ചരിത്രമായി സംഭരംഭക സംഗമം

ചരിത്രമായി സംഭരംഭക സംഗമം

ശ്രീ. പി. രാജീവ്‌

വ്യവസായം, വാണിജ്യം, നിയമം, കയര്‍ വകുപ്പ് മത്രി

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് ജനുവരി 21ന് കൊച്ചിയിൽ സംഘടിപ്പിച്ചത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ സംരംഭങ്ങളാരംഭിച്ച 10,000 സംരംഭകർ പങ്കെടുത്തു. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിന്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരം നേടി കുതിക്കുകയാണ്. ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,31,117 സംരംഭങ്ങളും 7922.33 കോടിയുടെ നിക്ഷേപവും 2,82,105 തൊഴിലും ഉണ്ടായത് അഭിമാനകരമായ നേട്ടമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങൾ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി.

പ്രസ്തുത പരിപാടിയിൽ വച്ച് എം എസ് എം ഇ യൂണിറ്റുകളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 1000 എം എസ് എം ഇകൾക്ക് സഹായം നൽകിക്കൊണ്ട് 100 കോടി ടേണോവറുള്ള സംരംഭങ്ങളാക്കി മാറ്റും. പുതിയ മാറ്റങ്ങളിലൂടെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 13 പടികൾ കയറിയ കേരളം കൂടുതൽ സംരംഭക സൗഹൃദ നടപടികളിലൂടെ നിക്ഷേപകർക്കൊപ്പം നിലകൊള്ളുകയാണ്.

വ്യവസായ ലോകത്തും കേരളത്തിന്റേതായ മാതൃക നിർമ്മിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന പരിപാടിയായിരുന്നു സംരംഭക സംഗമം. സർക്കാർ സംരംഭകർക്കൊപ്പമുണ്ട് എന്ന് തെളിയിക്കാനും സംരംഭകരിൽ ആത്മവിശ്വാസം നൽകാനും പരിപാടിയിലൂടെ സാധിച്ചു. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായ ചെറുപ്പക്കാർ മുതൽ 60 വയസിന് മുകളിലുള്ളവർ വരെ സംഗമത്തിൽ പങ്കെടുത്തു. 40,000 വനിതാ സംരംഭകരാണ് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംരംഭകരായത്. ഈ സംരംഭങ്ങളിലൂടെ മാത്രം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. പദ്ധതി മികച്ച വിജയം കൈവരിച്ചതിനാൽ അടുത്ത സാമ്പത്തിക വർഷവും സംരംഭക വർഷം പദ്ധതി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. 2023-24ലും കേരളത്തിൽ ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും വരും വർഷങ്ങളിൽ പദ്ധതിയുടെ മെച്ചം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മുതൽക്കൂട്ടാക്കാനും സാധിക്കും. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ് അതുകൊണ്ടുതന്നെ നിങ്ങൾക്കൊപ്പം സർക്കാരുണ്ട്.