തൃശൂരിലെ കേരള അഗ്രോ ഫുഡ് പ്രോ 2023
കവര്സ്റ്റോറി
ബിനോയ് ജോര്‍ജ്. പി
കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭകത്വ മേഖലയിൽ പുത്തനുണർവ് ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച ‘കേരള അഗ്രോ ഫുഡ് പ്രോ 2023’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വ്യവസായ രംഗത്ത് ഈ വർഷം 17.3 ശതമാനം വർധനവുണ്ടായെന്നും ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക വളർച്ചാ നിരക്കാണിതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ സുധീർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, എം.എസ്.എം.ഇ. ഡിഎഫ്ഒ ഡയറക്ടർ ജി എസ് പ്രകാശ്, തൃശൂർ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ തുടങ്ങിയവർ സംസാരിച്ചു.
20 കാർഷിക ഭക്ഷ്യാധിഷ്ഠിത മെഷിനറി നിർമാതാക്കൾ, കാർഷിക- ഭക്ഷ്യ മേഖലയിലെ നൂതന മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനം, വിൽപ്പന, കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ പങ്കെടുത്ത സാങ്കേതിക ശില്പശാലകൾ, കാർഷിക- ഭക്ഷ്യ മേഖലയിലെ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന യന്ത്രങ്ങളുടെ പ്രദർശനം, തനതു ഭക്ഷ്യമേള, സാങ്കേതികവിദ്യ വ്യാപന പരിപാടികൾ, വിഷയാധിഷ്ഠിത പാചകമത്സരം, ഭക്ഷ്യ സംസ്കരണ വ്യവസായ പ്രോത്സാഹനം, മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തൽ, യന്ത്ര നിർമാതാക്കളുമായി സംരംഭകനെ പരിചയപ്പെടുത്തൽ എന്നിവ മേളയുടെ ഭാഗമായിരുന്നു. 15 സാങ്കേതിക സ്ഥാപനങ്ങൾ, നാനോ ഗാർഹിക സംരംഭങ്ങൾ തുടങ്ങി 160 ഓളം സ്റ്റാളുകൾ മേളയിൽ ഉണ്ടായിരുന്നു. കുടുംബശ്രീയുടെഫുഡ് കോർട്ടും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികളും നടന്നു. മേളയിൽ സംബന്ധിച്ച ശ്രദ്ധേയവും വ്യത്യസ്തവുമായ സംരംഭങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
‘ബ്രാൻഡ് വയനാടു’മായി കാർഷിക സംരംഭകർ
പൈതൃക നെല്ലിനങ്ങളുടെ കാവലാളായ പത്മശ്രീ ചെറുവയൽ രാമൻ സംരക്ഷിച്ച അപൂർവ്വ നെല്ലിനങ്ങളിൽ നിന്നുള്ള അരിയുമായാണ് വയനാട്ടിലെ കാർഷിക സംരംഭകർ അഗ്രോ ഫുഡ് പ്രോയ്ക്ക് എത്തിയത്. വയനാട്ടിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെ വയനാട് ജില്ലയിലെ ചെറുകിട വ്യവസായികളെ മാത്രം ഉൾപെടുത്തി ആരംഭിച്ചസംരംഭമാണ് ‘ബ്രാൻഡ് വയനാട്’.
വയനാട്ടിലെ വിവിധ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ എകീകൃത സ്വഭാവത്തോടെ ഗുണമേന്മ ഉറപ്പുവരുത്തി, പ്രദേശത്തിന്റെ പ്രാധാന്യം ഉപഭോക്താക്കളെ അറിയിച്ച് വിപണനം നടത്തുക എന്നതാണ് ബ്രാൻഡ് വയനാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നവംബറിൽ കൽപ്പറ്റയിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ കേരള വ്യവസായ വകുപ്പ് മന്ത്രിയാണ് ബ്രാൻഡ് വയനാടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടർന്ന് ലോഗോയും ആശയങ്ങളും മന്ത്രി അവതരിപ്പിച്ചതോടെ ബ്രാൻഡ് വയനാട് കൂടുതൽ പ്രചാരം നേടി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പിന്തുണയോടെ നടത്തുന്ന പ്രവർത്തനമായതിനാൽ വയനാട്ടിലെ ചെറുകിട സംരംഭകരെല്ലാം വളരെ പ്രതീക്ഷയോടെയാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്. വയനാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ ഉത്പാദന രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയതിനു ശേഷമാണ് അത്തരം ഉത്പന്നങ്ങൾ ഏകീകൃത സ്വഭാവത്തിൽ ബ്രാൻഡ് വയനാട് എന്ന പേരിൽ വില്പനയ്ക്കും പ്രദർശനത്തിനും എത്തിച്ചത്.
വയനാടിന്റെ അല്ലാത്ത ഉത്പന്നങ്ങൾ വയനാടിന്റേതാണെന്ന് പറഞ്ഞ് വിപണിയിലെത്തുന്ന കാലഘട്ടത്തിൽ, ജൈവ ഭൗമപരമായ പ്രത്യേകതകൾ, കാലാവസ്ഥ മറ്റു അനുകൂല ഘടകങ്ങൾ എന്നിവ കൊണ്ട് തനതായ വ്യക്തിത്വമുള്ള ഉത്പന്നങ്ങൾ മാത്രമാണ് ബ്രാൻഡ് വയനാടിന്റേത്. ചക്കയിൽ നിന്നും കാപ്പിയിൽ നിന്നുമുള്ള ഉത്പന്നങ്ങൾ, വയനാടൻ റോബസ്റ്റാ കാപ്പി, ചോലമരങ്ങൾക്കിടയിൽ വളരുന്ന കാപ്പി, തേയില, പാലുത്പന്നങ്ങൾ, ചക്ക, മുളയരി, കുക്കീസ് വയനാട്ടിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ബേക്കറി ഉത്പന്നങ്ങൾ, കാന്താരി മുളക് ഉത്പന്നങ്ങൾ, തേനും തേൻ ഉത്പന്നങ്ങളും തുടങ്ങി വയനാടിന്റെ തനിമവിളിേച്ചാതുന്നവയായിരുന്നു ബ്രാൻഡ് വയനാട് സ്റ്റാളിലുണ്ടായിരുന്നവ.
ഉത്പന്നങ്ങൾക്ക് ഗുണമേൻമ ഉറപ്പാക്കുകയും നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ഉത്പാദിപ്പിക്കുന്നവ പാക്കിംഗിൽ ‘ബ്രാൻഡ് വയനാട്’ പതിച്ച് വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം. വയനാട്ടിലെ ചെറുകിട വ്യവസായികളുടെ ചിരകാല ആവശ്യമായിരുന്നു ബ്രാൻഡ് വയനാട്. ഐ.ടി സംരംഭകരെയും ഉത്പന്ന നിർമ്മാതാക്കളെയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണിവിടെ. യഥാർത്ഥ വയനാടൻ ഉത്പന്നങ്ങൾ നാട്ടുകാരിൽ നിന്നും വിപണിയിൽ എത്തിച്ച് നേട്ടം കൈവരിക്കാമെന്നപ്രതീക്ഷയിലാണ് ഇവിടത്തെ ചെറുകിട സൂക്ഷ്മ സംരംഭകർ.
മറയൂരിലെ ശർക്കരയുമായി ‘മെസ്സ’
കേരളത്തിലെ ഏറ്റവും മനോഹര പ്രദേശമായ ഇടുക്കിയിലെ മറഞ്ഞിരിക്കുന്ന ഊരെന്നു അർത്ഥം വരുന്ന മറയൂർ എന്ന നാട്ടിൽ നിന്നുമാണ് ശർക്കരയുമായി അക്ബർ എത്തിയത്. ‘മെസ്സ മറയൂർ ജാഗ്ഗറി ഇൻഡസ്ട്രി’ എന്ന സംരംഭത്തിൽ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നതെന്ന് ഉടമ അവകാശപ്പെടുന്നു. ക്യൂബ് ശർക്കര, അച്ചുശർക്കര, പൗഡർ ശർക്കര, കുഴമ്പ് ശർക്കര തുടങ്ങി വൈവിധ്യങ്ങൾ നിറഞ്ഞ ശർക്കരകളാണ് ഇവരുടെ സവിശേഷത. കാൽഷ്യം,അയേൺ പോലുള്ള വിറ്റാമിൻസ് കൂടുതൽ അടങ്ങിയിട്ടുള്ള ശർക്കരകളാണിവ. ശുദ്ധമായ കരിമ്പിൽ നിന്നും ശുദ്ധമായ ശർക്കര എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആവശ്യക്കാർ ഏറെയുള്ള ഈ ശർക്കരക്ക് വിദേശവിപണിയിലും വലിയ ഡിമാന്റാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ അടുക്കളയ്ക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത പ്രധാനപ്പെട്ട ഒന്നാണ് ശർക്കര. പായസം, പുളിയിഞ്ചി, നെയ്യപ്പം തുടങ്ങിയ മധുരവിഭവങ്ങൾ ഉണ്ടാക്കാൻ ശർക്കര ഉപയോഗിക്കാത്തവർ വിരളമാണ്. വിപണിയിലെത്തുന്ന മായം ചേർത്ത ശർക്കരകളുടെ നിലവാരം മനസിലാക്കിയതിനാലാണ് അക്ബർ മികച്ച ശർക്കരയ്ക്കായി സംരംഭം ആരംഭിച്ചത്.
കൂൺ ഉത്പന്നങ്ങളുമായി ‘നഹോമി’
നഹോമി എന്നത് വെറുമൊരു പേര് മാത്രമല്ല തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കുടുംബത്തിന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി ഉണ്ടായ ഒരു ബ്രാന്റ് കൂടിയാണ്. പോഷക, ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ള ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന കൂണുകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായാണ് ഇവർ മേളയിലേക്കെത്തിയത്. സോപ്പ്, എണ്ണ, പൊടികൾ, കേക്ക്, പായസം, വൈൻ, സ്ക്വാഷ് എന്നീ കൂണുത്പ്പന്നങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ത്വക് രോഗങ്ങൾ ഇല്ലാതാക്കുന്നതിനും ഫലപ്രദമാണെന്നതിനാൽ ആവശ്യക്കാരേറെയാണ്. ദമ്പതികളായ മാത്യുവിന്റെയും മിനിമോളുടെയും അദ്ധ്വാനമാണ് ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ. നിരവധി പേർക്ക് കൂൺ കൃഷിയിൽ ഇവർ പരിശീലനം നൽകിയിട്ടുണ്ട്.
കൂൺ വെറുമൊരു ഭക്ഷണം മാത്രമല്ല ഒരു മരുന്ന് കൂടിയാണെന്ന് ഇവർ തെളിയിക്കുന്നു. അംഗവൈകല്യം ബാധിച്ച കർഷകരിൽ നിന്നു കൂൺ വാങ്ങി, ഉത്പന്നങ്ങൾ നിർമ്മിക്കുന്നതു വഴി അവരെ സഹായിക്കുകയും ചെയ്യുന്നു. സ്വന്തമായി വരുമാനം കണ്ടെത്താനും, നല്ല ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാനും, മറ്റുള്ളവരെ കൈ പിടിച്ചു ഉയർത്താനുമുള്ള ഒരു വേദി കൂടിയായാണ് ഇവർ ഈ സംരംഭത്തിനെ കാണുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളുമായി ഓജസ്സ്
ഗുണമേന്മക്ക് മുൻഗണന നൽകുന്ന ഉത്പന്നങ്ങളാണ് ഓജസ് വിപണിയിലിറക്കുന്നതെന്നും സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മായം കലർന്ന ഭക്ഷണപദാർത്ഥങ്ങളെന്നും ഓജസിന്റെ സംരംഭകൻ ഓർമ്മിപ്പിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തുക എന്ന ഉദ്ദേശം കൂടി ഈ സംരംഭത്തിന് പിന്നിലുണ്ടെന്ന് ശിവപ്രസാദ് പറയുന്നു. ഓജസ് ഉത്പന്നങ്ങൾ ജോസ്കോ ഫുഡ് ഇൻഡസ്ട്രീസ് ആണ് ഉത്പാദിപ്പിക്കുന്നത്. 2016 ൽ തുടക്കം കുറിച്ച സംരംഭം ഇന്ന് തൃശൂർ, ആലപ്പുഴ, കോട്ടയം ,എറണാകുളം ജില്ലകളിലായി വ്യാപിപ്പിച്ചിട്ടുണ്ട്. കൽക്കട്ടയിൽ കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഓജസിന്റെ ഒരു നേട്ടമായി കാണുന്നു. എം ജി സർവ്വകലാശാലയിലെ ജേണലിസം അധ്യാപകനായി പ്രവർത്തിച്ചതിന് ശേഷമാണ് ഓജസ് എന്ന സംരംഭത്തിലേക്കുള്ള ഇദ്ദേഹത്തിന്റെ ചുവട് വെയ്പ്പ്. ചെറിയ മൂലധനത്തിൽ തുടങ്ങിയ ഈ സംരംഭം ആറു വർഷം പിന്നിടുമ്പോൾ വളരെ മികച്ച രീതിയിലാണ് മുന്നേറുന്നത്. പുട്ടുപൊടി,അരിപ്പൊടി, വെളിച്ചെണ്ണ, പാമോയിൽ, ബനാന ചിപ്സ്, റോസ്റ്റ് റവ, അവൽ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ഓജസ്സ് പുറത്തിറക്കുന്നു.
ചക്ക ഉത്പന്നങ്ങളുമായി വീട്ടമ്മമാർ
ചക്കയുടെ പെരുമയും ആരോഗ്യ പോഷകഗുണങ്ങളും കേരളത്തിൽ അനേകം സംരംഭകരെയാണ് രൂപപ്പെടുത്തിയത്. ചക്കയുടെ ഒരു ഭാഗം പോലും പാഴാകാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറുമ്പോൾ ഇവയ്ക്ക് വിദേശ വിപണിയുടെ അംഗീകാരം കൂടിലഭിക്കുന്നു. ആലപ്പുഴയിലെ ‘ജാക്ക് വേൾഡ്’ എന്ന വനിത കൂട്ടായ്മയുടെ വിജയവും ചക്ക സംരംഭത്തിൽ നിന്നാണ്. ഇതിലൂടെ അവർക്ക് വരുമാനം കണ്ടെത്താനും സാധിക്കുന്നു. ജ്യോതി എന്ന യുവതിയുടെ ദൃഡനിശ്ചയവും ധൈര്യവുമാണ് ഈ വനിതാ സംരംഭത്തിന്റെ തുടക്കത്തിന് പിന്നിലെ ശക്തി. ചക്കയുടെ പോഷക മൂല്യങ്ങളും ഗുണങ്ങളും അടുത്തറിഞ്ഞ ശേഷമാണിവർ ഈ സംരംഭത്തിലേക്ക് ചുവടുറപ്പിച്ചത്. ചക്ക ഹൽവ, ചക്ക ബിസ്ക്കറ്റ്, ചക്ക കേക്ക് , ചക്ക അച്ചാർ, ചക്ക ഉപ്പേരി, ചക്ക സ്ക്വാഷ്, ചക്കക്കുരു ചെമ്മീൻ റോസ്റ്റ്, ചക്ക അവലോസുണ്ട, ചക്ക ചമ്മന്തിപൊടി മുതലായ വ്യത്യസ്തമായ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കി മികച്ച വിപണി കണ്ടെത്താനും ഈ കൂട്ടായ്മക്ക് സാധിച്ചു.
കോഴിക്കോടിന്റെ മധുരവുമായി സഹോദരങ്ങൾ
കോഴിക്കോട് ഫുഡ് ആൻഡ് എക്സ്പോട്ടേഴ്സിന്റെ സ്റ്റാൾ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. പരമ്പരാഗതമായ രുചി ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജാഫർ, ഹാരിസ്, ഫായിസ് എന്നീ മൂന്ന് സഹോദരന്മാരുടെ ആശയത്തിൽ രൂപപ്പെട്ട ഒരു സംരംഭമാണ് കോഴിക്കോട് ഫുഡ് ആൻഡ് എക്സ്പോർട്ടേഴ്സ്. 2011 ലാണ് ഈ സ്ഥാപനം വിപണിയിൽ സജീവമാകുന്നത്. കോഴിക്കോടിന്റെ പരമ്പരാഗതമായ രുചിയാണ് ഇവരുടെ ഉത്പന്നത്തിന്റെ സവിശേഷത. ചക്ക ഹൽവ, പൈനാപ്പിൾ ഹൽവ, ടെൻഡർ കോക്കനട്ട് ഹൽവ,ചക്ക ചിപ്സ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കോഴിക്കോട് അഗ്രോ ഫുഡ് വിപണിയിൽ ഇറക്കുന്നത്.
ചെറുധാന്യങ്ങൾ സൂപ്പർ ഫുഡ്ഡാണ്
പേൾ മില്ലറ്റ് പുട്ട്, സൂർഗം മില്ലറ്റ് പുട്ട്, ഫോസ്റ്റൈൽ ദോശ മിക്സ്, റാഗി ദോശ മിക്സ്, ന്യൂട്രി ദോശ മിക്സ്, മഞ്ഞൾപൊടി, ജിഞ്ചർ കോഫീ തുടങ്ങിയ വൈവിധ്യമാർന്ന കൂട്ടുകളിലൂടെ ചെറുധാന്യങ്ങളെന്ന സൂപ്പർഫുഡിനെ പരിചയപ്പെടുത്തുകയാണ് സ്വജാസ് ഫാംസ്. ഹരിതവിപ്ലവത്തിനുശേഷം തുടച്ചുനീക്കപ്പെട്ട ചെറു ധാന്യങ്ങളാണ് ഈ കാലഘട്ടത്തിൽ സൂപ്പർ ഫുഡ്ഡായി അറിയപ്പെടുന്നത്. ചെറുധാന്യങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് സ്വജാസ് ഫാംസ് വിപണിയിൽ ഇറക്കുന്നത്. മുഴുവൻ ഗ്രോസറി ശ്രേണിയിലും 100% വിപണി കണ്ടെത്താൻ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ ഉത്പന്ന കമ്പനിയായി പടവുകൾ കയറണമെന്നാണ് സ്വജാസിന്റെ ലക്ഷ്യം. രാസവസ്തുക്കൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവ ഉപയോഗിക്കാതെ കൃഷി പരിശീലിപ്പിച്ച് സ്വജാസ് ഫാംസ് കർഷക സമൂഹത്തിന് മാതൃകയാകുന്നു.
സ്വജാസ് സ്റ്റാളിൽ ഗുണ നിലവാരമുള്ള ഉത്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ കാണാം. ഉത്പന്നങ്ങളുടെ ഗുണനിലവാരമുറപ്പ് വരുത്താൻ സാങ്കേതിക സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നത്. 2021 ഒക്ടോബറിൽ സ്വജാസ് ഫാംസിന്റെ ആദ്യ പൈതൃക എൽ.എൽ.പി ഔട്ട് ലെറ്റ്, കുട്ടനാട്, പാലക്കാട് എന്നിടങ്ങളിൽ ആണ് തുടങ്ങിയത്. ചെറു ധാന്യങ്ങളുടെ പോഷക, ആരോഗ്യ ഗുണങ്ങൾ ഒട്ടും കുറവ് വരാതെയാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
കേന്ദ്ര സർക്കാരിന്റെ ചെറുകിട സൂക്ഷ്മ സംരംഭക മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി സംരംഭകർ പ്രയോജനപ്പെടുത്തണമെന്ന് എം.എസ്.എം.ഇ.ഡി.എഫ്.ഒ അസിസ്റ്റന്റ് ഡയറക്ടർ വിശേഷ് അഗാർവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി പുറത്തിറക്കുന്ന പദ്ധതികളുടെ പ്രധാന്യവും, എങ്ങനെ അത് നമ്മുടെ സംരംഭകരുടെ സുസ്ഥിരമായ വളർച്ചക്ക് പ്രയോജനപ്പെടുത്താം എന്നും വ്യക്തമാക്കി. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള അഗ്രോഫുഡ് പ്രോയുടെ ഭാഗമായ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സംസ്കരണത്തിനുള്ള ‘പാക്കേജിംഗ് സാങ്കേതിക വിദ്യകളുടെ യന്ത്രവത്കരണം’ എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ജെം പാക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജിത്തുവിന്റെ പ്രഭാഷണവും ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾക്കുള്ള ‘ഗുണനിലവാരവും നിയന്ത്രണ മാനദണ്ഡങ്ങളും’ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഓഫീസറുടെ സെമിനാറുമുണ്ടായിരുന്നു. പരിപാടിയുടെ അവസാന ഘട്ടത്തിൽ ഓൺലൈൻ വിപണിയെ സംബന്ധിച്ച് നമ്പർവൺ അക്കാദമിയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ ഡോ. ഷബീറിന്റെ പ്രഭാഷണവും നടന്നു. നിരവധി വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. പുതിയ ഉത്പന്നങ്ങൾ, സംരംഭകർ, നൂതന കാർഷിക സാങ്കേതിക വിദ്യ എന്നിവയെ കുറിച്ച് അറിയാനുള്ള മികച്ച അവസരമായിരുന്നു കേരള അഗ്രോ ഫുഡ് പ്രോ 2023.
‘മൊംസ് ടെസോറി’യുമായി വീൽചെയറിൽ സുനിൽ ചന്ദ്രനെത്തി
14 വർഷങ്ങൾക്കു മുൻപ് ഗൾഫിലെ ഒരു വാഹന അപകടത്തിൽപ്പെട്ട് വീൽചെയറിലായ ജീവിതം മറ്റുള്ളവരെ ആശ്രയിക്കാതെഎങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് തെളിയിക്കുകയാണ് സുനിൽ ചന്ദ്രൻ എന്ന സംരംഭകൻ. രാസപദാർത്ഥങ്ങൾ ചേർക്കാത്ത ഗുണമേന്മയോട് കൂടിയ വറുത്തരച്ച തേങ്ങാ പേസ്റ്റ് ആണ് മലപ്പുറത്തു നിന്നെത്തിയ സുനിൽ ചന്ദ്രന്റെ ‘മൊംസ് ടെസോറി’യുടെ പ്രധാന ആകർഷണം. ശക്തമായ ആത്മവിശ്വാസം തന്നെയാണ് ഇത്തരം ഒരു സംരംഭത്തിലേക്ക് ചുവടുവെയ്ക്കാൻ കാരണമെന്നും മറ്റുള്ളവർക്കും ഇത് പ്രചോദനമാകുകയാണെന്നും സുനിൽ പറയുന്നു.
മലപ്പുറം തിരുനാവായ സ്വദേശിയായ സുനിൽ ചന്ദ്രന്റെ മൊംസ് ടെസോറി അഞ്ച് പ്രധാന ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. കുഴമ്പ് രൂപത്തിലുള്ള ഉത്പന്നങ്ങൾക്കാണ് ഈ സംരംഭം പ്രാധാന്യം നൽകുന്നത്. വറുത്തരച്ച തേങ്ങാ പേസ്റ്റ്, ചിക്കൻ മസാല പേസ്റ്റ് , സാമ്പാർ പേസ്റ്റ്, മീൻ മസാല പേസ്റ്റ് , കടല മസാല പേസ്റ്റ്. കേരള കാർഷിക സർവ്വകലാശാലയുടെ സഹായത്തോടു കൂടിയാണ് ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. മലപ്പുറത്ത് നടന്ന ഭക്ഷ്യ മേളയുടെ ഭാഗമാകാനും മൊംസ് ടെസോറിക്ക് സാധിച്ചിട്ടുണ്ട്. ഓൺലൈൻ വഴി ആമസോണിലും ഉത്പന്നങ്ങൾ ലഭ്യമാണ്.
സ്പെഷ്യൽ സ്കൂളിന്റെ കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ ഔഷധത്തിനു മാത്രമല്ല, ഒന്നാന്തരം ശീതള പാനീയമായും ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ തയ്യാറാക്കിയ കറ്റാർവാഴ ഫ്രഷ് ജ്യൂസിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്ന പ്രത്യേകതയും കറ്റാർവാഴ ജ്യൂസിനുണ്ട്. മേളയിലെ ഏക കറ്റാർവാഴ ജ്യൂസ് സ്റ്റാളും ഇവരുടേതായിരുന്നു. അതുകൊണ്ട് തന്നെ ജ്യൂസിന് ആവശ്യക്കാർ ഏറെയായായിരുന്നു. ഗ്ലാസിന് പത്ത് രൂപയാണ് വില.
ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശൂർ പദ്ധതിയുടെ ഭാഗമായി ‘കൂടെ’ എന്ന പേരിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് കാർമൽ മൗണ്ട് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ അഗ്രോ ഫുഡ് പ്രോ മേളയിലെത്തിയത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച ചുക്കുകാപ്പി, ഓർഗാനിക് കോഫി, ഏലക്ക ചായ, മിക്സ്ചർ, ജെൽ കാന്റിൽ തുടങ്ങിയ ഉത്പന്നങ്ങൾ മേളയിലുണ്ട്. 25 വിദ്യാർത്ഥികൾ ചേർന്നാണ് ഇവ തയ്യാറാക്കിയത്. പ്രകൃതിയെ തിരിച്ചറിയുന്നതിനുള്ള പ്രെമോഷൻ കൂടിയാണിതെന്ന് സ്കൂളിലെ തൊഴിൽ പരിശീലക സിസ്റ്റർ ഡോണ മരിയ അഭിപ്രായപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ട കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് ഇത്തരം പാരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സിസ്റ്റർ
പറഞ്ഞു.
‘ചക്കക്കൂട്ടം’ – വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ
സമ്പൂർണ്ണ ചക്കപ്പൊടി, പാലട പ്രഥമൻ, ഹൽവ, ചിപ്സ്, സ്ക്വാഷ്, ജാമുകൾ, ചക്ക അവലോസ് പൊടി, വാക്വംഫ്രൈഡ്ചിപ്സ് എന്നീ ഉത്പന്നങ്ങളാണ് അഗ്രോ ഫുഡ് പ്രോയിൽ ‘ചക്കക്കൂട്ടം’ പരിചയപ്പെടുത്തിയത്. വാട്സ് ആപ്പ് കൂട്ടയ്മയിലൂടെ വളർന്ന ചക്കക്കൂട്ടത്തിലെ ചക്ക പെരുമയും ചക്ക ഉത്പന്നങ്ങളും കടൽ കടക്കുകയാണ്. ചക്കയുടെ ആരോഗ്യ പോഷക ഗുണങ്ങളും സവിശേഷതയും തിരിച്ചറിഞ്ഞ ഒരു സംഘം ചക്ക പ്രേമികൾ ഒത്തു കൂടുകയും ചക്കക്കൂട്ടം എന്ന പേരിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉരുത്തിരിയുകയുമായിരുന്നു. ഇതിൽ നിന്നും രൂപം കൊണ്ട് സംരംഭത്തിലൂടെ വിപണി കീഴടക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചക്കക്കൂട്ടത്തിന്റെ സംരംഭകരായ അശോക്, അനിൽ ജോസ്, മനു ചന്ദ്രൻ എന്നിവർ. പ്രമേഹത്തിനും ചക്ക നല്ല പ്രതിരോധമാണെന്ന പഠനങ്ങൾ വന്നതോടെ ചക്ക ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും വർദ്ധിച്ചെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര ഗവൺമെന്റ് ആഹാർ എന്ന ഇന്റർനാഷണൽ എക്സ്പോയുടെ ഭാഗമാകാനും ഈ സംരംഭത്തിന് സാധിച്ചു.
ഫാർമേഴ്സ് ഷെയർ മൂല്യവർധിത ഉത്പന്നങ്ങൾ
ആംബ്രോസ് കുളിയത്തിന്റെ പെർമാകൾച്ചർ ഫാമിന്റെ സ്റ്റാളിൽ മൂല്യവർധിത ഉത്പന്നങ്ങളാണ് ഉള്ളത്. ചെമ്പരത്തി-തുളസി ചായ, ഇടിച്ചക്ക അച്ചാർ, മഞ്ഞൾ അച്ചാർ, ചെമ്പരത്തി ജാം, നെല്ലിക്കയരിഷ്ടം, പ്രകൃതിദത്തമായി പുളിപ്പിച്ച നെല്ലിക്ക കഷായം തുടങ്ങിയ ‘ഫാർമേഴ്സ് ഷെയറി’ന്റെ തനിമയാർന്ന ഉത്പന്നങ്ങൾ വിപണിയെ ആകർഷിക്കുന്നു. പ്രകൃതിയുമായി അടുത്ത് കൊണ്ട് അതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു പത്തേക്കർ ഭൂമിയിൽ തുടങ്ങിയ സംരംഭമാണ് പെർമാകൾച്ചർ ഫാം. ഫാർമേഴ്സ് ഷെയർ പെർമാ കൾച്ചർ ഫാം, പാചകലാബ്, ക്രാഫ്റ്റ് ലേണിംഗ് എന്നിവയെല്ലാം ഒന്നാക്കി നാലുവർഷം മുമ്പ് ഷൊർണൂരിലാണ് ഫാർമേഴ്സ് ഷെയറിന്റെ തുടക്കം. മൂല്യവർധിത ഉത്പന്നങ്ങളാണ് ഫാർമേഴ്സ് ഷെയറിന്റെ പ്രധാന ആകർഷണം.
വിദ്യാർത്ഥികളുടെ പാചക മത്സരം
കേരള ആഗ്രോ ഫുഡ് പ്രോയുടെ രണ്ടാം ദിനത്തിലാണ് ഇ ഡി ക്ലബ്ബിന്റെ വിദ്യാർത്ഥികൾക്കായി പാചക മത്സരം സംഘടിപ്പിച്ചത്. പുതുതലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച മത്സരം ജില്ലാ വ്യവസായ കേന്ദ്രം ജനൽ മാനേജർ ഡോ. കെ എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ടൂറിസം വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാചക വിദഗ്ധരായ ശ്യാം, മുഹമ്മദ് കാസിം, മുരളി എന്നിവർ വിധികർത്താക്കളായിരുന്നു. 242 പോയിന്റ് കരസ്ഥമാക്കി കൊണ്ട് തൃശൂർ സെന്റ് തോമസ് കോളേജ് ഒന്നാമതെത്തി. ഇവർക്ക് 8000 രൂപയും മൊമെന്റോയും സമ്മാനം നൽകി. 211 പോയിന്റുകളോടെ നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് രണ്ടാം സ്ഥാനവും, 188 പോയിന്റുകളോടെ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.