കേരളത്തിന് അഭിമാനമായി കോക്കോണിക്സ്
ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിക്കുന്ന വർഷമായിരിക്കും 2023. നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കും. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്. ഇതിൽ 2 മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക. പുതുതായി ഇറക്കുന്നതിൽ ഒരു മോഡൽ പുത്തൻ തലമുറയെ ആകർഷിക്കുന്ന മിനി ലാപ്ടോപ്പായിരിക്കും. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
2019ൽ ഉൽപാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്ടോപ്പുകൾ കോക്കോണിക്സ് വിൽപന നടത്തിയിട്ടുണ്ട്. വിൽപ്പനയും വിപണനവും വർധിപ്പിക്കുന്നതിനായി പ്രൊഫഷണൽ മാർക്കറ്റിങ്ങ് ടീമിനെ ഉൾപ്പെടെ ഒരുക്കിക്കൊണ്ടും ഉൽപാദനക്ഷമത പതിന്മടങ്ങാക്കിയുമാണ് ഇത്തവണ നാം വിപണിയിലേക്ക് കടക്കുന്നത്. പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഇതിന്റെ ഭാഗമായി മൺവിളയിലെ പ്ലാന്റിൽ ഒരുക്കിയിട്ടുള്ളത്. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
2019 ൽ രൂപീകരിച്ച കോക്കോണിക്സ് നിലവിൽ ലാപ്ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. ഇന്ത്യയിലാദ്യമായിട്ടാണ് ഡീംഡ് പി.എസ്.യു എന്ന വിഭാഗത്തിൽ ഒരു സ്ഥാപനം ലാപ്ടോപ്പ് നിർമ്മിക്കുന്നത്. ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിന് മുതൽക്കൂട്ടായിക്കൊണ്ട് കോക്കോണിക്സ് കുതിക്കട്ടെ. രാജ്യത്തിന് കേരളം നൽകുന്ന മറ്റൊരു മാതൃകയായി കോക്കോണിക്സ് മാറട്ടെ.