നിക്ഷേപകരുടെ പറുദീസയായി കേരളം

ശ്രീ. പി. രാജീവ്

വ്യവസായം, വാണിജ്യം, നിയമം, കയർ വകുപ്പ് മന്ത്രി

‘അപ്രാപ്യമെന്നോ അസംഭവ്യമെന്നോ പ്രതിപക്ഷവും ചില മാധ്യമങ്ങളും കരുതിയിരുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് നാം മുന്നോട്ടുപോകുന്നു’ എന്ന വാചകത്തോടെയാണ് കഴിഞ്ഞ വർഷം ഞാനെഴുതിയ ഒരു ലേഖനം ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കിയിരിക്കുന്ന ഘട്ടത്തിൽ ഈ പുതുവർഷ ലേഖനം ഏത് വാക്കുകളിൽ തുടങ്ങണമെന്ന സംശയം മാത്രമേയുള്ളൂ. നാം ഒന്നാമതാണ്. ഇനിയാർക്കും കേരളത്തിൽ വ്യവസായം തുടങ്ങുന്നതിൽ ആശങ്കയില്ലാത്ത വിധത്തിൽ, സംരംഭകരുടെയാകെ പിന്തുണയോടെയാണ് നാം ഈ ഒന്നാം സ്ഥാനം കൈവരിച്ചത് എന്നത് കൂടുതൽ മധുരം നിറഞ്ഞ കാര്യമാണ്.

ഒന്നാം റാങ്ക് നേടിയതിനൊപ്പം തന്നെ കേരളം ഇപ്പോൾ വലിയ നിക്ഷേപകരുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഐബിഎം, എച്ച് സി എൽ ടെക്, ഡി സ്‌പേസ്, ആക്‌സിയ ടെക്‌നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി മുപ്പതിലധികം കമ്പനികൾ നിക്ഷേപം നടത്തി. ടാറ്റാ എലക്‌സിയുടെ 50 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോൾ കേരളത്തിലെ യൂണിറ്റുകളിലാണ്. ടി സി എസ് 1200 കോടി രൂപ ചിലവിൽ ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് ക്യാമ്പസ് നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഡി-സ്‌പേസ്, സാഫ്രാൻ, ആക്‌സിയ, നിറ്റ ജലാറ്റിൻ, ധാത്രി, വെൻഷൂർ, പ്ലാന്റ് ലിപ്പിഡ്, ക്രേസ് ബിസ്‌കറ്റ്‌സ്, ലീവേജ് ഗ്രൂപ്പ്, നെസ്റ്റോ തുടങ്ങി ഒട്ടേറെ പ്രമുഖ സംരംഭകർ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുകയും ആരംഭിക്കുകയും ചെയ്തു.

നിക്ഷേപത്തിന് അനുയോജ്യമായ അരങ്ങൊരുങ്ങി നിൽക്കുന്ന ഈ സന്ദർഭത്തിൽ ഇനി ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് ആണ്. 2025 ഫെബ്രുവരി 21,22 തീയതികളിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്‌സ് മീറ്റിനുള്ള മുന്നൊരുക്കങ്ങൾ കേരളമെപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിൾ,  ഫുഡ് ടെക് കോൺക്ലേവ്, ഇന്റർനാഷണൽ ബയോടെക്‌നോളജി ആന്റ് ലൈഫ് സയൻസ് കോൺക്ലേവ് എന്നിവ പൂർത്തിയാക്കി. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി നഗരങ്ങളിൽ സംരംഭകർക്കൊപ്പം റോഡ് ഷോ വിളിച്ചുചേർത്തു. വിവിധ രാജ്യങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്. സെക്ടറൽ കോൺക്ലേവുകളുൾപ്പെടെ 41 പരിപാടികളാണ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിന് മുൻപായി സംഘടിപ്പിക്കുന്നത്. 2022-23നേക്കാൾ മികച്ച 2023-24 ഞങ്ങൾ സാധ്യമാക്കുമെന്ന ഞങ്ങളുടെ ഉറപ്പ് പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെ 2024 നേക്കാൾ നല്ല 2025 സാധ്യമാക്കുമെന്ന ഉറപ്പ് കൂടി ഈ സന്ദർഭത്തിൽ നിങ്ങൾക്ക് നൽകുന്നു.