പൈപ്പ് ബെൻഡ് നിർമ്മാണം
ഡോ. ബൈജു നെടുങ്കേരി
സംരംഭകത്വ രംഗത്ത് കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് സംരംഭകത്വ വർഷം 2.0 യ്ക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. സംരംഭകത്വ വർഷാചരണത്തിന്റെ ഭാഗമായി രൂപപ്പെട്ട സംരംഭക സൗഹൃദ സാമൂഹിക അന്തരീക്ഷം ഉപയോഗപ്പെടുത്തി കൊണ്ട് കൂടുതൽ ആളുകളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കുക എന്നുള്ളതാണ് ടി പരിപാടിയുടെ ലക്ഷ്യം. മുൻപ് സംരംഭങ്ങൾ ആരംഭിച്ചവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങളും കൈത്താങ്ങലും തുടരുകയും ചെയ്യും. സംരംഭകരോടും വ്യവസായങ്ങളോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായി. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സംരംഭകത്വ പ്രവർത്തനത്തിലും ഏർപ്പെടുന്നതിന് ഇ.ഡി ക്‌ളബ്ബുകൾ അവസരമൊരുക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംരംഭകത്വത്തിന്റെ പതാക വാഹകരായി. സർക്കാർ സംരംഭകർക്ക് ഒപ്പമുണ്ട് എന്ന തോന്നൽ ആഴത്തിൽ വേരൂന്നി.വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാനും സംരംഭക സൗഹൃദമാകുന്നതിനും ഗവൺമെന്റിന് കഴിഞ്ഞു. പൊതുകൂട്ടായ്മകളും സാമുദായിക സംഘടനകളും സർവീസ് സംഘടനകളും വരെ സംരംഭകത്വ വികസന ശില്പ ശാലകളും മറ്റും സംഘടിപ്പിച്ച് ഈ മേഖലക്ക് പുത്തൻ ഉണർവ് പകരുന്നു. ഈ മുന്നേറ്റം തുടർന്നാൽ വരുന്ന 5 വർഷം കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ വരുകയും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് എത്തുന്ന ഉൽപ്പന്നങ്ങൾ നമ്മുടെ നാട്ടിൽ തന്നെ നിർമ്മിച്ച് വിപണനം നടത്തുന്നത് വിജയമാതൃകയാണ്. ഇത്തരത്തിൽ നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നമാണ് പി വി സി ബെൻഡ്.
സാധ്യത
25 mm : 20 mm പി വി സി പൈപ്പുകളിൽ നിന്നാണ് ബെൻഡുകൾ നിർമ്മിക്കുന്നത്.കേരളത്തിൽ വിൽക്കപ്പെടുന്ന ബെൻഡുകൾ ഭൂരിപക്ഷവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിർമ്മിച്ച് നമ്മുടെ നാട്ടിലേക്ക് എത്തുന്നതാണ്.വയറിങ് രംഗത്ത് ധാരാളമായി ആവശ്യമുള്ള ഉൽപ്പന്നമാണ് പി വി സി ബെൻഡുകൾ. അസംസ്‌കൃത വസ്തു 25 mm : 20 mm പി വി സി പൈപ്പുകളാണ്. ബ്രാൻഡിന് പ്രസക്തി ഇല്ലാത്തതിനാൽ വിൽപ്പനക്ക് ബുദ്ധിമുട്ടില്ല.ആയിരം എണ്ണം വീതമുള്ള ചാക്കുകളിൽ നിറച്ചാണ് വില്പനക്ക് എത്തിക്കുന്നത്.
മാർക്കറ്റിംഗ്
ഇലക്ട്രിക്കൽ പ്ലംബിങ് ഉത്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകൾ ഹാർഡ്വെയർ ഷോപ്പുകൾ തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ എല്ലാം നേരിട്ടുള്ള വിൽപ്പനക്ക് സാധ്യതയുണ്ട്. ഇലക്ട്രിക്കൽ പ്ലംബിങ് മെറ്റീരിയലുകളുടെ വിതരണക്കാർ വഴിയും വിൽപന നടത്താം.
നിർമ്മാണരീതി
25 mm : 20 mm പിവിസി പൈപ്പുകൾ 15 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കും. നാല് പൈപ്പുകൾ ഒരേ സമയം നിശ്ചിത നീളത്തിൽ മുറിച്ചെടുക്കുന്നതിന് യന്ത്രമുണ്ട്. തുടർന്ന് ആഗ്മാബെൻഡിങ് യന്ത്രത്തിൽ ഡൈക്കുള്ളിൽ ലോഡ് ചെയ്യും. പൈപ്പിന്റെ രണ്ട് അഗ്രങ്ങളും വലുതാക്കുന്ന പ്രക്രിയയും നിശ്ചിത ആംഗിളിൽ വളക്കുന്ന പ്രക്രിയയും യന്ത്രത്തിൽ തന്നെ നടക്കും. ഒരു മണിക്കൂർ സമയത്ത് 300 ബെൻഡുകൾ വരെ നിർമ്മിച്ചെടുക്കാം. മനുഷ്യാധ്വാനം വളരെ കുറവാണ്. ഇങ്ങനെ നിർമിച്ചെടുക്കുന്ന ബെൻഡുകൾ തരം തിരിച്ച് ചാക്കുകളിൽ ആക്കിയാണ് വിതരണക്കാർക്ക് എത്തിക്കുക.
മൂലധന നിക്ഷേപം
(പ്രതിദിനം 2000 ബെന്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള യന്ത്രങ്ങൾ)
ആഗ്മാബെൻഡിങ് മെഷീൻ – 250000
റീസോ കട്ടിങ് യന്ത്രം – 85000
ആകെ – 335000
പ്രവത്തന വരവ് ചിലവ് കണക്ക്
പ്രതിദിനം 3000 ബെൻഡ്
നിർമ്മിക്കുന്നതിനുള്ള ചിലവ്
പിവിസി കോൺഡ്യൂറ്റ്
പൈപ്പ് 150 Nos*50 =7500
വേതനം – 500
വൈദ്യുതി അനുബന്ധ ചിലവുകൾ – 500
പാക്കിങ് & ട്രാൻസ്‌പോർട്ടേഷൻ – 500
ആകെ – 9000
വരവ്
(പ്രതിദിനം 3000 ബെൻഡുകൾ വിൽക്കുമ്പോൾ ലഭിക്കുന്നത്)
ഉല്പാദകന് ലഭിക്കുന്നത്
3000 * 6.00 = 18000
ലാഭം = 18000 – 9000 = 9000
യന്ത്രങ്ങൾ പരിശീലനം
പിവിസി ബെൻഡ് നിർമ്മാണ യന്ത്രവും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.
ഫോൺ – 0485 – 2999990.
ലൈസൻസ് – സബ്‌സിഡി
ഉദ്യം രജിസ്ട്രേഷൻ നേടി വ്യവസായം ആരംഭിക്കാം. വ്യവസായം വളരുന്നതിനൊപ്പം ജി എസ് ടി യും നേടണം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.