കൊച്ചി- ഐ. ബി. എം ന്റെ ഇന്ത്യയിലെ മേജർ ഡെവലപ്മെന്റ് ഹബ്ബ്

   
ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,നിയമം, കയർ വകുപ്പ് മന്ത്രി

ഐബിഎമ്മിന്റെ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മലിന്റെ പ്രസ്താവന കേരളം കൈവരിച്ച നേട്ടങ്ങളോട് ലോകത്തിന്റെ പ്രതികരണം കൂടിയാണ്. കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ തന്നെ പ്രധാന ഡെവലപ്മെന്റ് ഹബ്ബാക്കി മാറ്റാൻ ഐബിഎം തീരുമാനിച്ചിരിക്കുന്നു. ഏറ്റവും മികച്ച മാനവ വിഭവ ശേഷി കേരളം സമ്മാനിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇതിനോടകം ഐബിഎം 700 പേർക്കുകൂടി തൊഴിൽ നൽകിയെന്നും ഇനി പ്രവർത്തനം തുടരാൻ പുതിയ കെട്ടിടം ഏറ്റെടുക്കുകയുമാണെന്ന ഐബിഎമ്മിന്റെ പ്രസ്താവന മലയാളികൾക്കാകെയുള്ള അംഗീകാരമാണ്. ഐബിഎമ്മിന്റെ വിപുലീകരണം കേരളത്തിലെ ഐടി/ഐ.ടി ഇതര രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച കൂടി സൂചിപ്പിക്കുന്നതാണ്.

  കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കമ്പനികളാണ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. അതിലൊന്നാണ് പേർളിബ്രൂക് ലാബ്സ്. നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചിയിലാണ് പ്രവർത്തനമാരംഭിച്ചത്. ഫ്രാൻസിലും അമേരിക്കയിലും ചിലിയിലും യു.എ.ഇ യിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന കമ്പനി നാലാം വ്യവസായ വിപ്ലവ ലോകത്ത് ഇന്ത്യയുടെ ഹബ്ബായി മാറാനൊരുങ്ങുന്ന കേരളത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. നിർമ്മാണ ശാലകളിൽ നടക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വീഡിയൊ ക്യാമറയിൽ നിന്ന് മനസ്സിലാക്കി ആ അപകടങ്ങൾ തടയുന്ന ‘ഫ്ളാഗ് മാൻ’ എന്ന ഉൽപ്പന്നമാണ് കേരളത്തിൽ പേർളിബ്രൂക് ലാബ്സ് നിർമ്മിക്കുന്നത്.
   മറ്റൊരു ‘മേഡ് ഇൻ കേരള’ ഉൽപ്പന്നമായി സാങ്കേതിക വിദ്യാലോകത്തേക്ക് കടന്നുവന്നിരിക്കുന്നത് ‘ഡിഫ്യൂസ് മൾട്ടി സർവീസ് ബിസിനസ് ഗേറ്റ് വേ’ ആണ്. ഒരു ഓഫീസിന് ആവശ്യമായ എല്ലാ കണക്ടിവിറ്റിയും പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു സിംഗിൾ പോയിന്റിൽ നിന്ന് ആശയവിനിമയവും സാധ്യമാക്കുന്ന സംവിധാനമാണ് ‘ഡിഫ്യൂസ് മൾട്ടി സർവീസ് ബിസിനസ് ഗേറ്റ് വേ’. ഈ ഉപകരണത്തിലൂടെ പൂർണമായുള്ള ഓഫീസ് കണക്റ്റിവിറ്റിയും സുരക്ഷാ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിയന്ത്രിക്കാൻ സാധിക്കും. നെറ്റ്‌വർക്ക് സുരക്ഷ വളരെ അധികം ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഏതൊരു നെറ്റ്‌വർക്കിനും അനായാസം സുരക്ഷ ഉറപ്പുവരുത്താൻ Wire Guard, Tail Scale, Cloud Fare Tunnel എന്നീ മികച്ച സുരക്ഷ സംവിധാനങ്ങൾ ഈ സംവിധാനത്തിൽ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  ലോകത്തിനുമുന്നിൽ കേരളം എക്കാലവും തല ഉയർത്തി നിന്നിട്ടുള്ള സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തും ഈ മാസം നാം പുതിയ ചുവടുവയ്പ്പ് നടത്തിയിട്ടുണ്ട്. ഇടുക്കിയിൽ സുഗന്ധവ്യഞ്ജന വ്യവസായങ്ങൾക്ക് വേണ്ടി മാത്രമായി ആധുനിക രീതിയിലുള്ള സ്പൈസസ് പാർക്ക് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുമുന്നെ തന്നെ നിരവധി കമ്പനികൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട് എന്നത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സാക്ഷ്യപത്രമാണ്.
  ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയായ പുഴയ്ക്കൽപാടം ബഹുനില വ്യവസായ സമുച്ചയവും ഉദ്ഘാടനം ചെയ്യാൻ നമുക്ക് സാധിച്ചു. 200 കോടി രൂപയുടെ നിക്ഷേപവും 1000 തൊഴിലും കൊണ്ടുവരാൻ സാധിക്കുന്ന പദ്ധതിയിലൂടെ നൂറിലധികം സംരംഭങ്ങളാണ് തൃശ്ശൂർ ജില്ലയിൽ ആരംഭിക്കുക. കാസർഗോഡ് ജില്ലയിലെ അനന്തപുരം വ്യവസായ പാർക്കിൽ 13 കമ്പനികൾ ഒരു ദിവസം പ്രവർത്തനമാരംഭിച്ചതും 11 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി ലഭിച്ചതുമെല്ലാം കൂട്ടിവായിക്കുമ്പോൾ 2023ൽ വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പേരിനോട് കേരളം കൂടുതലായി ഇണങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഇനിയും രണ്ട് മാസങ്ങളുണ്ടെന്നതിനാൽ 2023 ലെ നേട്ടങ്ങൾ അവസാനിക്കുന്നുമില്ല.