ക്ലസ്റ്റർ വികസന പരിപാടി; ചെറിയ സഹായങ്ങൾക്ക് വലിയ സഹായം
റ്റി. എസ്. ചന്ദ്രൻ
സമാന സ്വഭാവമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നേരിടേണ്ടി വരുന്ന സമാനമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു കോമൺ പ്ലാറ്റ്‌ഫോമാണ് വ്യവസായ ക്ലസ്റ്ററുകൾ. ഒരേ ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് പുരോഗതി ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച സാങ്കേതികവിദ്യ, ഉയർന്ന നിക്ഷേപം, ഉയർന്ന ഉൽപാദനക്ഷമതയുള്ള തൊഴിലാളികൾ, വില പേശാവുന്ന വിപണി, വികസിതമായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ബ്രാന്റ്, സ്ഥിരമായ ആർ ആന്റ് ഡി (R&D) ഉയർന്ന നിക്ഷേപം എന്നിവ മികച്ച സംരംഭത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. ചെറിയ സ്ഥാപനങ്ങൾക്ക് തനിച്ച് ചെയ്യാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ക്ലസ്റ്ററിലൂടെ കഴിയുന്നു എന്നതാണ് നേട്ടം.
ലക്ഷ്യങ്ങൾ
- പൊതുവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് സംരംഭങ്ങളുടെ നിലനിൽപും വികസനവും ഉറപ്പ് വരുത്തുക.
- ഒരേ സ്വഭാവമുള്ള സംരംഭങ്ങളിൽ പരസ്പരം സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കുക.
- മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുക.
- പൊതു സേവന കേന്ദ്രങ്ങളിലൂടെ ലഘു സംരംഭങ്ങളുടെ ഉൽപാദന ചെലവ് കുറയ്ക്കുക.
കുറഞ്ഞത് 10 സംരംഭങ്ങൾ
2022 ലെ പരിഷ്‌കരിച്ച കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ക്ലസ്റ്റർ കൺസോർഷ്യങ്ങൾ രൂപീകരിക്കുന്നതിന് ഇനി പറയുന്ന രീതിയിൽ അംഗങ്ങളാണ് വേണ്ടത്.
1. പൊതു സേവന കേന്ദ്രത്തിന്റെ നിക്ഷേപം 10 കോടിയിൽ താഴെയാണെങ്കിൽ കുറഞ്ഞത് 10 എസ്.എം.ഇ കൾ മതിയാകും.
2. ഇത് 10 കോടിയിൽ കൂടുതൽ ആണെങ്കിൽ 20 എസ്.എം.ഇ കൾ ആണ് കുറഞ്ഞത് വേണ്ടത്.
നിരവധി പ്രവൃത്തികൾ
ക്ലസ്റ്റർ അംഗങ്ങൾക്ക് പൊതുവിൽ ഗുണകരമാകുന്ന പ്രവൃത്തികളാണ് ഏറ്റെടുത്ത് നടത്തുന്നത്.
മൃദു ഇടപെടൽ (Soft Intervension)
ഇതിലൂടെ അംഗങ്ങൾ തമ്മിൽ വിശ്വാസവും സഹകരണവും ഉണ്ടാക്കുക, ബോധവൽക്കരണ പരിപാടികൾ; പരിശീലന പരിപാടികൾ നടപ്പാക്കുക, കപ്പാസിറ്റി ബിൽഡിംഗ്, വിദേശ പ്രദർശന പരിപാടികളിൽ പങ്കെടുക്കുക, സാങ്കേതിക പരിശീലനം നൽകുക, നൈപുണ്യമുള്ളവരുടെ സേവനം ഉറപ്പാക്കുക, ക്ലസ്റ്റർ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ നൽകുക തുങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ക്ലസ്റ്ററുകൾക്ക് ലഭിക്കുന്നത്.
കഠിനമായ ഇടപെടൽ (Hard Intervension)
ഇതിലൂടെ നിരവധി പ്രവൃത്തികളാണ് ഏറ്റെടുക്കാൻ കഴിയുന്നത്. കോമൺ ഫെസിലിറ്റി സെന്റർ, മാലിന്യ സംസ്‌കരണം, തൊഴിലാളികൾക്ക് സാങ്കേതിക പരിശീലനം, പൊതു ഗോഡൗണുകൾ, ഗവേഷണവും വികസനവും, പൊതുവായ ബ്രാന്റ്, കയറ്റുമതി, എക്‌സിബിഷനുകളും ടെക്‌നോളജി ക്ലിനിക്കുകളും, റോ മെറ്റീരിയൽ ബാങ്കിംഗ് എന്നിവയെല്ലാം ക്ലസ്റ്ററുകൾ വഴി സാധിക്കുന്നു. ചെറിയ സംരംഭങ്ങൾക്ക് (ക്ലസ്റ്ററിലെ അംഗങ്ങൾക്ക്) തനിച്ച് ചെയ്യാൻ കഴിയാത്ത പ്രവൃത്തികളാണ് ക്ലസ്റ്ററിലൂടെ സാധിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
90% വരെ സർക്കാർ സഹായം
പൊതു സേവന കേന്ദ്രങ്ങൾക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ തോതിലുള്ള സബ്‌സിഡി ആനുകൂല്യങ്ങളാണ് സർക്കാരുകൾ നൽകുന്നത്.
എസ്. സി/ എസ്. റ്റി വിഭാഗങ്ങൾ, വനിതകൾ, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ, പിന്നോക്ക ജില്ലകൾ എന്നിവയിൽ ഇതിൽ കൂടുതൽ ആനുകൂല്യങ്ങളാണ് നൽകി വരുന്നത്.
കേരളത്തിന്റെ പ്രകടനം മികച്ചത്
ഇന്ത്യയുടെ ക്ലസ്റ്റർ വികസന പരിപാടിയിൽ മിച്ച പങ്കാളിത്തമാണ് കേരളത്തിനുള്ളത്. 53 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സ്ഥാപിച്ച് വിവിധ ഘട്ടങ്ങളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എഞ്ചിനീയറിംഗ്, ഓട്, പ്രിന്റിംഗ്, ഹൽവ, കയർ, കൈത്തറി, റബ്ബർ, ഗാർമെന്റ്, പ്ലാസ്റ്റിക്, പ്ലൈവുഡ്, ഭക്ഷ്യ സംസ്‌കരണം, റൈസ് മിൽ, അരി മുറുക്ക്, പപ്പടം, ഫർണിച്ചർ എന്നീ മേഖലകളിൽ ക്ലസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നു.
ഘടകം | ആകെ പദ്ധതി ചെലവ് | ഗവൺമെന്റ് ഓഫ് ഇന്ത്യ | സംസ്ഥാന സർക്കാർ | ക്ലസ്റ്റർ /SPV വിഹിതം |
1. പൊതു സേവന കേന്ദ്രം | 5 കോടി മുതൽ 10 കോടി വരെ | 70% | 20% | 10% |
2. പൊതു സേവന കേന്ദ്രം | 10 – 30 | 60% | 20% | ഇല്ല |
3. അടിസ്ഥാന സൗകര്യ വികസനം | 5 കോടി മുതൽ 15 കോടി വരെ |
60% |
40% | ഇല്ല |
4. അടിസ്ഥാന സൗകര്യ വികസനം | 5-10 | 50% | 50% | ഇല്ല |
ഇനിയും ക്ലസ്റ്ററുകൾ തുടങ്ങാം
സാധ്യതയുള്ള സംരംഭ മേഖലയിൽ ഇനിയും ക്ലസ്റ്റുറുകൾ തുടങ്ങാം. ഇതിനായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, തൃശൂരിലുള്ള എം. എസ്. എം. ഇ ഡി. ഐ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ എന്നീ ഏജൻസികളെ സമീപിക്കാവുന്നതാണ്.my.msme.gov.in/cluster എന്ന സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കേന്ദ്ര എം. എസ്. എം. ഇ മന്ത്രാലയമാണ് MSME-CDP ക്ലസ്റ്റർ വികസന പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
ആൽഫഡ് മാർഷൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മുന്നോട്ട് വച്ച ആശയമാണ് ക്ലസ്റ്റർ അധിഷ്ഠിത വികസനം എന്നത്. ഇറ്റലി, ജപ്പാൻ, സ്വീഡൻ, ജർമനി, യു. എസ്. എ, ആസ്‌ട്രേലിയ, യു. കെ. തുടങ്ങിയ വികസിത രാജ്യങ്ങളുടെ വ്യവസായ വികസനത്തിൽ ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ‘UNIDO’ യാണ് ലോകത്തുള്ള ക്ലസ്റ്റർ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)