പുതിയ കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ദാവോസ് സമ്മേളനം
ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാം വാർഷിക സമ്മേളനം വ്യവസായ രംഗത്തെ കേരളത്തിന്റെ കുതിപ്പിന് ഊർജ്ജം പകരുന്നതായിരുന്നു. 19 വർഷങ്ങൾക്കു ശേഷമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കേരളം പങ്കെടുക്കുന്നത്. WEF മായി ദീർഘകാല സഹകരണത്തിനുള്ള സാധ്യതകൾ തുറന്ന സമ്മേളനമാണിത്.
വ്യവസായ മേഖലയിൽ സംസ്ഥാനം കൈവരിച്ച മുന്നേറ്റം ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിധ്യമാകാനും ദാവോസിൽ കേരളത്തിന് സാധിച്ചു. സാമ്പത്തിക ഫോറത്തിൽ ഇതാദ്യമായാണ് കേരള പവലിയൻ ഒരുക്കുന്നത്. കേരളത്തിന്റെ വ്യവസായ സാധ്യതകളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ് പവലിയൻ പ്രതിഫലിപ്പിച്ചത്. 70 ഓളം കമ്പനികളുടെ പ്രതിനിധികളുമായി ദാവോസിൽ ചർച്ച നടത്തി. പ്രധാന രാഷ്ട്ര പ്രതിനിധികളേയും കണ്ടു. ഐടി മുതൽ എംഎസ്എംഇ വരെ കേരളം വളർച്ച കൈവരിച്ച വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്.
വേൾഡ് ഇക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി തെരഞ്ഞെടുക്കപ്പെട്ടതായി ദാവോസിൽ പ്രഖ്യാപനമുണ്ടായി. സംസ്ഥാനത്തിന്റെ വാർഷിക കാർബൺ ബഹിർഗമനത്തിന്റെ തോത് നിശിതമായി കുറയ്ക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാരിന്റെ പുതിയ വ്യവസായ നയത്തിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇത് കേരളത്തിൻറെ നിക്ഷേപ മേഖലയിൽ വലിയ സ്വാധീനം ചെലുത്തും. എ ബി ഇൻബെവ്, ഗ്രീൻകോ, ഹിറ്റാച്ചി, ടിവിഎസ് ലോജിസ്റ്റിക്‌സ്, ജൂബിലൻറ്, ഭാരത് ഫോർജ്, എച്ച്‌സിഎൽ, സിഫി, വെൽസ്പൺ, ഇൻഫോസിസ്, വാരി, സുഹാന സ്‌പൈസസ് തുടങ്ങിയ കമ്പനികളിൽ നിന്ന് കേരളം നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.
‘വി ആർ ചേഞ്ചിങ് ദ നേച്വർ ഓഫ് ബിസിനസ്’ എന്ന പ്രമേയം ഉൾക്കൊള്ളുന്ന ഡബ്ല്യുഇഎഫിലെ ഇന്ത്യ പവലിയന്റെ ഭാഗമായി സജ്ജീകരിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പവലിയൻ ആദ്യ ദിവസം മുതൽ സംരംഭകരെയും നിക്ഷേപകരെയും ആകർഷിച്ചു. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം നൽകുന്നതിലൂടെ കൂടുതൽ നിക്ഷേപം ആകർഷിക്കാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യാവസായിക ഇടനാഴി, കേരളത്തിന്റെ സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ മാതൃക എന്നിവയ്ക്ക് പവലിയനിൽ ഊന്നൽ നൽകി. പ്രകൃതി, ജനങ്ങൾ, വ്യവസായം (നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി) എന്നതാണ് ഇൻവെസ്റ്റ് കേരളയുടെ ടാഗ് ലൈൻ.
സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് പുരോഗതി കൈവരിക്കുന്ന കേരളത്തിന്റെ വ്യവസായ മാതൃക ദാവോസിൽ പ്രശംസ നേടി. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ നേരിടുന്ന കാലത്ത് ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായ മാതൃകയ്ക്ക് ഊന്നൽ നൽകുന്നതും ദാവോസിൽ കേരളത്തെ വ്യത്യസ്തമാക്കി. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടിയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ ഏറെ സഹായകരമായി ദാവോസ് സമ്മേളനം മാറും എന്നുറപ്പാണ്.