വികസനം എല്ലായിടത്തും

 

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

 

 

സംസ്ഥാനമൊട്ടാകെ വ്യവസായ വളർച്ചയുടെ ഗുണമെത്തിക്കുന്നതിന് ആസൂത്രിതമായ പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്. വ്യവസായ രംഗത്ത് പിന്നോക്കം നിന്നിരുന്ന ജില്ലകളിൽ ഉൾപ്പെടെ പൊതു വ്യവസായ വളർച്ചയുടെ ഭാഗമായി പദ്ധതികളും സംരംഭങ്ങളുമെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ വലിയ കുതിപ്പുണ്ടാകും. തോന്നക്കൽ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക്, കഴക്കൂട്ടം കിൻഫ്ര സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി, കൊല്ലം ജില്ലയിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക്, ടാറ്റ എലക്സി തുടങ്ങി വലിയ നിക്ഷേപങ്ങളും പദ്ധതികളുമായി തെക്കൻ ജില്ലകളിലേക്ക് കൂടുതൽ പദ്ധതികൾ എത്തി. സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമെന്ന് നേരത്തെ തന്നെ വിശേഷിപ്പിക്കപ്പെടുന്ന മധ്യ കേരളം വൻകിട പദ്ധതികളുടെ കേന്ദ്രമെന്ന നിലയിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്. പെട്രോകെമിക്കൽ പാർക്ക്, കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി, ഇടുക്കി സ്പൈസസ് പാർക്ക്, അദാനി ലോജിസ്റ്റിക്സ്, ടി.സി.എസ്, ഐ.ബി.എം, ഇൻഫോപാർക്ക് ഫെയ്സ്-3, കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെന്റർ, ഹൈക്കൺ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ്, ഭാരത് ബയോടെക്, എച്ച്.സി.എൽ ടെക്, സെമി കണ്ടക്ടർ ഫാക്ടറി തുടങ്ങിയ പദ്ധതികൾ അവയിൽ ചിലതു മാത്രമാണ്.

മലബാറിന്റെ വ്യവസായ വികസനത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ കൽപ്പിക്കുന്നത്. സംരംഭകരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് കോഴിക്കോട് കെ.എസ്.ഐ.ഡി.സി.ക്ക് പുതിയ ഓഫീസ് ആരംഭിച്ചു. ഇത് മലബാർ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കോഴിക്കോട് സൈബർ പാർക്കിൽ ടാറ്റ എലക്സി പോലുള്ള വലിയ കമ്പനികൾ നിക്ഷേപങ്ങൾ നടത്തി. പാർക്കിലെ മുഴുവൻ സ്ഥലവും വിതരണം ചെയ്തതും ഈ കാലയളവിലാണ്. 150 കോടി മുതൽമുടക്കിൽ ക്രേസ് ബിസ്കറ്റ്സ് എന്ന പ്രധാന മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട് പ്രവർത്തനം തുടങ്ങി. പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ രാജ്യത്തെ തന്നെ പ്രധാന പദ്ധതികളിൽ ഒന്നായി മാറും. 17 വർഷം നീണ്ട പ്രശ്നങ്ങൾ പരിഹരിച്ച് രാമനാട്ടുകരയിൽ വ്യവസായ പാർക്ക് ആരംഭിച്ചു. 1.2 ലക്ഷം ച. അടി വിസ്തീർണ്ണമുള്ള സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറിയും പൂർത്തിയാക്കി. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി ടെക്നോ വ്യവസായ പാർക്കിൽ നിർമ്മിച്ച സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി തുടങ്ങി വലിയ മുന്നേറ്റമാണ് ഉത്തര കേരളത്തിലും. സംരംഭക വർഷം പദ്ധതിയിൽ ആദ്യം ലക്ഷ്യം കൈവരിച്ച ജില്ലയായി വയനാട് മാറിയതും ശ്രദ്ധേയമാണ്. മാറ്റം സാധ്യമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും കേരളം തെളിയിച്ചിരിക്കുന്നു. ഇനി മുതൽ പഴയ കേരളമല്ല, വ്യവസായത്തിൽ കൊച്ചു കേരളവുമല്ല. ഇതാണ് കേരളത്തിന്റെ പുതിയ വ്യവസായ ഭൂമിക.