നവകേരള സദസ്സ് – കേരള ചരിത്രത്തിലെ ആദ്യാനുഭവം

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം, 
നിയമം, കയർ വകുപ്പ് മന്ത്രി
 
  ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി നാടിന്റെ വികസനത്തിൽ ജനങ്ങൾക്ക് നേരിട്ട് പങ്കാളിയാകാൻ കഴിയുംവിധത്തിൽ ജനങ്ങളുടെ പരാതികളും നിർദേശങ്ങളും മന്ത്രിസഭയുമായി നേരിട്ട് പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കിക്കൊണ്ട് മുഖ്യമന്ത്രിയും, 20 വകുപ്പ് മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 23 വരെ കേരളത്തിലെ 140 മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. കേരള ചരിത്രത്തിലെ ആദ്യാനുഭവം. 30 ലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തമാണ് നവകേരള സദസ്സിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.  ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും ആയതിന്മേൽ നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനമാണ് ഈ പരിപാടിയിലൂടെ സർക്കാർ ഒരുക്കിയിരിക്കുന്നത്.
 
  നവകേരള നിർമ്മിതിയിൽ നേരിട്ട് പങ്കാളികളാകാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് നവംബർ 18 ന് കാസർഗോഡ് ജില്ലയിലെ പൈവളിഗെയിൽ ആരംഭിച്ച നവകേരള സദസ്സ് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി.  ജനലക്ഷങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ജില്ലകളിലെ സദസ്സുകളെല്ലാം തന്നെ.  കേരളത്തിന്റെ മന്ത്രിസഭ ജനങ്ങളെത്തേടി എത്തിയപ്പോൾ ജനങ്ങൾ കേരളത്തിന്റെ മന്ത്രിസഭയെ തേടിയെത്തുന്ന തരത്തിലുള്ള പങ്കാളിത്തമായിരുന്നു എല്ലാ മണ്ഡലങ്ങളിലെയും സദസ്സിൽ കാണാൻ കഴിഞ്ഞത്. നാടിന്റെ വികസന വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് നടത്തുന്ന നവകേരള സദസ് യാത്രയെക്കുറിച്ച് ഏറെ വിവാദങ്ങൾ സൃഷ്ടിക്കാൻ മാധ്യമമടക്കമുള്ളവർ ശ്രമിച്ചെങ്കിലും, വൻ ജനപങ്കാളിത്തവും, പിന്തുണയും കണ്ട് യാത്രയെ അംഗീകരിക്കേണ്ട വ്യവസ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
 
 ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം നാടിനാവശ്യമായ വികസനങ്ങൾ ഒറ്റവേദിയിൽ എല്ലാ മന്ത്രിമാരുമിരിക്കെ ഉന്നയിക്കാൻ സാധിക്കുമെന്നതാണ് നവകേരള സദസ്സിന്റെ നേട്ടമായി ജനം കണക്കാക്കുന്നത്. എഴുത്തുകാർ, വ്യവസായികൾ, മതപുരോഹിതർ, കർഷകർ, ട്രാൻസ്ജെന്റർ വ്യക്തികൾ തുടങ്ങി സമസ്തമേഖലയിൽ നിന്നുമുള്ള ആളുകൾ മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടേതായ മേഖലയിൽ കൊണ്ടുവരേണ്ട നവീകരണത്തെകുറിച്ച് പ്രതിപാദിക്കുന്നതിനും, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാം പറയാനും കഴിയുന്ന വേദിയായി നവകേരള സദസ്സിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഓരോ മണ്ഡലത്തിലും വളരെ വൈകിപോലും  അവസാനിക്കുന്ന സദസ്സിൽ പങ്കെടുത്തുകൊണ്ട് ആയിരക്കണക്കിന് ജനങ്ങൾ ഇരിക്കുന്നു എന്നത് എത്രമാത്രം പ്രതീക്ഷയോടെയാണ് ജനങ്ങൾ ഈ പരിപാടിയെ നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണ്.  കൂട്ടായ പരിശ്രമങ്ങളിലൂടെ  പുത്തൻ കേരളത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെയ്പ്പുകൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് സദസ്സിന് കേരളജനത നൽകുന്ന വലിയ പിന്തുണ. ഡിസംബർ 23 ന് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ അവസാനിക്കുന്ന ഈ നവകേരള സദസ്സ് യാത്ര ചരിത്രത്തിന്റെ ഏടുകളിൽ ഒരു നാഴികകല്ലായിരിക്കും എന്നത് നിസ്സംശയം പറയാനാവുന്നതാണ്.