കുതിപ്പ് തുടർന്ന് കേരളം

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

നവംബറിൽ, ഒരു മാസത്തിനുള്ളിൽ കേരളത്തിലെത്തിയ ആഗോള ഭീമൻമാരായ കമ്പനികളും കേരളത്തിൽ തന്നെ പിറവികൊണ്ട് ഉയർന്നു വന്ന സംരംഭങ്ങളും നമ്മുടെ സംസ്ഥാനത്തിന്റെ മാറിയ വ്യവസായ ചിത്രം വ്യക്തമാക്കുന്നുണ്ട്. ആഗോള പ്രശസ്തമായ കമ്പനികളുടെ ഇന്ത്യയിലെ ആദ്യ ഡെസ്റ്റിനേഷനായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. 2022 ൽ 100 പേരുമായി കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയ ഐ.ബി.എം അവരുടെ ജെനറേറ്റീവ് എ.ഐ ഇന്നവേഷൻ സെന്ററും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടെയാണ് തുടങ്ങിയത്. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ ഐ.ബി.എം കൊച്ചി ലാബിലെ ജീവനക്കാരുടെ എണ്ണം 2500 ആയി ഉയർന്നു. ഓയിൽ ആന്റ് ഗ്യാസ് രംഗത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാദാതാക്കളായ അമേരിക്കൻ കമ്പനി എൻ.ഒ.വി (NOV) യുടെ ഇന്ത്യയിലെ ആദ്യ ഗ്ലോബൽ കെയ്പ്പബിലിറ്റി സെന്ററും നവംബറിൽ കേരളത്തിൽ പ്രവർത്തനം തുടങ്ങി. 52 രാജ്യങ്ങളിലായി 32000 ലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ അമേരിക്കൻ കമ്പനി ഇന്ത്യയൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങൾ പരിശോധിച്ചശേഷമാണ് കേരളം തെരഞ്ഞെടുത്തത്. ജർമ്മനി ആസ്ഥാനമായുള്ള ആഗോള ഐടി സേവന ദാതാക്കളായ അഡെസ്സോ അവരുടെ ഇന്ത്യൻ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് കമ്പനി സി ഇ ഒ മാർക്ക് ലോവെബർ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. ഏറ്റവും മികച്ച ഇക്കോസിസ്റ്റം, പ്രതിഭകളുടെ ലഭ്യത, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങൾ, ഓഫീസ് ലഭ്യത തുടങ്ങി ഒരു ഹൈടെക് വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളിലും നമുക്ക് ഉയർന്ന മാർക്കാണ് ലോവെബർ നൽകുന്നത്. തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ഒറ്റ ദിവസം 8 കമ്പനികൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകളുടെ എണ്ണം 31 ലേക്ക് കുതിച്ചെത്തി. വ്യവസായ പാർക്കുകൾക്കായി ഫിക്കി ദേശീയ തലത്തിൽ ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്കാരങ്ങളിൽ സസ്റ്റെയിനബിലിറ്റി ചാമ്പ്യൻ അവാർഡ് കിൻഫ്രക്ക് ലഭിച്ചതും കഴിഞ്ഞ മാസം തന്നെ.

നവംബറിലെ മാത്രം കഥയല്ലിത്. ഈ സർക്കാർ ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ ബഹുരാഷ്ട്ര കമ്പനികൾ ഒട്ടേറെയുണ്ട്. വെൻഷ്വർ, സ്ട്രാഡ, ആസ്കോ, എച്ച്.സി.എൽ ടെക്, ട്രാസ്ന, ഡിസ്പേസ്, സഫ്റാൻ, ടോറസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. വ്യവസായ രംഗത്തെ ഈ അതിവേഗ പരിണാമത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നതാവും ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമം. നിക്ഷേപ സൗഹൃദ റാങ്കിംഗിൽ ടോപ്പ് അച്ചീവർ പദവിയോടെ ഒന്നാം സ്ഥാനത്തെത്തിയതു മുതൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിന്റെ സംരംഭക വർഷം പദ്ധതി തെരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള സമാനതകളില്ലാത്ത നേട്ടങ്ങൾ നൽകിയ കരുത്തോടെ ഈ കുതിപ്പ് തുടരാനാകുന്ന നാളുകളാണ് നമ്മുടെ മുന്നിലുള്ളത്.