പ്ലാന്റേഷൻ മേഖലയുടെ പുരോഗതിക്കായി പുതിയ നയം

ശ്രീ. മിർ മുഹമ്മദ് അലി ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവൽക്കരണവും നവീകരണവും സംബന്ധിച്ച് സമഗ്ര നയം നടപ്പിലാക്കാൻ ഒരുങ്ങി സംസ്ഥാന വ്യവസായ വകുപ്പ്. പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് (ഐഐഎം കെ) സമർപ്പിച്ച പഠന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പുതിയ നയം നടപ്പിലാക്കുക. മേഖലയുടെ സമഗ്ര പുരോഗതിക്ക് റിപ്പോർട്ട് വഴിയൊരുക്കും.

ഇന്ത്യയിലെ ആദ്യ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച കേരളം പ്ലാന്റേഷൻ മേഖലയെ കുറിച്ചുള്ള സമഗ്ര പഠനം നടത്തുന്നതിനായി ഐഐഎംകെ യുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. പ്ലാന്റേഷൻ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ പ്ലാന്റേഷൻ ഡയറക്ടറേറ്റ് നടപ്പിലാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഡയറക്ടറേറ്റുമായി സഹകരിച്ച് ഐഐഎംകെ പഠനം നടത്തിയതും റിപ്പോർട്ട് അവതരിപ്പിച്ചതും.

കുറഞ്ഞത് പത്തുവർഷമെങ്കിലും ആയുർദൈർഘ്യമുള്ള വിളകളാണ് പ്ലാന്റേഷൻ ഭൂമിയിൽ കൃഷി ചെയ്യേണ്ടത്. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തോട്ടം ഉടമയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകും. ടൂറിസം മേഖലയെ ബാധിക്കാത്ത വിധം ആകണം പ്ലാന്റേഷൻ മേഖലയുടെ നവീകരണവും വൈവിധ്യവൽക്കരണവും നടപ്പിലാക്കേണ്ടത്. ടൂറിസം മേഖലയിൽ പ്ലാൻറേഷൻറെ 5% ഭൂമി പ്രയോജനപ്പെടുത്തുമ്പോൾ ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ആവശ്യമാണ്. ഇതിനെല്ലാം ഒരു ഏകജാലക ക്ലിയറൻസ് സംവിധാനം തോട്ടം മേഖലയിൽ കൊണ്ടുവരും.

സാമ്പത്തിക സാമൂഹിക സുസ്ഥിരത കൈവരിക്കുന്നതിനായി തോട്ടം മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് വെളിച്ചം വീശുന്നതാണ് 69 പേജ് ഉള്ള റിപ്പോർട്ട്. ഒന്നിലധികം വിളകൾ പ്ലാന്റേഷൻ ഭൂമിയിൽ കൃഷി ചെയ്യുന്നതിലൂടെ തോട്ടം മേഖല ലാഭകരമാക്കാൻ കഴിയുമെന്നും പുതിയ വിപണി കണ്ടെത്താമെന്നും പരിസ്ഥിതി സംരക്ഷണത്തിലൂന്നി മുന്നോട്ടുപോകാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. പ്ലാന്റേഷൻ മേഖല ലാഭകരമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ വേതനം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

2024 നവംബർ 17ന് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ ഐ.ഐ.എം.കെ.യുടെ പഠന റിപ്പോർട്ട് അവതരണത്തിന്റെ ഉദ്ഘാടനം ബഹു നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിർവഹിച്ചു. തോട്ടം ഉടമകൾ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറാകണമെന്നും, റിപ്പോർട്ടിലെ സാധ്യത ഉപയോഗപ്പെടുത്തിയാൽ വലിയ തോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയിൽ ഉണ്ടാകാൻ പോകുന്നതെന്നും, ഏറ്റവും കൂടുതൽ പ്ലാന്റേഷൻ ഭൂമിയുള്ള കേരളത്തിൽ പ്ലാന്റേഷൻ ഭൂമി അതേപടി നിലനിർത്തിക്കൊണ്ടുള്ള വൈവിധ്യവൽക്കരണമാണ് നടപ്പിലാക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാർഷിക രീതികളിലും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും മാറ്റം കൊണ്ടുവരുന്നതിലൂടെ തോട്ടം മേഖലയെ ശക്തിപ്പെടുത്താനാകുമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി പി എ മുഹമ്മദ് ഹനീഷ് ചടങ്ങിൽ പ്രതിപാദിച്ചു.

ഐഐഎംകെ പ്രതിനിധികളായ പ്രൊഫസർ വെങ്കിട്ടരാമൻ എസ്, പ്രൊഫസർ അശോഷ് സർക്കാർ എന്നിവർ അവതരിപ്പിച്ച പഠന റിപ്പോർട്ടിൽ കേരളത്തിലെ തോട്ടം മേഖലയെ നവീകരിക്കാനുള്ള നിർദ്ദേശങ്ങളും തോട്ടം മേഖലയിൽ മൂല്യവർദ്ധനവും വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർതലത്തിൽ സ്വീകരിക്കേണ്ട നിരവധി നയരൂപീകരണങ്ങളെക്കുറിച്ചും ശുപാർശ ചെയ്തിട്ടുണ്ട്.