വനിതാ സംരംഭക സംഗമം

ശ്രീ പീ രാജീവ്‌

വ്യവസായം, വാണിജ്യം, നിയമം, കയര്‍ വകുപ്പ്‌ മന്ത്രി

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം, സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു മാതൃക പരിചയപ്പെടുത്തിയ ദിനമായിരുന്നു സംരംഭക കേരളത്തെ സംബന്ധിച്ച്. അന്നേ ദിവസം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വനിതാ സംരംഭക സംഗമം ശ്രദ്ധേയമായി. സംരംഭക വർഷം പദ്ധതിയിൽ ഏകദേശം 43000 വനിതാ സംരംഭങ്ങൾക്കാണ് തുടക്കം കുറിച്ചത്. 500 വനിതാ സംരംഭകർ വനിതാ ദിനത്തിൽ ഒത്തു ചേർന്നത് സംസ്ഥാനത്തെ വ്യവസായ സൌഹൃദാന്തരീക്ഷത്തിന്റെയും സംസ്ഥാന സർക്കാരിന്റെ വ്യവസായ പ്രോത്സാഹന പദ്ധതികളുടെയും വെളിപ്പെടുത്തൽ കൂടിയാണ്. പതിനാല് ജില്ലകളിൽ നിന്നും സംരംഭകർ സംഗമത്തിൽ പങ്കെടുത്തു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും പ്രത്യേക ഊന്നൽ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. സംഗമത്തിന്റെ ഭാഗമായി വനിതാ സംരംഭകരുടെ ”അനുഭവങ്ങൾ പങ്ക് വയ്ക്കൽ” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച നമ്മുടെ സംരംഭക അന്തരീക്ഷത്തിന്റെ കരുത്ത് ബോധ്യപ്പെടുത്തുന്നതായി. വയനാട്ടിൽ നിന്നുളള സംരംഭക ഷംന തന്റെ സംരംഭക യാത്രയിലെ അനുഭവങ്ങൾ പങ്ക് വച്ചത് മറ്റുളള വനിതാ സംരംഭകർക്ക് പ്രചോദനമാകുമെന്ന് പറയാവുന്നതാണ്. 4500 രൂപ കൊണ്ട് തുടങ്ങിയ സംരംഭം ഇന്ന് വയനാട് ജില്ലയിലെ ഏറ്റവും നല്ല സംരംഭമാണ്. കൂടാതെ 250 പേർക്ക് ഷംന തൊഴിലും നൽകി വരുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിന്റെ ഭാഗമായി 3 പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. നിലവിൽ കെ.എസ്.ഐ.ഡി.സി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ‘വി- മിഷൻ കേരള’ പദ്ധതിയുടെ വായ്പ പരിധി 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തുന്നതാണ്. നിലവിലുളളതും പുതിയതുമായ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് നടത്തേണ്ടാത്ത 5 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കുന്നതാണ്. വനിതാ സംരംഭകർക്കായി സർക്കാർ ഇൻകുബേഷൻ കേന്ദ്രത്തിൽ 50% വാടകയിളവ് നൽകുന്നതിനുളള പദ്ധതിയും അടുത്ത വർഷം നടപ്പിലാക്കുന്നതാണ്. എം.എസ്.എം.ഇ മേഖലയിലെ മികച്ച വനിത സംരംഭകർക്ക് പ്രത്യേക പ്രോത്സഹാന പദ്ധതി നടപ്പിലാക്കുന്നതാണ്. സംരംഭക വർഷം പദ്ധതിയിൽ 30% വനിതകൾ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷം 50% മാകുകയെന്നതാണ് ലക്ഷ്യം. സംരംഭക യാത്രയിൽ സംരംഭകർക്കുണ്ടാകുന്ന ഏത് പ്രതിസന്ധിയിലും സർക്കാരും വ്യവസായ വകുപ്പും ഒപ്പമുണ്ടാകും.