പാഡ് പ്രിന്റിംഗ്
ഡോ. ബൈജു നെടുങ്കേരി
കേരളത്തിന്റെ ഗ്രാമങ്ങളിൽ അടക്കം സംരംഭക സൗഹൃദ ആവാസവ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. വ്യവസായം ആരംഭിക്കാൻ മടിച്ചു നിന്നിരുന്ന ജനസമൂഹത്തിന്റെ ഇടയിൽ നിന്ന് ധൈര്യപൂർവ്വം റിസ്‌ക് എടുക്കാൻ തയ്യാറായി മുന്നോട്ടുവന്നവരിൽ ഭൂരിഭാഗവും വിജയം കൊയ്തു. വിജയിച്ചവരിൽ ഇന്ന് നാം കാണുന്ന പലരും ആദ്യകാലങ്ങളിൽ പരാജയം രുചിച്ചവർ ആയിരുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ വനിതകൾ അടക്കം സംരംഭക രംഗത്തേക്ക് കടന്നുവരുന്നു. കേരളത്തിൽ നിലവിലുള്ള വിപണി തന്നെയാണ് പുതു സംരംഭകരെ പ്രചോദിപ്പിക്കുന്ന മുഖ്യഘടകം. ലൈസൻസിംഗ് നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെട്ടതും വീടുകളിൽ പോലും വ്യവസായം ആരംഭിക്കാൻ അനുമതി ലഭിച്ചതും എല്ലാം അനുകൂല ഘടകങ്ങളാണ്.
ഉൽപാദന സംരംഭങ്ങൾക്കൊപ്പം തന്നെ സേവന സംരംഭങ്ങളും കേരളത്തിൽ പ്രസക്തമാണ്. കേരളത്തിലെ വ്യാവസായിക മേഖലയ്ക്ക് തന്നെ ആവശ്യമുള്ള പല സേവനങ്ങൾക്കും ഇപ്പോൾ തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്. കേരളത്തിലുള്ള വ്യവസായികൾ അടക്കം തമിഴ്നാടിനെ ആശ്രയിക്കുന്ന ഒരു സേവന പ്രവർത്തനമാണ് പാഡ് പ്രിന്റിംഗ്. കേരളത്തിലെ വീടുകളിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണിത്.
എന്താണ് പാഡ് പ്രിന്റിംഗ് അഥവാ ടാംപോഗ്രാഫി
വൈവിധ്യമാർന്നതും, കൃത്യതയുള്ളതും ചിലവ് കുറഞ്ഞതുമായ പ്രിന്റിംഗ് രീതിയാണ് പാഡ് പ്രിന്റിംഗ്. ടാംപോഗ്രാഫി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പ്ലാസ്റ്റിക്കിലും റബ്ബറിലും ഗ്ലാസ്സിലും ഒക്കെ നിർമ്മിക്കുന്ന വിവിധങ്ങളായ ഉൽപന്നങ്ങളിൽ പേരോ അനുബന്ധവിവരങ്ങളോ പ്രിന്റ് ചെയ്യുന്ന രീതിയാണ് പാഡ് പ്രിന്റിംഗ്. കമ്പനി ലോഗോ, കമ്പനി പേര്, ശ്രദ്ധയിൽപ്പെടുത്തേണ്ട പ്രധാന വിവരങ്ങളൊക്കെയാണ് പാഡ് പ്രിന്റിംഗിലൂടെ ഉൽപ്പന്നത്തിൽ പതിപ്പിക്കുന്നത്. ഉദാഹരണത്തിന് ജ്വല്ലറികളിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് ബോക്സിൽ ജ്വല്ലറിയുടെ പേര് ആലേഖനം ചെയ്തിരിക്കുന്നത് പാഡ് പ്രിന്റിംഗ് രീതിയിലാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ, ലെതർ ഉല്പന്നങ്ങൾ, ബാഗുകൾ, പേഴ്സുകൾ എന്നിവയിൽ നിർമ്മാതാക്കളുടെ ലോഗോ പ്രിന്റ് ചെയ്യുന്നത് ഈ രീതിയിലാണ്. ഭക്ഷണം പാഴ്സലായി ഹോട്ടലുകളിൽ നിന്ന് വാങ്ങുമ്പോൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഹോട്ടലിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പാഡ് പ്രിന്റിംഗ് രീതിയിലാണ്. ചെരുപ്പുകൾ, ഗിഫ്റ്റ് ഐറ്റംസ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഡയറികൾ, പെൻ സ്റ്റാൻഡുകൾ, തടിയിൽ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ തുടങ്ങി ധാരാളം ഉൽപന്നങ്ങളിലെ പ്രിന്റിംഗിന് പാഡ് പ്രിന്റിംഗാണ് ഉപയോഗപ്പെടുത്തുന്നത്.
നാനോ സംരംഭം
പാഡ് പ്രിന്റിംഗ് നാനോ സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാം. വനിതകൾക്കും ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് പാഡ് പ്രിന്റിംഗ്. വീടുകളിലെ കടമകൾ നിർവഹിച്ചുകൊണ്ട് തന്നെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി മറ്റ് കമ്പനികൾക്ക് വേണ്ടി പ്രിന്റിംഗ് വർക്ക് ചെയ്ത് നൽകി വലിയ ബുദ്ധിമുട്ടില്ലാതെ വരുമാനം ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് പാഡ് പ്രിന്റിംഗ്. വീട്ടിലെ സൗകര്യം ഉപയോഗിച്ച് സ്ഥാപിക്കാവുന്ന യന്ത്രമാണ് പാഡ് പ്രിന്റിംഗിന് ഉപയോഗിക്കുന്നത്. ഗാർഹിക വൈദ്യുതി തന്നെ സംരംഭത്തിനായി ഉപയോഗപ്പെടുത്താം.
മാർക്കറ്റിംഗ്
ജ്വല്ലറികൾ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിവിധങ്ങളായ ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവരെ നേരിൽ സന്ദർശിച്ചോ, ഫോൺ മുഖാന്തിരമോ പാഡ് പ്രിന്റിംഗ് സർവീസ് ആരംഭിച്ച വിവരം അറിയിക്കാം. സോഷ്യൽ മീഡിയ വഴി പോസ്റ്ററുകൾ ഷെയർ ചെയ്തും സർവീസ് നൽകുന്ന വിവരം ജനങ്ങളെ അറിയിക്കാം. ആവശ്യക്കാർ നമ്മളെ തേടി എത്തും. കാരണം ഇപ്പോൾ ഈ സർവീസിനായി ഭൂരിപക്ഷം വ്യവസായികളും തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. സമയനഷ്ടം കൂടാതെ തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള ട്രാൻസ്പോർട്ടേഷൻ ചിലവും കേരളത്തിലെ സംരംഭകർ വഹിക്കേണ്ടി വരുന്നു. കേരളത്തിൽ യൂണിറ്റ് ആരംഭിക്കുമ്പോൾ നമ്മുടെ നാട്ടിലെ മറ്റ് സംരംഭങ്ങൾക്കും അത് ഗുണകരമാണ്.
പാഡ് പ്രിന്റ് ചെയ്യുന്ന രീതി
നിർമ്മാതാവിന്റെ ലോഗോയോ പേരോ മറ്റ് വിവരങ്ങളോ ഉൾപ്പെടുന്ന ഇമേജുകളായാണ് ലഭിക്കുക. പ്രിന്റ് ചെയ്യേണ്ട മെറ്റീരിയലിന് അനുസരിച്ച് ടി ഇമേജിന്റെ പാഡ് നിർമ്മിക്കും. സിലിക്കോൺ ഉപയോഗിച്ചാണ് പാഡുകൾ നിർമ്മിക്കുന്നത്. ഈ സിലിക്കോൺ പാഡുകൾ യന്ത്രത്തിൽ സ്ഥാപിക്കും. യന്ത്രം തനിയെ ടി പാഡുകളെ മഷി പുരണ്ട പ്രതലത്തിൽ അമർത്തിയതിന് ശേഷം പ്രിന്റ് ചെയ്യേണ്ട മെറ്റീരിയലിൽ പതിപ്പിക്കും. സിൽവർ, റെഡ് , ബ്ലൂ, വൈറ്റ്, ഗോൾഡൻ, മഞ്ഞ നിറങ്ങളിലുള്ള മഷികൾ ലഭ്യമാണ്. പാഡ് പ്രിന്റ് ഇങ്ക് എന്നാണ് ഈ മഷികൾ പൊതുവെ അറിയപ്പെടുന്നത്. യന്ത്രം ഓട്ടോമാറ്റിക് രീതിയിലും മാന്വൽ രീതിയിലും പ്രവർത്തിപ്പിക്കാനാവും. മണിക്കൂറിൽ 1000 പ്രിന്റ് വരെ നടത്താൻ ശേഷിയുണ്ട്. വളഞ്ഞതും പരന്നതും ആയ പ്രതലങ്ങളിലെല്ലാം പ്രിന്റിംഗ് നടത്താം.
മൂലധനനിക്ഷേപം
പാഡ് പ്രിന്റിംഗ് യന്ത്രം – 2,40,000
കംപ്രസ്സർ അനുബന്ധ ഉപകരണങ്ങൾ – 25,000
ആകെ – 2,65,000
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
പ്രതിദിനം 6000 പ്രിന്റുകൾ ചെയ്യുന്നതിന്റെ ചിലവ്
വേതനം – 800.00
മഷി – 1000 .00
വൈദ്യുതി- 50 .00
ഇതര ചിലവുകൾ – 100.00
ആകെ – 1950 .00
വരവ്
പ്രതിദിനം 6000 പ്രിന്റുകൾ ചെയ്ത്
നൽകുമ്പോൾ ലഭിക്കുന്നത്
6000 * 1.00 = 6000.00
ലാഭം
6000 – 1950 =4050.00
യന്ത്രങ്ങൾ, പരിശീലനം
പാഡ് പ്രിന്റിംഗിൽ പരിശീലനവും യന്ത്രവും പിറവം അഗ്രോപാർക്കിൽ ലഭിക്കും – 0485-2999990
ലൈസൻസുകൾ
ഉദ്യം രജിസ്ട്രേഷൻ , കെ – സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതി ചിലവിന് ആനുപാതികമായി സർക്കാർ ധനസഹായം ലഭിക്കും