സ്കെയിൽ അപ്പ് മിഷൻ പദ്ധതി മിഷൻ 1000
ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
കേരളത്തിലെ MSME കളിൽ നിന്നും തിരഞ്ഞെടുത്ത 1000 MSMEകളെ നാല് വർഷത്തിനുള്ളിൽ ആകെ ഒരു ലക്ഷം കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാരിന്റെ സ്കെയിൽ അപ്പ് മിഷൻപദ്ധതി, മിഷൻ 1000 വിഭാവനം ചെയ്തിട്ടുള്ളത്. വസ്തുനിഷ്ഠവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് എം.എസ്.എം.ഇ-കളെ സ്കെയിൽ അപ്പ് സ്കീമിനായി തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് മൂലധന നിക്ഷേപ സബ്സിഡി 40% വരെ (പരമാവധി 2 കോടിരൂപ), പ്രവർത്തന മൂലധന വായ്പകൾക്ക് പലിശ നിരക്കിന്റെ 50% വരെ പലിശ ഇളവ് (50 ലക്ഷംരൂപ വരെ), സ്കെയിൽ അപ്പ് ചെയ്യുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം (ഒരു സംരംഭത്തിന് ഒരുലക്ഷം രൂപ വരെ), സാങ്കേതിക നവീകരണത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക സഹായം, തിരഞ്ഞെടുത്ത ഓരോ സംരംഭങ്ങൾക്കും അവരുടെ വിവിധ സ്കെയിലിംഗ്-അപ്പ് അനുബന്ധപ്രവർത്തനങ്ങളിൽ അവരെ സഹായിക്കാൻ വ്യവസായ വകുപ്പിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് കരഗതമാക്കുന്നതാണ്.
സ്കെയിൽ അപ്പ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സംരംഭങ്ങൾ UDYAM രജിസ്ട്രേഷനോടുകൂടി കേരളത്തിൽ രജിസ്റ്റർ ചെയ്തവ ആയിരിക്കണം, 31/03/2023 വരെ കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തനം പൂർത്തീകരിച്ചിരിക്കണം, നിർമാണമേഖലയിലോ സേവനമേഖലയിലോ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവ ആയിരിക്കണം. സ്കെയിൽ അപ്പ് മിഷനിലേക്ക് എം.എസ്.എം.ഇ -കൾക്ക് അപേക്ഷിക്കാൻ ഒരു ഓൺലൈൻ പോർട്ടൽ ആരംഭിക്കുകയും രണ്ടുഘട്ടങ്ങളിലായി ലഭ്യമായ അപേക്ഷകളുടെ സൂക്ഷ്മപരിശോധനയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച അപേക്ഷകൾ മിഷൻ 1000 പദ്ധതിയുടെ ആദ്യബാച്ച് തിരഞ്ഞെടുക്കുവാൻ വേണ്ടി സംസ്ഥാനതല അംഗീകാര കമ്മിറ്റിയുടെ (എസ്.എൽ.എ.സി) മുമ്പാകെ സമർപ്പിച്ചു. ആകെ ലഭ്യമായ അപേക്ഷകളിൽ 255 അപേക്ഷകൾ SLAC യുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും, അവയിൽ നിന്നും 149 അപേക്ഷകരെ മിഷൻ 1000 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്കെയിൽ അപ്പ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങൾ സംസ്ഥാന സർക്കാർ എംപാനൽ ചെയ്ത ഏതെങ്കിലും കൺസൾട്ടന്റിന്റെ സഹായത്തോടെ സ്കെയിൽ അപ്പ് ഡി.പി.ആർ തയ്യാറാക്കേണ്ടതുണ്ട്. ഈ ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്കെയിൽ അപ്പ് പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തുന്നത്. മിഷന് 1000 സ്കീമിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള സബ്സിഡികൾക്ക് വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലും തയ്യാറാക്കിയിട്ടുണ്ട്.
സ്കെയിൽ അപ്പ് മിഷൻ പദ്ധതി കേരളത്തിലെ എം.എസ്.എം.ഇ-കൾക്ക് അവരുടെ ബിസിനസ്സിൽ വളർച്ച കൈവരിക്കാനും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്താനും ഒരു അതുല്യമായ അവസരം നൽകുന്നു. കൂടാതെ, സുതാര്യമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകൾക്ക് വിവിധ പ്രോത്സാഹനങ്ങൾ നൽകുന്നത് വഴി സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വളർച്ചയുടെയും വികസനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.