നിക്ഷേപങ്ങളുടെ പറുദീസയായി കേരളം

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

കേരളം വലിയ നിക്ഷേപങ്ങളുടെ തുടർച്ചയായ കടന്നുവരവിന് സാക്ഷ്യം വഹിക്കുന്നു എന്നതാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ശേഷം ഇവിടെയുണ്ടായ മാറ്റം. മുൻകാലങ്ങളിൽ വിരലിലെണ്ണാവുന്ന വലിയ നിക്ഷേപങ്ങളാണ് ഒരു വർഷം കേരളത്തിൽ കടന്നുവന്നിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ മാസവും ശതകോടികളുടെ നിക്ഷേപങ്ങൾ കടന്നുവരുന്ന വാർത്ത സാധാരണമായി മാറിയിരിക്കുന്നു. ഒപ്പം കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ മുൻകാലങ്ങളിൽ കേരളത്തിന് പുറത്താണ് വിപുലീകരണത്തിനുള്ള സാധ്യതകൾ അന്വേഷിച്ചിരുന്നതെങ്കിൽ ഇവിടെത്തന്നെ വിപുലീകരണം നടത്തുന്നതിനും ഒപ്പം മറ്റു കമ്പനികളോട് കേരളത്തിലൊരു യൂണിറ്റ് ഇട്ടുനോക്കൂ എന്ന് പറയുന്നതിനുമുള്ള ആത്മവിശ്വാസം നമ്മുടെ നാട് അവർക്ക് നൽകുകയാണിപ്പോൾ. 500 കോടി രൂപയുടെ നിക്ഷേപമാണ് ണഏഒ ഹോട്ടൽസ് ആന്റ് റിസോർട്ട്സ് ഇപ്പോൾ കേരളത്തിൽ നടത്തുന്നത്. ഇൻവെസ്റ്റ് കേരളയിലൂടെ കടന്നുവന്ന എൻ ഡി ആർ വെയർഹൗസിങ്ങ് ഇപ്പോൾ 250 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ലോജിസ്റ്റിക്സ് മേഖലയിൽ വിഴിഞ്ഞം തുറമുഖമുൾപ്പെടെ സൃഷ്ടിക്കുന്ന പുതിയ മാറ്റങ്ങളെ പൂർണമായും ഉൾക്കൊള്ളാൻ കേരളം അതിവേഗം ശ്രമിക്കുകയാണ്. ഇതിലൂടെ നമുക്ക് രാജ്യത്തിന്റെ തന്നെ ലോജിസ്റ്റിക്സ് ഹബ്ബായി മാറാനും സാധിക്കും.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കഴിഞ്ഞതോടെ ഒരേസമയം വിവിധ മേഖലകളിൽ വലിയ നിക്ഷേപം കടന്നുവരുന്നു. കൊച്ചിയിൽ ജിയോജിത് ആരംഭിക്കുന്ന പുതിയ ഐടി സമുച്ചയത്തിന് കല്ലിട്ടത് മെയ് അവസാന വാരമാണ്. 16 നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇതിലൂടെ ഉയർന്ന വേതനം ലഭിക്കുന്ന രണ്ടായിരത്തിലധികം തൊഴിലുകളും കേരളത്തിൽ സൃഷ്ടിക്കപ്പെടും. ഏപ്രിൽ മാസത്തിൽ 1211 കോടിയുടെ 4 നിക്ഷേപ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചെങ്കിൽ മെയ് മാസത്തിൽ 2675 കോടിയുടെ 8 പദ്ധതികൾക്ക് കൂടി തുടക്കം കുറിച്ചു. ജൂൺ മാസത്തിൽ 1117 കോടി രൂപയുടെ പദ്ധതികൾ….

കേരളത്തിൽ പുതിയ കമ്പനികൾ കടന്നുവരുന്നതും കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകുകയാണ്. കേരളത്തിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും എല്ലാ കമ്പനികളെയും ആകർഷിക്കുന്നതാണെന്നും മാധ്യമങ്ങൾ എഴുതുന്നു. 10 വർഷം മുൻപത്തെ കേരളത്തിൽ ഇത്തരമൊരു സാഹചര്യം ചിന്തിക്കാനാകില്ലെന്നാണ് ദി പ്രിന്റ് എഴുതിയത്. ഈ മാറ്റം കൊണ്ടുവരാൻ സാധിച്ചതിൽ സർക്കാരിന് അഭിമാനമുണ്ട്. തായ്വാൻ ഓഫ് ഇന്ത്യ എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളത്തെ വിശേഷിപ്പിച്ചത്. ഉയർന്ന നൈപുണ്യമുള്ള ഉയർന്ന വേതനമുള്ള തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേരളത്തിലേക്ക് കടന്നുവരുന്ന കമ്പനികൾ ഇതിന്റെ തെളിവാണെന്നും പത്രം ഉയർത്തിക്കാട്ടുന്നു. നമ്മുടെ മാറ്റം വളരെ പ്രകടവും കേരളത്തിന്റെ മുന്നേറ്റത്തിന് ഊർജ്ജം പകരുന്നതുമാണ്. ഈ നയം സർക്കാർ തുടരും. നാട് വളരും..