സംസ്ഥാന കരകൗശല അവാർഡ് വിതരണം 

 
സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015- 16 മുതൽ കരകൗശല അവാർഡ് നൽകിവരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശലവൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.
 
ധാരുശില്പങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശില്പങ്ങൾ, ചരട്നാടകസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹശില്പങ്ങൾ, ചിരട്ട ഉപയോഗിച്ച്  നിർമ്മിച്ച ശില്പങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. ഉപയോഗപ്രദവും സൗന്ദര്യാത്മകവും, കലാപരവും, ക്രിയാത്മകവും, പരമ്പരാഗതവും, സാംസ്കാരിക പ്രാധാന്യമുള്ളതുമായ കരകൗശല ഉൽപ്പന്നങ്ങളെ കണ്ടെത്തുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിനും കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കുന്നു. 2021 വർഷക്കാലത്തെ കരകൗശല അവാർഡ് അർഹരായ സംസ്ഥാന കരകൗശല വിദഗ്ധർക്ക് 2023 സെപ്റ്റംബർ 20 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ച് ബഹു. വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രി പി. രാജീവ് പുരസ്കാരങ്ങൾ നൽകി.
 
2021 ലെ സംസ്ഥാന കരകൗശല അവാർഡ് ജേതാക്കളുടെ വിവരം
ദാരുശില്പങ്ങൾ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എൻ. കമലാസനനും,  പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എ.പ്രതാപും, ചൂരൽ, മുള എന്നിവയിൽ തീർത്ത കലാരൂപങ്ങൾ വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി കെ.കെ.സുരേന്ദ്രനും, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എം.എൽ. ജയകുമാരിയും, ലോഹശില്പങ്ങൾ വിഭാഗത്തിൽ കണ്ണൂർ സ്വദേശി റ്റി.വി.രാജേന്ദ്രനും, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച കലാരൂപങ്ങൾ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി കെ.വി.മുരളിയും, വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി എ.കെ. അരുണും ജേതാക്കളായി. കൂടാതെ ശശിധരൻ.പി.എ., ബാബു.കെ, സോണി രമേഷ്, വാസുദേവൻ ചെത്തിൽ, ജി.എസ്. ചന്തു നായർ, രമേശൻ.എം.കെ എന്നിവർക്ക് വിവിധ വിഭാഗത്തിൽ പ്രതിഭ തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുകയുമുണ്ടായി. ചടങ്ങിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്, സെക്രട്ടറി (വ്യവ) അജിത് കുമാർ ഐ.എ.എസ്, ആനീ  ജൂല തോമസ് ഐ.എ.എസ്, വ്യവസായ വാണിജ്യ ഡയറക്ടർ ഹരികിഷോർ ഐ.എ.എസ്, കൈത്തറി ഡയറക്ടർ കെ.എസ്. അനിൽ കുമാർ, ഹാന്റിക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ കെ. ആർ. ലെനിൻ രാജ്, അഡീഷണൽ ഡയറക്ടർമാരായ ജി. രാജീവ്, കെ.എസ്. കൃപകുമാർ എന്നിവർ സംബന്ധിച്ചു.
 
ലോകത്തെ ആദ്യ ഗ്രഫീൻ പോളിസി പ്രഖ്യാപിക്കാൻ കേരളം
ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും. പ്രോട്ടോടൈപ്പിൽ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീൻ പാതയിലെ കേരള സഞ്ചാരം. ഗ്രഫീന്റെ വ്യാവസായികോൽപാദനം ഇതിനകം തുടങ്ങിക്കഴിഞ്ഞ കൊച്ചി കാർബോറാണ്ടത്തിന്റെ വിജയാനുഭവം നമുക്ക് മുന്നിലുണ്ട്. ഗ്രഫീനിലെ റിസർച്ച് ആന്റ് ഡവലപ്മെന്റ് നേതൃത്വം ഡിജിറ്റൽ സർവ്വകലാശാലക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദന പദ്ധതികളുടെ നേതൃത്വം വ്യവസായ വകുപ്പിനും ആയിരിക്കും.
 
ഗ്രഫീൻ ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികളും കിൻഫ്രയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഗ്രഫീനിൽ കേരളം ഒരു മാതൃകയാകുമെന്ന് പ്രത്യാശിക്കുന്നു.
 
MSME ഇൻഷുറൻസ് പദ്ധതി
സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് സുസ്ഥിരമായ വളർച്ച കൈവരിക്കുന്നത് ഉറപ്പു വരുത്തുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായി വ്യവസായ വാണിജ്യ വകുപ്പ്, സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) ഇൻഷുറൻസ് പരിരക്ഷ നൽകാൻ വേണ്ടി MSME ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. MSME കൾക്ക് അവരുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന, മുൻകൂട്ടി കാണാൻ കഴിയുന്ന അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. MSME നൽകുന്ന വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 % വരെ റീ ഇംബേഴ്സ്മെന്റ് ആയി നൽകുന്ന ഈ പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന നടപ്പിലാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിലേക്ക് 30 ലക്ഷം രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്. 
 
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 4 പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ നാല് പൊതു മേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളുമായി സർക്കാർ ധാരണാപത്രം ഒപ്പിടുന്നു. 
 
1. നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
2. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
3. ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
4. യുണൈറ്റഡ് ഇന്ത്യ കമ്പനി ലിമിറ്റഡ് 
 
MSME കൾക്കുള്ള ഇൻഷുറൻസിന്റെ നേട്ടങ്ങൾ
പ്രകൃതി ദുരന്തങ്ങൾ, തീ പിടുത്തം, മോഷണം, അപകടങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ മൂലം ങടങഋ  കൾക്ക് ബിസിനസിന്റെ സുസ്ഥിരതയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ സംഭവിക്കാം.MSME-കൾക്ക് അതീക്ഷിതമായ അപകടങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും ഏതെങ്കിലും നഷ്ടത്തിൽ നിന്ന് വേഗത്തിൽ കര കയറാനും മതിയായ ഇൻഷുറൻസ് പരിരക്ഷ സഹായിക്കും. ഇൻഷുറൻസ് കവറേജിലൂടെ സാമ്പത്തിക പരിരക്ഷ നൽകുന്നത് വഴി, MSME കളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, അവരുടെ ബിസിനസ് വിപുലീകരിക്കാനും അവരെ പ്രോത്സാഹിപ്പിക്കും. ഒരു മത്സരാധിഷ്ഠിത ബിസിനസ് അന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ എം.എസ്.എം.ഇ കളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. 
 
യോഗ്യതയും പരമാവധി ആനുകൂല്യവും
* ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ള 4 പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നും 2023 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിൽ ഭാരത് സൂക്ഷ്മ – ലഘു ഉദ്യം സ്കീമിന് കീഴിൽ ഇൻഷുറൻസ് എൻറോൾ ചെയ്തിട്ടുള്ള നിർമാണ സേവന വ്യാപാര മേഖലയിലെ എല്ലാ എം. എസ്. എം. ഇ കളും ഈ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരാണ്. 
* പദ്ധതി പ്രകാരം നൽകുന്ന ആനുകൂല്യം റീ ഇമ്പേഴ്സ്മെന്റ് രൂപത്തിലാണ് നൽകുന്നത്. 
* സംരംഭങ്ങൾക്ക് അവരുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 % (പരമാവധി 2500 രൂപ വരെ) റീ ഇംമ്പേഴ്സ്മെന്റിന് അർഹതയുണ്ട്. 
 
അപേക്ഷാ രീതി
* പദ്ധതിയുടെ ഭാഗമായ നാല് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വാർഷിക പ്രീമിയം മുഴുവൻ അടച്ച് MSME ഇൻഷുറൻസ് പോളിസി വാങ്ങണം.
* അടുത്തതായി അതാത്  ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഓൺലൈൻ പോർട്ടൽ വഴി റീ ഇമ്പേഴ്സ്മെന്റിനുള്ള അപേക്ഷ നൽകണം. അപക്ഷയോടൊപ്പം UDYAM രജിസ്ടേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്, പ്രീമിയം അടച്ച രസീത് എന്നിവയും സമർപിക്കണം. 
* ഡയറക്ടറേറ്റിൽ നിന്നും റീ ഇമ്പേഴ്സ്മെന്റ് തുക (അടച്ച വാർഷിക പ്രീമിയത്തിന്റെ 50 % അല്ലെങ്കിൽ 2500 രൂപ ഏതാണ് കുറവ്) കണക്കാക്കി എം. എസ്. എം. ഇ യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകും.
 
മികച്ച സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ സംസ്ഥാന പുരസ്കാരം; പോർട്ടൽ മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം നൽകുന്നു. 2023 ലെ സംസ്ഥാന പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള പോർട്ടൽ (http://awards.industry.kerala.gov.in) വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
സംരംഭങ്ങൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളെ അംഗീകരിക്കുന്നതിലൂടെ മറ്റുള്ള സംരംഭങ്ങൾക്ക് മികവിനായി പരിശ്രമിക്കാനുള്ള പ്രചോദനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, അഡീഷണൽ ഡയറക്ടർമാരായ രാജീവ് ജി., ഡോ. കെ.എസ്. കൃപകുമാർ, ജോയിന്റ് ഡയറക്ടർമാരായ സിമി സി.എസ്, രാകേഷ് വി.ആർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
 
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാർജ് ആൻഡ് മെഗാ വിഭാഗത്തിൽ ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, കയറ്റുമതി അധിഷ്ടിത സംരംഭങ്ങൾ, ഉത്പാദന സ്റ്റാർട്ടപ്പുകൾ, വനിത, പട്ടികജാതി, പട്ടികവർഗ, ട്രാൻസ് ജെൻഡർ സംരംഭങ്ങൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ നൽകും
 
ICAI ഹെൽപ്ഡെസ്ക്
2022-23 സംരംഭക വർഷമായി കേരളാ ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ തൊഴിൽ സൃഷ്ടിക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് രൂപം കൊടുക്കുക ഉണ്ടായി. 
ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 1,39,840 പുതിയ സംരംഭങ്ങൾ, 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ, രജിസ്റ്റർ ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 
 
സംരംഭകത്വം പ്രോഹത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സംരംഭങ്ങൾ ഇന്ന് കേരളത്തിൽ ഉയർന്നു വരുന്നുണ്ട്. ഇങ്ങനെ ഉയർന്നു വരുന്ന സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാകുന്നതിനായി വ്യവസായ വകുപ്പ് ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. 
സാമ്പത്തിക അച്ചടക്കമില്ലായ്മ, നിലവിലുള്ള സാമ്പത്തിക നിയമങ്ങളെ കുറിച്ചുള്ള അവബോധ കുറവ്, നിക്ഷേപ സമാഹരണ രീതികളെ കുറിച്ചുള്ള ധാരണയില്ലായ്മ തുടങ്ങിയവ കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടവയാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇന്ത്യയുമായി (ICAI) ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.
 
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫഷണൽ ബോഡിയായ കഇഅക, രാജ്യത്ത് ചാർട്ടേഡ് അക്കൗണ്ടൻസിയുടെ തൊഴിൽ നിയന്ത്രിക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആക്റ്റ്, 1949 (1949 ലെ ആക്ട് നമ്പർ XXXVIII) പ്രകാരം സ്ഥാപിതമായ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. കേരളത്തിൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,  ത്രിശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കഇഅക യുടെ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
 
വ്യവസായ വകുപ്പും കഇഅക യുമായുള്ള ധാരണപ്രകാരം കേരളത്തിലെ സംരംഭങ്ങളുടെ സാമ്പത്തികപരമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും, വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായും ങടങഋ ഹെൽപ്ഡെസ്കുകൾ കഇഅക സ്ഥാപിക്കും. കഇഅക ചാപ്റ്ററുകളുടെ ഓഫീസുകളിൽ എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച ആയിരിക്കും പ്രസ്തുത ഹെൽപ്  ഡെസ്കുകൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് വിദഗ്ദ്ധരായ സാമ്പത്തിക പ്രഫഷണലുകളുടെ സേവനം സൗജന്യമായി ഈ ഹെൽപ്ഡെസ്കുകളിലൂടെ  ലഭ്യമാകും. പുതുസംരംഭകർക്ക് തങ്ങളുടെ സംരംഭങ്ങൾ സുസ്ഥിരമായ ഒരു ബിസിനസ്സാക്കി വളർത്തിയെടുക്കാൻ വേണ്ട എല്ലാവിധ സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങളും ഈ ഹെൽപ്ഡെസ്കുകൾ മുഖാന്തിരം ലഭ്യമാക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.
 
ഇത്തരത്തിൽ സംരംഭങ്ങളേയും കഇഅക പോലുള്ള പ്രഫഷണൽ ബോഡികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നു വിദഗ്ദ്ധ സേവനം സംരംഭങ്ങൾക്ക് ലഭ്യമാകുക വഴി വ്യാവസായിക വളർച്ചക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ വ്യവസായ വകുപ്പ് പദ്ധതിയിടുന്നു. 
 
40 കോടിയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ
40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.
 
ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റ് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാളും സഹോദരൻ അജയ് അഗർവാളും ചേർന്നാണ് പൂനെയിൽ ആരംഭിക്കുന്നത്. മികച്ച പ്രവർത്തനം സാധ്യമായതോടെ ഈ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ഗുജറാത്തോ കർണാടകയോ ലക്ഷ്യസ്ഥാനമായി കാണുകയും ചെയ്തു. എന്നാൽ കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞതിന് ശേഷം കേരളത്തിൽ യൂണിറ്റ് ആരംഭിക്കാമെന്ന് ഉടമകൾ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് സുപ്രീം ഡെകോർ അനന്തപുരം വ്യവസായ പാർക്കിൽ നിർമ്മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 5 ഏക്കർ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസർഗോഡിന് മുതൽക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചത്. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തിൽ 350 പേർക്കും പരോക്ഷമായി 400 പേർക്കും തൊഴിൽ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസർഗോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാർട്ടിക്കിൾ ബോർഡുകൾ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിൾ, കിച്ചൺ ക്യാബിനറ്റുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കെൽട്രോൺ ഉൽപന്നങ്ങൾക്കായി ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങൾ
രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിന്റെയും നെയ്വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണ്. താപവൈദ്യുത നിലയങ്ങളിലെ ഫർണ്ണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായു മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചുനൽകുന്നതിനായി ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. 
 
കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നു. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്ലിംഗ് & സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിന്റെ പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ സംവിധാനം നവീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കെൽട്രോൺ കൺട്രോൾസ് എറ്റെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിലേക്കായി നിർമ്മിച്ച ഇൻസ്ട്രുമെന്റേഷൻ പാനലുകൾ 2023 സെപ്തംബർ 8 ന് തമിഴ്നാട്ടിലെ നെയ്വേലി പവർ പ്ലാന്റിലെത്തിച്ചു.
 
ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്. 
 
കേരളത്തിൽ പുതിയ ടയർ കമ്പനി
നിലമ്പൂരിൽ നിന്നുള്ള പുതിയ ടയർ ബ്രാന്റായ സിറ്റ്കോ ടയറിന്റെ ഉദ്ഘാടനം ബഹു: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സെപ്റ്റംബർ മാസം 5 ന് നിർവഹിച്ചു. പാണക്കാട് സയ്യ്ദ് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനായിക്കൊണ്ട് മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്. 
 
റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. വ്യവസായ വകുപ്പ് ഇത്തരം ഉൽപന്നങ്ങളുമായി വിപണിയിലെത്തുന്നവർക്ക് മികച്ച പിന്തുണയാണ് നൽകിവരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. 1050 കോടി രൂപയുടെ റബ്ബർ പാർക്കും കോട്ടയം ജില്ലയിൽ ആരംഭിക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായി ടയർ നിർമാണ, വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയർ കമ്പനിയുടെ വരവോട് കൂടി ബോദ്ധ്യപ്പെടുന്നത്.