ലക്ഷങ്ങളുടെ തൊഴിലവസരവുമായി ഗിഫ്റ്റ് സിറ്റി
മനോജ് മാതിരപ്പള്ളി
കേരളത്തിന്റെ വികസനത്തിൽ ചരിത്രമാറ്റം കുറിക്കാനൊരുങ്ങുന്ന ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി പദ്ധതി (ഗിഫ്റ്റ് സിറ്റി) യാഥാർത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലിക്കടുത്തുള്ള അയ്യമ്പുഴയിലാണ് ഗിഫ്റ്റ് സിറ്റി രൂപപ്പെടുത്തുക. ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിനായി നടപ്പാക്കുന്ന കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയും പൂർത്തിയാക്കുന്നത്. വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും അമ്പതുശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയായിരിക്കും.
ഗിഫ്റ്റ് സിറ്റിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിനു വേണ്ടി 840 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. 540 കോടി രൂപ നൽകി 220 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് അതിൽ മാറ്റം വരുത്തി. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് 144 ഹെക്ടറായി കുറച്ചു. പ്രാദേശികമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ വൈകിയതോടെ നഷ്ടപരിഹാരത്തുക 300 കോടി രൂപകൂടി വർദ്ധിപ്പിച്ചുക്കൊണ്ട് 840 കോടിയായി നിശ്ചയിച്ചു. അതോടെ, സമരാനുകൂലികൾ പോലും തങ്ങളുടെ ഭൂമിയും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. ഇതോടെയാണ് കാര്യങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ തുടക്കം മുതൽക്കെ പരിഗണന നൽകിയിരുന്നു.
ചരിത്രമെഴുതാൻ ഗിഫ്റ്റ് സിറ്റി
കേരളത്തിന്റെ വ്യാവസായിക വികസനത്തിലെ സുപ്രധാന നാഴികക്കല്ലാവും അയ്യമ്പുഴയിൽ യാഥാർത്ഥ്യമാകാൻ പോകുന്ന ഗിഫ്റ്റി സിറ്റി. ഏറ്റവും മികച്ച പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിൽക്കുന്ന വ്യവസായ സമുച്ചയങ്ങളാവും ഇവിടെ പ്രവർത്തനം ആരംഭിക്കുക. ‘കൊച്ചിയെ ഒരു സ്റ്റേറ്റ് ഓഫ് ദ ആർട്ട് ഇൻഫ്രാസ്ട്രക്ചർ കേന്ദ്രമായി ലോകഭൂപടത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. കൊച്ചി-ബെംഗലൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 358 ഏക്കർ ഭൂമിയിലായി ഉയരുന്ന ഗിഫ്റ്റ് സിറ്റി ഇന്നവേഷനും വളർച്ചയും സംയോജിക്കുന്ന ഗ്ലോബൽ ഫിനാഷ്യൽ സെന്റർ ആയിരിക്കും. ജീവിതം, ജോലി, വിനോദോപാധികൾ തുടങ്ങിയ എല്ലാം സമന്വയിക്കുന്ന ആധുനിക സങ്കൽപ്പങ്ങളുടെ പരിച്ഛേദമായിരിക്കും കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി. ബിസിനസ് ഓഫീസുകൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, അസെറ്റ് മാനേജ്‌മെന്റ് കമ്പനികൾ, ലീഗൽ/ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, ഐ.ടി. സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളുടെയും സാന്നിധ്യമുള്ള ഇടം;’ വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിനുപുറമെ ഇൻഷൂറൻസ്, മാർക്കറ്റിംഗ്, ആർ ആന്റ് ഡി, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകൾക്കും ഗിഫ്റ്റ് സിറ്റിയിൽ പരിഗണന ലഭിക്കും. ലോകോത്തര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററുകളാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക, വ്യവസായകേന്ദ്രമായും ഇവിടം മാറുമെന്നാണ് വിലയിരുത്തൽ. ഇതോടെ, ലോകത്തിലെ മുഖ്യനഗരങ്ങളിലൊന്നായും കൊച്ചി രൂപാന്തരപ്പെടും. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായതും മലിനീകരണമുക്ത സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് പൂർത്തിയാക്കാൻ ശ്രമിക്കുന്നതുമായ പദ്ധതിയായിരിക്കും ഗിഫ്റ്റ് സിറ്റി. ഇവിടെത്തുന്ന വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും സാമ്പത്തിക-ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സംസ്ഥാനത്തിന്റെ വികസനത്തിൽ സുപ്രധാന സംഭാവന നൽകുമെന്ന കാര്യത്തിലും തർക്കമില്ല.
ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് അയ്യമ്പുഴയിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. പുതുതലമുറയിൽപ്പെട്ട വ്യവസായങ്ങൾക്ക് തികച്ചും അനുയോജ്യമായ കേന്ദ്രം എന്ന രീതിയിലായിരിക്കും ഇത് യാഥാർത്ഥ്യമാക്കുക. മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടി ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത് 1600 കോടിരൂപയുടെ നിക്ഷേപമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പത്തുവർഷത്തിനുള്ളിൽ പതിനെണ്ണായിരം കോടിരൂപയുടെ നിക്ഷേപമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രണ്ടു ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ എഴുപത്തൊന്നായിരവും രണ്ടാം ഘട്ടത്തിൽ ഒന്നര ലക്ഷവും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഇവിടേക്ക് സ്വകാര്യപങ്കാളിത്തം കണ്ടെത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയും സംസ്ഥാനത്തിന് ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി, ഫിൻടെക് സിറ്റി, ഹൈടെക് സിറ്റി എന്നിവ അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റിയിൽ സ്ഥാപിക്കപ്പെടും. അടിസ്ഥാനസൗകര്യ വികസനം, സ്ഥലം ഏറ്റെടുക്കൽ, ടെൻഡർ നടപടികൾ തുടങ്ങി പദ്ധതിയുടെ ഓരോ ഘട്ടവുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ സെക്രട്ടറിതല യോഗം ചേരുന്നുണ്ട്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അവലോകനങ്ങൾ സംസ്ഥാനത്തും നടന്നുവരികയാണ്. പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും പ്രവർത്തനവും തുടർപ്രവർത്തനവും സൂക്ഷ്മമായി വിലയിരുത്തുന്നതിനു വേണ്ടി പോർട്ടൽ വഴിയുള്ള മോണിട്ടറിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ സബർമതി നദിയുടെ തീരത്താണ് രാജ്യത്ത് ആദ്യത്തെ ഗിഫ്റ്റ് സിറ്റി സ്ഥാപിക്കപ്പെട്ടത്. ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം ഐടി പാർക്കുകൾക്കുള്ള പ്രാധാന്യം രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഗിഫ്റ്റി സിറ്റിക്കുമുണ്ട്. പദ്ധതി നിലനിൽക്കുന്ന സ്ഥലത്തിന് മാത്രമല്ല പരിസര പ്രദേശങ്ങളിലേക്കുകൂടി വികസനത്തിന്റെ വമ്പൻ സാധ്യതകൾ തുറന്നുവെക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. അതുകൊണ്ടുതന്നെ, പദ്ധതി യാഥാർത്ഥ്യമാകുന്നോടെ കൊച്ചി നഗരത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ ഉയരുകയും ചെയ്യും.
കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴി
സംസ്ഥാനത്തിന്റെ വ്യാവസായിക വികസനരംഗത്ത് വൻമുന്നേറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണ് കൊച്ചി-ബംഗലൂരു വ്യാവസായിക ഇടനാഴി. 160 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ഇതിലൂടെ സംസ്ഥാനത്തേക്ക് പതിനായിരം കോടിരൂപയുടെ നിക്ഷേപം എത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗലൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീർഘിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം അംഗീകാരം നൽകിയതോടെ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷൻ എന്ന പ്രത്യേക കമ്പനി രൂപീകരിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം നടക്കുന്നത് കിഫ്ബി മുഖേനെയാണ്. വ്യവസായവകുപ്പിന് കീഴിലുള്ള കിൻഫ്രയാണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസി.
പാലക്കാട് ജില്ലയിലെ നാലു വില്ലേജുകളിലും എറണാകുളം ജില്ലയിലെ ഒരു വില്ലേജിലുമായി 2242 ഏക്കർ ഭൂമിയാണ് വ്യവസായ ഇടനാഴിക്കായി ഏറ്റെടുക്കുക. പാലക്കാട് കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും പുതുശ്ശേരി സെൻട്രൽ-1 വില്ലേജിൽ 653 ഏക്കറും പുതുശ്ശേരി സെൻട്രൽ-2 വില്ലേജിൽ 558 ഏക്കറും പുതുശ്ശേരി സെൻട്രൽ-3 വില്ലേജിൽ 375 ഏക്കറും എറണാകുളം അയ്യമ്പുഴ വില്ലേജിൽ 358 ഏക്കറുമാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. എന്നാൽ ഭൂമിവിലയ്ക്ക് തുല്യമായ തുക കേന്ദ്രസർക്കാർ ധനസഹായമായി നൽകും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ നിലനിന്നിരുന്ന പ്രതിഷേധങ്ങൾ പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
പാലക്കാട് ക്ലസ്റ്ററിനായി 1860 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഏകീകൃത ഉത്പാദന ക്ലറ്ററിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവിടെ പ്രവർത്തനം ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. മാത്രവുമല്ല, സംരംഭകത്വവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിൽ ഊന്നി നിന്നുകൊണ്ട് പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങൾ ആരംഭിക്കുകയും അതുവഴി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.
ഭക്ഷ്യസംസ്‌കരണം, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങൾ, മറ്റു ഖരമാലിന്യങ്ങളുടെ പുനരുപയോഗം, ലൈറ്റ് എൻജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ്, എണ്ണ-വാതക ഇന്ധനങ്ങൾ, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കുക എന്നതാണ് വ്യവസായ ഇടനാഴിയുടെ ലക്ഷ്യം. കൊച്ചി മുതൽ പാലക്കാട് വരെയുള്ള മേഖലകളെ ബംഗലൂരു വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് ആറുവർഷം മുൻപാണ്. തുടർന്ന്, രാജ്യത്തെ വ്യവസായ ഇടനാഴികളുടെ രൂപീകരണച്ചുമതല വഹിക്കുന്ന നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി (എൻഐസിഡിഐടി) ആശയവിനിമയം നടത്തി. ഇതേത്തുടർന്ന്, പദ്ധതിയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എൻഐസിഡിഐടി നിർദ്ദേശിച്ചു.
എന്നാൽ, പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പ്രദേശത്തെ ഭൂഉടമകളുടെ പ്രതിഷേധം നിമിത്തം തുടർനടപടികൾ മന്ദഗതിയിലായിരുന്നു. സ്ഥലത്തിന് വില കുറവാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾ സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ല. പിന്നീട്, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിലനിർണയസമതിയും ഭൂവുടമകളുമായി ചർച്ച നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. തുടർന്ന് സാമൂഹികാഘാത പഠനകമ്മിറ്റിയുടെ ശുപാർശകളുടെ കൂടി അടിസ്ഥാനത്തിലാണ് ഭൂവുടമകൾക്ക് കൂടുതൽ പണം ലഭിക്കാനുള്ള സാഹചര്യമുണ്ടാവുകയും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിലാവുകയും ചെയ്തത്.
കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴിയുടെ കേരളത്തിലെ ദൈർഘ്യം 160 കിലോമീറ്ററാണ്. ഇതിന്റെ ഇരുവശങ്ങളിലുമായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ സ്ഥാപിക്കപ്പെടും. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇലക്‌ട്രോണിക്‌സ്, ഐടി, ബയോടെക്‌നോളജി, ലൈഫ് സയൻസ് എന്നിവ ഉൾപ്പെടെയുള്ള ഉല്പാദന പ്രവർത്തനങ്ങൾ ഏകീകരിക്കും. ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എൻജിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്‌സ്റ്റൈൽസ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്‌ട്രോണിക്‌സ്, ഐടി ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകളാണ് പാലക്കാട് കേന്ദ്രത്തിൽ ഉണ്ടാവുക.