സോഡാ സോഫ്റ്റ് ഡ്രിങ്ക് ബിസിനസ്സിൽ ലക്ഷങ്ങൾ നേടുന്ന  യുവ സംരംഭകൻ 

 
TS Chandran
റ്റി. എസ്. ചന്ദ്രൻ
 
റോബിൻ റോബർട്ട് ഒരു യുവ സംരംഭകനാണ്. തിരുവനന്തപുരം ജില്ലയിലെ ഉച്ചക്കടയിൽ തികച്ചും വ്യത്യസ്തമായ ഒരു സംരംഭമാണ് അദ്ദേഹം നടത്തുന്നത്. രണ്ടുവർഷം മുമ്പ് തുടങ്ങിയ ഈ സംരംഭത്തിന് വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിച്ചു വരുന്നത്. വളരെ കഷ്ടപ്പെട്ട് വിപണി കണ്ടെത്തി തുടങ്ങിയ ഈ ബിസിനസ്സിൽ ഇപ്പോൾ വിതരണക്കാർ ധാരാളമായി എത്തുകയും റിസ്ക് കുറച്ച് പ്രവർത്തിക്കാൻ കഴിയുകയും ചെയ്യുന്നു. ടിയ സോഫ്റ്റ് ഡ്രിങ്ക്സ് എന്നാണ് സ്ഥാപനത്തിന്റെ പേര്.
 
എന്താണ് ബിസിനസ് 
സ്ഥാപനത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സോഫ്റ്റ് ഡ്രിങ്ക്സ് ആണ് പ്രധാന ബിസിനസ്. ഗോലിസോഡ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ നിർമ്മിച്ചു വിൽക്കുന്നു. വിവിധ ഫ്ളേവറുകളിൽ സോഫ്റ്റ് ഡ്രിങ്ക്സ് നിർമ്മിച്ചു വരുന്നു. മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച് തുടങ്ങി പത്തിൽപരം ഫ്ളേവറുകളിലാണ് ഇവ നിർമ്മിച്ചു വിൽക്കുന്നത്. ഗോലി സോഡയാണ് മറ്റൊരു പ്രധാന ഉൽപ്പന്നം. വിപണിയിൽ നന്നായി പോകുന്ന ഒരു പ്രധാന ഇനം ഗോലി സോഡയാണ്. അതാണ് ആദ്യം തുടങ്ങിയതും. ആയതിന്റെ വിജയത്തെ തുടർന്നാണ് മറ്റു ഉൽപ്പന്നങ്ങളിലേക്ക് കടന്നത്. 
 
25 ലക്ഷം രൂപയുടെ മിഷനറി നിക്ഷേപം 
ചില്ലർ മെഷീൻ, കാർബണേറ്റർ, ഗോലി സോഡാ മേക്കിങ് യൂണിറ്റ്, മിക്സിങ് മെഷീൻ, സീലിംഗ് മെഷീൻ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. ഇവയ്ക്ക് ആകെ 25 ലക്ഷം രൂപയോളം നിക്ഷേപം വന്നിട്ടുണ്ട്. ഫില്ലിംഗ് മെഷീനും സ്ഥാപനത്തിലുണ്ട്. വാടകയ്ക്കുള്ള സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കെട്ടിടം സ്വന്തം നിലയിൽ നിർമ്മിച്ചതാണ്. അതിന് ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് വന്നിട്ടുണ്ട്. ഒൻപത് തൊഴിലാളികളാണ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. കെഎസ്എഫ്ഇ ചിട്ടി വായ്പയെടുത്താണ് സംരംഭത്തിൽ മുതൽമുടക്കിയരിക്കുന്നത്. അവിവാഹിതനായ റോബിൻ മുഴുവൻ സമയവും സ്ഥാപനത്തിൽ തന്നെയാണ് പണിയെടുക്കുന്നത്. 
 
കൃത്യമായ പ്ലാനിങ് 
കൃത്യമായ പ്ലാനിങ് ആണ് റോബിന്റെ സംരംഭത്തിന്റെ നേട്ടത്തിന് പ്രധാന കാരണം. ഗോലി സോഡ പ്ലാൻ ചെയ്യുകയാണ് ആദ്യം. അത് വിപണിയിൽ ശോഭിക്കാൻ മാസങ്ങൾ എടുത്തു. അതിന്റെ വിജയം ഏറക്കുറെ ഉറപ്പാക്കിയ ശേഷം മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടക്കുന്നു. പത്തിൽപരം ഫ്ളേവറുകളിൽ സോഫ്റ്റ് ഡ്രിങ്ക് ഉണ്ടാക്കി വിപണിയിൽ ഇറക്കുന്നു. അതിന്റെ വിജയവും ഏറെക്കുറെ ഉറപ്പു വന്നു കഴിഞ്ഞു. അടുത്ത പ്രോജക്ടുകളും റോബിൻ പ്ലാൻ ചെയ്തിരിക്കുകയാണ്. 
 
റെഡി ടു ഡ്രിങ്ക് മിൽക്ക് പ്രോഡക്ടുകളിലേക്ക് കടക്കാൻ പോകുകയാണ് ഇത് സംബന്ധിച്ച് കൃത്യമായ ഒരു പ്ലാനിങ് ഇദ്ദേഹത്തിനുണ്ട്. ഫ്ളേവേർഡ് മിൽക്ക് പ്രോഡക്ടുകൾ നിർമ്മിക്കുന്നതിനുള്ള ബോട്ടിലുകൾ എല്ലാം ഇദ്ദേഹം തയ്യാർ ചെയ്തു കഴിഞ്ഞു. അവ സ്ഥാപനത്തിൽ വന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ റെഡി ടു ഡ്രിങ്ക്, കസ്കസ് ബോട്ടിലുകളും ഏറെ താമസിയാതെ വിപണിയിൽ ഇറക്കും. എല്ലാം കൃത്യമായി പ്ലാൻ ചെയ്തിരിക്കുകയാണ് റോബിൻ റോബർട്ട് എന്ന യുവാവ്. 
 
അസംസ്കൃത വസ്തുക്കൾ സുലഭം 
വെള്ളം, പഞ്ചസാര, ഫ്ളേവറുകൾ, ബോട്ടിലുകൾ, ബോട്ടിൽ ക്യാപ്പ്, ലേബൽ എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. വെള്ളം പറമ്പിൽ നിന്നുതന്നെ സുലഭമായി കിട്ടും. മറ്റ് അസംസ്കൃത വസ്തുക്കൾ എത്തിച്ചുതരുന്ന സ്വകാര്യ കച്ചവടക്കാർ ധാരാളമുണ്ട്. എല്ലാം സുലഭമായി ലഭിക്കുന്നവയാണ്. ക്ഷാമം നേരിടാറില്ല. പക്ഷേ പലതും ക്രെഡിറ്റ് ലഭിക്കുന്നില്ല എന്ന് മാത്രം. 
 
ഏറെ കഷ്ടപ്പെട്ടത് വിൽപന രംഗത്ത് 
സ്ഥാപനത്തിന്റെ തുടക്കത്തിൽ വിൽപ്പന നടത്തുക എന്നത് വളരെ ശ്രമകരമായ ഒരു പണിയായിരുന്നു. നിരവധി സ്ഥാപനങ്ങൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞത് മിച്ചം. ഒരു ഘട്ടത്തിൽ നിർത്തിയാലോ എന്ന് പോലും ചിന്തിച്ചു. പക്ഷേ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ കുറച്ച് നൽകാൻ തുടങ്ങിയപ്പോൾ ധാരാളം കടകൾ വാങ്ങാൻ തുടങ്ങി. ഒരു ബന്ധുവിന് ഇത്തരം ഉൽപ്പന്നങ്ങളുടെ  ഒരു സ്ഥാപനം ഉണ്ടായിരുന്നു. അതിന്റെ ഒരു സഹായം കൂടി ലഭിച്ചപ്പോഴാണ് ആശ്വാസമായത്.
 
ഇപ്പോൾ കടകൾ കയറിയിറങ്ങി ഓർഡറുകൾ പിടിക്കേണ്ട യാതൊരു സാഹചര്യവും ഇല്ല. ധാരാളം വിതരണക്കാർ ഉൽപ്പന്നങ്ങൾ എടുക്കാനും വിൽക്കാനും തയ്യാറായിരിക്കുന്നു. ആറ് മൊത്തവിതരണക്കാർ ഇപ്പോൾ ഉണ്ട്. ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ മിക്കവാറും ഈ വിതരണക്കാർക്ക് കൊടുക്കാൻ മാത്രം തികയൂ. തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല വ്യാപാരം. ജില്ലയിലെ പാറശ്ശാലയിൽ മികച്ച രീതിയിൽ വിൽപ്പന നടത്തുന്നു. തമിഴ്നാട് (മാർത്താണ്ഡം) സംസ്ഥാനത്തും ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നു. എത്ര ഉണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന ഒരു അവസ്ഥ ഇപ്പോൾ ഉണ്ട്. B-B ക്രെഡിറ്റ് നൽകേണ്ടിവരുന്നു എന്നുള്ളതാണ് ഏക പ്രശ്നം. എങ്കിലും ഇപ്പോൾ മികച്ച വിപണി കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലും ആശ്വാസത്തിലുമാണ് റോബിൻ. 
 
16 ലക്ഷം രൂപയുടെ  പ്രതിമാസ കച്ചവടം 
സ്ഥാപനത്തിൽ 9 തൊഴിലാളികളാണ് ഇപ്പോൾ ഉള്ളത്. പ്രതിമാസം ഏകദേശം 16 ലക്ഷം രൂപയുടെ വിറ്റു വരവുണ്ട്. 12% ആണ് ഇതിൻന്റെ ജി എസ് ടി. 30% വരെ അറ്റാദായം ലഭിക്കുന്നു എന്നാണ് റോബിൻ പറയുന്നത്. എന്നാൽ എല്ലാ ഇനങ്ങൾക്കും ഇത്രയും ലാഭം കിട്ടണമെന്നില്ല. എന്നിരുന്നാലും സാമാന്യ മികച്ച ലാഭവിഹിതത്തിൽ സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് പറയാം. സർക്കാർ സബ്സിഡി ലഭിക്കുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. 
 
അനുകൂലം 
* വിപണി വളരെ വലുതാണ് 
* അസംസ്കൃത വസ്തുക്കൾ സുലഭമാണ്
* ധാരാളം വിതരണക്കാരെ ലഭ്യമാണ്.
* മികച്ച ലാഭവിഹിതം ലഭിക്കും
* മികച്ച ഗുണമേന്മയിൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കുറഞ്ഞ വിലയ്ക്ക് നൽകാൻ
   കഴിയും 
* മികച്ച സ്വീകാര്യത 
 
പ്രതികൂലം 
* ജിഎസ്ടി 12% ആണ്.
* പാക്കിംഗ് സാമഗ്രികളുടെ വില വർദ്ധനവ് 
* ക്രെഡിറ്റ് വിൽപ്പന 
 
പുതുസംരംഭകർക്ക് 
സോഡാ വാട്ടർ (പ്രത്യേകിച്ച് ഗോലി സോഡ) ന്റെ ഒരു ചെറിയ യൂണിറ്റ് ആരംഭിക്കാമെങ്കിൽ,  സോഫ്റ്റ് ഡ്രിങ്കുകളും നിർമ്മിച്ചു വിൽക്കാം. അതിനായി വലിയ തുകയുടെ നിക്ഷേപം വേണ്ടി വരുന്നില്ല. 10 ലക്ഷം രൂപ മുടക്കിയാൽ ചെറിയതോതിൽ സോഡ സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ ഒരു സ്ഥാപനം ആരംഭിക്കാം. മൂന്നുപേർക്ക് തൊഴിൽ ലഭിക്കും. 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയെടുത്താൽ പോലും ഒന്നരലക്ഷം രൂപയുടെ ലാഭമുണ്ടാക്കാം. വലിയ സാങ്കേതിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. വലിയ സാധ്യതയുള്ള ഒരു മേഖലയാണ് റെഡി ടു ഡ്രിങ്ക് ഐറ്റംസ്.
 
വിലാസം:
റോബിൻ റോബേർട്ട്
റ്റിയ സോഫ്റ്റ് ഡ്രിങ്ക്സ്
വിരാലി- കുളത്തൂർ, ഉച്ചക്കട. പി. ഒ
തിരുവനന്തപുരം- 695506
ഫോൺ: 7012719510, 8606686064