വ്യാപാരി കൂട്ടായ്മയുടെ ‘വിന്റർഫീൽ ഗാർമെന്റ്സ് ‘

ബിനോയ് ജോർജ് പി

ന്നർവെയർ ഉത്പാദന-വിപണന രംഗത്ത് തൃശൂരിലെ ഒരു കൂട്ടം വ്യാപാരികളുടെ സംരംഭമായ ‘വിന്റർഫീൽ ഗാർമെന്റ്സ്’ വൻകുതിപ്പിന് ഒരുങ്ങുന്നു. പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് വർഷമായെങ്കിലും കഴിഞ്ഞവർഷം മാത്രമാണ് മികച്ച രീതിയിൽ മുന്നേറാനായത്. 2018ൽ ആരംഭിച്ചെങ്കിലും കോവിഡും മറ്റു പ്രതിസന്ധികളും കാരണം ശൈശവദശ പിന്നിടാൻ കുറച്ചധികം സമയമെടുത്തു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തൃശൂർ ജില്ല ഘടകത്തിലെ നൂറോളം ചെറുകിട കച്ചവടക്കാരുടെ ഓഹരികൾ സ്വീകരിച്ച് ആരംഭിച്ച വിന്റർഫീൽ ഗാർമെന്റ്സ് അതിന്റെ രണ്ടാംഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ, കൂടുതൽ വികസനപദ്ധതികളാണ് ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ലക്ഷ്യമിടുന്നത്. വിവിധമേഖലകളിൽ കച്ചവടം ചെയ്യുന്നവർ ചേർന്ന് സംരംഭം തുടങ്ങിയതിന്റെ പുറകിലെ ലക്ഷ്യം പണം മാത്രമല്ലെന്ന് കമ്പനി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് കൂടിയായ കെ വി അബ്ദുൾ ഹമീദ് പറയുന്നു.

കോവിഡിന് ശേഷം നാട്ടിൽ പണത്തിന്റെ വിതരണം കുറയുകയും സംസ്ഥാനത്തെ പണം ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തപ്പോൾ, നാട്ടിലെ കച്ചവട മേഖലയാകെ സ്തംഭനത്തിലായി. ഇതിന് തങ്ങളാൽ കഴിയുന്ന പരിഹാരമെന്ന നിലയിൽ കൂടിയാണ് മലയാളികളെ മാത്രം തൊഴിലാളികളാക്കി സ്ത്രീ-പുരുഷന്മാരുടെ അടിവസ്ത്രങ്ങളുടെ ഉത്പാദനം ആരംഭിക്കുന്നത്. മാത്രമല്ല മലയാളികളായ തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണെന്ന മറ്റൊരു പ്രത്യേകതയും ഈ സംരംഭത്തിനുണ്ട്. വ്യാപാരി സമിതിയുടെ വനിതാ കൂട്ടായ്മയാണ് വസ്ത്ര നിർമ്മാണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. തൊഴിലാളികളുടെ പണം നാട്ടിൽ തന്നെ വിനിമയം ചെയ്യപ്പെടുകയും സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്നതോടൊപ്പം ഓഹരിയുടമകൾ തന്നെ വിൽപ്പനക്കാരാകുന്നതിലൂടെ രണ്ടുവിധം ലാഭം ഉണ്ടാകുന്നു.ഇത്തരത്തിൽ പലതരം വ്യത്യസ്തതകൾ തൃശൂരിലെ വ്യാപാരി കൂട്ടായ്മയുടെ ഈ സംരംഭത്തിനുണ്ട്. വിന്റർഫീൽ എന്ന ബ്രാൻഡ്നെയിമിൽ ഗുണമേന്മയുള്ള ഇന്നർവെയറുകൾ വിപണിയിലെത്തിച്ച് സ്ഥാനമുറപ്പിക്കുകയാണിവർ.

ജില്ലയിൽ അമ്പല്ലൂർ, ചാവക്കാട്, മാള എന്നീ മൂന്ന് യൂണിറ്റുകളിലായാണ് അടിവസ്ത്രങ്ങളുടെ ഉത്പാദനം നടക്കുന്നത്. മൂന്നിടത്തായി ഇപ്പോൾ നൂറിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരെ കൂടാതെ മാർക്കറ്റിംഗ്, ഓഫീസ് വിഭാഗങ്ങളിലായി 25ഓളം പേർ വേറെയുമുണ്ട്. വിന്റർഫീൽ ഗാർമെന്റസിന്റെ രണ്ടാംഘട്ട വികസനത്തിൽ ഷർട്ടുകൾ, ലെഗ്ഗിൻസ്, സ്ലീപ്പുകൾ, മാക്സികൾ എന്നിവയാണ് വിപണിയിൽ എത്തിക്കുന്നത്. ഇതിനായി തൃശൂർ പൂമലയിലെ സ്വന്തം സ്ഥലത്ത് ഫാക്ടറിയും ഗോഡൗണും സജ്ജീകരിച്ചുകഴിഞ്ഞു. ലുങ്കി, ദോത്തി എന്നിവ സ്ഥാപനത്തിന്റെ പേരിൽ ഇപ്പോഴും വിൽപ്പനയ്ക്കുണ്ടെങ്കിലും വ്യാപകമായി ഇനിമുതൽ ലഭിച്ചു തുടങ്ങും. രണ്ടാംഘട്ട വികസനത്തിനൊപ്പം ഷെയർ ഹോൾഡേഴ്സിന്റെ എണ്ണം നൂറിൽ നിന്നും ഇരുനൂറിലേക്ക് വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് സംരംഭകർ. 50,000 രൂപ നൽകാൻ കഴിയുന്ന കച്ചവടക്കാരെ വരെ ആദ്യഘട്ടത്തിൽ കമ്പനിയുടെ ഓഹരി പങ്കാളികളാക്കിയാണ് കമ്പനി ആരംഭിച്ചത്. 5 കോടി മുതൽമുടക്കി ആരംഭിച്ച സ്ഥാപനം അടുത്ത മൂന്നു വർഷത്തിനുള്ളിൽ 25 കോടിയിലെത്തിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. നിലവിലുള്ള യൂണിറ്റുകൾ വിപുലപ്പെടുത്തി പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനൊപ്പം പൂമലയിലെ ഫാക്ടറിയിലെ കൂടുതൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.

വിന്റർഫീൽ ഗാർമെന്റ്സിന്റെ ഉത്പാദനം മുതൽ വിൽപ്പനയിൽ വരെ ഉടമസ്ഥർ തന്നെ നേരിട്ട് ഇടപ്പെടുന്നു എന്നതിനാൽ ഉത്പന്നത്തിന്റെ വിജയത്തിന് കാരണമാകും. ലുങ്കിയും ദോത്തിയും ഷർട്ടുമെല്ലാം പുറത്തിറക്കിയതിനു ശേഷം പ്രധാന വിപണികളിലേക്ക് എത്തുന്നതിനു മുൻപ് ഇവർ സ്വന്തം സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുകയും ഉപഭോക്താവിന്റെ അഭിപ്രായങ്ങൾ ശേഖരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ടെന്ന് പറയുന്നു. അതിനു ശേഷമാണ് മറ്റു കടകളിലേക്ക് എത്തിക്കുന്നത്. വൻ പരസ്യങ്ങൾ നൽകി വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രധാന ബ്രാന്റിനൊപ്പമാണ് വിന്റർഫീലിന്റെ അടിവസ്ത്രങ്ങളുടെ ഗുണനിലവാരമെന്നാണ് ഉത്പാദകരുടെ വാദം. മാത്രമല്ല ആ ബ്രാന്റിനെക്കാൾ 25 ശതമാനം വിലയും കുറവാണ്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിന്റർ ഫീൽ വസ്ത്രങ്ങൾ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും പറയുന്നു. തൃശൂർ ജില്ലയിലെ 100 ഓളം സ്ഥാപനങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയിൽ വിതരണം ചെയ്തിരുന്നത്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിലേക്കും ചെറിയ തോതിൽ ഉത്പന്നങ്ങൾ എത്തിച്ചിരുന്നുവെങ്കിലും വ്യാപകമായ മാർക്കറ്റിംഗ് ഉണ്ടായിരുന്നില്ല. ഇപ്പോൾ രണ്ടാംഘട്ട വികസനത്തോടെ സംസ്ഥാനത്താകെ വിന്റർഫീൽ വസ്ത്രങ്ങൾ വിപണിയിലെത്തും. തൃശൂർ ജില്ലയിൽ മാത്രം 500 ഓളം കടകളിൽ ലഭിക്കുന്ന വിധത്തിലാണ് വിപണി തയ്യാറാക്കിയിട്ടുള്ളത്. ചെറിയ കടകൾ മുതൽ വലിയ മാളുകളിലും വൻ വസ്ത്ര വ്യാപാരശാലകളിലും വിന്റർഫീൽ ബ്രാൻഡ് ലഭ്യമാക്കാനാണ് സംരംഭകരുടെ നീക്കം.

ഉടമ തന്നെയാണ് ജില്ലയിൽ എല്ലായിടത്തെയും വില്പനക്കാരനും എന്നത് സ്വന്തം സംരംഭത്തോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതാണ്. ഈ വസ്ത്രങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ഉപഭോക്താക്കൾക്ക് കൂടുതൽ ഉറപ്പു നൽകാനും കച്ചവടക്കാരന് സാധിക്കുമെന്നതും പ്രത്യേകതയാണ്. വസ്ത്രം വിൽക്കുമ്പോൾ ലഭിക്കുന്ന കമ്മീഷനു പുറമെ കമ്പനിയുടെ ലാഭത്തിന്റെ വിഹിതവും അയാൾക്ക് ലഭിക്കുന്നുണ്ട്. 2024-2025 വർഷം സംരംഭം കൂടുതൽ ലാഭത്തിലേക്ക് പ്രവേശിക്കുന്ന വർഷമാണെന്ന് ഭാരവാഹികൾ പറയുന്നു. ഗുജറാത്ത്, ഹൈദരാബാദ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അസംസ്കൃത വസ്തുവായ തുണി എടുക്കുന്നത്. അതിനു ശേഷം ബ്ലീച്ച് ചെയ്ത് പ്രിന്റ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ തിരുപ്പൂർ പോലുള്ള പ്രദേശങ്ങളിലെത്തിക്കുന്നു. തുടർന്ന് തൃശൂരിലെ ഫാക്ടറികളിലെത്തിച്ച് വിവിധതരം വസ്ത്രങ്ങൾ ആക്കി രൂപ മാറ്റം വരുത്തുന്നു. വ്യാപാരിവ്യവസായി സംഘടനയുടെ തൃശൂർ ജില്ല ഘടകത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഈ ചുവടുവെയ്പ്പിന് സമാനമായ പ്രവർത്തനം, കേരളത്തിലെ മറ്റൊരു ജില്ലയിലും ഇല്ലെന്നതാണ് ശ്രദ്ധേയം.

വസ്ത്രനിർമ്മാണ രംഗത്തു മാത്രമല്ല, വിനോദസഞ്ചാര മേഖലയിലെ ‘വിന്റർഫീൽ ഹോട്ടൽസ്’ തൃശൂരിലെ വ്യാപാരി കൂട്ടായ്മയുടെ മറ്റൊരു വ്യത്യസ്തമായ സംരംഭമാണ്. 100 കോടി രൂപയുടെ നിക്ഷേപവുമുള്ള പദ്ധതിയിൽ 7 സ്ഥലങ്ങളിൽ സ്വന്തമായ ഭൂമിയുണ്ട്. ഊട്ടിയിലും ആലപ്പുഴയിലും ഇപ്പോൾ തന്നെ വിന്റർഫീൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. കൊടൈക്കനാലിൽ സ്വന്തം സ്ഥലത്ത് നിർമ്മിക്കുന്ന 40 മുറികളോടു കൂടിയ ഹോട്ടലിന്റെ ഉദ്ഘാടനം ഈ വർഷം നവംബറിൽ ഉണ്ടാകും. വയനാട് വൈത്തിരിയിലും മൂന്നാറിലുമുള്ള ഹോട്ടലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇവ രണ്ടും ഈവർഷം തന്നെ പ്രവർത്തനം ആരംഭിക്കും. കോവളത്തും ആലപ്പുഴയിൽ തന്നെ മറ്റൊരിടത്തും സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെയും ഹോട്ടൽ തന്നെയാണ് ലക്ഷ്യമിടുന്നത്. ഇവയെല്ലാം ത്രീസ്റ്റാർ-ഫോർസ്റ്റാർ നിലവാരത്തിലുള്ളവയാണ്. പരമാവധി കച്ചവടക്കാരെ ഉൾപ്പെടുത്തി ഓഹരികൾ നൽകി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടാണ് വിന്റർഫീൽ ഹോട്ടൽസിന്റെയും പ്രവർത്തനം.

കൂടുതൽ പേരെ പങ്കാളികളാക്കി ഭാവിയിൽ 250 കോടി രൂപയുടെ നിക്ഷേപമായി ഇത് ഉയരും. ഈ വൻ സംരംഭങ്ങളുടെ ഭാഗമാകുന്ന ചെറുകിട കച്ചവടക്കാർക്ക് വരും നാളുകളിൽ വലിയൊരു ആശ്വാസമാകും ഇത്തരം നിക്ഷേപങ്ങളെന്ന് പദ്ധതികളുടെ ചെയർമാൻ കെ വി അബ്ദുൾ ഹമീദ് പറയുന്നു.