ബഹുമതിയുടെ കൊടുമുടിയിൽ

പാർവ്വതി. ആർ. നായർ

വലുപ്പത്തിൽ ഇരുപത്തി മൂന്നാം സ്ഥാനം പ്രകടനത്തിൽ ഒന്നാം സ്ഥാനം! പുതുവർഷത്തിന്റെ തുടക്കത്തിൽ നമ്മുടെ കൊച്ചു കേരളത്തിനു കിട്ടിയ ബഹുമതിയാണിത്. വീരവാദം മുഴക്കുന്നതാണെന്നു കരുതേണ്ട. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ മികവു തെളിയിയ്ക്കുകയും വ്യവസായിക വികസന പ്രവർത്തനങ്ങളിൽ ടോപ്പ് റാങ്ക് നേടുകയും ചെയ്ത നമ്മുടെ സംസ്ഥാനം നവീനാശയങ്ങളുമായി സംസ്ഥാനത്തെ വ്യവസായ മേഖലയെ ഊർജ്ജസ്വലമാക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ദേശീയ അംഗീകാരം ലഭ്യമായിരിയ്ക്കുന്നത്. വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന രാജസ്ഥാൻ (3,42,239 ച. കി. മീ), മദ്ധ്യപ്രദേശ് (3,08,252 ച. കി. മീ), മഹാരാഷ്ട്ര (3,07,713 ച. കി. മീ), ആന്ധ്രാപ്രദേശ് (2,75,045 ച. കി. മീ) എന്നിവയേയും തമിഴ്‌നാടിനെയും (1,30, 058 ച. കി. മീ) കർണാടകയേയും (1,91,791 ച. കി. മീ) പിന്തള്ളിയാണ് 38,869 ചതുരശ്ര കിലോ മീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള നാം നേട്ടം കൊയ്തത്. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ വെച്ചാണ് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ പ്രോത്സാഹന പദ്ധതിയുടെ അവതാരകർ എന്ന നിലയിൽ കേരളത്തെ അവതരിപ്പിച്ചതും അഭിനന്ദിച്ചതും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ വ്യവസായ കേരളത്തിന്റെ അതിശീഘ്ര പ്രയാണം അങ്ങനെ ദേശീയശ്രദ്ധ നേടി. ട്രസ്റ്റ് ഓൺ എം. എസ്. എം. ഇ എന്ന വിഷയത്തിലാണ് കേരള സർക്കാരിന്റെ നവീന പദ്ധതിയ്ക്കു പ്രഥമ സ്ഥാനം നൽകി അവതരിപ്പിച്ചതും മറ്റു സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന ഒന്നായി കേരള മോഡലിനെ വിലയിരുത്തിയതും. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യവുമായി കേരളം തുടക്കമിട്ട സംസ്ഥാന സംരംഭക വർഷമാണ് കേന്ദ്രത്തിന്റെ ഗുഡ്ബുക്കിൽ ഒന്നാമതെത്തിയത്. വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് എന്ന ലക്ഷ്യവുമായി മദ്ധ്യപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതിയെയും പിന്നിലാക്കിയാണ് കേരളത്തിന്റെ മിന്നുന്ന പ്രകടനം. ഇതു നമുക്കേവർക്കും അഭിമാനം പകരുന്നു. മൂന്നു ദിവസമായി നടന്ന ദേശീയ സമ്മേളനത്തിൽ ചീഫ് സെക്രട്ടറി വി. പി. ജോയി, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പു സെക്രട്ടറി സുമൻ ബില്ല, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ജനുവരി 3 മുതൽ 7 വരെ നടന്ന രണ്ടാമത് ദേശീയ സമ്മേളനത്തിൽ മുതിർന്ന ഐ. എ. എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുന്നൂറിലേറെ വിദഗ്ദ്ധർ പങ്കെടുത്തു. വികസനത്തിന്റെ നാലു നെടുംതൂണുകളാണ് മുതൽ മുടക്ക് (ഇൻവെസ്റ്റ്‌മെന്റ്), അടിസ്ഥാന സൗകര്യം (ഇൻഫ്രാ സ്ട്രക്ചർ), നവീനാശയങ്ങൾ കണ്ടെത്തൽ (ഇന്നൊവേഷൻ), എല്ലാറ്റിനെയും ഉൾക്കൊള്ളിക്കൽ (ഇൻക്ലൂഷൻ) എന്ന് യോഗത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരമേശ്വര അയ്യർ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വികസന നയങ്ങളും പരിപാടികളും സവിസ്തരം പ്രതിപാദിച്ച സമ്മേളനം കേരളത്തിന്റെ സംരംഭക വർഷ പദ്ധതിയെ അതീവ താൽപര്യത്തോടെയാണ് വീക്ഷിച്ചത്. ഇത് നവസംരംഭകരിൽ ഉണർത്തുന്ന ആവേശം ചെറുതല്ല.

 

കഴിഞ്ഞ മാർച്ച് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നമ്മുടെ സംരംഭക വർഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനും ഏറെനാൾ മുമ്പുതന്നെ ഈ പദ്ധതിയുടെ ഗൃഹപാഠങ്ങൾ സംസ്ഥാന വ്യവസായ വകുപ്പ് പൂർത്തിയാക്കിയിരുന്നു. വ്യവസായ മന്ത്രിയുടെ നിരീക്ഷണത്തിലും നിർദ്ദേശാനുസരണവും രൂപപ്പെടുത്തിയ സംരംഭകവർഷം പദ്ധതി ഒരു വർഷം കൊണ്ട് ഒരു ലക്ഷം തൊഴിലവസരങ്ങളാണ് വിഭാവനം ചെയ്തത്. യുവതലമുറയെയും സംരംഭകരെയും ഏറെ ആവേശം കൊള്ളിച്ച ഈ പദ്ധതി 235 ദിവസം പിന്നിടുമ്പോഴാണ് കേന്ദ്രം പ്രശംസയുമായി എത്തിയത്. ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളിലായി 1,01,353 സംരംഭങ്ങളാണ് സമാരംഭിച്ചത്. ഇതിലൂടെ 6,282 കോടിയുടെ നിക്ഷേപവും, 2,20,500 തൊഴിലവസരങ്ങളുമുണ്ടായി.

 

മലപ്പുറം, എറണാകുളം ജില്ലകളിൽ 20,000 ൽ അധികം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 15,000 വീതവും, ഇടുക്കി, വയനാട് ജില്ലകളിൽ 10,000 വീതവുമാണ് തൊഴിലവസരങ്ങൾ ഇതിനോടകം പുതുതായി സൃഷ്ടിക്കപ്പെട്ടത്. ഇതു സംബന്ധിച്ച പട്ടിക താഴെ ചേർക്കുന്നു.

ക്രമ     നം.

 

തൊഴിൽ  മേഖല

അവസരങ്ങൾ

 

സംരംഭം

നിക്ഷേപം

1

 

കൃഷി,

ഭക്ഷ്യസംസ്‌കരണം

40,622

16,129

96,368

2

ഗാർമെന്റ്‌സ് & ടെക്സ്റ്റയിൽസ്

22,312

10,74

474

3

സർവ്വീസ്

16,156

7048

428

4

വ്യാപാരം

54,108

29,428

1,662

 

ഈ ദേശീയ സമ്മേളനം ഭാരതത്തിന്റെ ഭാവി വികസനം ചർച്ച ചെയ്തപ്പോൾ ഒരു യഥാർത്ഥ്യം ബോധ്യമായി. പലയിടത്തും പ്രഖ്യാപനം യാഥാർത്ഥ്യം മറ്റൊരിടത്തുമാണ്. എന്നാൽ നിശ്ചിത സമയത്തിനും വളരെ മുമ്പുതന്നെ പ്രഖ്യാപിത ലക്ഷ്യത്തിനും മേലേ, വിജയം നേടുവാനായി എന്നതാണ് കേരള വ്യവസായ വകുപ്പിന്റെ നവീന പദ്ധതിയുടെ പ്രത്യേകത. ഇത്തരമൊരു ആശയം അവതരിപ്പിയ്ക്കപ്പെട്ട  നാൾ മുതൽക്കു തന്നെ സംസ്ഥാന വ്യവസായ വകുപ്പ് എണ്ണയിട്ട യന്ത്രസമുച്ചയം പോലെ പ്രവർത്തനസജ്ജമായി. ഉന്നത തലയോഗങ്ങളും പ്രചാരണ പരിപാടികളും സജീവമായി. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ, നവീനാശയങ്ങൾ നെഞ്ചിലേറ്റിയവർ തുടങ്ങിയവരിലൊക്കെ പ്രതീക്ഷ ജനിപ്പിച്ചതായിരുന്നു സംരംഭക വർഷ പ്രഖ്യാപനം. വ്യവസായ വകുപ്പിന്റെ നെറ്റുവർക്കുകളിലേക്ക് അന്വേഷകരുടെ വൻ പ്രവാഹമുണ്ടായതു തന്നെ പദ്ധതിയോടുള്ള അനുകൂല പ്രതികരണത്തിന്റെ പ്രതിഫലനമായിരുന്നു. എന്തിനും സദാസന്നദ്ധരായ വ്യവസായ വകുപ്പ് ഉദ്യേഗസ്ഥർ നവസംരംഭകർക്ക് മാർഗ്ഗദർശികളായി. ചുവപ്പു നാടകളുടെ അഴിയാക്കുരുക്കൾ ആർക്കും പ്രതിബന്ധങ്ങളായില്ല. തത്ഫലമായാണ് 12 മാസങ്ങൾ കൊണ്ട് നേടേണ്ടതിനുപരി എട്ടു മാസം കൊണ്ട് നേടിയെടുത്ത് അത്ഭുതം സൃഷ്ടിക്കാനായത്. 7261.54 കോടിയുടെ നിക്ഷേപവും 1,18,509 സംരംഭങ്ങളും, 2,56,140 തൊഴിലവസരങ്ങളും ഇവിടെ യാഥാർത്ഥ്യമായത്. ഇത്രയും നേട്ടം ഇതിനോടകം നേടിയ പദ്ധതിയുടെ ഫൈനൽ സ്‌കോറിനായി കേരളം കാത്തിരിയ്ക്കുകയാണ്.

 

സംരംഭക വർഷത്തിന്റെ ഉപജ്ഞാതാവെന്നു വിശേഷിപ്പിയ്ക്കാവുന്ന സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി ഈയൊരു അംഗീകാരത്തെപ്പറ്റി സമാനതകളില്ലാത്ത നേട്ടം എന്നാണ് പറഞ്ഞത്. സംരംഭങ്ങൾ രൂപീകരിയ്ക്കാനെടുത്ത ചുരുങ്ങിയ സമയം, സംസ്ഥാന സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്കു കടന്നുവന്ന വനിതകളുടെ എണ്ണം തുടങ്ങിയവയിലെല്ലാം റിക്കോർഡുകൾ സൃഷ്ടിയ്ക്കാൻ നമുക്കായി എന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് സധൈര്യം മുന്നേറാൻ സംരംഭകർക്ക് താങ്ങും തണലും ഊർജ്ജവുമായി ഈ ജനകീയ സർക്കാർ ഉണ്ടാവുമെന്ന് ഒരിക്കൽ കൂടി അദ്ദേഹം സംരംഭകരെ ഓർമ്മിപ്പിയ്ക്കുകയും ചെയ്തു. പുതിയ അംഗീകാരത്തിന്റെ പൊൻതൂവൽ ശിരസ്സിലേറ്റി നമുക്കു മുന്നേറാം സവിനയം…. സാഭിമാനം….