വിദ്യാർത്ഥി സംരംഭകത്വത്തിന് പൊതുവഴികൾ കാട്ടി ശക്തി വനിതാ സംരംഭകത്വ പദ്ധതി

ആഷിക്ക്. കെ.പി

വിദ്യാർത്ഥി സംരംഭകത്വത്തിന് വളരെയേറെ അനുകൂലമായ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. പാഠ്യപദ്ധതിയിലോ പഠന പ്രവർത്തനങ്ങളിലോ നിർഭാഗ്യവശാൽ സംരംഭകത്വത്തിന് മതിയായ പ്രാധാന്യം ലഭിക്കാറില്ല. സംരംഭകത്വ വിദ്യാഭ്യാസം എന്നത് ജീവിത നൈപുണികളിൽ പരമപ്രധാനമാണെന്നും അത് കേവലം അറിവ് മാത്രമല്ല ഭാവി ഉപജീവനമാർഗം ആണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർഥികളിൽ സംരംഭകത്വം എന്ന ആശയം സാർവത്രികമാക്കേണ്ടതുണ്ട് എന്നതും അത്യന്താപേക്ഷിതമാണ്.

വിദ്യാർഥി സമൂഹത്തിൽ ഏറെക്കുറെ പകുതിയോ അതിലേറെയോ പെൺകുട്ടികൾ ഉള്ള നാടാണ് കേരളം. അവർ സ്വതന്ത്രരായി മാറേണ്ടതുണ്ട്. നല്ല ജോലിയോ വരുമാന സമ്പാദന മാർഗമോ ഇതിന് ആവശ്യമാണ്. അവസരങ്ങളുടെയും സാധ്യതകളുടെയും പറുദീസയായ നമ്മുടെ നാട്ടിൽ പഠനത്തോടൊപ്പം അവരുടെ ഉള്ളിലുള്ള നൂതനാശയങ്ങളെ സംരംഭകത്വ അവസരങ്ങൾ ആക്കി മാറ്റാൻ കഴിയണം. ‘ശക്തി’ എന്ന പദ്ധതിയുടെ ലക്ഷ്യവും ഇതുതന്നെയാണ്. ഒരു ബോധവൽക്കരണ പ്രവർത്തനം എന്നതിനപ്പുറം രണ്ടുവർഷം നീണ്ടുനിൽക്കുന്ന തരത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ പെൺകുട്ടികൾക്ക് സംരംഭകത്വ സാധ്യതകൾ പരിചയപ്പെടുത്തി സംരംഭകത്വ നൈപുണികൾ വളർത്തി അവരിൽ നിന്ന് അവരുടെ ഉള്ളിലുള്ള നൂതന ആശയങ്ങൾ വിളയിച്ചെടുത്ത് അവയെ മെച്ചപ്പെട്ട അവസരങ്ങൾ ആക്കി മാറ്റാനുള്ള പ്രവർത്തനമാണ് ശക്തിയുടെ ഒന്നാം ഘട്ടമെന്ന് ഈ പ്രോജക്ട് ഏറ്റെടുത്ത് നടപ്പിലാക്കുന്ന എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോക്ടർ ഷാജി അഭിപ്രായപ്പെട്ടു. വിവിധ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തൽ, ആശയവിപുലീകരണ വർക്ഷോപ്പുകൾ, സംരംഭകത്വ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള മാർഗങ്ങൾ മനസ്സിലാക്കി മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തരാക്കൽ എന്നിവയൊക്കെ ഈ പദ്ധതിയിൽ ഉണ്ട് .

എസ് എസ് കെ യോടൊപ്പം കേരള സ്റ്റാർ മിഷൻ, കെ ഡിസ്ക്, ടൈ കേരള, വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവയും ഈ പദ്ധതിയെ സഹായിക്കുന്നുണ്ട്. ഇതിനുവേണ്ടി സംസ്ഥാനതലത്തിൽ ഒരു നയരൂപീകരണ വർക്ഷോപ്പ് നടത്തി അതിനുശേഷം ഘട്ടം ഘട്ടമായി രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിവിധ ക്യാമ്പുകളിലൂടെ പരിപാടികൾ നടപ്പിലാക്കുകയാണ് ശക്തി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

രണ്ടുവർഷത്തെ ഹയർ സെക്കൻഡറി പഠനം കഴിയുന്ന ഒരു പെൺകുട്ടിക്ക് ഒട്ടേറെ മെച്ചപ്പെട്ട ആശയങ്ങൾ തൻറെ മുന്നിലുണ്ടെന്നും അവയിൽ മികച്ചതും നൂതനവുമായ അവസരങ്ങൾ തെരഞ്ഞെടുക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കി അവരെ വളർത്തുകയും ചെയ്യുമ്പോൾ കേരളത്തിലെ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് അതൊരു മുതൽക്കൂട്ടായി മാറും. ശക്തിയുടെ പ്രഥമ പരിഗണനയും അതുതന്നെയാണ്.

സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും കേരളീയ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഒരു സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടുന്നതിലൂടെ അവരുടെ കുടുംബവും അത് ഉൾപ്പെടുന്ന സമൂഹവും ജീവിതത്തിന്റെ ഉന്നത നിലയിലേക്കുള്ള പാതയിൽ എത്തുന്നു. അവർക്ക് നിരന്തരം കൈത്താങ്ങ് നൽകി അവരിൽ അഭിരുചിയും ആത്മവിശ്വാസവും അദ്ധ്വാന സന്നദ്ധതയും വികസിക്കുന്നു. വ്യക്തിവികസനത്തിലൂടെ സാമൂഹിക വികസനമെന്ന അടിത്തറയിൽ ഊന്നിക്കൊണ്ട് ലക്ഷ്യബോധത്തോടെയുള്ള സ്ത്രീ സമൂഹത്തെ വാർത്തെടുക്കേണ്ടത് കേരളീയ സമൂഹത്തിൻറെ ആനുകാലികമായ ആവശ്യമായി മാറിയിരിക്കുന്നു. ഓരോ പെൺകുട്ടിയും തന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടൊപ്പം വരുമാനം ലഭിക്കുന്ന ഒരു തൊഴിലോ സംരംഭമോ സ്വയം ഏറ്റെടുത്ത് വിജയിക്കുവാൻ പ്രാപ്തരാകുന്നു. സമാന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന നിരവധി സർക്കാർ സർക്കാരേതര പ്രോജക്ടുകൾ നമുക്കുണ്ട്. 2023 – 24 സാമ്പത്തിക വർഷം എസ് എസ് കെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു നൂതനാശയ പ്രവർത്തനമാണ് ശക്തി വനിത സംരംഭകത്വ ശാക്തീകരണ പരിപാടി.

നാലാം വ്യാവസായിക വിപ്ലവത്തിൻറെ പടിവാതിക്കൽ ആണ് ലോകം . അതിവേഗം മാറുന്ന ലോക സാമ്പത്തിക വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ – സർക്കാരേതര സ്ഥാപനങ്ങൾക്ക് കഴിയാതെ വരുമ്പോൾ, സാങ്കേതികത തൊഴിൽ മേഖലയിൽ വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ, അതിനെ മറികടന്ന് സാമ്പത്തിക വികസനം സാധ്യമാക്കാൻ സംരംഭകത്വ വികസന പരിപാടികളിലൂടെ സ്കൂൾതലത്തിൽ തുടങ്ങി സംരംഭകരെ സൃഷ്ടിക്കുക എന്ന മാർഗം തന്നെയാണ് ഏറ്റവും ഫലപ്രദമായത്. സംരംഭകത്വം തന്നെയാണ് തൊഴിൽ ശക്തി അതുതന്നെയാണ് തൊഴിലവസരങ്ങൾ എന്ന പുതിയ തരത്തിലേക്ക് പുതിയ തലമുറയുടെ ചിന്തയ്ക്ക് ഉത്തേജനം നൽകിയാൽ മാത്രമേ ഭാവി തലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ, വികസന പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ. ദീർഘവീക്ഷണത്തോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം സംരംഭകത്വ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ചേർന്ന് പോകേണ്ടതുണ്ട്. വിദ്യാർത്ഥി സമൂഹത്തിൽ ഭൂരിഭാഗം ആയി കൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ ആത്മവിശ്വാസവും നൈപുണികളും ഇനിയും ഏറെ ശ്രദ്ധിക്കാത്ത സംരംഭകത്വ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കേണ്ടതുണ്ട് . വിവിധ ഘട്ടങ്ങളിൽ ആയി വ്യത്യസ്തമായ സംരംഭകത്വ വികസന ഏജൻസികളുടെ സഹായത്തോടൊപ്പം കൂട്ടായതും ഏകോപിച്ചു മുള്ള പ്രവർത്തനങ്ങൾ ഇവിടെ ആവശ്യമാണ്. പഠിക്കുമ്പോഴും പഠിച്ചു പുറത്തിറങ്ങുമ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന ചിന്തയും ആത്മധൈര്യവും നമ്മുടെ കുട്ടികളിൽ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഇത്തരം മഹനീയമായ കാഴ്ചപ്പാടുകളെ സാധൂകരിക്കുന്ന പ്രവർത്തനം എന്ന നിലയിൽ സമഗ്ര ശിക്ഷ കേരള മറ്റ് സർക്കാർ ഇതര സംരംഭകത്വ വികസന ഏജൻസികളുടെ സഹായത്തോടെ അവരോടൊപ്പം കൈകോർത്തുകൊണ്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രണ്ടുവർഷം നിൽക്കുന്ന പരമ്പരാഗത വിദ്യാഭ്യാസത്തോടൊപ്പം സംരംഭകത്വ വിദ്യാഭ്യാസവും എന്ന കാഴ്ചപ്പാട് ആരംഭിക്കുന്ന പദ്ധതിയാണ് ശക്തി .

സീറോ ടു മേക്കർ, മേക്കർ ടു എന്റർപ്രൂണർ എന്ന കാഴ്ചപ്പാടിൽ ഊന്നി കൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
(പദ്ധതിയുടെ സംസ്ഥാന തല എക്സ്പേർട്ട് അംഗവും ഐ.എം.ജി അക്രഡിറ്റഡ് മാനേജ്മെന്റ് പരിശീലകനും ആണ് ലേഖകൻ)