കൃത്രിമ രക്തം ആരോഗ്യ രംഗത്തെ ഭാവി വഴിത്തിരിവ്

ലോറൻസ് മാത്യു

നുഷ്യ ജീവനെക്കുറിച്ച് ചിന്തിക്കുമ്പോൾ പരമ പ്രധാന്യമുള്ളയൊന്നാണ് രക്തമെന്നത്. വർഷം തോറും കോടിക്കണക്കിന് ലിറ്റർ രക്തമാണ് ആരോഗ്യ രംഗത്ത് ആവശ്യമായി വരുന്നത്. റോഡ് അപകടങ്ങൾ, പരിക്കുകൾ എന്നിവയിൽ ജീവൻ രക്ഷിക്കാനും ഹൃദയ, വൃക്ക, കരൾ തുടങ്ങിയ പ്രധാന ശസ്ത്ര ക്രിയകൾക്കുമൊക്കെ രക്തം ആവശ്യമാണ്. പ്രസവ സമയത്ത് മാതാവിന്റേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനും കാൻസർ ചികിത്സയിൽ (Chemotherapy) രക്തകോശങ്ങൾ കുറയുന്നതിനാൽ ട്രാൻസ്ഫ്യൂഷനുമെല്ലാം രക്തം ആവശ്യമാകുന്നു. ഹീമോഫിലിയ, താലസീമിയ പോലുള്ള രക്ത രോഗങ്ങൾക്ക് ജീവിതകാലം മുഴുവൻ സ്ഥിരമായ രക്തം ആവശ്യമാണ്.

പ്രളയങ്ങൾ, യുദ്ധങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ആവശ്യം കുത്തനെ ഉയരും. പക്ഷേ രക്തത്തിന്റെ ഉയർന്ന ലഭ്യത ഉറപ്പ് വരുത്തുവാൻ കഴിയുന്നത് ഇന്ന് സമ്പന്ന രാജ്യങ്ങൾക്ക് മാത്രമാണ്. എന്നാൽ ലോകത്തിലെ പല രാജ്യങ്ങളിലും രക്തത്തിന്റെ ആവശ്യം ഏറെ വലുതാണ്. പ്രത്യേകിച്ചും താഴ്ന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ രക്തദാന നിരക്ക് വളരെ കുറവാണ്. ചില രാജ്യങ്ങളിൽ 1000 ജനത്തിൽ 5 അഥവാ 6.6 മാത്രമാണ് average donation rate. സൂക്ഷിപ്പ് (storage), പരിശോധന,  safe-transfusion protocols തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ, ചില donated blood units പോലും ഉപയോഗിക്കാനാവാതെ നശിപ്പിക്കപ്പെടുന്നു, അല്ലെങ്കിൽ ആവശ്യമായ സമയത്ത് വിതരണം ചെയ്യാനാവാതെ പോകുന്നു. അതായത് എല്ലാ സമയത്തും, എല്ലാ മനുഷ്യർക്കും വേണ്ടത്ര രക്തം ലഭ്യമല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെയാണ് കൃത്രിമ രക്തം നിർമ്മിച്ച് ലോകത്തെ ജപ്പാൻ ഞെട്ടിച്ചിരിക്കുന്നുവെന്ന വാർത്തയുടെ പ്രസക്തി.

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ

ജപ്പാനിലെ Nara Medical University ഇപ്പോൾ കൃത്രിമ രക്തം വികസിപ്പിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. Hemoglobin vesicles (HbVs) എന്ന ബയോ-സബ്സ്റ്റിറ്റിയൂട്ട് ആണ് വികസിപ്പിച്ചിട്ടുള്ളത്. നൂറ്റാണ്ടിന്റെ മഹാത്ഭുതമെന്നാണ് വൈദ്യശാസ്ത്ര ലോകം ഈ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകമാകമാനം, പ്രത്യേകിച്ച് ദുരന്ത മേഖലകൾ, യുദ്ധ മേഖലകൾ, വിദൂരങ്ങളിലുള്ള ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഈ രക്തത്തിന്റെ ഉപയോഗം ഒരു അനുഗ്രഹമായി തന്നെ മാറും.

ജപ്പാനിലെ നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത കൃത്രിമ മനുഷ്യ രക്തം, Hemoglobin vesicles (HbVs) എന്ന സാങ്കേതികതയിലാണ് അടിസ്ഥാനമാക്കിയത്. സ്വാഭാവിക രക്തത്തിലെ ചുവന്ന രക്താണുക്കൾ (RBC) നിർവഹിക്കുന്ന പ്രധാന ചുമതലയായ ഓക്സിജൻ വഹിക്കൽ ആണ് ഈ സാങ്കേതിക വിദ്യ കൃത്രിമമായി അനുകരിക്കുന്നത്. ഇവിടെ ആദ്യം മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ ലഭിക്കുന്ന ശുദ്ധീകരിച്ച ഹീമോഗ്ലോബിൻ വേർ തിരിക്കുന്നു. സാധാരണയായി, സ്വാഭാവിക രക്തത്തിൽ ഈ ഹീമോഗ്ലോബിൻ ചുവന്ന രക്താണുക്കളുടെ അകത്താണ് നിലനിൽക്കുന്നത്. എന്നാൽ  HbVs സാങ്കേതികതയിൽ, ഈ ഹീമോഗ്ലോബിനെ അത്യന്തം ചെറുതായ ലിപിഡ് കവചങ്ങൾക്കുള്ളിൽ അടയ്ക്കുന്നു. ഈ കവചങ്ങളെയാണ് വെസിക്കിളുകൾ എന്ന് വിളിക്കുന്നത്. ഈ വെസിക്കിളുകളുടെ വലുപ്പം നാനോ തലത്തിലാണ്. ഇവക്ക് ശരീരത്തിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ തടസ്സമില്ലാതെ ഒഴുകാൻ കഴിയും. ലിപിഡ് കവചം ഹീമോഗ്ലോബിനെ നേരിട്ട് ശരീര ദ്രവങ്ങളുമായി പ്രതികരിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും, വിഷ പ്രഭാവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

HbVs ലുള്ള ഹീമോഗ്ലോബിൻ സ്വാഭാവിക രക്തത്തിലെപ്പോലെ തന്നെ ഓക്സിജൻ പിടിച്ചെടുക്കുകയും, ആവശ്യമായ അവയവങ്ങളിൽ എത്തിച്ച് വിടുവിക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജൻ ഏറ്റുവാങ്ങി, തലച്ചോർ, ഹൃദയം, പേശികൾ തുടങ്ങിയ അവയവങ്ങളിലേക്ക് എത്തിക്കുന്ന ഈ പ്രക്രിയ സ്വാഭാവിക രക്തത്തിന്റെ പ്രവർത്തനത്തോട് വളരെ സാമ്യമുള്ളതാണ്.

ഈ കൃത്രിമ രക്തത്തിൽ രക്തഗ്രൂപ്പ് ആന്റിജനുകൾ ഇല്ല. അതിനാൽ A, B, AB, O എന്നീ ഗ്രൂപ്പുകളുടെ പൊരുത്തം പരിശോധിക്കേണ്ട ആവശ്യമില്ല. ഇതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിത്. അതിനാൽ ഏത് രക്തഗ്രൂപ്പുമായും പൊരുത്തപ്പെടുന്നതാണിത്. കൂടാതെ, ഈ രക്തത്തിൽ കോശങ്ങൾ ഇല്ലാത്തതിനാൽ വൈറസ്, ബാക്ടീരിയ, പകർച്ച രോഗങ്ങൾ പകരാനുള്ള സാധ്യത അത്യന്തം കുറവുമാണ്. ഇതിന് തണുപ്പിൽ സൂക്ഷിക്കേണ്ടതില്ല, കൂടാതെ 2 വർഷം വരെ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുവാനും കഴിയും.

2025 അവസാനത്തോടെ രക്തം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. സ്വാഭാവിക രക്തത്തിൽ നിന്നു വ്യത്യസ്തമായി പർപ്പിൾ കലർന്ന ചുവപ്പ് നിറമാണ് ഈ രക്തത്തിന്. നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹിരോമി സകായിയുടെ നേതൃത്വത്തിലാണ് ഈ പരീക്ഷണം വിജയകരമായ രീതിയിൽ മുന്നോട്ടു പോകുന്നത്. സ്വാഭാവിക രക്തത്തിലേതു പോലെ ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവ കൃത്രിമ രക്തത്തിലും ഉണ്ടാകും. പുറമേ നിന്നുള്ള മനുഷ്യ രക്തം ശരീരം റിജെക്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

2019 മുതൽ മൃഗങ്ങളിലും 2020 മുതൽ മനുഷ്യരിലും ജപ്പാൻ കൃത്രിമ രക്തം വിജയകരമായി പരീക്ഷിച്ചു വരുന്നു. 2030 ഓടെ ഇത് പുറത്തിറക്കാനാണ് അവരുടെ ശ്രമം. രക്തദാനം ലോകമെമ്പാടും വർധിക്കുമ്പോഴും യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ ലോകമെമ്പാടും പതിനായിരക്കണക്കിന് ആളുകൾ മരണപ്പെടുന്നു. ഈ സാഹചര്യത്തിൽ കൃത്രിമ രക്തത്തിന്റെ കണ്ടെത്തൽ വലിയൊരു വഴിത്തിരിവാണ്. ഇതോടെ ലോകത്തിൽ ആദ്യമായി കൃത്രിമരക്തം വിജയകരമായി അവതരിപ്പിച്ച രാജ്യമായി ജപ്പാൻ മാറും.

സംരംഭക സാധ്യതകൾ

ഒരു നോബൽ സമ്മാനത്തിന് അർഹമായത് എന്നതിലുപരി മാനവരാശിയുടെ മുന്നോട്ട് പോക്കിന് ഈ കണ്ടുപിടുത്തം വലിയ ഒരു വഴിത്തിരിവ് സൃഷ്ടിക്കും എന്നുറപ്പാണ്. അതായത് ഇത് തുറന്നിടുന്ന സംരംഭക സാധ്യതകൾ ഏറെ വലുതാണ് എന്നർത്ഥം.

ഉൽപ്പാദനം

ബയോടെക്നോളജി മേഖലയിൽ വൻതോതിലുള്ള നിക്ഷേപ സാധ്യതയാണ് ഇത്തരമൊരു കണ്ടു പിടുത്തം വഴി സാധ്യമാകുവാൻ പോകുന്നത്. കാരണം കൃത്രിമ രക്തത്തിന്റെ വലിയ തോതിലുള്ള ഉത്പാദനം വലിയ മൂലധനവും സാങ്കേതിക വിദ്യയും ആവശ്യപ്പെടുന്ന ബയോടെക് വ്യവസായമാണ്. ഇത് നിർമ്മിക്കുവാൻ ആധുനിക ബയോടെക് ലാബുകളും പരിശോധനാ സംവിധാനങ്ങളും ആവശ്യമാണ്. കൂടാതെ രാസവസ്തുക്കൾ, ശുദ്ധീകരിച്ച ഹീമോഗ്ലോബിൻ, നാനോ സാങ്കേതിക ഉപകരണങ്ങൾ, ശുദ്ധമായ ഉത്പാദന യൂണിറ്റുകൾ എന്നിവ ആവശ്യമാണ്. ഉത്പാദനത്തിൽ മനുഷ്യ പിശകുകൾ കുറയ്ക്കാൻ Automated ആയ യന്ത്രങ്ങളും, തുടർച്ചയായ നിർമ്മാണം, മിശ്രണം, ശുദ്ധീകരണം, സംഭരണത്തിന് തയ്യാറാക്കൽ എന്നിവ എളുപ്പത്തിൽ നടത്താൻ യന്ത്രസഹായവും ഉപയോഗിക്കേണ്ടതാണ്. വൈദ്യശാസ്ത്ര നിലവാരമുള്ള ഉത്പന്നമായതിനാൽ, ശുചിത്വം, ഹീമോഗ്ലോബിന്റെ അളവ്, കണങ്ങളുടെ വലുപ്പം, ഓക്സിജൻ ലഭ്യത എന്നിവ കർശനമായി പരിശോധിക്കേണ്ടതാണ്, കൂടാതെ എല്ലാ ബാച്ചുകളും ക്ലിനിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇതിന് പുറമേ, ആരോഗ്യ ഏജൻസികളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് നിർമ്മാണം നടത്തേണ്ടത് നിർബന്ധമാണ്.

ലോജിസ്റ്റിക്സ്

കൃത്രിമ രക്തത്തിന്റെ വിജയം നിർണ്ണയിക്കുന്നതിൽ ഉത്പാദനത്തേക്കാൾ പ്രാധാന്യമുള്ള ഘട്ടമാണ് അതിന്റെ വിതരണവും ഗതാഗത സംവിധാനവും. നിലവിൽ സ്വാഭാവിക രക്തം തണുപ്പിൽ സൂക്ഷിക്കേണ്ടതും, പരിമിത സമയത്തിനുള്ളിൽ ഉപയോഗിക്കേണ്ടതുമായതിനാൽ, ഗ്രാമ പ്രദേശങ്ങളിലേക്കും ദുരന്ത മേഖലകളിലേക്കും അത് സമയത്ത് എത്തിക്കാൻ പലപ്പോഴും കഴിയുന്നില്ല. എന്നാൽ കൃത്രിമ രക്തം സാധാരണ താപനിലയിൽ ദീർഘകാലം സൂക്ഷിക്കാനാവുന്നതായതിനാൽ, അതിന്റെ സംഭരണവും വിതരണവും വളരെ ലളിതമാകുന്നു. ആശുപത്രികൾ, രക്തബാങ്കുകൾ, അപകട ചികിത്സാ കേന്ദ്രങ്ങൾ, ക്യാൻസർ ചികിത്സാ സ്ഥാപനങ്ങൾ, പ്രസവ ആശുപത്രികൾ എന്നിവിടങ്ങളിൽ സ്ഥിരമായി രക്ത സംഭരണം ഉറപ്പാക്കാൻ സാധിക്കും. പ്രളയം, ഭൂചലനം, മഹാമാരികൾ, യുദ്ധസാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ അടിയന്തരമായി വലിയ അളവിൽ രക്തം എത്തിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു; അത്തരം ഘട്ടങ്ങളിൽ കൃത്രിമ രക്തം മുൻകൂട്ടി സംഭരിച്ച് വേഗത്തിൽ വിതരണം ചെയ്യാൻ കഴിയുന്നത് ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായകരമാകും. കൂടാതെ, റോഡ് ഗതാഗതം, വ്യോമ ഗതാഗതം, കടൽ ഗതാഗതം തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യത്തിനകത്തും രാജ്യങ്ങൾക്കിടയിലും സുരക്ഷിതമായി രക്തം എത്തിക്കാൻ കഴിയും. തണുപ്പിക്കൽ സംവിധാനങ്ങളില്ലാത്ത ഗ്രാമീണ പ്രദേശങ്ങൾക്കും, ദ്വീപുകൾക്കും, മലനിരകൾക്കുമുള്ള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഈ രീതിയിൽ, കൃത്രിമ രക്തത്തിന്റെ കാര്യക്ഷമമായ വിതരണം ആരോഗ്യരംഗത്തെ അസമത്വങ്ങൾ കുറയ്ക്കുകയും, എല്ലാവർക്കും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ശക്തമായ സംവിധാനമായി മാറുന്നു. ഈ ലോജ്സ്റ്റിക്സ് സംവിധാനങ്ങളൊരുക്കുന്നത് ഒരു സംരംഭക സാധ്യതയാണ്.

ഗവേഷണവികസന കേന്ദ്രങ്ങൾ (R & D Hubs)

കൃത്രിമ രക്തം ഒരു ഉൽപ്പന്നം മാത്രമല്ല, തുടർച്ചയായ ഗവേഷണ സാധ്യതകളുടെ വാതിലും കൂടിയാണ്. രക്തത്തിന്റെ ഓക്സിജൻ വഹിക്കുന്ന ശേഷി വർധിപ്പിക്കൽ, കൂടുതൽ കാലം ശരീരത്തിനുള്ളിൽ സുരക്ഷിതമായി നില നിൽക്കാനുള്ള മാർഗങ്ങൾ കണ്ടെത്തൽ, പ്രത്യേക രോഗാവസ്ഥകൾക്ക് അനുയോജ്യമായ രക്തസമാന വസ്തുക്കൾ വികസിപ്പിക്കൽ എന്നിവയ്ക്കായി പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. സർവകലാശാലകൾ, മെഡിക്കൽ കോളേജുകൾ, ബയോടെക് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുള്ള ഗവേഷണ സംരംഭങ്ങൾ ഭാവിയിൽ വലിയ അറിവും സാമ്പത്തിക മൂല്യവും സൃഷ്ടിക്കും.

ദുരന്തനിവാരണആരോഗ്യ സാങ്കേതിക സംരംഭങ്ങൾ

പ്രളയം, ഭൂചലനം, മഹാമാരി, യുദ്ധം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് പ്രത്യേക സംരംഭങ്ങൾ രൂപീകരിക്കാം. കൃത്രിമ രക്തം ഉൾപ്പെടുന്ന അടിയന്തര ചികിത്സാ കിറ്റുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങൾക്ക് സർക്കാർ, അന്താരാഷ്ട്ര ഏജൻസികൾ, സൈന്യം, ദുരന്ത നിവാരണ വിഭാഗങ്ങൾ എന്നിവയിൽ നിന്ന് സ്ഥിരമായ ആവശ്യം ഉണ്ടാകും.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ

സൈനിക മേഖലയിൽ പരിക്കേറ്റ സൈനികർക്കു ഉടൻ രക്തം ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്. കൃത്രിമ രക്തം ദീർഘകാലം സൂക്ഷിക്കാനാകുന്നതിനാൽ, സൈനിക ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലുമുള്ള മെഡിക്കൽ യൂണിറ്റുകളിൽ സ്ഥിരമായി സംഭരിക്കാം. പ്രതിരോധ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക സപ്ലൈ സംവിധാനങ്ങൾ, അടിയന്തര ചികിത്സാ പരിഹാരങ്ങൾ എന്നിവ വികസിപ്പിക്കുന്ന സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ട്.

ആരോഗ്യ പരിശീലനവും വിദഗ്ധ സേവനങ്ങളും

കൃത്രിമ രക്തത്തിന്റെ ഉപയോഗം, സുരക്ഷ, അളവ് നിർണ്ണയം, അടിയന്തര സാഹചര്യങ്ങളിലെ പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കുമായി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാം. സർട്ടിഫിക്കേഷൻ കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോമുകൾ എന്നിവ ആരോഗ്യരംഗത്ത് ഒരു പുതിയ സംരംഭമേഖലയായി മാറാൻ കഴിയും.

ഡിജിറ്റൽ ആരോഗ്യമേഖലയും ഡാറ്റാ സേവനങ്ങളും

രക്തത്തിന്റെ സംഭരണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കാം. കൃത്രിമ രക്തത്തിന്റെ സ്റ്റോക്ക് നിയന്ത്രണം, ആവശ്യകത പ്രവചനം, അടിയന്തര ആവശ്യങ്ങൾക്ക് തത്സമയ വിവരം നൽകുന്ന സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയൊക്കെ ആശുപത്രികൾക്കും സർക്കാർ ഏജൻസികൾക്കും സഹായകരമാകും. ആരോഗ്യ ഡാറ്റ വിശകലന സേവനങ്ങളും ഒരു പുതിയ സംരംഭക മേഖലയായി ഉയർന്നു വരും.

സാമൂഹിക സംരംഭങ്ങൾ

കൃത്രിമ രക്തത്തിന്റെ സഹായത്തോടെ ഗ്രാമീണ പ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് സമയബന്ധിതമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന സാമൂഹിക സംരംഭങ്ങൾ ആരംഭിക്കാനാവും. ഇന്ന് പല ഗ്രാമങ്ങളിലും രക്തബാങ്കുകളില്ലായ്മയും, ദൂരദേശങ്ങളിലേക്കുള്ള ഗതാഗത ബുദ്ധിമുട്ടുകളും കാരണം അടിയന്തര ചികിത്സ വൈകുന്നതാണ് പ്രധാന പ്രശ്നം. മുറിയിലെ താപനിലയിൽ ദീർഘകാലം സൂക്ഷിക്കാനാവുന്ന കൃത്രിമ രക്തം ഇത്തരം പ്രദേശങ്ങളിൽ മുൻകൂട്ടി സംഭരിച്ച് ഉപയോഗിക്കാൻ കഴിയുന്നതിലൂടെ അപകടങ്ങൾ, പ്രസവസങ്കീർണതകൾ, ആകസ്മിക രോഗാവസ്ഥകൾ എന്നിവയിൽ നിരവധി ജീവൻ രക്ഷിക്കാനാകും. ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്നവയല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധത മുൻനിർത്തുന്ന ഇത്തരം സംരംഭങ്ങൾ സർക്കാർ ആരോഗ്യ പദ്ധതികളുമായി ബന്ധിപ്പിക്കാനും, പൊതുമേഖലസ്വകാര്യ പങ്കാളിത്തം വഴി വികസിപ്പിക്കാനും കഴിയും. കൂടാതെ അന്താരാഷ്ട്ര സഹായ ഏജൻസികൾ, മാനവിക സംഘടനകൾ, ദുരന്തനിവാരണ ഫണ്ടുകൾ എന്നിവയിൽ നിന്നുള്ള ധനസഹായം ലഭിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ട്. ഈ രീതിയിൽ, കൃത്രിമ രക്തം ആധാരമാക്കിയ സാമൂഹിക സംരംഭങ്ങൾ ആരോഗ്യരംഗത്തെ അസമത്വങ്ങൾ കുറയ്ക്കുകയും, മനുഷ്യജീവനെ കേന്ദ്ര ബിന്ദുവാക്കി ഒരു ദീർഘകാല സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും.

നിയമാനുസൃത അംഗീകാരം (Regulatory Approvals)

കൃത്രിമ രക്തം പോലുള്ള ജീവൻ രക്ഷിക്കുന്ന വൈദ്യശാസ്ത്ര ഉത്പന്നം പൊതുജനാരോഗ്യ രംഗത്ത് ഉപയോഗിക്കുന്നതിന് മുൻപ് കർശനമായ നിയമാനുസൃത അംഗീകാരങ്ങൾ നേടേണ്ടതാണ്. മനുഷ്യ ശരീരത്തിൽ നേരിട്ട് ഉപയോഗിക്കുന്ന ഉത്പന്നമായതിനാൽ, അതിന്റെ സുരക്ഷ, ഫലപ്രാപ്തി, ദോഷഫലങ്ങളുടെ അഭാവം എന്നിവ ശാസ്ത്രീയമായി തെളിയിക്കപ്പെടണം. ഇതിന് പ്രാഥമിക പരീക്ഷണങ്ങൾ, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ദീർഘകാല നിരീക്ഷണം എന്നിവ നിർബന്ധമാണ്. ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ ശുദ്ധി, ഗുണനിലവാരം, സ്ഥിരത എന്നിവ വിലയിരുത്തപ്പെടും.

ഇന്ത്യയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് കേന്ദ്ര ആരോഗ്യ അധികാരികളും മരുന്ന് നിയന്ത്രണ സംവിധാനങ്ങളും നൽകുന്ന അനുമതി ആവശ്യമാണ്. അതുപോലെ തന്നെ, അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കണമെങ്കിൽ വിദേശ രാജ്യങ്ങളിലെ ആരോഗ്യ നിയന്ത്രണ ഏജൻസികളുടെ മാനദണ്ഡങ്ങളും പാലിക്കണം. ഈ അംഗീകാരങ്ങൾ ലഭിക്കുന്നത് ഉത്പന്നം സുരക്ഷിതമാണെന്നും, മനുഷ്യ ജീവന് അപകടമുണ്ടാകില്ലെന്നും പൊതു സമൂഹത്തെയും ആരോഗ്യപ്രവർത്തകരെയും വിശ്വസിപ്പിക്കുന്ന ഒരു ഉറപ്പാണ്. ആശുപത്രികൾ, രക്തബാങ്കുകൾ, സർക്കാർ ആരോഗ്യ പദ്ധതികൾ എന്നിവ കൃത്രിമ രക്തം സ്വീകരിക്കാൻ തയ്യാറാകുന്നതും ഇത്തരം നിയമാനുസൃത അംഗീകാരങ്ങൾ ലഭിച്ച ശേഷമാണ്.

സാമൂഹിക സംരംഭങ്ങളുടെ കാര്യത്തിൽ, നിയമാനുസൃത അംഗീകാരം ലഭിക്കുന്നത് സർക്കാർ സഹായങ്ങളും പൊതുമേഖല പങ്കാളിത്തങ്ങളും അന്താരാഷ്ട്ര ധന സഹായങ്ങളും നേടാനുള്ള വഴിയൊരുക്കുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ഗ്രാമീണ ആരോഗ്യ പദ്ധതികൾ, സൈനിക ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ കൃത്രിമ രക്തം ഉൾപ്പെടുത്താൻ നിയമപരമായ അംഗീകാരം നിർണായകമാണ്. അതിനാൽ, regulatory approval എന്ന ഘട്ടം ഒരു തടസ്സമല്ല, മറിച്ച് കൃത്രിമ രക്തത്തെ സുരക്ഷിതവും വിശ്വസനീയവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമായ ഒരു ആരോഗ്യ പരിഹാരമായി മാറ്റുന്ന അടിസ്ഥാന ഘട്ടമാണ്.

സംരംഭകർ നേരിടുന്ന വെല്ലുവിളികളും
പരിഹാരങ്ങളും

കൃത്രിമ രക്തം പോലുള്ള അത്യാധുനികവും ജീവൻ രക്ഷിക്കുന്നതുമായ ഉത്പന്നം വിപണിയിൽ അവതരിപ്പിക്കുക എന്നത് വലിയ സാധ്യതകളോടൊപ്പം നിരവധി വെല്ലുവിളികളും ഉൾക്കൊള്ളുന്ന ഒന്നാണ്. ഈ വെല്ലുവിളികളെ ശാസ്ത്രീയമായ സമീപനത്തോടെയും ദീർഘകാല ദർശനത്തോടെയും കൈകാര്യം ചെയ്യുമ്പോഴാണ് സംരംഭം വിജയത്തിലേക്ക് എത്തുക.

പ്രധാന വെല്ലുവിളി വലിയ മൂലധന ആവശ്യം

കൃത്രിമ രക്തത്തിന്റെ ഗവേഷണം, പരീക്ഷണം, ഉത്പാദനം, ഗുണ നിലവാര പരിശോധന, നിയമാനുസൃത അംഗീകാരം എന്നിവയ്ക്ക് വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. തുടക്ക ഘട്ടത്തിൽ തന്നെ ഈ മൂലധനം കണ്ടെത്തുക സംരംഭകർക്ക് ബുദ്ധിമുട്ടാകാം. സർക്കാർ ഗവേഷണ ഫണ്ടുകൾ, ആരോഗ്യ നവീകരണ ഗ്രാന്റുകൾ, സാമൂഹിക സംരംഭങ്ങൾക്ക് ലഭ്യമായ ധനസഹായങ്ങൾ, അന്താരാഷ്ട്ര വികസന ഏജൻസികൾ എന്നിവയുമായി സഹകരണം സ്ഥാപിച്ചും പൊതുമേഖലസ്വകാര്യ പങ്കാളിത്ത മാതൃകകൾ (PPP) ഉപയോഗപ്പെടുത്തിയും ഇതിനെ മറി കടക്കാം.

നിയമാനുസൃത അംഗീകാരത്തിന്റെ സങ്കീർണത

കൃത്രിമ രക്തം മനുഷ്യ ശരീരത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിനാൽ, അനുമതികളും പരിശോധനകളും ദീർഘകാലം എടുക്കുന്ന പ്രക്രിയയാണ്. ഇത് സംരംഭത്തിന്റെ സമയക്രമവും ചിലവുകളും വർധിപ്പിക്കും. ആരംഭ ഘട്ടത്തിൽ തന്നെ നിയമ വിദഗ്ധരും ആരോഗ്യ നിയന്ത്രണ പരിചയമുള്ള ഉപദേശകരും ഉൾപ്പെട്ട ഒരു ടീം രൂപീകരിക്കുക. ഗവേഷണവും രേഖകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിൽ ഒരുക്കുകയും ചെയ്യേണ്ടതാണ്.

സാമൂഹിക അംഗീകാരവും വിശ്വാസവും

”കൃത്രിമ രക്തം” എന്ന ആശയം പൊതുജനങ്ങൾക്കും ചില ആരോഗ്യ പ്രവർത്തകർക്കും സംശയം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിശ്വാസമില്ലായ്മ വിപണി സ്വീകരണത്തെ ബാധിക്കും. ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്നിവ പൊതു ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്. ബോധവത്കരണ പരിപാടികളും മെഡിക്കൽ പരിശീലനങ്ങളും നടത്തുകയും ചെയ്യേണ്ടത് ഇവിടെ അത്യന്താപേക്ഷിതമാണ്.

സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ്

ഉന്നത ബയോടെക് സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയും ലഭ്യമാക്കുക എളുപ്പമല്ല. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവയുമായി സഹകരണം സ്ഥാപിക്കേണ്ടതാണ്. പരിശീലന പരിപാടികൾ ആരംഭിച്ച് പ്രാദേശിക മനുഷ്യവിഭവ ശേഷി വികസിപ്പിക്കേണ്ടതുണ്ട്.

വിലയും ലഭ്യതയും തമ്മിലുള്ള സമതുലനം

ജീവൻ രക്ഷിക്കുന്ന ഉത്പന്നമായതിനാൽ വില ഉയർന്നാൽ സാമൂഹിക ലക്ഷ്യം നഷ്ടപ്പെടും; വില കുറച്ചാൽ സാമ്പത്തിക നിലനിൽപ്പ് ബാധിക്കാം. വലിയ തോതിലുള്ള ഉത്പാദനം വഴി ചിലവ് കുറയ്ക്കുക, സർക്കാർ സബ്സിഡികളും സാമൂഹിക സംരംഭ ഫണ്ടുകളും ഉപയോഗിച്ച് വില നിയന്ത്രിക്കുക എന്നിവ ഇത്തരുണത്തിൽ ആവശ്യമാണ്.

ലോകമെമ്പാടുമുള്ള രക്തക്ഷാമം മനുഷ്യജീവിതത്തിന് മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ദുരന്തങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ, ഗുരുതര രോഗങ്ങൾ എന്നി സാഹചര്യങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് ആളുകൾക്ക് രക്തം ലഭിക്കാത്തത് മൂലം ജീവൻ നഷ്ടമാകുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാൻ വികസിപ്പിച്ച കൃത്രിമ രക്തം മനുഷ്യരാശിക്ക് മുന്നിൽ ഒരു പുതിയ പ്രതീക്ഷയായി മാറുന്നത്. എല്ലാ രക്ത ഗ്രൂപ്പുകൾക്കും അനുയോജ്യവും, ദീർഘകാലം സാധാരണ താപനിലയിൽ സൂക്ഷിക്കാനാവുന്നതുമായ ഈ രക്തം, ആരോഗ്യരംഗത്തെ അസമത്വങ്ങൾ കുറയ്ക്കാനും, ഗ്രാമീണദുരന്ത മേഖലകളിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കഴിവുള്ളതാണ്.

ഇത് ശാസ്ത്രീയ നേട്ടം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടെയുള്ള സംരംഭകത്വത്തിനും പുതിയ വഴികൾ തുറക്കുന്ന ഒരു മുന്നേറ്റമാണ്. ഉത്പാദനം, വിതരണം, ഗവേഷണം, ദുരന്തനിവാരണം, സാമൂഹിക സംരംഭങ്ങൾ, ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ എന്നിവയിലൂടെ കൃത്രിമ രക്തം ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മനുഷ്യജീവനെ കേന്ദ്രബിന്ദുവാക്കി ശാസ്ത്രവും സംരംഭകത്വവും കൈകോർക്കുമ്പോൾ, ഭാവിയിൽ ”രക്തം ലഭ്യമല്ല” എന്ന വാക്ക് തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന പ്രത്യാശയാണ് ഈ കണ്ടുപിടുത്തം ലോകത്തിന് നൽകുന്നത്.