കേരള വനിതാ സംരംഭക കോൺക്ലേവ് 2025

ശ്രീ. വിഷ്ണുരാജ് പി. ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കാൻ വ്യവസായ വകുപ്പ് ഒരുങ്ങുകയാണ്. 2025 ഒക്ടോബർ 13-ന് തൃശൂരിൽ വെച്ച്, 1000 വനിതാ സംരംഭകർ പങ്കെടുക്കുന്ന ഒരു സംഗമം സംഘടിപ്പിക്കുന്നു. ‘Kerala Women Entrepreneurs Conclave 2025’ എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്തെ വനിതാ സംരംഭകരെ, പ്രത്യേകിച്ച് യുവ സംരംഭകരെ, സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് പുതിയ വ്യവസായങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഓരോ സംരംഭകയ്ക്കും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴി തുറക്കുകയാണ് ഈ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
ഈ വേദിയിൽ, വിദഗ്ദ്ധരുമായി സംവദിക്കാൻ അവസരമുണ്ടാകും. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ ബിസിനസ് ആശയങ്ങളെക്കുറിച്ചും, അതിനുള്ള അവസരങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തുന്നത് കൂടാതെ, വിജയിച്ച വനിതാ സംരംഭകരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കാനും, അവരുമായി സംവദിക്കാനുമുള്ള അവസരം ഈ കോൺക്ലേവിലൂടെ സാധ്യമാകും. അത് നിങ്ങളുടെ സംരംഭകത്വ യാത്രയിൽ വലിയ ഊർജ്ജം നൽകുമെന്നുറപ്പാണ്.
ഇതൊരു ചർച്ചാവേദി മാത്രമല്ല, ഒരു പ്രദർശന വേദികൂടിയാണ്. വ്യവസായ വകുപ്പ്, ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം സ്റ്റാളുകളുമായി കോൺക്ലേവിൽ പങ്കെടുക്കും. ഉദ്യോഗസ്ഥരുമായും സാങ്കേതിക വിദഗ്ദ്ധരുമായും നേരിട്ട് സംസാരിക്കാനും, സംശയങ്ങൾ ചോദിച്ചറിയാനുമുള്ള അവസരം ലഭ്യമാകും. നിങ്ങളുടെ സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഈ പ്രദർശന വേദിയിൽ നിന്നും നേടാൻ കഴിയും. ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നത് സാധ്യമാക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്. റാംപ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടി, കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയിൽ ഒരു നാഴികക്കല്ലായിരിക്കും. ഇത് വെറുമൊരു പ്രദർശന പരിപാടിയല്ല, മറിച്ച് നിങ്ങളുടെ കഴിവുകൾ, നിങ്ങളുടെ സ്വപ്നങ്ങൾ, അതിലൂടെ നമ്മുടെ നാടിന്റെ വളർച്ച… അതിനെല്ലാം വേണ്ടിയുള്ള ഒരു വലിയ ചുവടുവെപ്പാണ്.
