റാംപ് (RAMP) പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ബിസിനസ്ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർമാർ

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
കേന്ദ്ര സർക്കാർ വേൾഡ് ബാങ്ക് പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ”റെയ്സിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോർമൻസ് (RAMP). 2022 ജൂൺ 30-ന് പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നടക്കുകയുണ്ടായി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും അവരുടെ ഉത്പന്നങ്ങൾക്ക് വിപണി വർദ്ധിപ്പിക്കുകയും ചെയ്യുക, എം.എസ്.എം.ഇ കൾക്ക് വായ്പാലഭ്യത ഉറപ്പുവരുത്തുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുക, നിലവിലുള്ള ദേശീയ, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന എംഎസ്എംഇ പദ്ധതികളുടെ ഇമ്പാക്ട് വർദ്ധിപ്പിക്കുക, കാലതാമസം നേരിടുന്ന പേയ്മെന്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, MSME-കൾക്കിടയിൽ നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, എം.എസ്.എം.ഇ-കൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക, നിലവിൽ എം.എസ്.എം.ഇ-കൾ പിന്തുടരുന്ന സമ്പ്രദായങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തുക, സംരംഭങ്ങൾക്കിടയിൽ ഹരിതവത്കരണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് റാംപ് പദ്ധതി മുന്നോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.
RAMP പദ്ധതിയുടെ ഭാഗമായി എം.എസ്.എം.ഇ.കൾക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും നല്കുന്നതിനായി 500 ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ (ബി.ഡി.എസ്.പി)-മാരെ തദ്ദേശ സ്ഥാപന തലത്തിൽ നിയമിക്കുവാൻ സർക്കാർ തീരുമാനിക്കുകയും, 2025 ജൂൺ മാസത്തിൽ Kerala Public Enterprises (Selection and Recruitment) Board വഴി റിക്രൂട്ട്മെന്റ് പൂർത്തിയാക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പരിപാടികളുടെയും വിജയകരമായ നടത്തിപ്പിനും, അർഹരായ എം.എസ്.എം.ഇ-കളെ അവയുടെ ഗുണഭോക്താക്കളാക്കുന്നതിനും വേണ്ടിയുള്ള പ്രധാന പങ്ക് വഹിക്കുന്നത് ബി.ഡി.എസ്.പി.മാരായിരിക്കും. അവരുടെ പങ്ക് എം.എസ്.എം.ഇ-കൾക്ക് വേണ്ട ഉപദേശം നൽകുക എന്നുള്ളത് മാത്രമല്ല, മറിച്ച് അവരെ സ്കെയിൽ- അപ്പ് ചെയ്യുകയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ ലോകത്ത് അവരെ കൂടുതൽ മത്സരാധിഷ്ഠിതവും പ്രതിരോധശേഷിയുള്ളതും നൂതനവുമാക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ്.
ദേശീയതലത്തിലും സംസ്ഥാന തലത്തിലും സർക്കാരുകൾ രൂപീകരിക്കുന്ന വ്യവസായ സൗഹൃദ നയങ്ങൾക്കനുസൃതമായ പദ്ധതികളും പുരോഗമനപരമായ മാറ്റങ്ങളും ഫീൽഡ് തലത്തിൽ ഓരോ എം.എസ്.എം.ഇക്കും അനുഭവവേദ്യമാക്കുക എന്നുള്ളതാണ് ഓരോ BDSP മാരുടെയും പ്രധാന കർത്തവ്യം. ബി.ഡി.എസ്.പി.മാർ സംരംഭകർക്ക് വേണ്ട പിന്തുണ നൽകുന്നതിൽ മാത്രമല്ല, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുവാനോ, നിലവിലെ സംരംഭം സ്കെയിൽ അപ്പ് ചെയ്യുന്നതിനോ ഉദ്ദേശിക്കുന്ന ഏതൊരാൾക്കും ആദ്യ കോൺടാക്റ്റ് പോയിന്റാണ്. RAMP പദ്ധതി കേരളത്തിലെ MSMEകൾക്ക് മികച്ച വളർച്ച പ്രാപിക്കുവാനും, വിവിധ മേഖലകളിൽ അവയുടെ ശേഷി വികസിപ്പിക്കുവാനും സഹായകരമാകും. ഓരോ തദ്ദേശ സ്ഥാപന തലത്തിലുമുള്ള വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, നിലവിലെ എം.എസ്.എം.ഇ എക്കോസിസ്റ്റം സുസ്ഥിരപ്പെടുത്തുന്നതിനും വേണ്ടി RAMP പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നിയമിക്കുന്ന ബി.ഡി.എസ്.പി.മാരുടെ സേവനങ്ങൾ വളരെയധികം ഉപയോഗപ്രദമായിരിക്കും. വ്യവസായരംഗത്തെ സംസ്ഥാനത്തിന്റെ വളർച്ചയിൽ ഇതും ഒരു നിർണായക ചുവടുവെയ്പ്പാണ്.
