നൂറ്റാണ്ടിന്റെ വിജയവുമായി സെഞ്ച്വറി പോളിമേഴ്‌സ്

പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒരു തരംഗമായി വിപണി കൈയടക്കിത്തുടങ്ങിയ കാലത്താണ് ചോക്ലേറ്റ്, ഉണങ്ങിയ പഴങ്ങൾ എന്നിവയുടെ കണ്ടെയ്‌നറുകളുടെ ഒരു ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് കൊല്ലം ജില്ലയിലെ കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിൽ സംരംഭകനായ വിജയൻ പിള്ള ലക്ഷ്യമിടുന്നത്.

2004 മുതൽ കൊല്ലം ജില്ലയിലെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിലെ Century Polymers എന്ന പേരിൽ ആരംഭിച്ച സ്ഥാപനം ഇന്ന് ഇന്ത്യ മുഴുവൻ വിപണി കീഴടക്കിക്കഴിഞ്ഞു.

ആറു വർഷത്തോളമുള്ള പ്രവാസ ജീവിതത്തിനുശേഷം ഡൽഹിയിൽ വിവിധ ആട്ടോമൊബൈൽ കമ്പനികളിൽ പ്രവർത്തിച്ചിരുന്ന നാളുകളിലാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്ന ലക്ഷ്യം മനസിൽ മുള പൊട്ടിയത്. ഇന്ത്യ ടുഡേയിൽ വന്ന ഇന്ത്യ തിളങ്ങുന്നു എന്ന ആർട്ടിക്കിൾ വായിക്കാനിടയായത് ആ ലക്ഷ്യത്തിന് പുറകേ പോകാൻ ആത്മവിശ്വാസം നൽകി.

ചോക്ലേറ്റ്, ഉണങ്ങിയ പഴങ്ങൾ എന്നീ ഉത്പന്നങ്ങൾ കേടാകാതെ വിപണിയിൽ ദീർഘകാലം നിലനിർത്തുവാൻ പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഫലപ്രദമാണെന്നും എന്നാൽ ഇത്തരം ഉൽപാദന യൂണിറ്റുകൾ കേരളത്തിൽ അധികം ഇല്ലായെന്നും മറ്റുള്ള സാധ്യതാ പഠനങ്ങൾ നടത്തിയശേഷം തന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾക്ക് ഒന്നൊന്നായി തുടക്കമിട്ടു.

വാടകയ്‌ക്കെടുത്ത് 200 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ കാനറ ബാങ്ക് മൺട്രാത്തുരുത്ത് ശാഖയിൽ നിന്നും എടുത്ത 1,65,000/- രൂപ പ്രവർത്തന മൂലധന വായ്പയും Second hand ആയി വാങ്ങിയ ഒരു ലക്ഷം രൂപയുടെ Hand mould ഉം ഉപയോഗിച്ചായിരുന്നു 2004-ൽ ഉൽപാദനം ആരംഭിച്ചത്. 2012 വരെയും പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് മെല്ലെ വളർന്ന് വന്ന സ്ഥാപനം അതിനുശേഷം 35 ലക്ഷം രൂപയുടെ ന്യൂതന സാങ്കേതിക യന്ത്രസാമഗ്രികൾ വാങ്ങി ഉത്പാദനം വർദ്ധിപ്പിക്കുകയും വിശാലമായ വിപണി കണ്ടെത്താനും ആരംഭിച്ചു. 2022 എത്തുമ്പോൾ നിലവിലുള്ളതിനു പുറമേ, 2 കോടിയുടെ യന്ത്ര സാമഗ്രികളും നിലവിലുള്ള 2500 ചതുരശ്ര അടി കെട്ടിടത്തിനു പുറമേ 6,500 ചതുരശ്ര അടി വലിപ്പമുള്ള പുതിയ കെട്ടിടവും സ്ഥാപിച്ച് അതിന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനം ആരംഭിക്കുവാൻ സ്ഥാപനം തയ്യാറെടുത്തു കഴിഞ്ഞു. 90kw കണക്ടഡ് ലോഡുള്ള ഈ സ്ഥാപനത്തിൽ നിലവിൽ അമ്പതോളം പേർ തൊഴിലെടുക്കുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലായി മുഖ്യവിപണി കണ്ടെത്തിയിട്ടുള്ള സ്ഥാപനത്തിന് ഇന്ന് ദശലക്ഷങ്ങൾ വിറ്റുവരവുണ്ട്. 2012-ൽ ഇ. എസ്. എസ്. പദ്ധതി പ്രകാരം 2,35,000/- രൂപ സർക്കാരിൽ നിന്നും വ്യവസായ വകുപ്പ് മുഖേന സബ്‌സിഡിയായി ലഭിച്ചിട്ടുണ്ട്.

വ്യക്തമായ ലക്ഷ്യബോധവും അതിനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസാന്നിദ്ധ്യവും കാലത്തിന് അനുസൃതമായ കാഴ്ചപ്പാടും ഉണ്ടെങ്കിൽ ഏതു സംരംഭത്തേയും വിജയവീഥിയിൽ എത്തിക്കുവാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അമ്പത്തിനാലുകാരനായ വിജയൻ പിള്ളയുടെ ജീവിത കഥ.