സർക്കുലർ ഇക്കോണമി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് സഹായവുമായി കേന്ദ്രസർക്കാർ
ടി എസ് ചന്ദ്രൻ
വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക, പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് ഇത്. സർക്കുലർ ഇക്കോണോമി എന്നാൽ ഉപയോഗിക്കൂ വലിച്ചെറിയൂ, എന്നതിന് പകരം പുനരുപയോഗിക്കൂ, റിപ്പയർ ചെയ്ത് ഉപയോഗിക്കൂ എന്നാണ് അർത്ഥമാക്കുന്നത്. റീസൈക്കിൾ, റിപ്പയർ എന്നിവയാണ് എന്നതാണ് സർക്കുലർ ഇക്കോ ണോമിയുടെ പ്രത്യേകത. ഇത്തരതിൽ വരുന്ന സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം. എം എസ് എം ഇ സ്‌കീം ഫോർ പ്രമോഷൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഇൻ സർക്കുലർ ഇക്കോർണമി (MSME Scheme for promotion of investment in circular economy) (MSc Spice) എന്നതാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ ചെറുകിട വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന ഒന്നാണ്.
ലക്ഷ്യങ്ങൾ
1) Reduce (കുറയ്ക്കുക) ഗുണമേന്മ കുറയ്ക്കാതെ തന്നെ വിഭവങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കുക.
2) Re-use (പുനരുപയോഗം) വിഭവങ്ങളുടെ ഉപഭോഗ കാലാവധി വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുക.
3) Re-cycle (പുന:ചംക്രമണം) ഉപയോഗശൂന്യമായവയെ തള്ളിക്കളയാതെ പുതിയ ഉത്പന്നങ്ങളായി വീണ്ടും വീണ്ടും ഉപയോഗിക്കുക.
സമ്പത്ത് വ്യവസ്ഥയുടെ വികസനം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുതന്നെ ഉണ്ടാക്കുക എന്നുള്ളതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. SIDBI യാണ് ഇതിന്റെ നിർവഹണ ഏജൻസി.
പദ്ധതി ആനുകൂല്യങ്ങൾ
50 ലക്ഷം രൂപ വരെ ചെലവ് വരുന്ന പ്ലാന്റ് മെഷിനറി എന്നിവയുടെ നിക്ഷേപത്തിൽ 25% സബ്‌സിഡിയായി നൽകുന്നു. 12.5 ലക്ഷം രൂപയാണ് ഇങ്ങനെ പരമാവധി നൽകുക.
അർഹത
* ഉദ്യം രജിസ്‌ട്രേഷനുള്ള രാജ്യത്തിനകത്ത് പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ ആയിരിക്കണം.
* വായ്പാ ബന്ധിത മൂലധന സബ്‌സിഡി ആയതിനാൽ വായ്പ എടുക്കുന്ന സംരംഭകർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
* വായ്പാ കാലാവധി കുറഞ്ഞത് മൂന്നുവർഷം ഉണ്ടായിരിക്കണം
* 2023-24 മുതൽ 2026-27 വരെ യാണ് പദ്ധതിക്ക് പ്രാബല്യം ഉണ്ടാകുക.
11 വിഭാഗം സംരംഭങ്ങളിൽ പദ്ധതി നടപ്പാക്കും
ഇനി പറയുന്ന മേഖലകളിൽ വരുന്ന സംരംഭങ്ങൾക്കാണ് ഇത് പ്രകാരമുള്ള സബ്‌സിഡി ആനുകൂല്യങ്ങൾക്ക് അർഹത.
പ്ലാസ്റ്റിക്, റബ്ബർ, ഇലക്ട്രോണിക് വേസ്റ്റ്, മുനിസിപ്പൽ ഖര / ജല മാലിന്യങ്ങൾ, മർദ്ദിത ബയോഗ്യാസ്, ലിഥിയം ബാറ്ററികൾ, കാലാവധി കഴിഞ്ഞ വാഹനങ്ങൾ, സ്‌ക്രാപ്പ് മെറ്റൽ, സോളാർ പാനലുകൾ, ജിപ്‌സം ഉൽപ്പന്നങ്ങൾ, അപകടകരമായ വ്യവസായ മാലിന്യം എന്നിവയെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
പദ്ധതിയിൽ 3 ഘടകങ്ങൾ
ഇതു പ്രകാരം മൂന്ന് ഘടകങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നു. അതിനായി ഇനി പറയുന്ന തുകകൾ വകയിരുത്തിയിട്ടുണ്ട്
1. വായ്പ ബന്ധിത മൂലധന സബ്‌സിഡി 450 കോടി .
2. ബോധവൽക്കരണ പരിപാടികൾ – 15 കോടി
3. വിവരം, പഠനം, ആശയ വിനിമയം എന്നിവയ്ക്ക് – 7.50 കോടി.
SIDBI വഴി അപേക്ഷിക്കണം
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് വേണ്ടി സിഡ്ബി യാണ് പദ്ധതി നടപ്പിലാക്കുന്നത് SIDBI യുടെ സൈറ്റിൽ കയറിയാൽ വിശദമായ വിവരങ്ങൾ ലഭിക്കും. അതനുസരിച്ച് വേണം അപേക്ഷ തയ്യാറാക്കി സമർപ്പിക്കാൻ.
സംസ്ഥാന സർക്കാർ ഇ എസ് ജി പോളിസി നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന ഈ സമയത്ത് ഈ കേന്ദ്ര പദ്ധതികളുടെ പ്രാധാന്യം വളരെ വലുതാണ്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ
ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ
