സംരംഭകസംസ്‌കാരം തിരുത്തിക്കുറിക്കാൻ വനിതകളും

സൗമ്യ ബേബി

പുരുഷന്മാർ കുത്തകയാക്കി വെച്ചിരുന്ന സംസ്ഥാനത്തിന്റെ സംരംഭകമേഖലയിലേക്ക് പുതിയ കാഴ്ചപ്പാടുമായി കടന്നുവരുന്ന വനിതകളുടെ എണ്ണം കുതിച്ചുയരുന്നു. രണ്ടര പതിറ്റാണ്ടു മുമ്പുവരെയും അപൂർവ്വം സ്ത്രീകൾ മാത്രമാണ് നമ്മുടെ സംരംഭകരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ഇവിടുത്തെ വനിതാമുന്നേറ്റത്തിന്റെ നാഴികക്കല്ലായി അടയാളപ്പെടുത്താവുന്ന കുടുംബശ്രീ യൂണിറ്റുകളുടെ രൂപീകരണത്തിന് ശേഷമാണ് ഇത്തരത്തിൽ വലിയൊരു മാറ്റമുണ്ടായതെന്നും പറയാം. ആദ്യമെല്ലാം വനിതാകൂട്ടായ്മകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമീണസംരംഭങ്ങളായിരുന്നു അധികവുമെങ്കിൽ, ഇപ്പോൾ സ്വന്തം സംരംഭം ആരംഭിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചുവരുന്നു.

മികച്ച വിദ്യാഭ്യാസം നേടുകയും വിവിധ സ്ഥാപനങ്ങളിൽ ജോലിയെടുക്കുകയും ചെയ്തിട്ടുള്ള ചെറുപ്പക്കാരായ വനിതകൾക്കിടയിലാണ് ഇത്തരമൊരു സംസ്‌കാരം ശക്തമായി വേരൂന്നിയിട്ടുള്ളത്. ”പ്രശസ്തമായ പല സ്ഥാപനങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ അതിൽനിന്നൊന്നും പൂർണസംതൃപ്തി ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെയാണ് സ്വന്തമായൊരു സംരംഭമെന്ന ആശയത്തിലേക്ക് എത്തുന്നത്. ഏതാനും വർഷങ്ങൾക്കുമുൻപ് അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു. തുടക്കത്തിൽ സ്വാഭാവികമായ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ ജീവിതം കൂടുതൽ ആസ്വദിക്കുന്നു. മോശമല്ലാത്ത വരുമാനം ലഭിക്കുന്നതിനൊപ്പം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കുന്നുണ്ട്;” സഖിവസ്ത്ര എന്ന സംരംഭത്തിന്റെ സ്ഥാപകയായ കോട്ടയം കടുത്തുരുത്തി സ്വദേശിനി രേണു ഉണ്ണികൃഷ്ണൻ പറയുന്നു.

 

എല്ലാ ജില്ലകളിലും വനിതാസംരംഭങ്ങൾ

സംസ്ഥാനത്ത് എതെങ്കിലും പ്രത്യേക മേഖലകൾ മാത്രം കേന്ദ്രീകരിച്ചല്ല വനിതാ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരമൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി വ്യവസായവകുപ്പ് മുഖേനെ സർക്കാർ നടപ്പാക്കിയ സംരംഭകവർഷം പദ്ധതിയിലും ഇത് പ്രകടമായി കാണാം. 12 മാസം കൊണ്ട് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും എട്ടുമാസത്തിനുള്ളിൽ തന്നെ അത് യാഥാർത്ഥ്യമായി. ഇതിൽ മൂന്നിലൊന്നും വനിതാസംരംഭങ്ങളാണെന്ന് കണക്കുകൾ പറയുന്നു. മുപ്പത്തയ്യായിരത്തിലധികം വനിതാസംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ പുതിയതായി പ്രവർത്തനം ആരംഭിച്ചത്. ഇതിനെ വലിയൊരു മുന്നേറ്റമായി കാണേണ്ടതുണ്ട്.

ഭക്ഷ്യസംസ്‌കരണം, ബയോടെക്‌നോളജി, ഐടി, ഇലക്‌ട്രോണിക്‌സ്, വ്യാപാരമേഖല, ഹാൻഡ്‌ലൂം, ടൂറിസം, ഹാൻഡിക്രാഫ്റ്റ് തുടങ്ങി എല്ലാ മേഖലകളിലെയും പുതിയ സംരംഭങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. പല മേഖലകളിലും മുപ്പതുശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത് വനിതകളുടെ പേരിലാണ്. തൃശ്ശൂർ ജില്ലയിൽ മാത്രം നാലായിരത്തിലധികം വനിതകളാണ് സംരംഭകരായി എത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മൂവായിരത്തിലധികം വനിതാസംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിച്ചിട്ടുണ്ട്. പൊതുവെ, വ്യവസായരംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലകളായ കാസർകോട്ടും വയനാട്ടിലും ഇടുക്കിയിലും വരെ അഭിമാനകരമായ സ്ത്രീമുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ കാണാം. ഈ മൂന്നു ജില്ലകളിലും ആയിരത്തിലധികം വനിതകൾ വീതം പുതിയ സംരംഭകരായി എത്തിയിരിക്കുന്നു.

നമ്മുടെ സംരംഭകസംസ്‌കാരത്തിൽ പൊടുന്നനെ ദൃശ്യമായ ഇത്തരമൊരു വൻമാറ്റത്തിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. കോവിഡിനെ തുടർന്ന് രൂപപ്പെട്ട സാമൂഹിക സാഹചര്യങ്ങളാണ് ഇതിൽ പ്രധാനം. രോഗബാധയെ തുടർന്ന് ലോകം അടച്ചുപൂട്ടപ്പെട്ടപ്പോൾ സ്വദേശത്തും വിദേശത്തുമായി ജോലിചെയ്തിരുന്ന അനേകം പേർക്ക് തൊഴിൽ നഷ്ടമായി. ജീവിതം വഴിമുട്ടിനിന്ന കാലത്ത് ചെറുതെങ്കിലും പുതിയൊരു വരുമാനമാർഗ്ഗം കണ്ടെത്താൻ വനിതകൾ ഉൾപ്പെടെ പലരും നിർബന്ധിതരാവുകയായിരുന്നു. ഭക്ഷ്യസംസ്‌കരണരംഗത്താണ് കൂടുതൽ പേരും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിൽതന്നെ കൂടുതൽ പേരും സ്ത്രീകളായിരുന്നു. അങ്ങനെ, സംരംഭങ്ങളുമായി ബന്ധപ്പെട്ട അവരുടെ ആത്മവിശ്വാസം വർദ്ധിച്ചു. പിന്നീട്, കോവിഡിൽനിന്നും മുക്തമായ ലോകം സാധാരണ നിലയിലേക്ക് മടങ്ങിവന്നെങ്കിലും ചെറുസംരംഭങ്ങൾ തുടങ്ങിയ വനിതകളിലധികവും കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുകയോ ബിസിനസ് വിപുലപ്പെടുത്തുകയോ ചെയ്തു.
സംസ്ഥാനത്തെ ഉയർന്ന വിദ്യാഭ്യാസനിലവാരവും ലോകപരിചയവുമെല്ലാം സംരംഭക മേഖലയിലേക്ക് കടക്കാൻ ഇവിടുത്തെ വനിതകൾക്ക് പ്രചോദനമായിട്ടുണ്ട്. ഇന്നിപ്പോൾ, വിദേശരാജ്യങ്ങളിൽ ജോലിചെയ്തിരുന്നവർ പോലും തിരികെ നാട്ടിലെത്തി സ്വന്തമായൊരു സംരംഭം തുടങ്ങാൻ താൽപ്പര്യം കാണിക്കുന്നു. മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നതിനെ അപേക്ഷിച്ച് തൊഴിൽ-ജീവിതരംഗങ്ങളിൽ ലഭിക്കുന്ന സ്വാതന്ത്ര്യവും മെച്ചപ്പെട്ട വരുമാനസാധ്യതയുമെല്ലാം ഇതിന് കാരണമാണ്.

പുരോഗമനാത്മകമായ മാറ്റം

തൊഴിൽ അന്വേഷകർ എന്ന അവസ്ഥയിൽ നിന്നും തൊഴിൽ ദാതാക്കൾ എന്ന നിലയിലേക്കാണ് സ്ത്രീകളുടെ മാറ്റം. രാജ്യമെമ്പാടും ആഗോളതലത്തിലുമെല്ലാം ഇത്തരമൊരു മാറ്റമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായകശക്തിയായി മാറാൻ സ്ത്രീസംരംഭകർക്ക് കഴിയും. ഇത്തരത്തിൽ, 2025 ആകുമ്പോഴേയ്ക്കും നമ്മുടെ ജിഡിപിയിൽ 770 ബില്യൺ ഡോളർ കൂട്ടിച്ചേർക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ ദേശീയതലത്തിലുള്ള 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷമാണ് വനിതകൾ. ഇത് മൊത്തം സംരഭകരുടെ എണ്ണത്തിന്റെ 13.76 ശതമാനമാണ്. ഈ രംഗത്ത് ഓരോ വർഷവും ആനുപാതികമായ വളർച്ചയും ഉണ്ടാകുന്നുണ്ട്.

2016-2021 കാലയളവിൽ രാജ്യത്തെ വനിതാസംരംഭകരുടെ പങ്ക് 2.68 മടങ്ങായി വർദ്ധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അതേസമയം, ഈ കാലയളവിലെ പുരുഷസംരംഭകരുടെ പങ്കിലുള്ള വർദ്ധന 1.79 മടങ്ങ് മാത്രമേയുള്ളൂ. പുരുഷന്മാരെ അപേക്ഷിച്ച് രാജ്യത്തെ സ്ത്രീകൾക്ക് തൊഴിൽസ്ഥലത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. സ്വന്തം സംരംഭമെന്ന സുരക്ഷിതത്വത്തിലേക്ക് വനിതകൾ ചേക്കാറാൻ ഇതും കാരണമാണ്. ഇത്തരം സംരംഭങ്ങളിൽ പരമാവധി സ്ത്രീകൾക്ക് തന്നെ ജോലി നൽകുന്നതിലൂടെ അവർക്കും മികച്ച തൊഴിൽ പരിസരം ലഭിക്കുന്നു. സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ഇപ്പോൾ പ്രത്യേക സംവിധാനങ്ങൾ തന്നെയുണ്ട്.

അടുത്തയിടെ പരിഷ്‌കരിക്കപ്പെട്ട നീതി ആയോഗിന്റെ വെബ് പോർട്ടലിലൂടെയും വനിതാസംരംഭകർക്ക് പ്രോത്സാഹനം ലഭിക്കുന്നു. ഇതിലൂടെ രണ്ട് ലക്ഷം വനിതാ സംരംഭകരെ കണ്ടെത്താനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കമ്യൂണിറ്റി ആൻഡ് നെറ്റ്‌വർക്കിംഗ്, സാമ്പത്തികസഹായം, ഇൻക്യുബേഷൻ ആൻഡ് ആക്‌സിലറേഷൻ, മെൻഡർഷിപ്പ്, മാർക്കറ്റിംഗ് സഹായം, സംരംഭകത്വ നൈപുണ്യവികസനം, നികുതിസംവിധാനം തുടങ്ങിയ മേഖലകളിലെല്ലാം ഇതിലൂടെ സേവനം നൽകിവരുന്നു. വിവിധ പരിപാടികളിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

 

സർക്കാരുകളുടെ പിന്തുണ

വനിതാസംരംഭകർക്കായി പല തലത്തിലുള്ള സഹായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിവരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ചെറുകിട-സൂക്ഷ്മസംരംഭങ്ങൾക്കുള്ള ധനസഹായവും ബിസിനസ് വായ്പയുമെല്ലാം സ്ത്രീകൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാണ്. ആയിരം രൂപമുതൽ കോടികളുടെ വായ്പ വരെ ഇത്തരത്തിൽ ലഭിക്കുന്നു. മാത്രവുമല്ല, സ്ത്രീസംരംഭകർക്ക് നൽകുന്ന വായ്പകളുടെ പലിശനിരക്കും കുറവായിരിക്കും. പ്രധാൻമന്ത്രി മുദ്രായോജന, ഭാരതീയ മഹിളാ ബിസിനസ് ബാങ്ക് വായ്പ, ബിഎംപി അന്നപൂർണ്ണ, ബിഎംപി ശൃംഗാർ, ബിഎംപി പർവാരിഷ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ബ്യൂട്ടി പാർലർ, ട്യൂഷൻ സെന്റർ, സ്റ്റിച്ചിംഗ് സെന്റർ തുടങ്ങിയവയ്ക്ക് പുറമെ റീട്ടെയിൽ, സർവ്വീസ്, മാനുഫാക്ചറിംഗ് മേഖലകളിലെ സംരംഭങ്ങൾക്കെല്ലാം ഇത്തരത്തിൽ വായ്പ ലഭിക്കുന്നുണ്ട്.

കേന്ദ്രപദ്ധതികൾക്ക് പുറമെ വനിതാസംരംഭകർക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളും ഏറെ പേർക്ക് പ്രയോജനപ്പെടുന്നതാണ്. സംരംഭകവർഷം പദ്ധതിയിലൂടെ രംഗത്തെത്തിയവർക്ക് സ്‌കെയിൽ അപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിക്കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ടെക്‌നോളജി ക്ലിനിക്കുകളും ഹെൽപ് ഡെസ്‌കുകളും ഇൻവെസ്റ്റർ ഹെൽപ് കോൾ സെന്ററുകളുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സംരംഭകമേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കൂടുതൽ വനിതകൾക്ക് കരുത്തുപകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

വിവിധ സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ള സ്ത്രീകൾക്കായി സംസ്ഥാന വനിതാവികസന കോർപറേഷനും വായ്പ ലഭ്യമാക്കി വരുന്നുണ്ട്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന വനിതാവികസന കോർപറേഷൻ സംസ്ഥാന സർക്കാരിന്റെയും വിവിധ ദേശീയ ധനകാര്യ കോർപറേഷനുകളുടെയും സ്വയംതൊഴിൽ വായ്പാ ചാനലൈസിംഗ് ഏജൻസിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 11,766 വനിതകൾക്കായി 165.05 കോടിരൂപ സംരംഭകവായ്പ നൽകിയിരുന്നു. ദേശീയ കോർപറേഷനുകളിൽനിന്നും മറ്റും വായ്പ സ്വീകരിക്കുന്നതിനായി നൂറുകോടി രൂപയുടെ അധിക ഗ്യാരണ്ടി കോടി സർക്കാർ വനിതാവികസന കോർപറേഷന് അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പ്രയോജനപ്പെടുത്തി നടപ്പു സാമ്പത്തികവർഷം 200 കോടിരൂപയുടെ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ, കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് നാലായിരത്തോളം സ്ത്രീകൾക്കെങ്കിലും അധികമായി വായ്പ നൽകാനാവുമെന്നും കണക്കാക്കപ്പെടുന്നു.

സമീപകാലത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തിൽ പുരുഷന്മാരെക്കാൾ കാര്യക്ഷമത പുലർത്തുന്നത് സ്ത്രീസംരംഭകരാണെന്നും വ്യക്തമാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ അവർ നയിക്കുകയോ ചെയ്യുന്ന പിങ്ക് സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി സർക്കാർ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും വനിതാസംരംഭകത്വത്തിൽ വലിയ തോതിലുള്ള ഉണർവ്വുണ്ടാക്കിയിട്ടുണ്ട്.

ഒരുകാലത്ത് ബിസിനസ് രംഗത്തുണ്ടായിരുന്ന നാമമാത്രമായ സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തിന്റെയും കടന്നുവരവ് യാദൃശ്ചികമായിട്ടായിരുന്നു. കുടുംബബിസിനസുകളുടെ ഭാഗമായി പ്രവർത്തിക്കുകയോ പ്രത്യേക കാരണങ്ങളാൽ അതിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരികയോ ചെയ്തിരുന്നവരാണ് പലരും. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. സ്വന്തമായൊരു സംരംഭം തുടങ്ങുകയെന്ന സ്വപ്നം കാണുകയും അത് യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിക്കുകയും ഒടുവിൽ ലക്ഷ്യപ്രാപ്തിയിൽ എത്തുകയും ചെയ്യുന്നവരാണ് അധികവും. സംസ്ഥാനത്തെ സംരംഭകാന്തരീക്ഷം മികച്ചതായതും ഇതിന് കാരണമാണ്.