മരച്ചീനിയിലൂടെ മനം കീഴടക്കി
എഴുമാവിൽ രവീന്ദ്രനാഥ്
‘പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിയ്ക്കും’. പഴയ ഒരു സിനിമാപ്പാട്ടിലെ അനുപല്ലവിയാണിത്. വിലയ്ക്കു വാങ്ങിയ വീണ എന്ന സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി, യേശുദാസ് ടീം ഒരുക്കിയ ഈ സൂപ്പർഹിറ്റ് ഗാനം മനസ്സിലേക്കോടിയെത്താൻ കാരണം പലവട്ടം പരാജയപ്പെട്ട കർമ്മഭൂവിൽ നിന്ന് വിജയം കൊയ്ത കൊല്ലം മുണ്ടയ്ക്കൽ ശാന്തി നിലയത്തിൽ ബിന്ദു. ഐ എന്ന സംരംഭകയുടെ കഠിനാദ്ധ്വാനമാണ്. മലയാളക്കരയും കടന്ന് മറുനാടുകളിലും ഏഴാം കടലിനുമക്കരെയുമെത്തിയ രുചിപ്പെരുമയാണ് ബിന്ദുവിന്റെ സങ്കൽപ് ഫുഡ്സിനു പറയാനുള്ളത്.
ബോട്ടണിയിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം ഒരു പ്രമുഖ ന്യൂജെൻ ബാങ്കിൽ തന്റെ കർമ്മകാണ്ഡം തുറന്ന ബിന്ദുവിന് കണക്കു കൊണ്ടുള്ള കളിയെക്കാൾ നവീനോൽപന്നങ്ങൾ കണ്ടെത്തുന്നതിലായിരുന്നു താൽപര്യം. സമീപത്തുള്ള ചിറ്റുമല ബ്ലോക്കിലെ പ്ലാവറ, പേരയം, കുണ്ടറ, നന്തിരിക്കൽ, പെരുമൺ, പനയം, മൺറോത്തുരുത്ത്, പെരിനാട്, ഈസ്റ്റ് കല്ലട, കാഞ്ഞാവെളി, കാഞ്ഞിരംകുഴി, കേരളപുരം തുടങ്ങിയ ഗ്രാമങ്ങളിലെ മരച്ചീനി കർഷകരുടെ പ്രശ്നങ്ങളായിരുന്നു ഈ യുവസംരംഭകയുടെ ശ്രദ്ധയിൽപ്പെട്ടത്. വിള സമൃദ്ധിയുണ്ടായാൽ വില താഴും. പിന്നെ കന്നുകാലികൾക്കു പോലും മരച്ചീനി എന്ന കപ്പ വേണ്ടേ വേണ്ട. പുഴുങ്ങിയും, പച്ചയ്ക്കും പൊരിവെയിലിൽ ഉണക്കിയെടുക്കുന്ന വെള്ളകപ്പയും വാട്ടുകപ്പയും ഇന്ന് മലയാളികളുടെ മെനുവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുമില്ല. അവലു കപ്പയെ ജനം മറന്നു. ആകെ ഉൽപന്നത്തിൽ 5 ശതമാനം മാത്രം ചിപ്സായെത്തുന്നു. ഒരിക്കൽ മലയാളികൾക്കു പ്രിയങ്കരമായ കപ്പപ്പുട്ടു പൊടിയ്ക്കും ഇന്നത്ര മൂവ്മെന്റില്ല.
മരച്ചീനിയിൽ നിന്നായിരുന്നു ബിന്ദുവിന്റെ പരീക്ഷണം. നന്നായുണക്കി ഫൈൻ പൗഡർ ആക്കിയ മരച്ചീനി കൊണ്ടുള്ള പാസ്ത എന്ന ആശയം ഒരു കേന്ദ്ര ഭക്ഷ്യ ഗവേഷണ സ്ഥാപനവുമായി ചർച്ച ചെയ്ത് ഇതിലേക്കുള്ള ടെക്നോളജി വികസിപ്പിയ്ക്കുകയായിരുന്നു ആദ്യം. മരച്ചീനിപ്പൊടിയ്ക്കൊപ്പം മൈദ, വേ പ്രോട്ടീൻ തുടങ്ങിയവയായിരുന്നു പാസ്തയിലെ ചേരുവകൾ. ചീസ് നിർമ്മാണ വേളയിൽ ഉണ്ടാകുന്ന ക്ഷീര ഉൽപന്നമായ വേ പ്രോട്ടീൻ, ആൽഫാ ലാക്റ്റാൽബുമിൻ, ബീറ്റാ ലാക്റ്റോ ഗ്ലോബുലിൻ, സിറം ആൽബുമിൻ, ഇമ്മ്യുണോ ഗ്ലോബുലിൻ എന്നിവയുണ്ട്. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ വിജയകരമായി വിപണനം നടത്തി വന്ന സങ്കൽപ് ഫുഡ്സിന്റെ പാസ്താ വിനോദ സഞ്ചാരികളിലൂടെയാണ് നെതർലണ്ട്സിലെത്തിയത്. കയറ്റുമതി സംബന്ധിച്ച നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നെങ്കിലും നൂറു ശതമാനം ജൈവോൽപന്നമാണെന്ന് പരിശോധനകളിൽ തെളിഞ്ഞതിനാൽ ഒരു കൊച്ചു സംരംഭത്തിന്റെ വിശിഷ്ട ഉൽപന്നം നിരവധി തവണ വിമാനമേറി.
എന്നാൽ സാങ്കേതികവിദ്യ കൈമാറാൻ കേന്ദ്രസ്ഥാപനം തയ്യാറല്ലാത്തതിനാൽ എന്നും അവരെ ആശ്രയിക്കേണ്ട അവസ്ഥ ഈ സംരംഭത്തിനു തലവേദനയായി. സ്വന്തമായി ഉൽപാദിപ്പിച്ചു വിപണനം നടത്തിയാലേ തങ്ങൾക്കൊരു അസ്തിത്വം ഉണ്ടാവുകയുള്ളൂ എന്ന അഭിമാനബോധം ഈ സംരംഭകയെ മാറിച്ചിന്തിയ്ക്കാൻ പ്രേരിപ്പിച്ചു.പ്രൊഡക്ഷൻ മറ്റൊരാളും പാക്കിങ്ങും ലേബലിങ്ങും മാർക്കറ്റിങ്ങും മറ്റൊരാളും എന്നത് ദീർഘകാലത്തേക്ക് പറ്റിയ ഒരേർപ്പാടല്ലല്ലോ.
മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കസ്റ്റമേഴ്സ് മൈദയ്ക്കെതിരായ സന്ദേശങ്ങൾ ബിന്ദുവിനയച്ചു. അലോക്സാൻ, ബെൻസോയ്ൽ പെറോക്സൈഡ് തുടങ്ങിയവ ഉപയോഗിച്ച് ശുദ്ധമായ ഗോതമ്പുപൊടി ഫൈബർ നീക്കി ബ്ലീച്ചു ചെയ്തുണ്ടാക്കുന്ന മൈദ ആരോഗ്യത്തിനു ഹാനികരമെന്ന തിരിച്ചറിവ് ബിന്ദുവിൽ പുതിയ ആശയങ്ങൾക്കു തുടക്കം കുറിച്ചു. ഫൈബർ സമൃദ്ധമായ മരച്ചീനിപ്പൊടി വിവിധ ഭക്ഷ്യവസ്തുക്കൾക്ക് ഉപയുക്തമായ രീതിയിൽ വളരെ വൃത്തിയോടെ വിപണിയിലെത്തിച്ചതോടൊപ്പം ചെറുധാന്യങ്ങൾ എന്നു പേരുകേട്ട മില്ലറ്റ് സംസ്കരിയ്ക്കുന്നതിലേക്കും സങ്കൽപ് ഫുഡ്സ് ചുവടുമാറ്റി.
പോഷക കലവറയായ മില്ലറ്റ് വേവാൻ താമസമെന്നാണു പൊതുവെയുള്ള പരാതി. ജോവാർ (സൊർഗം), ബജ്റാ (പേൾ മില്ലറ്റ്), ജങ്കോറാ (ബന്യാഡ്), ബാറി (പ്രോസോ) കാങ്ക്ണി (ഇറ്റാലിയൻ), കോബ്രാ (കോഡോ) തുടങ്ങിയവയാണ് ചെറുധാന്യങ്ങളിൽ പ്രമാണിമാർ. ഇവ പൊടിച്ച് പലഹാരമുണ്ടാക്കിയാൽ മൃദുത്വമില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. ഒരു ഗവേഷണ കേന്ദ്രത്തെയും ആശ്രയിയ്ക്കാതെ സ്വന്തം ആർ ആന്റ് സി ലാബിൽ ഓരോ ചെറുധാന്യത്തെയും പഠന ഗവേഷണ നിരീക്ഷണങ്ങൾക്കു വിധേയമാക്കി രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലാതെ ഹോം ഫ്രണ്ട്ലി ആകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ ബിന്ദുവിനും കൂട്ടർക്കുമായി. മൃദുവായ ഇഡ്ഡലിയും മറ്റു പലഹാരങ്ങളും ഉൽപാദിപ്പിയ്ക്കുവാൻ ചെറുധാന്യങ്ങൾ കൊണ്ട് സാധ്യമെന്നു കണ്ടെത്തിയതോടെ സങ്കൽപിന്റെ തലേവര മാറി. കൊല്ലത്തെ ഒരു സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ നിന്നും കർണ്ണാടകം വഴി മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി വരെ ഉൽപന്നങ്ങളെത്തി. ഏറ്റവും വലിയ വിപണി കർണാടകയും രാജസ്ഥാനുമാണെന്ന് ബിന്ദു പറയുന്നു. 1500 ചതുരശ്ര അടി മാത്രം വിസ്തൃതമായ യൂണിറ്റ് ഡിമാന്റനുസരിച്ച് ഉൽപന്നങ്ങൾ തയ്യാറാക്കാൻ പാടുപെടുകയായിരുന്നു. കൊല്ലം കോർപറേഷന്റെ സഹായത്തോടെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഒരു പ്രൊഡക്ഷൻ യൂണിറ്റ് കൂടി സങ്കൽപ് ഇപ്പോൾ പ്രവർത്തന സജ്ജമാക്കി വരുന്നു. ആഭ്യന്തര വിപണി ഒരു സ്റ്റെഡി ആക്കിയ ശേഷമേ വിദേശ വിപണിയിലേയ്ക്കുള്ളൂ എന്ന നിലപാടിലാണിപ്പോൾ സങ്കൽപ് ഫുഡ്സിന്റെ സാരഥിയും.
എഫ് എസ്. എസ്. എ. ഐ., നാഷണൽ ആയുഷ് മിഷൻ, അസ്സോചം, കേരളീയം, വൈഗ തുടങ്ങിയവ സംഘടിപ്പിച്ച പ്രദർശനങ്ങളിലെല്ലാം സങ്കൽപ് ഒരു താരമായിക്കഴിഞ്ഞു. ജി ട്വന്റി സമ്മേളനത്തോടനുബന്ധിച്ച് ഗോവ ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ നടത്തിയ സങ്കൽപിന്റെ ഡമോൺസ്ട്രേഷൻ വിദേശ വിപണിയുടെ വാതായനങ്ങളാണ് തുറന്നത്. ഗുണമേന്മ, കഠിനാദ്ധ്വാനം, നിശ്ചയദാർഢ്യം ഇവ കൈമുതലാക്കി സങ്കൽപലോകം യാഥാർത്ഥ്യമാക്കാനുള്ള അഞ്ചംഗ ഗ്രൂപ്പിന്റെ ശ്രമങ്ങൾ സഫലമാകട്ടെ.