IITF 2024 അന്താരാഷ്ട്ര വ്യാപാരോത്സവം

ശ്രീ. കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) 43-ാമത് എഡിഷൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാനം) 2024 നവംബർ 14 മുതൽ 27 വരെ നടക്കും. ‘വികസിത് ഭാരത് @ 2047’ എന്നതാണ് ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) പ്രധാന പരിപാടിയായ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ ഈ വർഷത്തെ പ്രമേയം. 2024 നവംബർ 14 മുതൽ 18 വരെ വ്യാപാര-വാണിജ്യ സംബന്ധമായ ഉദ്ദേശമുള്ള വ്യക്തികൾക്കും, സംഘടനകൾക്കും, നവംബർ 19 മുതൽ പൊതുജനങ്ങൾക്കും മേള സന്ദർശിക്കാം.
‘വികസിത് ഭാരത് @ 2047’ പ്രമേയത്തിന് കീഴിൽ കേരളത്തിന്റെ വികസിത ഭാവിയെ സൂചിപ്പിക്കുന്ന സുപ്രധാന പദ്ധതികളും, രൂപപ്പെടുത്തിയ നയങ്ങളും, കൂടാതെ സംസ്ഥാനത്തിന്റെ സാധ്യമായ എല്ലാ വ്യാപാര-വാണിജ്യ മേഖലകളെയും അന്താരാഷ്ട്ര സമൂഹത്തിനു മുൻപാകെ അവതരിപ്പിക്കാൻ പറ്റുന്ന തരത്തിലാവും സംസ്ഥാനം മേളയിൽ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ സംസ്ഥാനം അന്താരാഷ്ട്ര ശ്രദ്ധ നേടിയ മേളയിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പാർട്ണർ സ്റ്റേറ്റ് ആയി മേളയിൽ പങ്കെടുക്കുന്ന സംസ്ഥാനത്തിന് പ്രമേയത്തിലധിഷ്ഠിതമായി പുതുമയുള്ളതും, കേരളത്തിന്റെ സ്വന്തം ബ്രാൻഡ് എന്ന നിലയിലുള്ളതുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഭാവിയിൽ സംസ്ഥാനം പുതിയ മാനം കെട്ടിപ്പടുക്കുന്നത് വിശദീകരിക്കുന്നതിനും അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോം ഐഐടിഎഫ് വാഗ്ദാനം ചെയ്യുന്നു. തീം സ്റ്റാളുകൾ കൂടാതെ കേരളത്തിൽ നിന്നുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വകുപ്പ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2700 ഓളം ആഭ്യന്തര, വിദേശ പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഖത്തർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്‌റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തായ്ലൻഡ്, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ മേളയിൽ പങ്കെടുക്കും. കരകൗശല മേഖലയിലെ വസ്തുക്കൾ പ്രദർശിപ്പിക്കുന്ന പവലിയനോടെ ആൻഡമാൻ &നിക്കോബാർ അഡ്മിനിസ്‌ട്രേഷൻ മേളയിൽ ആദ്യമായി പങ്കെടുക്കുന്നത് ഒരു പുതുമയാണ്. മുൻ വർഷങ്ങളിലെ സന്ദർശകരുടെ റെക്കോർഡ് മറികടക്കാനാകുമെന്നും ഐടിപിഒ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. നവകേരളം വ്യവസായ മേഖലയിൽ കൈവരിച്ചിരിക്കുന്ന നമ്പർ 1 സ്ഥാനം കൂടുതൽ പൊലിമയോടെ സ്വാഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഈ മേളയിൽ നമുക്കാവുമെന്ന് പ്രത്യാശിക്കാം.