കായം വിപണിയിലെ മൂന്നു സഹോദരിമാർ

ഇന്ദു കെ പി

‘3 വീസ് ഇന്റർനാഷണൽ’ എന്ന പേരിൽ മൂന്ന് സഹോദരിമാർ ചേർന്ന് 2019ൽ ആരംഭിച്ച സംരംഭം അഞ്ചു വർഷം പിന്നിടുമ്പോൾ കഠിനാദ്ധ്വാനത്തിന്റെ വിജയ തിളക്കമാണ് ഇവരുടെ മുഖത്ത്. വർഷ, വിസ്മയ, വൃന്ദ എന്ന സഹോദരിമാരുടെ പേരിലെ ആദ്യ അക്ഷരമായ ‘വീ’ ചേർത്താണ് സംരംഭത്തിന് പേരു നൽകിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ആണ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സഹോദരിമാരിൽ മൂത്തവളായ വർഷയുടെ എംബിഎ പഠനത്തിനുശേഷം ജോലിക്കായുള്ള ശ്രമങ്ങൾക്കിടയിലാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം ഉടലെടുക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും അനുഭവ വായനയിലൂടെയും മറ്റു പല സ്രോതസ്സുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട അറിവുകൾ തേടി, ബിസിനസ്സ് സാധ്യതകളെ കുറിച്ച് മനസ്സിലാക്കി. ഭക്ഷ്യോല്പന്ന യൂണിറ്റ് ആരംഭിക്കുന്നതിനായിരുന്നു മുൻഗണന നൽകിയത്. വിപണന സാധ്യത, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, മുടക്കു മുതൽ തുടങ്ങി വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് മൂവർ സംഘം ‘കൂട്ടു പെരുങ്കായം’ എന്ന ഉല്പാദന യൂണിറ്റ് ആരംഭിക്കുവാൻ തീരുമാനിക്കുന്നത്. മലയാളിയുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെട്ട സാമ്പാർ, അച്ചാറുകൾ എന്നിവയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം. കേരളത്തിൽ ഇതിന് കൂടുതൽ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് നീങ്ങിയത്. തമിഴ്‌നാട്ടിൽനിന്നാണ് നമുക്ക് ആവശ്യമായ കായം അധികവും കൊണ്ടുവരുന്നത്. ഇന്ത്യയിൽ ഒരു വർഷം ഏകദേശം 5,000 കോടി രൂപയുടെ കായം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ 150 കോടി രൂപയുടെ കായം വിപണിയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

അഫ്ഗാനിസ്ഥാൻ, ഖസാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഫെറൂല എന്ന വൃക്ഷത്തിൽ നിന്നും ലഭിക്കുന്ന പശയാണ് കായത്തിന്റെ അസംസ്‌കൃത വസ്തു. ഇന്ത്യയിൽ കാശ്മീർ, പഞ്ചാബിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കായം കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കായം നിർമ്മാണ യൂണിറ്റുകൾ ഉത്തർപ്രദേശിലെ ഹത്രാസ് എന്ന സ്ഥലത്താണ്. രൂക്ഷ ഗന്ധമുള്ള ശുദ്ധമായ കായം നേരിട്ട് ഉപയോഗിക്കാൻ സാധ്യമല്ലാത്തതിനാൽ മറ്റു ചേരുവകളും ചേർത്താണ് ഭക്ഷ്യയോഗ്യമാക്കുന്നത്. പാൽക്കായം, ചുവന്ന കായം എന്നിങ്ങനെ രണ്ടു തരം കായമുണ്ട്. പാൽക്കായം വെള്ളത്തിൽ ലയിക്കുന്നതും ചുവന്ന കായം ചൂടാക്കിയ എണ്ണയിൽ ലയിക്കുന്നതുമാണ്. കായത്തിന് നിരവധി ഔഷധഗുണമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദഹനക്കേടിനും, ശക്തമായ ചുമയ്ക്കും, ശ്വാസകോശ രോഗങ്ങൾക്കും കായം ഔഷധമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽമായമില്ലാത്ത കായമാണെന്ന് ഉറപ്പുവരുത്തണമെന്നുമാത്രം.

മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഇടനിലക്കാർ വഴിയാണ് ‘3Vees’ ലേക്ക് ആവശ്യമായ കായത്തിന്റെ അസംസ്‌കൃത വസ്തുക്കൾ എത്തിക്കുന്നത്. വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉല്പന്നങ്ങൾ വിപണിയിൽ ധാരാളം ലഭ്യമാണെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയ വർഷ പറയുന്നു. പിറവം അഗ്രോപാർക്കിൽ നിന്നും പരിശീലന കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷം തമിഴ്‌നാട്ടിലെ കായ നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ച് നിർമ്മാണ രീതികൾ മനസ്സിലാക്കി. പ്രിസർവേറ്ററുകൾ ഒന്നും ചേർക്കാതെ തന്നെ ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്നതായിരുന്നു സഹോദരിമാരുടെ ലക്ഷ്യം. അതിൽ നൂറ് ശതമാനം വിജയിക്കാൻ സാധിച്ചു എന്നാണ് ഇവർ ഒരേ സ്വരത്തിൽ പറയുന്നത്. ആരംഭ ഘട്ടത്തിൽ ഇവർതന്നെകടകളിലും ഹോട്ടലുകളിലും നേരിട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു. പുതിയ ഒരു ഉല്പന്നത്തെ സ്വീകരിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ വിമുഖത ഏറെയായിരുന്നു. അധികം വൈകാതെ സിവിൽ സപ്ലൈസ് കോർപ്പറേഷനുമായി സഹകരിച്ച് വിതരണം തുടങ്ങിയപ്പോൾ ത്രീ വീസ് കൂട്ടു പെരുങ്കായം കൂടുൽ ആളുകളിലേക്ക് എത്തിചേരാൻ തുടങ്ങി. 25 ഗ്രാമിന്റെ പായ്ക്കറ്റുകൾ മുതൽ കട്ട കായവും, കായം പൊടിയും ലഭ്യമാണ്. 100 ഗ്രാമിന് ഏകദേശം 160 രൂപയാണ് വില ഈടാക്കുന്നത്.

2019ൽ രണ്ട് ലക്ഷം രൂപ മുദ്ര ലോണെടുത്ത് വീടിനോട് ചേർന്ന ഒരു മുറിയിൽ തുടങ്ങിയ നിർമ്മാണ യൂണിറ്റ് ഇപ്പോൾ 3000 സ്‌ക്വയർ ഫീറ്റുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യോല്പനങ്ങളുടെ വിപണന സാദ്ധ്യതകൾ മനസ്സിലാക്കി ഇതിനോടകം മുപ്പതോളം ഭക്ഷ്യ ഉല്പന്നങ്ങൾ ത്രീ വീസ് ബ്രാൻഡിൽ വിപണിയിലെത്തിക്കാനും തുടങ്ങി. വിവിധ തരം കറിപ്പൊടികൾ, പുട്ടുപൊടികൾ , സാമ്പാറുപൊടി, അച്ചാറു പൊടികൾ, മില്ലറ്റ് പൊടികൾ എന്നിവയെല്ലാം ത്രീ വീസിൽ ഇപ്പോൾ ഉല്പാദിപ്പിക്കുന്നു. നേന്ത്രപഴം കഴുകി ഉണക്കി പ്രോസസ്സിങ്ങ് ചെയ്ത് ബനാന ഫിഗ് എന്ന ഉല്പന്നം കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാനാവുന്ന പോഷക സമൃദ്ധമായ റെഡി ടു ഈറ്റ് ഭക്ഷണപദാർത്ഥമാണെന്ന് ഇവർ പറയുന്നു. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറികൾ സിഡ്‌കോയിൽ നിന്നും വായ്പയെടുത്ത് വാങ്ങിയതാണ്. മാസത്തിൽ പത്ത് മുതൽ പതിനഞ്ച് ലക്ഷം രൂപയുടെ വിറ്റ് വരവ് ഉണ്ടെന്ന് സംരംഭത്തിന്റെ വരവ് ചെലവു കണക്കുകൾ കൈകാര്യം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർത്ഥി കൂടിയായ വിസ്മയ പറയുന്നു. ആമസോൺ, ഇന്ത്യ മാർട്ട്, ഫ്‌ലിപ്പ് കാർട്ട് എന്നീ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവടങ്ങളിലും ആവശ്യക്കാർക്ക് നേരിട്ടും, കൊറിയർ മുഖേനയും ഇവരുടെ ഉല്പന്നങ്ങൾ ലഭ്യമാണ്. ത്രീ വീസിന്റെ മാർക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് ബിബിഎ വിദ്യാർത്ഥിയായ വൃന്ദയാണ്.

യൂണിറ്റിൽ പത്ത് സ്ത്രീകൾ സ്ഥിരമായി ജോലിയെടുക്കുന്നുണ്ട്. മാർക്കറ്റിംഗ് വിഭാഗത്തിൽ അഞ്ച് പേരും ഉണ്ട്. ഓർഡറുകൾ കൂടുതലാവുമ്പോൾ ദിവസ വേതന നിരക്കിൽ ജോലിക്കാരെ എടുക്കാറുണ്ട്. യുവ സംരംഭകർക്കായി കൈരളി ടി.വി നടപ്പിലാക്കുന്ന ജ്വാല അവാർഡ്, റോട്ടറിക്ലബ്ബ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങളും ഇതിനോടകം സഹോദരിമാരെ തേടി എത്തിയിട്ടുണ്ട്. പഠനവും ജോലിയും വിദേശത്താക്കണം എന്ന് ശാഠ്യം പിടിക്കുന്ന യുവ തലമുറകൾക്ക് ഒരു മാതൃകയാണ് ഇരുപതുകാരികളായ സഹോദരിമാർ. സ്വന്തമായി ഒരു തൊഴിലും വരുമാനവും എന്നതിലപ്പുറം കുറച്ചു പേർക്കുകൂടി തൊഴിൽ നൽകുകയും ചെയ്യുന്നു. ഫിനാൻസ്, മാർക്കറ്റിംഗ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നാലും ഉറച്ച തീരുമാനത്തോടെ മുന്നേറുകയാണെങ്കിൽ വിജയം കൈവരിക്കാമെന്നാണ് വർഷ പറയുന്നത്. അച്ഛൻ പ്രശാന്ത് ബോസിന്റെയും അമ്മ സരളയുടെയും പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.