തീർത്ഥയാത്രകളിലൂടെ തീരം തേടുന്നവൾ

ഇന്ദു കെ പി

ജീവിതത്തിൽ വിജയിക്കുന്ന സംരംഭങ്ങളും പരാജയപ്പെടുന്നവയും ഉണ്ടാകാം. പലതും സ്ത്രീകൾക്ക് അന്യമെന്ന് കരുതുന്നവയുമാകാം. പുതുകാലത്ത് ഒന്നും സ്ത്രീകൾക്ക് അന്യമല്ലെന്ന് തെളിയിക്കുകയാണ് വാണിയെന്ന വനിത സംരംഭക. തീർത്ഥയാത്രകളിലൂടെ ജീവിത യാത്രയെ സഫലമാക്കുകയാണ് ഈ വനിത. തൊഴിൽ അല്ലെങ്കിൽ വ്യവസായം എന്തുമാകാട്ടെ നാം അതിനു നൽകുന്ന മൂല്യവും അർപ്പണമനോഭാവവും വിജയത്തിലേറ്റുമെന്നതാണ് ഈ സംരംഭകയുടെ അനുഭവം. തീർത്ഥയാത്രകൾ സംഘടിപ്പിക്കുന്ന നിരവധി പേരുണ്ടെങ്കിലും മഹാറാണി ട്രാവൽസിന്റെ യാത്രകൾക്ക് എന്നും നിറയെ ആളുകളുണ്ടാകാറുണ്ട്. സ്ത്രീയുടെ പരിമിതികൾ പറഞ്ഞ് വാണി ഒന്നിൽ നിന്നും മാറി നിൽക്കാറുമില്ല.

ബസ്സുടമയും ടൂർ ഓപ്പറേറ്ററും ഗൈഡും യാത്രനേരങ്ങളിൽ ഡ്രൈവറുടെ സഹായിയുമാണ് വാണിയെന്ന സംരംഭക. എല്ലാ യാത്രകളിലും ഇവർ തീർത്ഥാടകർക്കൊപ്പം ബസ്സിലുണ്ടാകും. അതു കൊണ്ടുതന്നെ പ്രായമായവർക്കും സ്ത്രീകൾക്കുമെല്ലാം ധൈര്യമായി തനിച്ചും യാത്ര പോകാം. മാസത്തിൽ നാലു യാത്രകൾ പോയിരുന്നെങ്കിലും കോവിഡിനു ശേഷം രണ്ടായി കുറച്ചു. തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും ക്ഷേത്രങ്ങളാണ് മഹാറാണി തീർത്ഥാടന സംഘത്തിന്റെ പ്രധാന ലക്ഷ്യ സ്ഥാനങ്ങൾ. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. അത് തീർത്ഥാടനം ആണെങ്കിൽ പോലും. ഈ അനുഭവങ്ങളാണ് നമ്മെ എല്ലാ അർത്ഥത്തിലും സമ്പന്നമാക്കുന്നതെന്ന് വാണി പറയുന്നു. ഭൗതികമോ ആത്മീയമോ ആയ സാക്ഷാത്കാരങ്ങളാണ് ലക്ഷ്യസ്ഥാനങ്ങളെക്കാൾ യാത്രകളിൽ നിറയുന്നത്. ആത്മീയ ശുദ്ധീകരണം കൂടിയാണ് ഓരോ യാത്രകളും.

മഹാറാണി ട്രാവൽസ് ഉടമയായ വാണി തീർത്ഥയാത്രയിലൂടെ ശ്രദ്ധേയയാവുകയാണ്. കുടുംബ ബിസിനസ്സ് യാദൃശ്ചികമായി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. അച്ഛൻ ശങ്കരൻകുട്ടിയും അമ്മ സത്യഭാമയും 40 വർഷമായി ഈ മേഖലയിൽ ഉണ്ടെങ്കിലും വാണിക്ക് ഇതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ക്യാൻസർ ബാധിച്ച അമ്മയുടെ മരണവും അച്ഛന്റെ പ്രായാധിക്യവും വാണിയെ ഈ ബിസിനസ്സ് ഏറ്റെടുക്കുന്നതിന് നിർബന്ധിതയാക്കി. ബാംഗ്ലൂരിൽ ഫിനാൻസ് കോർഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന വാണി ഈ സംരംഭത്തിലേക്ക് വരുന്നത് എഴുവർഷം മുമ്പാണ്. പരിചിതമല്ലാത്ത ജോലിയായതിനാൽ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും ഈ മേഖലയിൽ വിജയക്കൊടി പാറിക്കുകയാണിപ്പോൾ. യാത്രക്കാരുടെ ഇഷ്ടങ്ങൾ അറിഞ്ഞ് അവരോടൊപ്പം ഓരോ യാത്രകളും ആസ്വദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇവർ.

ഒരേ സമയം തീർത്ഥയാത്രയും അതുപോലെ തന്നെ ബിസിനസുമാണ് ഇവർ നടത്തുന്നത്. മികച്ച യാത്ര പാക്കേജുമായാണ് ഇവർ യാത്രികരെ സമീപിക്കുന്നത്. അവർക്ക് യാത്രയിലുടനീളം പിന്തുണയും സഹായവും നൽകി എപ്പോഴും ഒപ്പമുണ്ടാകും. ഭക്ഷണം,താമസം, ദർശന ടിക്കറ്റ് എന്നിവയെല്ലാം സജ്ജമാക്കി നൽകുന്നതിലെ കണിശത ഇവരെ വ്യത്യസ്തരാക്കുന്നു. വിനോദസഞ്ചാരികളിൽ നിന്നും തികച്ചും വ്യത്യസ്തമായ മാനസികാവസ്ഥയിലായിരിക്കും ഭൂരിപക്ഷവും തീർത്ഥയാത്രക്കെത്തുക. ഇവരെ അതേ നിലയിൽ ട്രീറ്റ് ചെയ്യുക എന്നത് ചിലപ്പോഴെല്ലാം വെല്ലുവിളിയുമാണ്. പ്രായവും മാനസികാവസ്ഥയും അഭിരുചികളും തിരിച്ചറിഞ്ഞ് ഇടപഴകുന്നതിലാണ് യാത്രാസംഘാടകയുടെ മിടുക്ക്. ഇതുകൊണ്ടു തന്നെയാകാം ഒരിക്കൽ ഇവർക്കൊപ്പം യാത്ര നടത്തിയവർ വീണ്ടും ഇവരെ തേടി വരുന്നതും അവർ പറഞ്ഞറിഞ്ഞ് മറ്റുള്ളവർ യാത്രക്ക് എത്തുന്നതും.

കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും തൃശൂർ തേക്കിൻക്കാട് മൈതാനത്തു നിന്നും തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് ഉച്ചയ്ക്ക് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്നതരത്തിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്. 35 പേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള എയർ കണ്ടീഷൻ ബസ്സുകളിലാണ് യാത്ര, ഓരോരുത്തരിൽനിന്നും 6000 രൂപയാണ് ഈടാക്കുന്നത്. രണ്ടര ദിവസത്തെ യാത്ര, ഭക്ഷണം, താമസം, ചിലയിടങ്ങളിലെ ദർശനത്തിനുള്ള ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആയിരങ്ങളാണ് ഇവർക്കൊപ്പം ഈ തീർത്ഥയാത്രക്കായി പല സമയങ്ങളിൽ സംബന്ധിച്ചിട്ടുള്ളത്. ലാഭകരമായ തീർത്ഥാടന പാക്കേജ് അവതരിപ്പിക്കുമ്പോഴും അതിനു പുറകിലുള്ള അദ്ധ്വാനം പ്രധാനമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് മഹാറാണി ട്രാവൽസ് ഓരോ യാത്രയും നടത്തുന്നത്. മറ്റു പല ബിസിനസ്സുകളിൽ നിന്നും വ്യത്യസ്തമാണെങ്കിലും ഇതിലൂടെ വിജയകരമായി മുന്നോട്ട് പോകാൻ ഇവർക്ക് സാധിക്കുന്നു. തിരുമല തിരുപ്പതി യാത്രയിൽ ഏറെ പ്രാധാന്യമുള്ള ആറ് ക്ഷേത്രങ്ങളാണ് പ്രധാനമായും സന്ദർശിക്കുക.

തിരുമല തിരുപ്പതി ക്ഷേത്രം
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിഷ്ണുവിന്റെ വാസസ്ഥലമാണ് ഇതൊന്നും അറിയപ്പെടുന്നു. ആറാം നൂറ്റാണ്ടിലെ ചോള-പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് പണി ആരംഭിച്ച ഈ ക്ഷേത്രം പുരാണങ്ങളുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്നിടവുമാണ്. തിരുമല മലനിരകൾ സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന ഏഴു കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അജ്ഞനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കിടാദ്രി) വെങ്കിടാദ്രി മലയിലാണ് ദ്രാവിഡവാസ്തുവിദ്യ പ്രകാരം നിർമ്മിച്ച ഈ ക്ഷേത്രം സപ്തഗിരി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും അധികം തീർത്ഥാടകരും സഞ്ചാരികളും സന്ദർശിക്കുന്ന ഹിന്ദു ക്ഷേത്രമാണിത്.

പത്മാവതി ക്ഷേത്രം
തിരുപ്പതിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള തിരിച്ചനൂർ എന്ന സ്ഥലത്താണ് പത്മാവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി അറിയപ്പെടുന്ന പത്മാവതി ദേവി ക്ഷേത്രം ദ്രാവിഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ അവതാര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ശ്രീകാളഹസ്തി ക്ഷേത്രം
തിരുപ്പതിയിൽ നിന്നും 36 കിലോമീറ്റർ അകലെ തെലുഗാനയിലെ ചിറ്റൂർ ജില്ലയിൽ കാളഹസ്തി പട്ടണത്തിലാണ് ശ്രീകാളഹസ്തി ക്ഷേത്രം. ഇതിന്റെ പ്രധാന ക്ഷേത്രം 5ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചിട്ടുള്ളത്. ചുറ്റമ്പലം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള രാജക്കന്മാരും വിജയനഗര സാമ്രാജ്യവുമാണ് നിർമ്മിച്ചത്. ദ്രാവിഡ വാസ്തുവിദ്യ പ്രകാരമുള്ള ഒരു ശൈവ ക്ഷേത്രമാണിത്. പഞ്ചഭൂതങ്ങളിലൊന്നായ വായു ലിംഗമാണ് ഇവിടെയുള്ളത്. ശിവലിംഗത്തിൽ നിന്നും രക്തമൊഴുകുന്നത് തടയാനായി കണ്ണപ്പ തന്റെ രണ്ടു കണ്ണുകളും ഭഗവാന് നൽകാൻ തയ്യാറായ സ്ഥലമാണിത്. രാഹു- കേതു ക്ഷേത്രം, ദക്ഷിണകാശി ക്ഷേത്രം എന്നും അറിയപ്പെടുന്നു.

കല്യാണ വെങ്കിടേശ്വര ക്ഷേത്രം
ആന്ധ്രാ പ്രദേശിലെ തിരുപ്പതി ജില്ലയിലെ ശ്രീനിവാസ മംഗാപുരത്തുള്ള പുരാതന ഹിന്ദു ക്ഷേത്രമാണിത്. വിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരനാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. ആർക്കിയോളജി സർവ്വെ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള പുരാതന സ്മാരകമായി ഈ ക്ഷേത്രത്തെ തരം തിരിച്ചിട്ടുണ്ട്. കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണിത്.

ജലകണ്‌ഠേശ്വര ക്ഷേത്രം തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ വിജയനഗര വാസ്തുപ്രകാരം നിർമ്മിച്ചതാണ് ഈ ക്ഷേത്രം. അതിമനോഹരമായ കൊത്തുപണികൾ ഏക ശിലാശില്പങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

തിരുവണ്ണാമല ക്ഷേത്രം
പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിന് വേണ്ടി പാർവതിദേവി തപസ്സ് ചെയ്‌തെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്ര ഗോപുരത്തിന് 11 നിലകളുണ്ട്. ക്ഷേത്രം വിസ്തൃതി 10 ഹെക്ടറോളം വരും. ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തതാണ് ഇവിടത്തെ പ്രതിമകൾ. തമിഴ് കവിയായ നായനാർ എഴുതിയ തേവാരം എന്ന കവിതയിലെ പാടൽപെട്ര സ്ഥലത്തിൽ പ്രതിപാദിക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്ന്യാസിയായ കവി മാണിക്ക വാചകർ തന്റെ തിരുവമ്പാവായി എന്ന കൃതി ചിട്ടപ്പെടുത്തിയത് ഇവിടെ വെച്ചായിരുന്നു. ദ്രാവിഡ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. വിജയ നഗരസാമ്രാജ്യം കാലഘട്ടത്തിൽ നിർമ്മിച്ച ആയിരത്തോളം തൂണുകളുള്ള കൽമണ്ഡപങ്ങൾ വളരെ ശ്രദ്ധേയമാണ്.

തൃശൂരിൽ നിന്നാണ് മഹാറാണി ട്രാവൽസിന്റെ യാത്രകൾ ആരംഭിക്കുന്നതെങ്കിലും സ്ഥാപനവും ഉടമയും പാലക്കാടാണ് എന്നത് സവിശേഷതയാണ്. അച്ഛൻ ആരംഭിച്ച രീതികൾ തലമുറ മാറ്റത്തിലും പിൻതുടരുകയാണ് വാണി. സ്ഥിര വരുമാന മാർഗ്ഗമായി മാറ്റാവുന്ന സംരംഭമാണിതെന്നും സ്ത്രീകൾ ഇനിയും ഇത്തരം മേഖലയിലേക്ക് എത്തണമെന്നും വാണി അഭിപ്രായപ്പെടുന്നു.ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെയും ഇഷ്ടത്തോടെയും ആണെങ്കിൽ ഏതുപ്രതിസന്ധിയെയും തരണം ചെയ്ത് മുന്നേറാൻ കഴിയുമെന്നതിന് ഉദാഹരണമാണ് വാണിയുടെ ജീവിതം. രണ്ട് ബസ്സുകൾ ആണ് ഇവർക്കുള്ളത്. സ്ഥിരം ഡ്രൈവർ ഷെരീഫ് എല്ലാറ്റിനും കൂടെയുണ്ട്. അദ്ദേഹത്തിന് വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമാണ് മറ്റൊരാളെ ഏർപ്പെടുത്തുന്നത്. മൂകാംബിക, ഗോകർണ്ണം, എന്നിങ്ങനെ മറ്റു ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളും മഹാറാണി ടൂർസ്എന്റ് ട്രാവൽസ് നടത്തി വരുന്നുണ്ട്.