വിദ്യാർത്ഥികളെ… വരൂ നമുക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം

 റ്റി. എസ്. ചന്ദ്രൻ

    രണ്ടു വിഷയങ്ങൾക്ക് എ പ്ലസ് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത കുട്ടിയുണ്ട് നമ്മുടെ പ്രബുദ്ധ കേരളത്തിൽ. എല്ലാത്തിനും എ പ്ലസ് നേടുന്നതാണ് ജീവിതവിജയം എന്ന ഒരു പൊതുബോധം നമ്മളെ എങ്ങനെയോ ബാധിച്ചിരിക്കുന്നു. എ പ്ലസ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും വലിയ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സംരംഭ മേഖല. അതിൽ തന്നെ യുവാക്കൾക്ക് ശോഭിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു മേഖലയാണ് സ്റ്റാർട്ടപ്പുകൾ.

    സമൂഹത്തിലെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പരിഹാരം കണ്ടെത്തുക എന്നുള്ളതാണ് സ്റ്റാർട്ടപ്പുകളുടെ അടിസ്ഥാനം. നിലവിൽ ഇല്ലാത്ത ഒരു സംവിധാനം അവതരിപ്പിക്കുന്നു എന്നുള്ളത് കൂടിയാണ്. നിലവിലുള്ള ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നവേറ്റീവ് ആയ ഒരു ബിസിനസ് ആശയം നടപ്പാക്കുന്നതിനെയാണ് സ്റ്റാർട്ടപ്പുകൾ എന്ന് വിളിക്കുന്നത്. ഇതാവട്ടെ ഏറ്റവും ലാഭകരമായും വിജയകരമായും ചെയ്യാൻ സാധ്യതയുള്ള സംരംഭമേഖലയാണ്.

    സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനും മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

1- പ്രശ്‌നങ്ങൾ കണ്ടെത്തുക
    നമ്മുടെ സമൂഹത്തിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജെൻഡർ ഇക്വാളിറ്റി, വിദ്യാഭ്യാസ സംവിധാനങ്ങൾ, ഭക്ഷണം, പാർപ്പിടം, സാമൂഹ്യ സുരക്ഷ, യുദ്ധം, ക്രിമിനലുകൾ, സമാധാനം, ജയിലുകൾ, ആരോഗ്യരക്ഷ, മാനസിക ആരോഗ്യം, ഗതാഗതം, സ്വത്തു തർക്കങ്ങൾ, അതിർത്തി തർക്കങ്ങൾ, കുടുംബ ബന്ധങ്ങൾ, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനം, സ്ത്രീ സുരക്ഷ, തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കുടിയേറ്റം, തൊഴിലാളികൾക്ക് വേണ്ടത്ര നൈപുണ്യമില്ലാത്ത അവസ്ഥ, അങ്ങനെ നിരവധി മേഖലകളിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. ഈ പ്രശ്‌നങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റാർട്ടപ്പുകൾ തുടങ്ങേണ്ടത് പ്രശ്‌നങ്ങളിൽ നിന്നാണ് എന്ന് ചുരുക്കം.

2- ആശയങ്ങൾ/പരിഹാരങ്ങൾ കണ്ടെത്തുക

  നിങ്ങൾ കണ്ടെത്തിയ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ആധുനിക സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്തുക. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ്, റോബോട്ടിക് ആപ്ലിക്കേഷൻ എന്നിവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാം. അത്തരം ആശയങ്ങൾ മുന്നോട്ടുവെക്കുക, വൈവിധ്യങ്ങളായ ആശയങ്ങൾ നാം സ്വീകരിക്കുക, അതിൽ ഏറ്റവും യോജ്യമായ ആശയം പ്രായോഗികമായി കൊണ്ടുവരാൻ ശ്രമിക്കുക. പുതുമയുള്ളതും മികച്ച സാങ്കേതിക ക്ഷമതയുള്ളതുമായ ആശയങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് നിങ്ങൾക്ക് സ്റ്റാർട്ടപ്പുകളുടെ പരിഗണനയും പിന്തുണയും ലഭിക്കുക.

3- ആശയത്തെ ഇൻകുബേറ്റ് ചെയ്യുക.

    പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നാം ഉണ്ടാക്കിയെടുത്ത നിരവധി ആശയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ആശയം പ്രായോഗികമായി വിജയിക്കുമോ ഇല്ലയോ എന്നുള്ള പരീക്ഷണമാണ് ഇൻകുബേഷൻ. നമുക്ക് ചുറ്റും നിരവധി ഇൻകുബേഷൻ കേന്ദ്രങ്ങൾ ഉണ്ട്. കാർഷിക അധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്ക് കാർഷിക യൂണിവേഴ്‌സിറ്റികൾ, ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മാംസം, മുട്ട, പാൽ, ജീവികൾക്കുള്ള ഭക്ഷണം, തുടങ്ങിയവയ്ക്ക് കെ- വാസു (കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി) മത്സ്യം പോലുള്ള സംരംഭങ്ങൾക്ക് മത്സ്യ ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യയിൽ ഊന്നിയ സംരംഭങ്ങൾക്ക് ഐ.ഐ.ടികൾ, എൻ.ഐ.ടി കൾ, എൻജിനീയറിങ് കോളേജുകൾ, പോളിടെക്‌നിക്കുകൾ അതുപോലെ വിഷയ അധിഷ്ഠിത സാങ്കേതിക സ്ഥാപനങ്ങൾ ഇവിടെ വിദ്യാർത്ഥികളുടെ ആശയങ്ങൾ ഇൻകുബേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. അതുപോലെ കേരള സ്റ്റാർട്ടപ് മിഷൻ വളരെ ചുരുങ്ങിയ ചിലവിൽ ഇൻകുബേഷൻ സൗകര്യങ്ങൾ നൽകുന്നുണ്ട്.പിറവം ആഗ്രോ പാർക്ക് പോലെ സ്വകാര്യ ഇൻകുബേഷൻ കേന്ദ്രങ്ങളും രാജ്യത്ത് ഫലപ്രദമായി പ്രവർത്തിക്കുന്നു.

4- വാണിജ്യവൽക്കരിക്കുക

     ഇൻകുബേറ്റ് ചെയ്‌തെടുത്ത ആശയങ്ങളുടെ പ്രായോഗിക ക്ഷമതയാണ് വാണിജ്യവൽക്കരണം. എത്ര വിജയകരമായി വാണിജ്യ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്ത ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ കഴിയും എന്നുള്ളതാണ് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടത്.

    പൊതുവേ സ്റ്റാർട്ടപ്പുകളുടെ വിജയ നിരക്ക് കുറവാണ് എങ്കിലും വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഒരു ആശയം വിജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. മികച്ച രീതിയിൽ വാണിജ്യവൽക്കരിക്കുക എന്നുള്ളതാണ് വിജയത്തിന്റെ അടിസ്ഥാനം. അത്തരത്തിൽ ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വേണം ആശയങ്ങൾ തെരഞ്ഞെടുക്കാനും ഇൻകുബേറ്റ് ചെയ്യാനും. എന്നാൽ ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആശയങ്ങൾ എല്ലാം അതേ രീതിയിൽ തന്നെ വാണിജ്യവൽക്കരിക്കാൻ കഴിയണമെന്നില്ല. വിജയിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങൾക്ക് വലിയ നേട്ടം ഉണ്ടാക്കാൻ കഴിയും.

     സ്റ്റാർട്ടപ്പുകളുടെ വിജയനിരക്ക് ശരാശരി 20% ആണ്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. 2016-ൽ 5000 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിടത്താണ് ഇന്ന് ഒന്നര ലക്ഷത്തോളം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് കാണുന്നത്. ഇങ്ങനെ വാണിജ്യവൽക്കരിക്കുന്നതിൽ പരാജയപ്പെടുന്ന ഉത്പന്നങ്ങളെ പരിഷ്‌കരിച്ച് പുതിയ മോഡലുകളും പുതിയ രീതികളും ആവിഷ്‌കരിച്ച് വിജയത്തിലേക്ക് എത്തിക്കുന്ന സാഹചര്യവും നമുക്ക് കാണാൻ കഴിയും.

5- വൈവിധ്യമാർന്ന മേഖലകൾ – തിരിച്ചറിയുക

    പൊതുവേ വിദ്യാർത്ഥികളും പൊതുസമൂഹവും ധരിച്ചു വച്ചിരിക്കുന്നത് സ്റ്റാർട്ടപ് എന്നാൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായ സംവിധാനങ്ങളും സംരംഭങ്ങളും ഒരുക്കുക എന്നാണ്. മൊബൈൽ ആപ്പുകൾ ആണ് കൂടുതലായും ചെയ്തുവരുന്നത്. എന്നാൽ കാർഷിക അധിഷ്ഠിത സംരംഭങ്ങൾ, ആരോഗ്യ സംരക്ഷണ സംരംഭങ്ങൾ, വ്യവസായ സംരക്ഷണ സംരംഭങ്ങൾ, എയ്‌റോ സ്‌പേസസ്, ട്രാൻസ്‌പോർട്ടേഷൻ, കമ്മ്യൂണിക്കേഷൻ, കൃഷി, പൊതുജന ആരോഗ്യം, മത്സ്യബന്ധനം, മത്സ്യ ഗവേഷണം, പരമ്പരാഗത തൊഴിലുകൾ, തുടങ്ങി ഒട്ടനവധി മേഖലകളിൽ നിർമ്മാണ/സേവന സംരംഭങ്ങൾക്ക് ഇവിടെ സാധ്യതകൾ ഉണ്ട്. എല്ലാത്തിലും പുതുമ വേണം. നൂതന സാങ്കേതികവിദ്യയും! ഇവയായാൽ സ്റ്റാർട്ടപ്പുകൾക്ക് ഉള്ള വിജയ സാധ്യത വളരെ കൂടും. വിജയിക്കാൻ കഴിയുന്ന സാഹചര്യം ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നൂതന മെഷിനറികളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള നിർമ്മാണ / സേവന സ്ഥാപനങ്ങളും സ്റ്റാർട്ടപ്പ് എന്ന ആശയത്തിൽ ഉൾപ്പെടുന്നു. സംഭരണ- സംസ്‌കരണ- വിതരണ സംവിധാനങ്ങൾക്ക് പുതിയ രീതികൾ ആവിഷ്‌കരിക്കാനും നൂതനവുമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്താനും, അതുവഴി ഉൽപ്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആയുസ്സ് വർദ്ധിപ്പിക്കാനും കഴിഞ്ഞാൽ സ്റ്റാർട്ടപ്പുകൾക്കുള്ള വിജയ സാധ്യതകൾ കൂടി എന്ന് മനസ്സിലാക്കാം.

    ഒരു പ്രശ്‌നം പരിഹരിക്കാൻ ഒരു മാർഗ്ഗം കണ്ടെത്തിയ സ്ഥാപകൻ അല്ലെങ്കിൽ സംരംഭകനാണ് സ്റ്റാർട്ടപ് ഉടമ. സോളോ ഫൗണ്ടർ അല്ലെങ്കിൽ സഹ ഫൗണ്ടർമാർ എന്നാണ് ഇവരെ പൊതുവേ അറിയപ്പെടുന്നത്. സ്റ്റാർട്ടപ് സ്ഥാപകൻ അവരുടെ ബിസിനസ് മോഡലുകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനും ആയി ഏറ്റവും ചിലവ് കുറഞ്ഞതും ലാഭകരമായതും ആയ ഉൽപ്പന്നം അതായത് ഒരു പ്രോട്ടോടൈപ്പ് നിർമ്മിക്കുന്നതിലൂടെ വിപണി മൂല്യനിർണയം നടത്തുകയും അതനുസരിച്ച് വിജയസാധ്യത ഉറപ്പ് വരുത്തുകയും ചെയ്യും. 

6- സർക്കാർ സഹായങ്ങൾ
ഉപയോഗപ്പെടുത്തുക

    സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുന്നതിന് നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ നിലവിലുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT), സയൻസ് ആൻഡ് ടെക്‌നോളജി മിനിസ്ട്രി, ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി മിനിസ്ട്രി, എം എസ് എം ഇ മിനിസ്ട്രി, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് (MOFPI), ഡിഫൻസ് മിനിസ്ട്രി, ടൂറിസം മിനിസ്ട്രി, തുടങ്ങിയ മിനിസ്ട്രികളെല്ലാം വൈവിധ്യമാർന്ന പദ്ധതികളിലൂടെ സ്റ്റാർട്ടപ്പുകളെ സഹായിച്ചു വരുന്നു.

   സംസ്ഥാനതലത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്‌ഐഡിസി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കൃഷി, മൃഗ സംരക്ഷണം, മത്സ്യം തുടങ്ങിയ വകുപ്പുകൾ വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ സപ്പോർട്ട് ചെയ്തുവരുന്നു.

ഇന്ത്യക്ക് രണ്ടാം സ്ഥാനം

    മൈക്രോസോഫ്റ്റ് പുറത്തുവിട്ട കണക്ക് പ്രകാരം 150 ദശലക്ഷം സ്റ്റാർട്ടപ്പുകൾ ലോകത്തുണ്ട്. ഓരോ ദിവസവും 137000 സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നു. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട് എന്നാണ് പറയുന്നത്. എന്നാൽ ഇത് ചൈനയുടെ കണക്ക് പരിഗണിക്കാതെയാണ്. അതുകൂടി പരിഗണിച്ചാൽ മൂന്നാം സ്ഥാനത്ത് ആയിരിക്കും ഇന്ത്യ. 102231 സ്റ്റാർട്ടപ്പുകൾ ചൈനയിൽ പ്രവർത്തിക്കുന്നു എന്നാണ് രേഖകളിൽ കാണുന്നത്. ചൈന ഒഴികെയുള്ള ആദ്യത്തെ പത്തുറാങ്കിൽ വരുന്ന രാജ്യങ്ങളുടെ നില പരിശോധിക്കാം.

1-അമേരിക്ക- 82038
2- ഇന്ത്യ- 17438
3- യുണൈറ്റഡ് കിംഗ്ഡം – 7500
4- കാനഡ- 4055
5-ഓസ്‌ട്രേലിയ- 3008
6- ഇന്തോനേഷ്യ- 2653
7 – ജർമ്മനി- 2523
8- ഫ്രാൻസ്- 1724
9 – സ്‌പെയിൻ- 1544
10 -ബ്രസീൽ- 1224

ഇന്ത്യയിൽ മഹാരാഷ്ട്ര സംസ്ഥാനം ഒന്നാമത്

             DPIIT – (ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്) 2024 – ജൂൺ 30 – ൽ പുറത്തുവിട്ട കണക്കുപ്രകാരം 1.40 ലക്ഷം സ്റ്റർട്ടപ്പുകൾ ആണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനതലത്തിൽ പരിശോധിച്ചാൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കർണാടകയാണ്. കേരളത്തിന് ഒമ്പതാം സ്ഥാനമുണ്ട്.

ആദ്യത്തെ 18 റാങ്കിൽ വരുന്ന സ്റ്റാർട്ടപ്പുകളുടെ സംസ്ഥാനതല നിലവാരം ഇങ്ങനെ

1-മഹാരാഷ്ട്ര- 25044
2-കർണാടക- 15019
3-ഡൽഹി- 14734
4 -യു.പി- 13299 
5 -ഗുജറാത്ത്- 11436
6 -തമിഴ്‌നാട്- 9238
7-ഹരിയാന- 7385
8-തെലുങ്കാന- 7336
9-കേരള -5782
10-രാജസ്ഥാൻ- 4960
11-മധ്യപ്രദേശ്- 4500
12-ബീഹാർ- 2786
13-ഒഡീഷ- 2484
14 വെസ്റ്റ് ബംഗാൾ- 2301
15-പഞ്ചാബ്- 1539
16 -ഛത്തീസ്ഗഡ്- 1517
17- അസാം -1318
18-ജാർഖണ്ഡ് -1305

    ബാംഗ്ലൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ എന്നീ നഗരങ്ങളാണ് ആദ്യത്തെ മികച്ച 8 സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ (യഥാക്രമം) വരുന്ന നഗരങ്ങൾ. ബാംഗ്ലൂരു ആണ് സ്റ്റാർട്ടപ്പ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരം.

    2025 ജനുവരി 15 ആയപ്പോഴേക്കും DPIIT യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം 1.59 ലക്ഷം ആയി ഉയർന്നിരിക്കുന്നു.

    ഓയോ ഹോംസ്, സൊമാറ്റോ, ഊബർ, സ്വിഗ്ഗി, ഫ്രഷ് ടു ഹോം, ബൈജൂസ് ആപ്പ് എന്നിവയെല്ലാം വിവിധ മേഖലകളിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ്. വളരെ ചെറിയ തലത്തിൽ നിന്നും വലിയ രീതിയിലേക്ക് ഇവർ വളർന്നു വന്നിരിക്കുന്നു. മാനസിക ആരോഗ്യം നിലനിർത്തുന്നതിന് വ്യത്യസ്തമായ ഒരു സ്റ്റാർട്ടപ്പ് കടന്നുവരുന്നു. പാലന എന്നാണ് സ്റ്റാർട്ടപ്പിന്റെ പേര്. ഇവർ ഹാപ്പിനസ് റിജുവിനെഷൻ കേന്ദ്രങ്ങൾ രാജ്യത്തൊട്ടാകെ തുടങ്ങുകയാണ്. സ്റ്റാർട്ടപ്പുകൾക്ക് അനുകരിക്കാവുന്ന മാതൃകകളാണ് ഇവയെല്ലാം തന്നെ.

    സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് നിരവധിയായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആസൂത്രണം ചെയ്തത് നടപ്പിലാക്കി വരുന്നുണ്ട്. ഫണ്ടിംഗ്, ടെക്‌നോളജി, പൊതു സംഭരണം, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്, നെറ്റ്‌വർക്കിംഗ്, വിപണനം എന്നീ രീതിയിൽ എല്ലാം തന്നെ ഇത്തരം സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭിക്കും. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്റ്റർട്ടപ്പുകളെ സഹായിക്കുന്നതിന് തയ്യാറായി മുന്നിലുണ്ട്.

ഡി. പി. ഐ. ഐ. ടി യിൽ രജിസ്റ്റർ ചെയ്യുക

    ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) എന്ന സ്ഥാപനമാണ് സ്റ്റാർട്ടപ്പുകൾക്ക് പ്രാഥമിക അംഗീകാരം നൽകുന്നത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വെബ്‌സൈറ്റിൽ കയറി അപേക്ഷ അപ് ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് ആദ്യം ചെയ്യേണ്ടത് ഒരു കമ്പനി രൂപീകരിക്കുക എന്നുള്ളതാണ്. ഇത് പാർട്ണർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ്, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് എന്നീ ഏതു രൂപവും സ്വീകരിക്കാം. ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പാൻ നമ്പർ, സംരംഭകരുടെ കെവൈസി,സ്റ്റാർട്ടപ് പ്രോജക്ട് സംബന്ധിച്ച വിശദമായ വിവരങ്ങൾ തുടങ്ങിയവ അപ് ലോഡ് ചെയ്തു നൽകണം. വീഡിയോ/ പിച്ച് ഡെക്ക് / വെബ് ലിങ്ക് തുടങ്ങിയവയും ബാധകമായ കാര്യങ്ങളിൽ നൽകാം. സ്റ്റാർട്ടപ് പ്രൊഫൈൽ ഉണ്ടാക്കുകയും സമർപ്പിക്കുകയും വേണം. അപേക്ഷ സമർപ്പിച്ചാൽ ഉടൻ തന്നെ ഒരു നമ്പർ ലഭിക്കും. അംഗീകാരം അനുവദിച്ചാൽ അംഗീകാര സർട്ടിഫിക്കറ്റ് പിന്നീട് ഇമെയിൽ വഴിയാണ് ലഭിക്കുക.

     ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്-ൽ നിന്നും സ്റ്റാർട്ടപ് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അടുത്തതായി യൂണിക് ഐഡന്റിഫിക്കേഷനു വേണ്ടി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. കേരള സ്റ്റാർട്ടപ് മിഷൻ ആണ് ഈ യൂണിക് ഐഡി തരുന്നത്. സ്റ്റാർട്ടപ്പ് അംഗീകാരം ലഭിച്ചുകഴിഞ്ഞ് അംഗീകാര സർട്ടിഫിക്കറ്റുമായി വേണം യൂണിക് ഐഡന്റിഫിക്കേഷന് വേണ്ടി അപേക്ഷിക്കാൻ. കേരള സ്റ്റാർട്ടപ് മിഷന്റെ വെബ് സൈറ്റിൽ കയറി അപേക്ഷകൾ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ ഇമെയിൽ വഴി വിവരം അറിയിക്കും. സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന എല്ലാത്തരം ആനുകൂല്യങ്ങൾക്കും ഈ ഒരു യൂണിക് ഐഡന്റിഫിക്കേഷൻ അത്യാവശ്യമായ ഒരു രേഖയാണ്.

ഫണ്ടിംഗ്

    സ്റ്റാർട്ടപ്പുകൾക്ക് മതിയായ ഫണ്ട് ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. പല ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കുകളും വായ്പ നൽകാൻ വേണ്ടത്ര ഉത്സാഹം കാണിക്കാറില്ല. സ്ഥിരമായ ആസ്തികൾ പലപ്പോഴും പ്രോജക്ട് കോസ്റ്റിൽ ഉൾപ്പെടുന്നില്ല എന്നുള്ളതാണ് ഇതിൻറെ ഒരു പ്രധാന കാരണം. എയ്ഞ്ചൽ ഫിംഗ്, ക്രൗഡ് ഫിംഗ് എന്നിവയാണ് പ്രധാനമായും സ്റ്റാർട്ടപ്പ് സംരംഭകർ സ്വരൂപിക്കുന്ന ധനാഗമ മാർഗം. ഇത് കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നൽകി വരുന്നുണ്ട്.

    സ്റ്റാർട്ടപ്പിന്റെ സീഡ് ഫണ്ട് സ്‌കീം ആണ് ഇതിൽ പ്രധാനമായത്. കേന്ദ്രസർക്കാർ വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇത്. ആശയം, അസ്സൽ മാതൃക, പ്രോജക്ട് ട്രയൽ, വിപണി തുടങ്ങിയ എല്ലാ ഘട്ടത്തിലും സാമ്പത്തിക സഹായം ഈ പദ്ധതി ഉറപ്പുവരുത്തുന്നു. 20 ലക്ഷം രൂപ വരെ ഒന്നാം ഘട്ടത്തിൽ ഗ്രാൻഡ് അനുവദിക്കുന്നു. ആശയം പ്രോട്ടോടൈപ്പ്, പ്രോഡക്റ്റ് ടെസ്റ്റിംഗ്, തുടങ്ങി ഉൽപ്പന്നം വിപണിയിൽ എത്തിക്കാൻ തയ്യാറാകുന്നതുവരെയുള്ള ആവശ്യങ്ങൾക്കാണ് ഈ തുക അനുവദിക്കുക

50 ലക്ഷം രൂപ വരെ രണ്ടാംഘട്ടമായി
നൽകുന്നു.

    ഡിബഞ്ചറുകൾ, കടം / കടവുമായി ബന്ധപ്പെട്ടവ എന്നീ രീതിയിലാണ് ആനുകൂല്യം നൽകുന്നത്. വാണിജ്യവൽക്കരണം, വിപണി പ്രവേശനം,ഉൽപ്പാദന തോത് ഉയർത്തൽ, എന്നിവക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ കയറി സീഡ് ഫണ്ട് എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എക്‌സപോർട്ട് അഡ്വൈസറി കമ്മിറ്റി സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം ആണ് ഇൻകുബേഷൻ കേന്ദ്രങ്ങൾ വഴി ഈ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക.

    കെഎസ്‌ഐഡിസി സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ സീഡ് ഫണ്ട് വായ്പ നൽകി വരുന്നു. യുവ സംരംഭകർക്ക് നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും വാണിജ്യവൽക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പിന് അർഹത. പ്രാരംഭഘട്ടത്തിൽ സീഡ് ഫണ്ട് തുകയായി 25 ലക്ഷം രൂപ വരെ അനുവദിക്കും. ആരോഗ്യ മേഖല, കൃഷി, വെബ്ബ് ആപ്ലിക്കേഷൻ ആന്റ് ഡെവലപ്‌മെന്റ്, എൻജിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമ, പരസ്യ മേഖല, വിദ്യാഭ്യാസം, എച്ച് ആർ, ബയോടെക്‌നോളജി, ഡിഫൻസ് ടെക്‌നോളജി തുടങ്ങിയ മേഖലകൾക്കാണ് സഹായം ലഭിക്കുക. കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആയിരിക്കണം. പദ്ധതി ചെലവിന്റെ 90% വരെ ഈ രീതിയിൽ വായ്പയായി ലഭിക്കും.

    4.2 ശതമാനം ആണ് നിലവിൽ പലിശ നിരക്ക്. സംരംഭങ്ങൾ വിജയിച്ചാൽ വ്യക്തിഗതമായ ഉറപ്പിൽ 50 ലക്ഷം രൂപ വരെ സ്‌കെയിൽ അപ് വായ്പ നൽകാനും പദ്ധതിയുണ്ട്. കെ എസ് ഐ ഡി സി യുടെ ഓഫീസുമായി ബന്ധപ്പെടണം.

    കേരള സ്റ്റർട്ടപ്പ് മിഷനും വലിയ തോതിലുള്ള പദ്ധതികൾ സ്റ്റാർട്ടപ്പുകൾക്കായി നടപ്പാക്കി വരുന്നുണ്ട്. ഐഡിയ ഗ്രാൻഡ് – 3 ലക്ഷം രൂപ, വിദ്യാർഥികൾക്കുള്ള ഐഡിയ ഗ്രാൻഡ് -2 ലക്ഷം രൂപ, വാണിജ്യവൽക്കരണത്തിന് 7 ലക്ഷം രൂപ, വിമൻ / ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഇത് 12 ലക്ഷം രൂപ, മാർക്കറ്റ് ആക്‌സിലറേഷൻ ഗ്രാൻഡ് എന്ന പദ്ധതിയിൽ 10 ലക്ഷം രൂപ, സ്‌കെയിൽ അപ് ഗ്രാൻഡ് എന്ന രീതിയിൽ 15 ലക്ഷം രൂപ, ഗവേഷണവും വികസനവും എന്ന രീതിയിൽ 30 ലക്ഷം രൂപ (ഇതിന് 50 ശതമാനം ഗ്രാൻഡ് ഹാർഡ് വെയർ ഉൽപ്പന്നങ്ങൾക്ക് വിനിയോഗിക്കണം) സോഫ്റ്റ് ലോൺ എന്ന നിലയിൽ ആറു ശതമാനം പലിശയ്ക്ക് 15 ലക്ഷം രൂപ വരെ വായ്പയായും അനുവദിക്കാൻ പദ്ധതിയുണ്ട്. ഏറ്റെടുത്ത വർക്കുകളും പ്രോജക്ടുകളും പൂർത്തിയാക്കുന്നതിന് ആണ് സോഫ്റ്റ് ലോൺ അനുവദിക്കുക. സീഡ് ഫണ്ട് ഇനത്തിൽ 15 ലക്ഷം രൂപ 6% പലിശയ്ക്ക് അനുവദിക്കാനും കേരള സ്റ്റാർട്ടർ മിഷനിൽ പദ്ധതി ഉണ്ട്. സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ കയറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

    കേരള ഫിനാൻഷ്യൽ കോർപ്പറേഷനും വായ്പകൾ നൽകി വരുന്നുണ്ട്. ആശയം, ഉൽപാദനം, എന്നിവയ്ക്ക് 25 ലക്ഷം രൂപ വരെയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപ വരെയും, സ്‌കെയിൽ അപ് ചെയ്യുന്നതിന് 100 ലക്ഷം രൂപ വരെയുമാണ് ഇങ്ങനെ വായ്പയായി അനുവദിക്കുക. കേരളത്തിൽ തുടങ്ങി യൂണിക് ഐഡന്റിഫിക്കേഷൻ നേടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇതിന് അർഹതയുണ്ട്. 5% പലിശ നിരക്കിൽ വായ്പ ലഭിക്കുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസുകളുമായാണ് ബന്ധപ്പെടേണ്ടത്.

    സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് എ പ്ലസ് ആവശ്യമേയില്ല എന്നാൽ എ പ്ലസ് ഒരു തടസവും അല്ല.

  എന്തുകൊണ്ട് തന്റെ സഹപാഠികൾക്കും, സുഹൃത്തുക്കൾക്കും, ആശ്രയിച്ചു വരുന്നവർക്കും തൊഴിൽ നൽകുന്നതിന്റെ സുഖത്തെ കുറിച്ച് കൂടി യുവാക്കൾക്ക് ചിന്തിച്ചു കൂടാ?

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
9447509915
chandransreedaran@gmail.com