രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ


ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് രണ്ട് വർഷം തികയുന്ന വേളയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ പുതിയ പടവുകൾ കയറുകയാണ് വ്യവസായ വകുപ്പ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാനും ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടാനും വ്യവസായവകുപ്പിന് സാധിച്ച വർഷമാണ് 2022-23. ഒരു വർഷം കൊണ്ട് 1,39,000 സംരംഭങ്ങളാരംഭിച്ച സംരംഭക വർഷം തന്നെയാണ് ഏറ്റവും മികച്ച മുന്നേറ്റമെന്ന് നമുക്ക് പറയാം. ദേശീയ തലത്തിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ പദ്ധതിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികമാളുകൾക്ക് തൊഴിൽ നൽകാനും എം എസ് എം ഇ മേഖലയിൽ എട്ടായിരത്തിലധികം കോടിയുടെ നിക്ഷേപം കൊണ്ടുവരാനും ഈ പദ്ധതിയിലൂടെ നമുക്ക് സാധിച്ചു. ഈ കാലയളവിൽ കേരളത്തിലെ വ്യവസായമേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന നിരവധി പദ്ധതികൾക്ക് തുടക്കമിടാനും വലിയ നിക്ഷേപങ്ങളെ ആകർഷിക്കാനും സാധിച്ചിട്ടുണ്ട്. കേരള പേപ്പർ പ്രൊഡക്റ്റ്‌സ്, കെൽ-ഇ.എം.എൽ എന്നീ പുതിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചതും കേരള റബ്ബർ ലിമിറ്റഡിന്റെയും ആലപ്പുഴയിൽ കേരള റൈസ് ടെക്‌നോളജി പാർക്കിന്റെയും നിർമ്മാണം ആരംഭിച്ചതും ഈ വർഷമാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച മീറ്റ് ദി ഇൻവസ്റ്റർ പദ്ധതിയിലൂടെ 11,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. ഇതിൽ ക്രേസ് ബിസ്‌കറ്റ്‌സ്, അത്താച്ചി, വെൻഷ്വർ, നെസ്റ്റോ ഗ്രൂപ്പ് എന്നിവർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സർക്കാർ അധികാരത്തിലേറിയ ആദ്യ വർഷത്തിൽ തന്നെ നവീനമായ മാതൃകകൾ നടപ്പിലാക്കി നിക്ഷേപകലോകത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതും നിയമങ്ങളിലൂടെ നിക്ഷേപകർക്കനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതും കേരളത്തെക്കുറിച്ചുള്ള പല മുൻ ധാരണകൾ മാറുന്നതിനും നിക്ഷേപങ്ങൾ നടന്നുവരുന്നതിനും സഹായകമായി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ശ്രമങ്ങൾ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ 13 പടികൾ കയറാനും സഹായകമായി. സംസ്ഥാന സർക്കാരിന്റെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായ സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കാൻ പോകുന്ന പദ്ധതിയാണ്. 10 ഏക്കറിലധികം ഭൂമിയിൽ സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കുമ്പോൾ ഏക്കറൊന്നിന് 30 ലക്ഷം രൂപ വച്ച് പരമാവധി 3 കോടി രൂപയുടെ സാമ്പത്തിക സഹായം പശ്ചാത്തലസൗകര്യവികസനത്തിനായി സർക്കാർ നൽകും. ഇതിനോടകം 8 സ്വകാര്യവ്യവസായ പാർക്കുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. 3 പാർക്കുകൾക്ക് അനുമതി ലഭിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ്.

സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ 80% ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിക്കായുള്ള സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കും.

സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിച്ചതിനൊപ്പം സ്വകാര്യനിക്ഷേപം ആകർഷിക്കാനും എം എസ് എം ഇ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാനും സാധിച്ചു എന്നതാണ് രണ്ടാം വർഷത്തെ വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ. ചരിത്രത്തിലെതന്നെ മികച്ച പ്രവർത്തനം നടത്താൻ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വർഷവും നമുക്ക് സാധിച്ചു. അത് തുടരാനും കൂടുതൽ മികച്ച നേട്ടങ്ങൾ വരും വർഷങ്ങളിൽ സ്വന്തമാക്കാനുമാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. മികച്ച ആസൂത്രണത്തോടൊപ്പം വകുപ്പിലെ മറ്റ് ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പരിശ്രമങ്ങളിലൂടെ ആ ലക്ഷ്യം നമുക്ക് നേടിയെടുക്കാം.