മാറുന്ന ട്രെൻഡുകൾ
പാർവതി. ആർ. നായർ
ദശകങ്ങൾക്കു മുമ്പ് ഒരു പരസ്യവീഡിയോയിൽ ഒരു പുതിയ ഉത്പന്നത്തെ അവതരിപ്പിച്ചുകൊണ്ട് ഒരമ്മ മകളോടിങ്ങനെ പറയുന്നു ‘എല്ലാവരും അറിയട്ടെ.. നമ്മളും മോഡേൺ ആയെന്ന്’ ഗൃഹോപകരണങ്ങളിൽ മുതൽ വ്യക്തിഗത ഉത്പന്നങ്ങളിൽ വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചകമായി ഈ പരസ്യവാചകത്തെ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഒരു കാലത്തു റേഡിയോയും ഫാനും സൈക്കിളുമൊക്കെ വീടുകളിലെ ആഡംബരവസ്തുക്കളായി ഗണിയ്ക്കപ്പെട്ടിരുന്നു. പരിണാമചക്രത്തിന്റെ തിരിയലിൽ അവയൊക്കെ നിഷ്പ്രഭമായി എന്ന് പറയാം.ഒരിയ്ക്കൽ നാം പടിയിറക്കിയ പലതും ഇന്ന് പഴയ പ്രതാപൈശ്വര്യങ്ങൾ വീണ്ടെടുത്തുകൊണ്ട് മടങ്ങിയെത്തുകയാണ്.
പ്ലാസ്റ്റിക്, സ്റ്റെയിൻലെസ്സ് സ്റ്റീൽ തുടങ്ങിയവയുടെ കടന്നുവരവ് നമ്മുടെ പരമ്പരാഗത ഉപകരണങ്ങളിൽ പലതിനെയും പുറത്താക്കുക തന്നെ ചെയ്തു.മിക്സിയും ഗ്രൈൻഡറും വന്നതോടെ അരകല്ലും ആട്ടുകല്ലും ഉരലും ഉലക്കയും തിരികല്ലും നിത്യനിദ്രയിലാണ്ടു. വാക്വം ക്ലീനർ ചൂലിനെ പുറത്താക്കി, മൺകലങ്ങളും ചട്ടിയും ചില ഉത്സവാഘോഷങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന ഉല്പന്നങ്ങളായി പരിണമിച്ചു. ചിരട്ടത്തവിയും കൂട്ടുകാരും സ്റ്റെയിൻലെസ്സ് സ്റ്റീലിനു വഴിമാറികൊടുത്തു. ഗൃഹോപകരണങ്ങളിൽ പലതും പ്ലാസ്റ്റിക്കിന്റെ സർവാധിപത്യമറിഞ്ഞു.
എന്നാൽ ഇന്ന് കാറ്റു തിരിച്ചുവീശുകയാണ്. സിഗ്മ റിസർച്ച് ആൻഡ് അനാലിസിസ് നടത്തിയ പുതിയ സർവ്വേ ആണ് സംരംഭകർക്കും പാരമ്പര്യതൊഴിലുകാർക്കും സന്തോഷം പകരുന്നത്.ഗൃഹങ്ങളിൽ ഉപയോഗിക്കുന്നതിലേയ്ക്കും, ഷോക്കേസുകളിലെ പ്രദർശനത്തിനായി പ്രാചീന ഗ്രാമീണ ഉപകരണങ്ങൾ തേടുന്നവരുണ്ട്. എന്നാൽ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഇവ ഇന്ന് ആവശ്യവസ്തുവായി മാറിയിരിക്കുന്നു. വിദേശങ്ങളിൽ വിരുന്നുകളിലും പൊതുചടങ്ങുകളിലും അവരുടെ പരമ്പരാഗത ഉത്പന്നങ്ങളും ഉപകരണങ്ങളും വ്യാപകമായി നിരന്നുതുടങ്ങിയതാണ് നമ്മുടെ പോഷ് ഹോട്ടലുകളെയും ഒന്ന് മാറ്റിചിന്തിയ്ക്കാൻ പ്രേരിപ്പിച്ചത്. അതിന്റെ അനുരണനങ്ങളാണ് മലയാളക്കരയിലും ദൃശ്യമാവുന്നത്. ഇത് സംരംഭകർക്കും ഊർജ്ജം പകരുന്നു.
മൺമറഞ്ഞ ചില ഗ്രാമക്കാഴ്ചകൾ മടങ്ങിവരുന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. നഗരങ്ങളിലും മറ്റും ആധുനികസജ്ജീകരണങ്ങളുള്ള ആഡിറ്റോറിയങ്ങളിലും കൺവെൻഷൻ സെന്ററിലുകളിലും ഗതകാല സ്മൃതികൾ ഉണർത്തിക്കൊണ്ട് നമ്മുടെ പഴയകാല ചായക്കടകൾ കൗതുകമുണർത്തും വിധം പുനഃസ്ഥാപിയ്ക്കുന്നത് ഇന്നൊരു കാഴ്ച തന്നെയാണ്. മരക്കരിയിട്ട് സമോവറിൽ വെള്ളം തിളപ്പിച്ചെടുക്കുന്ന ചൂടൻ ചായയും തൽക്ഷണം തയാറാക്കുന്ന നാടൻ പലഹാരങ്ങളും ‘സപ്ലൈ’ ചെയ്യുന്ന ഇത്തരം മിനിയേച്ചർ കടകളിൽ നാട്ടുവിശേഷങ്ങൾ അറിയിയ്ക്കുന്ന റേഡിയോയും പഴയകാല സിനിമാപോസ്റ്ററുകളും കാണാം.
ഇവിടെ വിഷയമതല്ല. പഴമയുടെ ഗരിമ തിരിച്ചറിയുന്ന പുതിയ ട്രെൻഡ് നാടെങ്ങും വ്യാപകമാകുന്നു എന്നതാണ്. പഴയകാല അടുക്കളകളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഉറി, കലങ്ങളും മറ്റും ചരിയാതെ നിർത്തുന്ന തിരിക, വിവിധ സൈസുകളിൽപ്പെട്ട ചിരട്ടത്തവികൾ, ഭക്ഷണം, പ്രത്യേകിച്ചും പുഴുക്കുകൾ ഇളക്കാനുള്ള തുടുപ്പ്, തൈരു കടയുന്ന മത്ത് (കടകോൽ) ഇവയൊക്കെ ഉപഭോക്താക്കൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അപ്പച്ചട്ടികൾ മുതൽ കൽച്ചട്ടികൾ വരെ തിരക്കിയെത്തുന്നവർ ഇന്നു ധാരാളം. പണ്ടുകാലത്തു കാപ്പിയും, ചായയും സംഭാരവുമൊക്കെ കുടിയ്ക്കാൻ ഉപയോഗിച്ചിരുന്ന കോപ്പകൾ, മൺകൂളുകൾ, വിവിധതരം കലങ്ങൾ ഇവയ്ക്കു ഡിമാൻഡ് ഏറെ!. പക്ഷെ ഒന്നുണ്ട് പണ്ടത്തെ പരുക്കൻ പ്രതലമല്ല, മറിച്ച് നന്നായി ഫിനിഷിങ് ഉള്ളവയാണ് ആളുകൾക്ക് ആവശ്യം. കയറുകൊണ്ട് നിർമ്മിയ്ക്കുന്ന ഉറിയും, തിരികയുമൊക്കെ അങ്ങനെതന്നെ. കണ്ണാടിപോലെ മിനുക്കിയ തവികൾ, ചിരട്ടകൊണ്ടുള്ള പാനപാത്രങ്ങൾ എന്നിവ വിദേശങ്ങളിലേയ്ക്കു കയറ്റി അയയ്ക്കുന്ന നിരവധി യൂണിറ്റുകൾ ഇന്നു കേരളത്തിൽ കാണാം. ഇത്തരം ഉത്പന്നങ്ങൾക്കായി പരസ്യം ചെയ്യുന്ന വിദേശത്തെ ട്രേഡിങ്ങ് കമ്പനികളും ധാരാളമുണ്ട്. പ്രകൃതി സൗഹൃദ ഉത്പന്നങ്ങളോടുള്ള പ്രേമം ഇതിനൊരു കാരണമാണ്. പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കെതിരെ ആഗോളതലത്തിൽ നടന്നു വരുന്ന പ്രചരണങ്ങളും ഇതിനു കാരണമാകുന്നു. ഔട്ട്ഡേറ്റഡ് എന്നു പറഞ്ഞു നാം തള്ളിയ ഉത്പന്നങ്ങളാണിന്നു നമ്മെ പരിഹസിച്ചുകൊണ്ട് സൂപ്പർതാരങ്ങളായി മടങ്ങിയെത്തുന്നത്. മധുരപ്രതികാരം പോലെ.
മേൽസൂചിപ്പിച്ച സർവ്വേ പ്രകാരം പുതിയ ഉപഭോക്താക്കൾ പഴമയിലേയ്ക്കു തിരിച്ചു നടക്കുന്നുവത്രേ. അഖിലേന്ത്യാതലത്തിൽ പ്രശസ്തമായ ഒരു ശതകോടിസ്ഥാപനത്തിനുവേണ്ടി നടത്തപ്പെട്ട സർവ്വേ പുതുതലമുറയുടെ മാറിവരുന്ന മനോഭാവങ്ങളിലേയ്ക്കാണത്രേ വിരൽ ചൂണ്ടുന്നത്. വിദേശങ്ങളിൽ നിന്നും കെട്ടിയിറക്കപ്പെട്ട ഭക്ഷണശൈലികളിൽ നിന്നും ലളിതഭക്ഷണത്തിലേയ്ക്ക് ന്യൂജെൻ മാറുന്നുവത്രേ. പിസ്സയും ബർഗറും കട്ലെറ്റുകളും മാറ്റി വടയും ചമ്മന്തിയും അവർ ശീലമാക്കുന്നു. ദോശയും, ഇഡ്ഡലിയും, പുട്ടും, ഇടിയപ്പവുമൊക്കെ തീൻമേശകളെ അലംകൃതമാക്കുന്നു. സ്ത്രീകളാണത്രേ പുരുഷന്മാരേക്കാൾ ഈ ട്രെൻഡിനു കുടപിടിയ്ക്കുന്നത്. ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള അവബോധം ഇതിനു കാരണമാവാം. സൗന്ദര്യസംരക്ഷണത്തിൽ അവരാണല്ലോ കൂടുതൽ ജാഗ്രത പുലർത്തുന്നത്.
പണ്ടൊരു മുദ്രവാക്യമുണ്ടായിരുന്നു. നാടൻ വാങ്ങു… നാട് നന്നാക്കൂ… എന്ന്! കരകൗശല വിദഗ്ധർക്കും കുലത്തൊഴിലുകാർക്കും ഇനി പ്രൊഫഷണലാകാം. കൂടുതൽ മികവിൽ ഉത്പന്നനിർമ്മിതി സാധിതമാക്കാൻ സർക്കാർ സഹായവും അവർക്കൊപ്പമുണ്ട്. പഴയ ആലകളും ഉലകളുമൊക്കെ ഇനി ആധുനികവൽക്കരിയ്ക്കാം. ഉത്പന്നങ്ങളുടെ പെർഫെക്ഷനും ഫിനിഷിങ്ങിനും ഇവ സഹായകമാവും. യന്ത്രവൽക്കൃത ചുറ്റുപാടിൽ ഉല്പാദനം വർദ്ധിപ്പിയ്ക്കാം. പക്ഷെ ഗുണമേന്മ ഉറപ്പാക്കണം.
കുട്ടയും മുറവും പുൽപ്പായയും തഴപ്പായയുമൊക്കെ ഇതുപോലെത്തന്നെ വിപണികളുടെ ഹരമാകുന്നു. വനത്തിൽനിന്നും മറ്റും ശേഖരിയ്ക്കുന്ന കാട്ടുവള്ളികളും പുല്ലും കൈതോലയുമൊക്കെ പണ്ട് സൂര്യപ്രകാശത്തിൽ വാട്ടി വഴക്കം വരുത്തിയിരുന്നുവെങ്കിൽ ഇന്നവയൊക്കെ രാസപ്രക്രിയയിലൂടെ കൂടുതൽ ഈടുറ്റതാക്കിമാറ്റാം. കൂടുതൽ നിറവും, ഉറപ്പുമൊക്കെ ഉള്ള ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ ചൂടപ്പം പോലെ വിറ്റു തീരുന്നുണ്ട്. ഇത്തരം യൂണിറ്റുകൾക്ക് ഇനിയും വികസനപാതയിലൂടെ ഏറെ സഞ്ചരിയ്ക്കാം.
എത്നിക് പ്രോഡക്ട്സ്, ഇൻഡിജീനസ് പ്രോഡക്ട്സ്, എന്നൊക്കെ വിളിയ്ക്കപ്പെടുന്ന റൂറൽ/ട്രൈബൽ ഉത്പന്നങ്ങൾ ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യൻ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ വിദേശികളെ ഏറെ ആകർഷിയ്ക്കുന്നു. 1987ൽ ആരംഭിച്ച മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ ട്രൈഫെഡ് ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, കരകൗശലവിദഗ്ധർക്കുള്ള തീവ്രപരിശീലനം എന്നീ രംഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്നു.
ഈ രംഗങ്ങളിൽ താല്പര്യവും വൈദഗ്ധ്യവും ഉള്ളവരെ സംഘടിപ്പിച്ചുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കേരളത്തിൽ ഏറെ സാധ്യതകളാണുള്ളത്. നല്ല ഉത്പന്നങ്ങൾക്ക് വിപണി ഇന്നൊരു പ്രശ്നമേയല്ല. പക്ഷെ നല്ലൊരു ബാനറിന് കീഴിലാവണം എന്നു മാത്രം. സംസഥാന വ്യവസായ വകുപ്പ് ഇക്കാര്യത്തിൽ സംരഭകർക്കൊപ്പമുണ്ട്.