പൊതുമേഖലയ്ക്ക് ഊർജ്ജം പകർന്ന് പി. എസ്. യു പുരസ്‌കാരങ്ങൾ

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
മുന്നേറുന്ന പൊതുമേഖലാ വ്യവസായ മേഖല കേരളം രാജ്യത്തിന് മുൻപിൽ വെക്കുന്ന മാതൃകയാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ തുടർച്ചയായ മുന്നേറ്റം സാധ്യമാക്കുന്ന ഘട്ടത്തിൽ അവർക്ക് പ്രോത്സാഹനം നൽകുന്നതിനായി ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് പി.എസ്.യു അവാർഡ്‌സ്. ഓരോ വർഷവും ഏറ്റവും മികച്ച പി.എസ്.യു, ഏറ്റവും മികച്ച മാനേജിങ്ങ് എഡിറ്റർമാർ എന്നിവരെ തെരഞ്ഞെടുത്തുകൊണ്ട് മത്സരക്ഷമതയോടെ പ്രവർത്തിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കാനാണ് ഈ അവാർഡിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്. വ്യവസായ രംഗത്തെക്കുറിച്ചുള്ള ഏറ്റവും റിപ്പോർട്ടുകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കും അവാർഡുകൾ നൽകുന്നുണ്ട്.
വ്യത്യസ്ത വിഭാഗങ്ങളിലായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിൽ ഈ വർഷം, 200 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് ജേതാവായിരിക്കുന്നത്. ഒപ്പം 100 കോടി മുതൽ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും 50 കോടി മുതൽ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡും 50 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡും സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മാനേജിംഗ് ഡയറക്ടർ പുരസ്‌കാരം സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് എം.ഡി കമാൻഡർ (റിട്ട.) പി. സുരേഷ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് എം. ഡി ഡോ. പ്രതീഷ് പണിക്കർ എന്നിവർക്കാണ്.
പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോയി ലാഭത്തിൽ പ്രവർത്തിക്കേണ്ടത് നാടിന്റെ പൊതുസമ്പദ്ഘടനയ്ക്ക് അത്യാവശ്യമാണ്. അതിനു വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ, സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനപ്പുറം സ്വയം മുന്നേറാനും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാധിക്കണം. വൈവിധ്യവൽക്കരണത്തിലൂടെയും പുതിയ മാർക്കറ്റുകളിലേക്ക് കാലെടുത്തുവെച്ചുമൊക്കെ സ്വകാര്യമേഖലയോട് മത്സരിച്ചു മുന്നേറാൻ ഇവർക്ക് സാധിക്കണം. ഇങ്ങനെയുള്ള സമീപനങ്ങളിലൂടെ നമ്മുടെ സ്ഥാപനങ്ങൾ സമീപകാലങ്ങളിൽ ലാഭം വർധിപ്പിച്ചും നഷ്ടം കുറച്ചും വിറ്റുവരവിൽ റെക്കോർഡ് സൃഷ്ടിച്ചുമെല്ലാം മുന്നോട്ടുപോകുകയാണ്. ഇനിയും ഈ മുന്നേറ്റം തുടരുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പുരസ്‌കാരം. നമുക്കിനിയും മുന്നേറാം.
