തോട്ടം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകി കേരള പ്ലാന്റേഷൻ എക്‌സ്‌പോ

തോട്ടം മേഖലയുടെ ഭാവി സുരക്ഷിതം’ എന്ന ഉറപ്പോടു കൂടി കേരളത്തിലെ തോട്ടം ഉൽപ്പന്നങ്ങളുടെ ആഗോള ബ്രാൻഡ് ഉയർത്തുന്നതിനും സുപ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനത്തു തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ‘കേരള പ്ലാന്റേഷൻ എക്‌സ്‌പോ 2024’ ജനുവരി 20 മുതൽ 22 വരെ എറണാകുളം, കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിച്ചു.

      ജനുവരി 20 ന് രാവിലെ 11 മണിക്ക് ബഹു.വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തോട്ടം മേഖലയുടെ 5 ശതമാനത്തിൽ മറ്റ് പ്രവർത്തനങ്ങൾ അനുവദനീയമാണ്. എന്നാൽ ഇതിനുള്ള അനുമതി ലഭിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നത് വാസ്തവമാണ്. ഇത് മറികടക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ ഏകജാലക സംവിധാനം രൂപീകരിക്കുന്നതിന്,  ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് ചർച്ചകൾ നടത്തിയെന്നും അടുത്ത സാമ്പത്തിക വർഷമാദ്യം ഏകജാലക സംവിധാനം നിലവിൽ വരുമെന്നും ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.     

    പ്ലാന്റേഷൻ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ലയങ്ങളുടെ നവീകരണമാണ്. ഇതിനായി എടുക്കുന്ന വായ്പയുടെ പലിശ പൂർണ്ണമായോ, ഭാഗികമായോ സർക്കാർ വഹിക്കും.  ഇതു സംബന്ധിച്ചുള്ള പ്ലാൻ തയ്യാറാക്കുന്നതിന് ജനുവരി മാസം 25 ന് യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. തോട്ടങ്ങളുടെ റീപ്ലാന്റിംഗിലൂടെ ഉൽപ്പാദനം കൂട്ടാൻ ലോക ബാങ്കിന്റെ പദ്ധതിയിൽ പ്ലാന്റേഷൻെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ പ്ലാന്റേഷനുകളുടെ റീപ്ലാന്റിംഗ്, യന്ത്രവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് പദ്ധതിയായ ‘കേര’ മുഖാന്തിരം സാമ്പത്തിക സഹായത്തിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ഇത്തരം ഇടപെടലുകളിലൂടെ രണ്ടു മൂന്നു വർഷം കൊണ്ട് ഉൽപ്പാദനം വൻതോതിൽ വർദ്ധിക്കുമെന്നും കണക്കാക്കുന്നു. തോട്ടം മേഖലയിലെ ഉൽപ്പന്നങ്ങൾക്കും കേരള ബ്രാന്റ് കൊണ്ടുവരും. വയനാട്ടിൽ തുടങ്ങിയ കാർബൺ ന്യൂട്രൽ കോഫി പാർക്ക് പ്രത്യേക ബ്രാൻഡായി വിപണനം നടത്തും. വെള്ളൂരിൽ തുടങ്ങുന്ന റബ്ബർ ഫാക്ടറിയുടെ പശ്ചാത്തല സൗകര്യ വികസനത്തിലേയ്ക്ക് കടക്കുകയാണെന്നും, ഈ വർഷം തന്നെ അലോട്ട്‌മെന്റ് സാധ്യമാക്കുമെന്നും,  തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും പഠിക്കുന്ന കോഴിക്കോട് ഐ.ഐ.എമ്മിന്റെ റിപ്പോർട്ട് കിട്ടിയാൽ ഈ മേഖലയ്ക്കുള്ള സമഗ്ര നയം രൂപീകരിക്കുമെന്നും, എം.എസ്.എം.ഇ മേഖലയിൽ കഴിഞ്ഞ ഒന്നെമുക്കാൽ വർഷത്തിനിടെ 2,10,000 സംരംഭങ്ങൾ ആരംഭിച്ചതുവഴി നാലരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം  എം.എൽ.എ. ടി.ജെ.വിനോദ് അദ്ധ്യക്ഷനായ ചടങ്ങിൽ മേയർ എം.അനിൽകുമാർ, സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ, കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്തമണി, ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫാൽഗുനി ബാനർജി, റബ്ബർ ബോർഡ് പ്രതിനിധി മുഹമ്മദ് സാദിഖ്, ഉപാസി പ്രതിനിധി സി.ശ്രീധരൻ, തോട്ടം ഉടമ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

     കേവലം പ്ലാന്റേഷൻ മാത്രമല്ല, വകഭേദങ്ങളുടെ ഒരു കലവറ തന്നെ എക്‌സ്‌പോയിൽ ഒരുക്കിയിരുന്നു.  ചായപ്പൊടി മുതൽ പ്ലാന്റേഷൻ ഓട്ടോമേഷൻ വരെയും, തോട്ടം മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ മുതൽ ഹെവി ഡ്യൂട്ടി ഡ്രോൺ വരെയും എക്‌സ്‌പോയുടെ ആകർഷകങ്ങളായിരുന്നു.  പ്ലാന്റേഷൻ മേഖലയിലെ ടൂറിസം സംരംഭങ്ങൾ, സാഹസിക വിനോദങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, കയറ്റുമതി സാധ്യതകൾ തുടങ്ങി നിരവധി മേഖലകളിൽ നിന്നുമുള്ള സ്റ്റാളുകൾ എക്‌പോയുടെ മാറ്റു കൂട്ടി.  സംസ്ഥാനത്തുടനീളമുള്ള എസ്റ്റേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചത്. സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത  പ്ലാന്റേഷനുകൾ, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങൾ, തോട്ടം മേഖലയുമായി ബന്ധമുള്ള കച്ചവടക്കാർ, വിതരണക്കാർ, സേവനദാതാക്കൾ  എന്നിവർ എക്‌സ്‌പോയിൽ പങ്കെടുത്തു. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, ഭക്ഷ്യോൽപ്പന്നങ്ങൾ കൂടാതെ മൂല്യവർധിത ഇനങ്ങളുടെ ശേഖരം ഉൾപ്പെടെ സമ്പന്നവും വൈവിധ്യമാർന്നതുമായ തോട്ടം ഉൽപ്പന്നങ്ങൾ എക്‌സ്‌പോയോടനുബന്ധിച്ചു പ്രദർശിപ്പിക്കുന്നതിനും അധികൃതർ അവസരമൊരുക്കി. കൂടാതെ പ്ലാന്റേഷൻ മേഖലയുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ബി2ബി മീറ്റിംഗ് സെക്ഷനും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ചു.

     പ്ലാന്റേഷൻ മേഖലയുടെ സമഗ്ര നവീകരണത്തിലൂടെ സാമൂഹ്യ ഉന്നമനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.  വൈവിധ്യവൽക്കരണം, മൂല്യവർദ്ധന, തരിശ് ഭൂമിയിൽ കൃഷി തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി മികച്ച വളർച്ച നേടാൻ കേരളം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.  ജനുവരി 22 ന് പ്ലാന്റേഷൻ എക്‌സ്‌പോ 2024 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായം പങ്കുവെച്ചത്.  കേരള ക്ലൈമറ്റ് റിസൈലന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) എന്ന ലോക ബാങ്ക് പദ്ധതി വിഹിതത്തിന്റെ വലിയൊരു ഭാഗം പ്ലാന്റേഷനു വേണ്ടി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാന്റേഷൻ മേഖലയുടെ ഉന്നമനത്തിനായി വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ പ്ലാന്റേഷൻഎക്‌സ്‌പോ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ കെ.എസ്.കൃപകുമാർ, എ.പി.കെ. ചെയർമാൻ പ്രിൻസ് തോമസ് ജോർജ്ജ്, ചെറുകിട തോട്ടം മേഖലാ പ്രസിഡന്റ് അബു എബ്രഹാം തോമസ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.അനൂപ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് തോമസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.  മേളയിലെ ആകെ 166 സ്റ്റാളുകളിൽ 120 സംരംഭകരും, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പങ്കെടുത്തു. പ്ലാന്റേഷൻ എക്‌സ്‌പോയിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു.  വൻകിട തോട്ടങ്ങളുടെ സ്റ്റാളിനുള്ള പുരസ്‌കാരം കോട്ടനാട് പ്ലാന്റേഷൻ കരസ്ഥമാക്കി. ചെറുകിട തോട്ടങ്ങളുടെ വിഭാഗത്തിൽ ജെയിൻ ഫുഡ്‌സും, സേവനദാതാക്കളുടെ വിഭാഗത്തിൽ ഇലക്ട്രോലൈസും, സ്റ്റാർട്ട് അപ്പ് വിഭാഗത്തിൽ സ്വിൻഡ് സിസ്റ്റംസും, വ്യാപാര വിഭാഗത്തിൽ 4 എസ് നാച്ചുറൽസും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ സ്റ്റാൾ വിഭാഗത്തിൽ മാർത്ത ഫുഡ്‌സും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.  മികച്ച സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളിനുള്ള പുരസ്‌കാരം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള കരസ്ഥമാക്കുകയുണ്ടായി.