സ്വാശ്രയ സമൂഹത്തിനായി നിരവധി  മാതൃകാസംരംഭങ്ങളുമായി ഒരു ട്രസ്റ്റ്

റ്റി. എസ്. ചന്ദ്രൻ
 
ത്തേക്കർ സ്ഥലത്ത് പടുത്തുയർത്തിയ സ്വാശ്രയ ഗ്രാമം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയെ പ്രകൃതിദത്ത/ ആരോഗ്യ രീതിയിലൂടെ നടത്തുന്ന ഏതാനും സംരംഭ പ്രവർത്തികൾ. ഇതാണ് ആംബ്രോസ് കൂളിയത്ത് എന്ന സംരംഭകന്റെ മേഖലകൾ. പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്ത് ഗണേശഗിരിയിലാണ് ഫാർമേഴ്സ് ഷെയർ എന്ന പേരിൽ തികച്ചും വ്യത്യസ്തമായ ഒരു സംരംഭം നടത്തുന്നത്. 
 
എന്താണ് സംരംഭം? 
പ്രകൃതിയോടിണങ്ങിയ ജീവിതം അതാണ് ആംബ്രോസിന്റെ സംരംഭ ആശയം. അതുപോലെ സ്വാശ്രയ സമൂഹവും അതിന് ഉതകുന്ന നിരവധി സംരംഭം മേഖലകളിൽ നിക്ഷേപം നടത്തി പ്രവർത്തിപ്പിച്ചുവരുന്നു. 
 
ഖാദി നെയ്ത്ത് 
ഇതിന് ഖാദി ബോർഡിന്റെ സഹായം ഒന്നുമില്ല. ചർക്കയിൽ തുണി നെയ്യുന്നു. അവയ്ക്ക് നാച്ചുറൽ കളർ നൽകുന്നു. അതിനായി വിവിധ സസ്യങ്ങളുടെ ഇല, വേര്, കായ് എന്നിവ സംസ്കരിച്ച് എടുക്കുന്ന കളറുകൾ ഉപയോഗിക്കുന്നു. ഇതിനു വേണ്ട സാമഗ്രികൾ മിക്കവാറും ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു. 
 
മൺപാത്ര നിർമ്മാണം 
പരിസ്ഥിതി സൗഹൃദം അടുക്കള എന്ന ആശയം മുന്നിൽകണ്ട് വ്യത്യസ്തമായ രീതിയിൽ മൺപാത്രം നിർമ്മിക്കുന്ന സംവിധാനമാണ് മൺപാത്ര നിർമ്മാണത്തിൽ സ്വീകരിക്കുന്നത്. നന്നായി അരച്ച് അതിൽനിന്നും ഊറിവരുന്ന ഊറൽ മാത്രം ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്നു. കുറ്റമറ്റ രീതിയിലും ഏറെക്കാലം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഉള്ള മൺപാത്രങ്ങൾ രൂപപ്പെടുത്തുവാൻ ഈ സംവിധാനത്തിന് കഴിയുന്നു. 
 
സർബത്ത് 
ശുദ്ധജലത്തിൽ ശംഖുപുഷ്പവും ചെമ്പരത്തിയും ചേർത്ത് തിളപ്പിച്ചെടുത്ത ആവശ്യത്തിനുമാത്രം മധുരം ചേർത്ത് സർബത്ത് തയ്യാറാക്കുന്നു. 
 
ചായപ്പൊടി ഇല്ലാത്ത ചായ 
ചായക്ക് ബദൽ എന്ന ആശയത്തിൽ നിന്നും രൂപപ്പെടുത്തി എടുത്തതാണ് ചായപ്പൊടി ഉപയോഗിക്കാത്ത ചായ. ശംഖുപുഷ്പം, ചെമ്പരത്തി ഏതാനും ആയുർവേദ ചേരുവകൾ എന്നിവ ചേർത്താണ് പെല്ലറ്റ് രൂപപ്പെടുത്തുന്നത്. ‘ടീ പെല്ലറ്റ്’ ചായയ്ക്ക് ബദലായി ഉപയോഗിക്കുന്നു. ആറ് ഫ്ളേവറുകളിൽ ടീ പെല്ലറ്റ് നിർമ്മിച്ചു വിൽക്കുന്നു 
 
അച്ചാർ / ജാം 
അധികകാലം ഉപയോഗിക്കാനാകില്ല ഇവിടുത്തെ അച്ചാറുകളും ജാമും. ഓരോ സീസണുകളിലും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. മാങ്ങ, ചക്ക, പൈനാപ്പിൾ, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ ഇവിടെ നിന്ന് തന്നെ ശേഖരിച്ച് ജാം, അച്ചാർ എന്നിവ ഉണ്ടാക്കുന്നു. അമിതമായ എണ്ണ, ഉപ്പ് എന്നിവ അച്ചാറിൽ ഉണ്ടാകില്ല. ജാമിൽ പഞ്ചസാര ഉപയോഗിക്കുന്നില്ല. ജാമിന് ആവശ്യമായ വാഴപ്പഴവും, പൈനാപ്പിളും, മാങ്ങയും ഇവിടെത്തന്നെ കൃഷി ചെയ്യുന്നു 
 
പേപ്പർ നിർമ്മാണം 
പഴയ പേപ്പർ പുനരുപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനത്തോടെയാണ് ഒരു പ്ലാൻറ് പ്രവർത്തിക്കുന്നത്. പേപ്പർ വെള്ളത്തിലിട്ട് കുതിർത്ത് പൾപ്പ് ആക്കി പുതിയ പേപ്പർ രൂപപ്പെടുത്തുന്നു. സീറോ വേസ്റ്റ് എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. 
 
പശു ഫാം, ഫിഷ് പോണ്ട്
8 പശുക്കൾ ഉള്ള ഫാം ഇവിടെ നടത്തുന്നു. നാടൻ പശുക്കളെ വളർത്തുന്നു പകൽ പുല്ല് ഉള്ള സ്ഥലങ്ങളിൽ മേയാൻ വിടുന്നു. മീൻ വളർത്തുന്ന ഫിഷ് പോും ഇവിടെയുണ്ട്.
ഇങ്ങനെ നിരവധിയായ സംരംഭമേഖലയിൽ ഈ ട്രസ്റ്റ് വ്യാപൃതരായിരിക്കുന്നു 
 
പൊതുസ്വഭാവം 
  •  പ്രധാന അസംസ്കൃത വസ്തുക്കൾ എല്ലാം ഇവിടെത്തന്നെ കൃഷി ചെയ്യുന്നു 
  • എല്ലാ സെക്ഷനുകൾക്കും പ്രത്യേകം ചുമതലക്കാരും, പ്രത്യേകം പ്ലാന്റും സ്ഥാപിച്ചിരിക്കുന്നു
  • 10 ഏക്കറിനുള്ളിൽ പരിസ്ഥിതി സൗഹൃദ ഷെഡുകളിലാണ് നിർമ്മാണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
  • ഇതിന്റെ ഗുണങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നേച്ചർ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. (Education Camp) എന്നും പറയുന്നു.
  • ഭക്ഷണത്തിൽ പോഷകഗുണം നഷ്ടമാകരുത് എന്നതാണ് നയം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഒരുപോലെ സ്വീകാര്യം.
  • നിരവധി ചെറുകിട സംരംഭങ്ങളുടെ ഒരു കൺസോർഷ്യമാണ് ഫാർമേഴ്സ് ഷെയർ എന്ന് പറയാം. എല്ലാം ഇവരുടെ തന്നെ ഉടമസ്ഥതയിൽ തന്നെ.
  • ഉല്പാദനത്തിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ മനുഷ്യന്റെ കരങ്ങളെ സഹായിക്കുന്ന യന്ത്രങ്ങളാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. 
20 പേർ ചേർന്നുള്ള ട്രസ്റ്റ് 
20 അംഗങ്ങൾ ചേർന്നാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത് ഇതേ ആശയഗതിയിൽ ഉള്ളവരാണ് ട്രസ്റ്റ് അംഗങ്ങൾ ‘Farmers Share’ എന്നാണ് ട്രസ്റ്റിന്റെ പേര്. പത്തേക്കർ സ്ഥലം ലീസിന് എടുത്തിരിക്കുന്നു. 20 വർഷത്തെ ലീസിനാണ് എടുത്തിരിക്കുന്നത്. ഇവിടെയാണ് കൃഷിയും, മറ്റു നിർമ്മാണ (സംരംഭ)  പ്രവർത്തനങ്ങളും നടത്തുന്നത്. 12ൽ പരം ജീവനക്കാരും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഓരോ ജീവനക്കാരനും ഓരോ സെക്ഷന്റെ ചുമതല നൽകിയിരിക്കുന്നു. ചെറുകിട കൈത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക, സ്വാശ്രയ ഗുണം വളർത്തുക, സമൂഹത്തിന്റെ ആവശ്യങ്ങൾ സഹവർത്തിത്വത്തോടെ നിർവഹിക്കുക, ഭാവി തലമുറക്ക് കരുതിവയ്ക്കുക, ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് സാധാരണക്കാരെ സഹായിക്കുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.
 
എക്സിബിഷനുകളും ഓൺലൈനും
സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ എക്സിബിഷനുകളിലൂടെയാണ് ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രധാനമായും വിൽക്കുന്നത്. വ്യവസായ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഓണം / ക്രിസ്മസ് ഫെയറുകൾ, സ്വകാര്യ എക്സിബിഷനുകൾ എന്നിങ്ങനെ ലഭിക്കുന്ന എല്ലാ എക്സിബിഷനുകളിലും സംബന്ധിക്കും. അവിടെവച്ച് ഉൽപ്പന്നങ്ങൾ നന്നായി വിറ്റുപോകും. കൂടാതെ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നതിന് സ്ഥിരം കസ്റ്റമേഴ്സിനെ ഇവിടെ ലഭിക്കും. അവർ മറ്റുള്ളവർക്ക് ശുപാർശ ചെയ്യും.
 
അതുകൂടാതെ ഇവിടുത്തെ ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലും ലഭ്യമാണ്. ‘Farmers Share’ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഓൺലൈൻ വില്പനകൾ നടത്തുന്നത്. എഡ്യൂക്കേഷൻ ക്യാമ്പുകൾ വഴിയും ഉൽപ്പന്നങ്ങൾ വിൽക്കുന്നു.
 
ലാഭം എന്നാൽ നിലനിൽപ്പ്
ലാഭം ഉണ്ടെങ്കിലേ സ്ഥാപനം നിലനിൽക്കുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല ആംബ്രോസിന്. Profit is sustainability എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്ഥാപനം നിലനിർത്തുന്നതിനും വളർത്തുന്നതിനും ആവശ്യമായ ലാഭം എടുത്താണ് ബിസിനസ് നടത്തുന്നതും. എത്ര ശതമാനം ലാഭം കിട്ടും എന്ന് ചോദ്യത്തിന് ഈ സ്ഥാപനത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ആവശ്യമായത് കിട്ടും എന്നാണ് മറുപടി പറഞ്ഞത് ശതമാനം നോക്കിയിട്ടില്ല. 
 
ചെറു ധാന്യങ്ങൾ
ചെറു ധാന്യങ്ങൾക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും, അതിന്റെ ഗുണവും മനസ്സിലാക്കി ഏതാനും ചെറു ധാന്യങ്ങളുടെ കൃഷിയും, അവയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും അടുത്ത ഘട്ടത്തിലേക്ക് പ്ലാൻ ചെയ്തിരിക്കുന്നു.
 
പൊതു സംരംഭകരോട് പറയാനുള്ളത്
തൊഴിൽരഹിതർ, സ്ത്രീകൾ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിരവധി ചെറുസംരംഭങ്ങൾ ഉണ്ട്.വീട്ടിൽ തന്നെ ചെയ്യാവുന്ന ആരോഗ്യഭക്ഷണങ്ങൾ,സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിൽ ശോഭിക്കാം. ഏറ്റവും ലളിതമായി തുടങ്ങാവുന്ന കുളി സോപ്പ് നിർമ്മാണം ഉദാഹരണമാണ്. ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ ഒരു യൂണിറ്റ് തുടങ്ങിയാൽ പോലും വിറ്റഴിക്കാൻ കഴിയുന്ന ഒരു വിപണിയുണ്ട്.  സ്ക്വാഷ്, ജാം, അച്ചാർ എന്നിവയും ആരോഗ്യകരമായ രീതിയിൽ ഉണ്ടാക്കി വിൽക്കാൻ ശ്രമിച്ചാൽ പ്രതിദിനം ഒരാൾക്ക് 1000 രൂപയെങ്കിലും ഉണ്ടാക്കാൻ കഴിയും.
 
വിലാസം:
AMBROSE KOOLIYATH
Farmers Share, Mundaya,
Ganesh Giri P.O, Shornur
Mob : 9048067502