ചെറുകിട വ്യവസായങ്ങളിലെ വൈവിധ്യവൽക്കരണം

ടി. എസ്. ചന്ദ്രന്‍

         സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്തേക്ക് വരുന്നവര്‍ വേണ്ടത്ര ചിന്തിക്കാതെ പോകുന്ന ഒരു പ്രധാന കാര്യമാണ് വൈവിധ്യവൽക്കരണം . ഒരു സംരംഭം തുടങ്ങുമ്പോള്‍ അത് തുടങ്ങിയടത്ത് തന്നെ നില്ക്കുക എന്നുള്ളതല്ല മികച്ച സംരംഭകന്റെ ലക്ഷണം. പുതിയ മേഖലകള്‍ കണ്ടെത്തി പുതിയ ഉത്പന്ന വിതരണ വിപണന രീതികളിലേക്ക് മാറുക എന്നുള്ളതാണ്. എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന ബിസിനസുകള്‍ ഉണ്ടാകണമെന്നില്ല. കാലഘട്ടത്തിനനുസരിച്ച് നീങ്ങാത്ത സംരംഭങ്ങള്‍ നിലനില്ക്കുകയുമില്ല.

 ഒരുസംരംഭകന്റെ മികച്ച യോ​ഗ്യത

     സംരംഭകന്റെ അടിസ്ഥാനപരമായ ഒരു യോഗ്യതയാണ് ഇന്നോവേറ്റീവ് ആവുക എന്നത്. കണ്ടെത്തലുകളെ വാണിജ്യവല്ക്കരിക്കുക എന്നുള്ളതാണ് ഇന്നവേഷന്‍ അഥവാ പുതുമ എന്നുള്ളത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങളും ഉപഭോക്താവിന്റെ ആവശ്യങ്ങളും കണ്ടറിഞ്ഞ് ഇവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഉല്പാദന വിതരണ വിപണന സംവിധാനങ്ങളെ തന്റെ സംരംഭത്തില്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. ഇന്നവേഷന്‍ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സംരംഭകന്‍ നിരന്തരം ഇന്നവേറ്റീവ് ആയിരിക്കുക എന്നുള്ളതാണ്. ഈ കാര്യം തുടക്കം മുതലേ സംരംഭകര്‍ ശ്രദ്ധിക്കണം. ഇന്ന് വിജയിച്ചു നില്ക്കുന്ന പല വ്യവസായികളെയും പഠിക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് ഈ കാര്യം ബോധ്യപ്പെടും.

ഉജാല എന്ന ഒറ്റ ഉദാഹരണം

   ഉജാല എന്ന ബ്രാന്റില്‍ ലിക്വിഡ് വൈറ്റ്നര്‍ ഉത്പാദിപ്പിച്ചുകൊണ്ട് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന സ്ഥാപനമാണ് ജ്യോതി ലബോറട്ടറീസ്. ആ ഒരൊറ്റ ഉല്പ്പന്നത്തില്‍ തന്നെ നിന്നിരുന്നു എങ്കില്‍ അവര്‍ എവിടെയെങ്കിലും എത്തുമായിരുന്നോ? സാധ്യതയുള്ള പുതിയ പുതിയ ഉത്പന്നങ്ങളെ കുറിച്ച് പഠിച്ച് റിസർച്ച് ചെയ്ത് പുതിയ ഫോർമുലകൾ വികസിപ്പിച്ച് ഉപഭോക്താവിന്റെ് സൂക്ഷ്മതലത്തിലുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വൈവിധ്യവല്ക്കരണം കൊണ്ടുവരാനായതാണ് ഈ സ്ഥാപനത്തിന്റെ വിജയം. ഇന്ന് ജ്യോതി ലബോറട്ടറീസ് എന്ന സ്ഥാപനത്തിന് എത്രയോ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ഉണ്ട്. ഇത് ജ്യോതി ലബോറട്ടറീസിന്റെ മാത്രം കഥയല്ല അതുപോലെ എത്രയോ സ്ഥാപനങ്ങള്‍ ഉണ്ട് ഇങ്ങനെ വൈവിധ്യവല്ക്കരണം നിരന്തരം നടത്തി മുന്നേറി കൊണ്ടിരിക്കുന്നവര്‍.

പുതിയ സാങ്കേതികവിദ്യകള്‍

  ഉല്പ്പന്നത്തിന്റെ ആധുനികവൽകരണം, വൈവിധ്യവൽകരണം, വികസനം എന്നിവയില്‍ പ്രധാനമായുംഉൾപ്പെടുത്തേണ്ടത് പുത്തൻ സാങ്കേതിക വിദ്യകളാണ് . ആർട്ടിഫിഷ്യൻ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്ങ്, റോബോട്ടിക് ആപ്ലിക്കേഷൻസ്എന്നിവയെല്ലാം തന്നെ വലിയ മാറ്റങ്ങള്‍ ഈ രംഗത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കൈത്തൊഴില്‍ എന്ന നിലയില്‍ അച്ചാര്‍ നിർമ്മിച്ച് പാക്ക് ചെയ്ത് വില്ക്കുന്ന സ്ഥാപനത്തില്‍ പോലും ഇത്തരം സാങ്കേതികവിദ്യകളെ തന്റെ സംരംഭത്തിന് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിന് നിരവധി മാർ​​ഗ്​ഗങ്ങളുണ്ട്. ഓരോ വിഷയത്തിലും സാങ്കേതിക പരിജ്ഞാനം നല്കുന്ന ഇൻകുബേഷൻ കേന്ദ്രങ്ങള്‍ ഉണ്ട്. കേരള അ​ഗ്രികൾച്ചർ യൂണിവേഴ്സിറ്റി, വെറ്റിനറി ആൻഡ് ആനിമൽസയൻസ് യൂണിവേഴ്സിറ്റി, ഐ ഐ ടി കള്‍, എന്‍ ഐ ടി കള്‍, എം പി ഇ ഡി ഐ, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ആ​ഗ്രോപാർക്ക്, മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍, കിഴങ്ങുവിള ഗവേഷണ കേന്ദ്രം, നാളികേര വികസന ബോർഡ്, മത്സ്യഫെഡ്, സ്പൈസസ് ബോർഡ്, റബ്ബര്‍ ബോർഡ്, ഫിഷറീസ് കോളേജുകള്‍, ഫിഷറീസ് സാങ്കേതിക സ്ഥാപനങ്ങള്‍, എൻജിനീയറിം​ഗ് കോളേജുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സാങ്കേതികക്ഷമത ഉയർത്തുന്നതിനാവശ്യമായ സഹായങ്ങള്‍ നല്കി വരുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ സംഭരണം, സംസ്കരണം, പാക്കേജിങ്, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണം, ഗുണമേന്മ, വില്പ്പന, വില്പ്പ്നാനന്തര സേവനങ്ങള്‍, എന്നിവയില്‍ നൂതന സാങ്കേതിക വിദ്യകളെ ഉപയോഗിക്കുന്നതിന് ആവശ്യമായ സഹായം ഇത്തരം ഏജൻസികളിൽ  നിന്നും ലഭിക്കുന്നുണ്ട്.

ദേശീയ അന്തർ ദേശീയപ്രദർശനങ്ങൾ

   അതുപോലെ തന്നെ ദേശീയ അന്തർ ദേശീയ പ്രദർശന പരിപാടികളില്‍ പങ്കെടുക്കുന്നത് ഈ രംഗത്ത് വലിയ ഗുണം ചെയ്യും. കേന്ദ്രസർക്കരിന്റെ സബ്സിഡി ആനുകൂല്യങ്ങള്‍ പോലും ഇത്തരം പ്രദർശനങ്ങളില്‍ പങ്കെടുക്കുന്നതിന് ചെറുകിട വ്യവസായ സ്ഥാപനങ്ങള്ക്ക് നല്കിവരുന്നുണ്ട്. സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും നിയന്ത്രണത്തിലുള്ള വ്യവസായ പാർക്കുകൾ, ഷെഡുകള്‍ എന്നിവയില്‍ സംരംഭം തുടങ്ങാന്‍ കഴിഞ്ഞാല്‍ അതും വലിയ ഗുണകരമായിരിക്കും. ഇപ്പോള്‍ അതിനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. അതുപോലെതന്നെ ഇപ്പോള്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിലും കുടുംബങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കും ഇത്തരം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളില്‍ സർക്കാർ എസ്റ്റേറ്റുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കുകയും ചെയ്യും. എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന സംരംഭങ്ങള്‍ ഉണ്ടാകണമെന്നില്ല. ഒരു സംരംഭം തുടങ്ങിക്കഴിഞ്ഞാല്‍ വിപണിയിലെ മാറ്റത്തിന് അനുസരിച്ച് പുതിയ ഉല്പ്പന്നങ്ങളെ കുറിച്ച് ചിന്തിക്കണം. അധുനികവൽക്കരണം/ വൈവിധ്യവൽക്കരണം/ വികസനം എന്നിവ ഒരു സംരംഭ വികസനത്തിലെ നാഴികകല്ലുകളാണ്.

 നിരവധി സർക്കാർ ആനുകൂല്യങ്ങളും

    വിപുലീകരണം അധുനികവൽക്കരണം വൈവിധ്യവൽക്കരണം എന്നിവ നടപ്പാക്കുന്നതിന് സർക്കാർ തലങ്ങളില്‍ വലിയ തോതിലുള്ള പ്രോത്സാഹനമാണ് നടത്തുന്നത്. 5 ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ നല്കുന്ന പദ്ധതി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പിലാക്കി വരുന്നുണ്ട്. ഇത് ഇത്തരം വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.അതുപോലെ കെഎസ്ഐഡിസി വനിതാ സംരഭകർക്ക് 50 ലക്ഷം രൂപ വരെ ജാമ്യ രഹിത വായ്പയായി കുറഞ്ഞ പലിശ നിരക്കില്‍ അനുവദിച്ചു വരുന്നുണ്ട്.വി മിഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അതുപോലെതന്നെ എന്റർപ്രണർ സപ്പോര്ട്ട് സ്കീം പ്രകാരം 40 ലക്ഷം രൂപ വരെ നിക്ഷേപ സബ്സിഡി നല്കുന്ന പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നുണ്ട്. ആധുനികവൽക്കരണം വൈവിധ്യവൽക്കരണം വികസനം എന്നിവ നടത്തുന്ന എല്ലാ സംരംഭങ്ങൾക്കും ഇത് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സ്ഥിരനിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആനുകൂല്യങ്ങള്‍ നല്കുന്നത്. മിഷന്‍ 1000 എന്ന പേരില്‍ നടപ്പാക്കിവരുന്ന പദ്ധതി നിലവിലുള്ള സംരംഭങ്ങളുടെ ശേഷിഉയർത്തുന്നതിനും ഉത്പാദനം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. വലിയ തോതിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് ഈ പദ്ധതി പ്രകാരം നല്കിവരുന്നത്.

  ചെറുതായി തുടങ്ങുമ്പോഴും വലുതാകണം എന്നുള്ള ആഗ്രഹം ഉണ്ടാകണം. ചെറുതായി തുടങ്ങുക,വലുതായി വളരുക എന്നതായിരിക്കണം പുതുസംരംഭകരുടെ ആപ്ത വാക്യം. അതിന് വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്പാദന വിതരണ വിപണന ശൃംഖലകള്‍ വൈവിധ്യ വൽക്കരിക്കുക തന്നെ വേണം.

        സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍