പ്രതീക്ഷയോടെ മുന്നേറുന്ന സാമൂഹ്യ സംരംഭകത്വ മാതൃകകൾ
ആഷിക്ക്. കെ പി
സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവർക്കുവേണ്ടി പ്രവർത്തിക്കാനും സേവനം ചെയ്യുവാനും ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. സാമൂഹ്യ സേവകരായും എൻജിഒ ഭാരവാഹികളായും രാഷ്ട്രീയ പ്രവർത്തകരായും പാലിയേറ്റീവ്, ട്രോമാകെയർ പോലെയുള്ള സംഘടനകളുമായി പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെയും ഒറ്റയ്ക്കും കൂട്ടായ്മയുമായി നമുക്ക് കാണാവുന്നതാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ മുഴുവൻ സമയവും സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരും കൂട്ടത്തിലുണ്ട് . ഇത്തരം ആളുകൾക്ക് സാമൂഹ്യ സേവനം അല്ലെങ്കിൽ സാമൂഹ്യ സംരംഭ പ്രവർത്തനങ്ങൾ ഒരു ജീവിത കർമ്മമാണ്. അവർ അതിന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ സംരംഭകത്വവുമായി കൂട്ടിയിണക്കുകയും സാമൂഹ്യ സേവനങ്ങളെ വളരെ പ്രൊഫഷണൽ ആയി ചെയ്യാൻ കഴിയുകയും ചെയ്യുന്ന, എവിടെയും ഏതു രീതിയിലും ഇടപെടാൻ കഴിയുന്ന മേഖലയാണ് സാമൂഹ്യ സംരംഭകത്വമേഖല. ഒരുപക്ഷേ ആധുനിക ലോകത്ത് ഏറ്റവും പ്രസക്തമായ അല്ലെങ്കിൽ പ്രാധാന്യമേറിയ ഒരു സംരംഭകത്വമേഖലയാണ് സോഷ്യൽ എന്റർപ്രണർഷിപ്പ് അഥവാ സാമൂഹ്യ സംരംഭകത്വം. സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാമൂഹ്യ സംരംഭകത്വത്തിനും സംരംഭകർക്കും കഴിയുന്നു. സംരംഭകത്വ തത്വങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങളുമായും പാരിസ്ഥിതിക പ്രവർത്തനങ്ങളുമായും കൂട്ടിയിണക്കിക്കൊണ്ട് ആഴത്തിൽ പ്രവർത്തിക്കുന്ന മേഖലയാണ് സാമൂഹ്യ സംരംഭകത്വ മേഖല. ഇത്തരം ദീർഘവീക്ഷണവും കാഴ്ചപ്പാടുമുള്ള സാമൂഹ്യ പ്രവർത്തകർ അവർ കെട്ടിപ്പടുക്കുന്ന സംരംഭങ്ങളിലൂടെ സമൂഹത്തിൽ ഉള്ള പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ നൂതനമായ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ഭാഗത്ത് ധാരാളം സംരംഭകത്വ സാധ്യതകൾ തുറക്കുകയും മറുഭാഗത്ത് സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് അവ പരിഹരിക്കുകയും ചെയ്യുന്നു. സാമൂഹ്യ സംരംഭകത്വം ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും വളരെ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്.
എന്തുകൊണ്ട് സാമൂഹ്യ സംരംഭകത്വം പ്രാധാന്യം അർഹിക്കുന്നു എന്നതിന് ഉത്തരമായി ചില കാര്യങ്ങൾ നമുക്ക് കണ്ടെത്താവുന്നതാണ്.
ഒന്നാമതായി, സാമൂഹ്യ സംരംഭകത്വം സാമൂഹ്യ പ്രശ്‌നങ്ങളെ അല്ലെങ്കിൽ പാരിസ്ഥിതിക- സാമ്പത്തിക പ്രശ്‌നങ്ങളെ അതായത് ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രവർത്തനങ്ങൾ, ജെൻഡർ ഇക്വാലിറ്റി തുടങ്ങിയവയെയൊക്കെ അഡ്രസ്സ് ചെയ്യുന്നു എന്നതാണ്. ഈ മേഖലയിലൊക്കെ ഇപ്പോഴും ധാരാളം പ്രശ്‌നങ്ങൾ നമുക്ക് കാണാൻ കഴിയും. നൂതനവും വൈവിധ്യവുമാർന്ന ആശയങ്ങളും മറ്റും ഉപയോഗിച്ച് സ്ഥായിയായി പരിഹരിക്കാവുന്ന മാതൃകകൾ സൃഷ്ടിച്ചാൽ അത് വലിയ സാമൂഹിക മാറ്റത്തിലാണ് പ്രതിഫലിക്കുക, സാമൂഹിക സംരംഭകത്വത്തിന്റെ പ്രഥമ പരിഗണനയും പ്രാധാന്യവും ഇതിനു തന്നെയാണ്. സാമൂഹ്യ സംരംഭകത്വത്തിന്റെ മറ്റൊരു പ്രാധാന്യം വിപണിയിലെ വിടവ് നികത്തുക എന്നതാണ്. പരമ്പരാഗത വിപണിയിൽ ധാരാളം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും കൂട്ടായ ശ്രമങ്ങളിലൂടെയും ഒരുമിച്ച് നിന്നുകൊണ്ട് അഭിമുഖീകരിക്കാനും പരിഹരിക്കാനും കഴിഞ്ഞാൽ ഉൽപാദന സേവന മേഖലകളിൽ വലിയൊരു അളവോളം സാധാരണക്കാരനും താഴേത്തട്ടിൽ ഉള്ള ആളുകൾക്കും ഉപകാരപ്രദമായ ഒന്നായി അവ മാറും.
സാമൂഹ്യ സംരംഭകത്വം സാമ്പത്തിക വളർച്ചയെയും തൊഴിൽ സൃഷ്ടിപ്പിനെയും പ്രോത്സാഹിപ്പിക്കുന്നു. കാരണം മിക്ക സാമൂഹ്യ സംരംഭങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഗ്രാമീണ സാമ്പത്തിക വികസന പ്രവർത്തനങ്ങളിലും ആണ് പ്രവർത്തിക്കുന്നത്. അവിടെ പുതിയ തൊഴിലവസരങ്ങളും പരിശീലന പരിപാടികളും നൈപുണി വികസന പദ്ധതികളും നടത്തിക്കൊണ്ട് ഒരു സമൂഹത്തെ ശാക്തീകരിക്കാൻ അഥവാ സ്വാശ്രയ സമ്പന്നരാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ സാമൂഹ്യ സംരംഭകർ മറ്റുള്ളവർക്ക് മാതൃകയായി പ്രചോദനമായി സാമൂഹ്യ പ്രവർത്തനങ്ങളിൽ എങ്ങനെ ഇടപെടണമെന്നും മറ്റും കാണിച്ചു കൊടുക്കുന്നു. ഇത് വലിയ വലിയ സ്ഥാപനങ്ങൾക്കും സർക്കാരിനും നിക്ഷേപകർക്കും അവരുടെ ഉത്തരവാദിത്തങ്ങളെ തുറന്നു കാട്ടാനും ഇത്തരം സംരംഭകരുമായി ഒത്തുചേർന്നുകൊണ്ട് സാമൂഹ്യ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള വലിയ മാതൃകകൾ സൃഷ്ടി ക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയേകാനും സഹായിക്കുന്നു. സാധാരണക്കാരന് നിത്യജീവിതത്തിൽ സഹായകമാകുന്ന ധാരാളം ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്നും വലിയ ചെലവുകൊണ്ടോ അല്ലെങ്കിൽ മറ്റു പല തടസ്സങ്ങൾ കൊണ്ടോ പ്രാപ്യമാകുന്നില്ല എന്നാൽ സാമൂഹ്യ സംരംഭങ്ങൾ അതിൻറെ നൂതനമായ പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഗ്രാമീണ മേഖലയിലും കോളനികളിലും ദരിദ്ര വിഭാഗങ്ങളുടെ ഇടയിലും അവർക്ക് നിത്യജീവിതത്തിൽ ആവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ചെറിയ ചിലവിൽ ലഭ്യമാക്കാൻ കഴിയും ഇത് നാടിന്റെ സുസ്ഥിര വികസനത്തിന് മുതൽക്കൂട്ടാവും.
ഇന്ത്യയിൽ ഇപ്പോഴും സാമൂഹ്യ സംരംഭകത്വം അത്രയേറെ പ്രചാരം സിദ്ധിച്ചിട്ടില്ല. ഇതിന്റെ കാരണങ്ങൾ പല രീതിയിലാണ് . ഒന്ന്, സാമ്പത്തിക ദൗർലഭ്യതയാണ് എന്ന് പറയാം. ഒരു സാമൂഹ്യ സംരംഭകത്വത്തിന് ചിലപ്പോൾ അതിന്റെ ലക്ഷ്യം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയണമെന്നില്ല. അങ്ങനെ വരുമ്പോൾ തുടക്കത്തിൽ ലഭിക്കുന്ന പണം കൊണ്ട് മാത്രം കൃത്യമായി ആ പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വരുന്നു . ഇത് സാമ്പത്തിക ദൗർലഭ്യത ഉണ്ടാവുകയും പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാതെ മധ്യേ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരുന്നു. മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി സാമൂഹ്യ സംരംഭകത്വത്തിന്റെ പ്രവർത്തന കാലയളവിൽ നേരിടുന്ന പ്രശ്‌നങ്ങൾ ആണ്. ഒരു കച്ചവടത്തെ പോലെ സാമൂഹ്യ സംരംഭകത്വത്തെ അളക്കാൻ ചിലപ്പോൾ കഴിയണമെന്നില്ല. കാരണം അതിൻറെ ലക്ഷ്യം വിശാലവും സങ്കീർണ്ണവും ആയിരിക്കാം. അതുകൊണ്ടുതന്നെ അതിൻറെ പ്രവർത്തനങ്ങളിൽ വരുന്ന ഏതൊരു പ്രശ്‌നങ്ങളും അല്ലെങ്കിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന കഴിവില്ലായ്മകളും മറ്റും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പലപ്പോഴും തടസ്സമാകും.
ഇതേ പോലെ തന്നെയാണ് അതിന്റെ സാധ്യത പഠനങ്ങളും. സാമൂഹ്യ സംരംഭങ്ങളുടെ ലാഭ സാധ്യതകൾ പരമ്പരാഗത ബിസിനസിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ട് തിട്ടപ്പെടുത്തുക എന്ന് പറയുന്നത് എളുപ്പമല്ല. ഇതുപോലെ തന്നെയാണ് സാമൂഹ്യ സംരംഭകത്വത്തിന് ഉള്ള സ്വീകാര്യതയും നിയമ നൂലാമാലകളും മറ്റും. ഇത്തരം ധാരാളം വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് സാമൂഹ്യ സംരംഭകത്വം വലിയ അവസരങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത. ഉദാഹരണത്തിന് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത്വമാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്തരം സാങ്കേതിക വളർച്ച സാമൂഹ്യ സംരംഭകത്വത്തിന് സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെടാൻ വലിയ അളവോളം അവസരങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിവരശേഖരണത്തിനും സമൂഹത്തിൽ ഉണ്ടാകുന്ന ദുരിതങ്ങൾ, രോഗങ്ങൾ, കാലാവസ്ഥ പ്രശ്‌നങ്ങൾ എന്നിവയൊക്കെ കൃത്യമായി മനസ്സിലാക്കാനും അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനും അറിയിക്കാനും സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള സാമൂഹ്യ സംരംഭങ്ങൾക്ക് വലിയ തോതിൽ അവസരങ്ങൾ ഉണ്ടാക്കുന്നു. ഡാറ്റ അനലിറ്റിക്‌സ് സമാന സാങ്കേതികതകളിലും മറ്റും ഊന്നി നിൽക്കുന്ന സാമൂഹ്യ സംരംഭകത്വത്തിന് വലിയ അളവോളം പ്രാധാന്യം ഉണ്ട്. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ അവസരങ്ങളിൽ ഒക്കെ ഇവയുടെ പ്രാധാന്യം നമുക്ക് ഏറെ അറിയുന്നതാണ്. ബ്ലോക്ക് ചെയ്ൻ ടെക്‌നോളജി, നിർമ്മിത ബുദ്ധി, ഇൻറർനെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പ്രശ്‌നം പരിഹാരത്തിനും വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്.
സാമൂഹ്യ സംരംഭകത്വത്തിന് മറ്റൊരു വലിയ സാധ്യതയാണ് കൂട്ടായ്മയിലൂടെ അതിൻറെ പ്രവർത്തനം ഏറെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു എന്നത് . കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം പാലിയേറ്റീവ് കെയർ മേഖലകൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. പങ്കാളിത്ത മനോഭാവത്തിലും ഒറ്റയ്ക്കും ഒരുമിച്ചും ചെയ്യാൻ കഴിയുന്ന പല സാമൂഹ്യ സേവന പ്രവർത്തനങ്ങളും സാമൂഹ്യ സംരംഭങ്ങൾക്ക് ഏറ്റെടുക്കാവുന്നതാണ്. സർക്കാരിനെ അതിന്റെ നയങ്ങളിൽ പൂർത്തീകരിക്കാൻ ഇവ ഏറെ സഹായിക്കുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ തന്നെ ഇടപെട്ടുകൊണ്ട് പ്രവർത്തിക്കാവുന്ന ധാരാളം മേഖലകൾ സാമൂഹ്യ സംരംഭങ്ങളിൽ ഉണ്ട്. പ്രത്യേകിച്ച് മാലിന്യനിർമാർജനം, പാരിസ്ഥിതിക പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹ്യ നവീകരണം, ടൂറിസം ജല സംരക്ഷണം വനസംരക്ഷണം വനിതാ സംരംഭകത്വം പരിശീലനം പരിപാടികൾ ആദിവാസി ഗോത്ര തൊഴിൽ നൈപുണി പരിശീലന പരിപാടികൾ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഉന്നമന പ്രവർത്തനങ്ങൾ എന്നിവയിലൊക്കെ വലിയ അവസരങ്ങളാണ് സാമൂഹ്യ സംരംഭങ്ങൾക്ക് ഉള്ളത്.
ഇന്ത്യയിൽ തന്നെ വിജയിച്ച ധാരാളം ശ്രദ്ധേയമായ സംരംഭകർ സാമൂഹ്യ മേഖലയിൽ ഉണ്ട് .
1995 ൽ ആരംഭിച്ച് ഇന്നും പ്രശസ്തമായി മുന്നേറുന്ന സെൽകോ ഇന്ത്യയുടെ സ്ഥാപകനായ ഹരീഷ് ഹാൻഡേ സുസ്ഥിര ഊർജ്ജ പ്രവർത്തനങ്ങളുമായി ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ്. വൈദ്യുതി ലഭിക്കാത്ത ഗ്രാമങ്ങളിൽ കോളനികളിലും ഇദ്ദേഹത്തിൻറെ സാമൂഹ്യ സംരംഭകത്വത്തിലൂടെ സെൽ കോ ഇന്ത്യ എന്ന സ്ഥാപനം വഴി 7 ലക്ഷം വീടുകളിൽ സൗരോർജ്ജ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. കോളനികളിലും ഗ്രാമീണ മേഖലകളിലും വൈദ്യുതി എത്തിക്കാനും സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തുവാനും സെൽകോ ഇന്ത്യ എന്ന സാമൂഹ്യ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യ സംരംഭകത്വസ്ഥാപനത്തിന്റെ ഉടമയായ അനുഷ് ഗുപ്ത ഒരേസമയം ദാരിദ്ര്യ നിർമാർജത്തെയും മാലിന്യനിർമാർജനത്തെയും ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന ശ്രദ്ധേയനായ സംരംഭകരാണ്. അനുഷ് ഗുപ്തയുടെ ഗൂഞ്ച് എന്ന സാമൂഹ്യ സംരംഭകത്വം നഗര മേഖലകളിൽ നിന്ന് ഉപയോഗശൂന്യമായ സാധനങ്ങൾ ശേഖരിച്ച് അവ പുനരുൽപാദനം നടത്തി ഗ്രാമീണ മേഖലകളിലും പിന്നോക്കം നിൽക്കുന്ന ഇടങ്ങളിലും വിതരണം ചെയ്തു സുസ്ഥിരമായ വികസനം സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഏറെ ശ്രദ്ധേയമായ സാമൂഹ്യ സംരംഭകത്വ മാതൃകയാണ് ഇത്. നഗരമേഖലകളിൽ മാലിന്യനിർമാർജനം നടത്തുകയും ഗ്രാമീണ മേഖലയിൽ വസ്ത്രം മറ്റു ഉൽപ്പന്നങ്ങൾ എന്നിവ ചെറിയ വിലയിൽ വിതരണം ചെയ്യാനും സഹായിക്കുന്നു.
നീലം ചിബറുടെ ഇൻഡസ്ട്രി ഫൗണ്ടേഷൻ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു വലിയ സാമൂഹ്യ സംരംഭമാണ്. ഗ്രാമപ്രദേശങ്ങളിൽ ഉള്ള സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി അവരുടെ നൈപുണികൾ വികസിപ്പിച്ചെടുത്ത് പരമ്പരാഗതമായ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പരിശീലിപ്പിച്ച് അവ നിർമ്മിച്ച് അതിന്റെ വിപണി കണ്ടെത്തി അത് വിറ്റഴിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്. ഈ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കൾക്ക് വ്യത്യസ്തമായ ബ്രാൻഡുകൾ നൽകിക്കൊണ്ട് വിപണി കീഴടക്കാൻ സഹായിക്കുന്നു. താരു നാച്ചുറൽസ് ഉടമയായ രുചി ജയ ചെറുകിട കർഷകരുടെ ഇടയിൽ പ്രവർത്തിച്ചു അവർക്ക് എങ്ങനെ കാർഷിക പ്രവർത്തനങ്ങൾ വൈവിധ്യപൂർണവും മാർക്കറ്റിന് ഉതകുന്ന രീതിയിൽ ആക്കി മാറ്റിക്കൊണ്ട് മുന്നേറാം എന്ന് കാണിച്ചു കൊടുക്കുന്ന സംരംഭകത്വ പ്രവർത്തനങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യതകൾ ലഭിക്കുന്ന തരത്തിൽ അവരെ സഹായിക്കുന്ന സാമൂഹ്യ സംരംഭകയാണ് ഇവർ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ പരിവർത്തനം എന്ന സംഘടന ആദ്യകാലങ്ങളിൽ സുതാര്യത അഴിമതി നിർമാർജനം എന്നിവ പൊതു സേവന ഭരണ രംഗങ്ങളിൽ ഉറപ്പുവരുത്താൻ നിയുക്തമായ ഒരു സാമൂഹ്യ സംരംഭമായിരുന്നു. ഇത് ഒരു രാഷ്ട്രീയ പാർട്ടിയായി പിന്നീട് മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ മികച്ച സാമൂഹ്യ സംരംഭകർ ഒക്കെ നൂതനമായ രീതിയിലുള്ള പ്രവർത്തനങ്ങളും ആശയ രൂപീകരണവും നടത്തി സാമൂഹ്യ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുന്നു. അത്തരം ആളുകൾക്ക് മാതൃകയായ പ്രവർത്തനങ്ങൾ നടത്തിയ ഒട്ടേറെ മഹാരധന്മാരെ കുറിച്ച് നമുക്ക് ഏറെ അറിയാം. ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ വർഗീസ് കുര്യൻ ഗുജറാത്തിൽ ആരംഭിച്ച അമൂൽ സഹകരണ മാതൃക സാമൂഹ്യ സംരംഭകത്വത്തിന് ഒരു വലിയ ഉദാഹരണമാണ്. കേരളത്തിലെ കുടുംബശ്രീ സാമൂഹ്യ സംരംഭകത്വത്തിലൂടെ ഇന്ന് മാലിന്യനിർമാർജനം, ഉൽപാദനം, മറ്റു സേവന പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നുവേണ്ട മിക്ക മേഖലകളിലും പ്രവർത്തിച്ചുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന് ലോകത്തിൽ തന്നെ ഉത്തമമായ മാതൃകകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടുകാരിയായ അരുണാചലം മുരുകനാഥൻ കേരളത്തിൽ ആരംഭിച്ച ജയശ്രീ ഇൻഡസ്ട്രീസ് എന്ന സാമൂഹ്യ സംരംഭകത്വം ചെറിയ ചിലവിൽ സാനിറ്ററി പാഡ് നിർമ്മിക്കുന്ന ഉപകരണങ്ങൾ ഉണ്ടാക്കി വലിയ അളവിൽ സാനിറ്ററി പാഡുകൾ വിതരണം ചെയ്തു സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വനിതയാണ്.
സാമൂഹ്യ സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമൂഹ്യ സംരംഭകത്വ മേഖലകളിൽ നവീനമായ മാതൃകകൾ സൃഷ്ടിക്കുന്നവർക്കും സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവർക്കും വിവിധ സ്‌കീമുകളിലൂടെ ധാരാളം സാമ്പത്തിക സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. നാഷണൽ റൂറൽ ലൈവിലി ഹുഡ് മിഷൻ, എം എസ് എം ഇ സ്‌കീമുകൾ , ഇന്നവേഷൻ മിഷൻ, ക്രൗഡ് ഫണ്ട് സ്‌കീമുകൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. 2013ൽ സർക്കാർ തുടങ്ങിവച്ച നിർബ്ബന്ധിത കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ മേഖലകളിൽ ഇടപെടാനും അവ പരിഹരിക്കുവാനും ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുവാൻ വൻകിട കോർപ്പറേറ്റുകളെ പ്രേരിപ്പിക്കുന്നു. ഇത് ഒന്നുകിൽ നേരിട്ടോ അല്ലെങ്കിൽ സാമൂഹ്യ സംരംഭകർ വഴിയോ അവർക്ക് ചെയ്യാൻ കഴിയുന്നതാണ്.
ഇങ്ങനെ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ധാരാളം സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സാമൂഹ്യ സംരംഭകർക്ക് നൽകിക്കൊണ്ടിരിക്കുന്നു. ഒരു സമൂഹത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അവയിൽ നമുക്ക് നടപ്പിലാക്കാൻ കഴിയുന്ന ഒരു പ്രശ്‌നത്തെ എടുത്തു കൊണ്ട് അത് പരിഹരിക്കാനുള്ള സംരംഭം സൃഷ്ടിച്ചെടുത്ത് അത് വിജയിപ്പിക്കാൻ ശ്രമിച്ചാൽ തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന മിക്ക സാമൂഹിക പ്രശ്‌നങ്ങളെയും ഇല്ലാതാക്കുവാൻ നമുക്ക് കഴിയും. സാമൂഹ്യ സംരംഭങ്ങളുടെ പ്രസക്തിയും അതു തന്നെയാണ്. ഗവൺമെന്റിന് തനിച്ചോ ഒരു കൂട്ടം സംരംഭകർക്ക് മാത്രമോ ചെയ്യാവുന്ന പ്രവർത്തനങ്ങൾ അല്ല അത്. സുസ്ഥിര വികസനം സാധ്യമാവണമെങ്കിൽ നമ്മുടെ പരിസരം അതിനുതകുന്ന രീതിയിൽ വികസിക്കേണ്ടതുണ്ട്. സാധാരണക്കാരന് ഉപകരിക്കാവുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. ഇതൊക്കെ പ്രൊഫഷണൽ ആയും കൂട്ടായും ചെയ്യുവാൻ സാമൂഹ്യ സംരംഭകത്വം എന്ന മഹത്തായ ആശയം ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്.