും മാതൃകയായും ഉയർത്തിക്കാട്ടാൻ ഈ 3 നേട്ടങ്ങളിലൂടെ നമുക്ക് സാധിക്കുകയാണ്.
അഭിമാനത്തോടെ പൊതുമേഖല, ആത്മവിശ്വാസത്തോടെ കേരളം.