കവര്‍സറ്റോറി

'ദൈവത്തിന്റെ സ്വന്തം നാടിന്റെ' സ്വന്തം ഉല്‍പന്നങ്ങള്‍

ജി.ക്യഷ്ണപിള്ള

'ദൈവത്തിന്റെ സ്വന്തം നാടിന്റെ'
സ്വന്തം ഉല്‍പന്നങ്ങള്‍

ഒരു പ്രത്യേക വ്യാവസായിക ഉല്‍പന്നത്തിനോ കാര്‍ഷിക ഉല്‍പന്നത്തിനോ അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളാലോ, പരമ്പരാഗതമായ മേന്മകളാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമസൂചിക (Geographical Indication) എന്നു പറയുന്നത്.

എന്തിനാണ് ഭൗമസൂചിക നല്‍കുന്നത്?

ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ ഗുണമേന്മ അത് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അവയെ തിരിച്ചറിയുന്നതിനാണ് ഭൗമസൂചിക നല്‍കുന്നത്. ഗുണമേന്മ, നിര്‍മാണ വൈദഗ്ദ്ധ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. എങ്ങനെയാണ് രജിസ്‌ട്രേഷന്‍? ഓരോ രാജ്യത്തെയും ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചിക നല്‍കുന്നത് അതാത് രാജ്യത്തെ ഓഫീസുകളിലാണ്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ജി. ഐ. രജിസ്ട്രി എന്ന സ്ഥാപനമാണ് ഭൗമസൂചിക പദവി നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഭൗമസൂചിക ലഭിച്ചത് ഡാര്‍ജിലിങ്ങ് തേയിലയ്ക്കാണ്. ഒരു ഉല്‍പന്നത്തിന് ജി. ഐ. രജിസ്‌ട്രേഷന്‍ ലഭിച്ചാലുടന്‍ തന്നെ ഉല്‍പന്നത്തിന്റെ വിവരശേഖരണം അതാത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനയുടെ (എന്‍. റ്റി. ഒ) വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. ഇതോടെ ഈ രജിസ്‌ട്രേഷന്‍ ആഗോള വ്യാപാര സംഘടന അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. 10 വര്‍ഷത്തേയ്ക്കാണ് ആദ്യഘട്ടത്തില്‍ ജി. ഐ. രജിസ്ട്രഷന്‍ നല്‍കുന്നത്. പിന്നീടത് പുതുക്കണം. ഒരു വ്യക്തിയില്‍ അധിഷ്ഠിതമാണ് ഭൗമസൂചിക പദവിയുടെ അവകാശം. ബന്ധപ്പെട്ട ഉല്‍പന്നത്തിന്റെ അവകാശം ബന്ധപ്പെട്ട ദേശത്തിന്റെതാണ്.

നിയമ പരിരക്ഷ

ഇത് പൊതുവായി കൂട്ട ഉടമസ്ഥതയിലുള്ള കാര്‍ഷിക/ പ്രകൃതിദത്ത/ നിര്‍മ്മിത വസ്തുക്കള്‍ക്ക് നല്‍കിയിട്ടുള്ള ഒരു വ്യതിരിക്തമായ പേര് അല്ലെങ്കില്‍ ചിഹ്നത്തെ സൂചിപ്പിക്കുന്നു. സവിശേഷതകളുള്ളതും ഭൂമിശാസ്ത്രപരമായ വേരുകളുള്ളതുമായ ഉത്പന്നങ്ങളെ തിരിച്ചറിയാനും വേര്‍തിരിക്കാനും ജിയോ ടാഗുകള്‍ സഹായിക്കുന്നു. ജിയോ ടാഗുകള്‍ അനുകരിക്കുന്നത് ശിക്ഷാര്‍ഹമാണ്. 1999- ലെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് (രജിസ്‌ട്രേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍) ആക്ട് അനുസരിച്ചുള്ള എല്ലാ നിയമപരിരക്ഷയും ഭൗമസൂചിക ലഭിച്ച ഉല്‍പന്നങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇന്ത്യ ലോകവ്യാപാര സംഘടനയില്‍ അംഗമാണ്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗിങ്ങ് നിലവില്‍ വന്നത് 2003-ലാണ്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ എല്ലാ സംരക്ഷണവും പരിഗണനയും ഭൗമസൂചിക പദവി ലഭിച്ച ഉല്‍പന്നങ്ങള്‍ക്ക് ലഭ്യമാണ്.

ഭൗമസൂചിക പദവിയും എം. എസ്. എം. ഇ. യും (Geographical Indication & MSMEs)

1. ഭൗമസൂചിക പദവി ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഭൂരിഭാഗവും പ്രാദേശികമായ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കായിരിക്കും. ഇക്കാരണത്താല്‍ ഈ സംരംഭങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ സത്‌പേര് (ഏീീറംശഹഹ) ഉയരുകയും വിപണനമൂല്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

2. ഭൗമസൂചിക പദവി ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ എവിടെ നിന്ന് ഉത്ഭവിക്കുന്നതെന്നും അതിന്റെ ഉല്‍പാദനരീതി എങ്ങനെയാണെന്നും അറിയാന്‍ കഴിയുന്നത് ഉപഭോക്താവിന്റെ വിശ്വാസം വര്‍ദ്ധിക്കുന്നു.

3. പരിസ്ഥിതി തൊഴിലാളി സൗഹൃദ ഉല്‍പന്നങ്ങളും നയങ്ങളും ഉല്‍പാദകര്‍ പിന്തുടരുന്നതിലൂടെ അത് അവരുടെ സാമൂഹ്യ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു.

4. ഭൗമസൂചിക ഒരു പ്രത്യേക പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ആ പ്രദേശത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുന്നു.

5. ഭൂമസൂചിക ഉല്‍പന്നങ്ങളുടെ വിപണിമൂല്യം വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ ബൗദ്ധിക സ്വത്തവകാശ നിയമമനുസരിച്ച് ജി. ഐ. ഉല്‍പന്നങ്ങളുടെ അനുകരണവും തട്ടിപ്പും തടയുന്നു.

വിപണിമൂല്യം

കാര്‍ഷിക- വ്യവസായിക ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതോട് കൂടി അന്താരാഷ്ട്രതലത്തില്‍ തന്നെ അതിന്റെ വിപണിമൂല്യം വര്‍ദ്ധിക്കുന്നു. കര്‍ഷകരുടെയും പ്രദേശത്തിന്റെയും ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതു വഴി വിപണന മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല വിപണന ഉപകരണമായി ഇതിനെ ഉപയോഗിക്കാന്‍ കഴിയുന്നു. കേരളത്തില്‍ ഭൗമസൂചിക ലഭിച്ച ഉല്‍പന്നങ്ങളുടെയെല്ലാം അന്താരാഷ്ട്ര വിപണി അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടായ വിലപേശലിലൂടെ (രീഹഹലരശ്ലേ യമൃഴമശിശിഴ) ഉല്‍പന്നങ്ങളുടെ വിപണിമൂല്യം വര്‍ദ്ധിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.

കേരളത്തിന്റെ സ്വന്തം ഉല്‍പന്നങ്ങള്‍

ഉല്‍പന്നം ഏതുമാവട്ടെ, അതിനു ഭൗമസൂചിക പദവി ലഭിക്കുന്നതിലൂടെ കേരളത്തില്‍ നിന്നുമുള്ള ഭൗമസൂചിക ഉല്‍പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക- വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിച്ചത് കേരളത്തിനാണ്. ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍/ ബ്രാന്റിംഗ് പോലെയല്ല ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നത്. രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ക്കും ആ ഭൂപ്രദേശത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ, ജി. ഐ. രജിസ്‌ട്രേഷന്‍ ലഭ്യമായിട്ടുള്ള ഉല്‍പന്നങ്ങളുടെ പേര് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ നിന്നും ഇതുവരെ 34-ഓളം കാര്‍ഷിക- വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. അതില്‍ 22- ഓളം കാര്‍ഷികോല്‍പന്നങ്ങളും ബാക്കി വ്യാവസായികോല്‍പന്നങ്ങളുമാണ്. കേരളത്തില്‍ നിന്നും ഭൗമസൂചിക പദവി ലഭിച്ച ഉല്‍പന്നങ്ങളെ ഒന്ന് പരിചയപ്പെടുത്താം:-

1. ആറന്മുള കണ്ണാടി
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിലാണ് പരമ്പരാഗതമായി ഈ കണ്ണാടി നിര്‍മ്മിച്ചു വരുന്നത്. രസം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി ചില്ലിന് പകരം പ്രത്യേക ലോഹക്കൂട്ടിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഒരു വശം ഉരച്ച് മിനുക്കിയാണ് നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മറ്റ് കണ്ണാടികളില്‍ പിന്‍പ്രതലം പ്രതിഫലിക്കുമ്പോള്‍ ആറന്മുള കണ്ണാടിയില്‍ മുന്‍പ്രതലമാണ് പ്രതിഫലിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവും നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന ലോഹക്കൂട്ടുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നു. കേരളത്തില്‍ നിന്നും ആദ്യമായി ഭൗമസൂചിക പദവി ലഭിച്ചത് ആറന്മുള കണ്ണാടിയ്ക്കാണ്.

2. ആലപ്പുഴ കയര്‍
ആലപ്പുഴ ജില്ലയിലെ തനതു കയര്‍ തൊഴിലാളികള്‍ പ്രാദേശിക കൈത്തഴക്കത്താലും സംസ്‌കരണ രീതിയിലും നെയ്‌തെടുക്കുന്ന കയറും കയറുല്‍പന്നങ്ങള്‍ക്കുമാണ് ഭൗമസൂചിക ലഭിച്ചത്. നിറത്തിലും ഗുണത്തിലും നെയ്ത്ത് രീതിയിലും സവിശേഷമായ തനതു പ്രത്യേകത നിലനിര്‍ത്തുന്ന 'ആലപ്പുഴ കയര്‍' ലോകപ്രശസ്തമാണ്.

3. മലബാര്‍ കുരുമുളക്
'കറുത്ത പൊന്ന്' എന്ന് വിശേഷിപ്പിക്കാവുന്ന കുരുമുളക് 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നാണറിയപ്പെടുന്നത്. കേരളത്തിലെ പ്രധാന നാണ്യവിളയാണിത്. ലോകപ്രശസ്തമായ നാണ്യവിളയാണിത്. മലബാര്‍ പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പ്രത്യേകയിനത്തില്‍ ഉള്‍പ്പെട്ട സവിശേഷമായ ഗുണമേന്മയുള്ളതുമായ ഉല്‍പന്നമാണ് മലബാര്‍ കുരുമുളക്. മലബാര്‍ കുരുമുളകിനെ ഗാര്‍ബിള്‍ഡ്, അണ്‍ ഗാര്‍ബിള്‍ഡ് എന്നിങ്ങനെ രണ്ടായി തരംതിരിക്കാവുന്നതാണ്. കറുത്ത നിറത്തിലുള്ള ഇനമാണ് ഗാര്‍ബിള്‍ഡ്. ഇരുണ്ട തവിട്ട് മുതല്‍ കറുപ്പ് വരെയുള്ളതാണ് അണ്‍ഗാര്‍ബിള്‍ഡ്. 1999- ലാണ് ഇതിന് ഭൗമസൂചിക പദവി ലഭിച്ചത്.

4. വാഴക്കുളം പൈനാപ്പിള്‍
എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൈതച്ചക്ക ഉല്‍പാദനകേന്ദ്രം. ഈ കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് 2009- ലാണ് ഇതിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇതിന്റെ ശരാശരി ഭാരം 1,300- 1,600 ഗ്രാമാണ്. കോണാകൃതിയിലുള്ളതും നല്ല സുഗന്ധം പരത്തുന്നവയുമാണ് വാഴക്കുളം കൈതച്ചക്ക. ഇതിന്റെ പഴത്തിന്റെ ചത തിളങ്ങുന്നതും സ്വര്‍ണ മഞ്ഞനിറമുള്ളതുമാണ്. എളുപ്പത്തില്‍ കേട് വരുന്നതാകയാല്‍ റെയില്‍ മാര്‍ഗ്ഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നു.

5. ചെങ്ങോലിക്കോടന്‍ നേന്ത്രക്കായ്
ഉരുണ്ടതും ഏണുകള്‍ ഇല്ലാത്തതുമായ കായകളും സ്വര്‍ണ നിറമുള്ള ഒരിനം വാഴയിനമാണ് ചെങ്ങോലിക്കോടന്‍ നേന്ത്രക്കായ്. തൃശൂര്‍ ജില്ലയിലെ തയ്യൂര്‍, എരുമപ്പെട്ടി, കരിയന്നൂര്‍ എന്നീ പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്ത് വരുന്നത്. തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തില്‍ 'ചെങ്ങളിവാലി' എന്ന സ്ഥലത്ത് ഉണ്ടായതിനാലാണ് 'ചെങ്ങോലിക്കോടന്‍' എന്ന പേരുണ്ടായത്. മച്ചാട് മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണില്‍ ഇത് സമൃദ്ധമായി വളരുന്നു.

6. നവര നെല്ല്
രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവകൃഷിയിലൂടെയാണ് ഇത് കൃഷി ചെയ്യുന്നത്. വളരെയേറെ ആയുര്‍വേദ ഔഷധമൂല്യമുള്ള ഒരു നെല്ലാണിത്. ആയുര്‍വേദ ചികിത്സയില്‍ 'ഞവരക്കിഴി' പ്രസിദ്ധമാണ്. കര്‍ക്കടക ഔഷധ കണിയിലെ പ്രധാന ഇനമാണ് ഇത്. യൗവ്വനം നിലനിര്‍ത്താന്‍ 'നവര നെല്ല്' നല്ലതാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു.

7. ഗന്ധകശാല
വയനാട് ജില്ലയില്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലൂടെ നടപ്പിലാക്കുന്ന കാര്‍ഷിക നവീകരണ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത് വരുന്ന ഒരു സുഗന്ധ ഇനം നെല്ലാണ് 'വയനാട് ഗന്ധകശാല'

8. ജീരകശാല
വയനാട്ടില്‍ കൃഷി ചെയ്യുന്ന മറ്റൊരു ഇനമാണ് 'ജീരകശാല' നെല്ല്. ഹൈറേഞ്ച് മേഖലയിലാണ് ഇത് കൃഷി ചെയ്യുന്നത്. വളരെ കുറച്ച് മാത്രം സൂര്യപ്രകാശമുള്ളതും പൊക്കത്തില്‍ വളരുന്നവയുമാണ്, 'ജീരകശാല' എന്ന സുഗന്ധ ഇനം നെല്ല്. നെയ്‌ച്ചോറ്, ബിരിയാണി എന്നിവ ഉണ്ടാക്കാന്‍ അനുയോജ്യമാണിത്.

9. പാലക്കാടന്‍ മട്ട
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ഭൗമസൂചിക പദവി ലഭിച്ച അരിയാണ് പാലക്കാടന്‍ മട്ട. വളരെ സ്വാദിഷ്ഠമായതും ചുവന്ന നിറത്തോട് കൂടിയതുമാണ് 'പാലക്കാടന്‍ മട്ട'. ആര്യന്‍, അരുവക്കരി, ചിറ്റേകി, ചെങ്കഴമ, ചെറ്റാടി, തവളക്കണ്ണന്‍, ഇന്ദപ്പൂവട്ടന്‍, ജ്യോതി, കുന്നുകുഞ്ഞ്, പൂച്ചെമ്പന്‍ എന്നീ ഇനങ്ങളിലുള്ള നെല്ലില്‍ നിന്നുമാണ് 'പാലക്കാടന്‍ മട്ട' അരി ഉല്‍പാദിപ്പിക്കുന്നത്.

10. ആലപ്പുഴ പച്ച ഏലം
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിളവല്ലായിത്. ഇടുക്കിയില്‍ നിന്നും ആലപ്പുഴ ജില്ലയിലെ ഫാക്ടറികളില്‍ കൊണ്ടുവന്നാണ് ഇത് സംസ്‌കരിച്ചിരുന്നത്. അതുകൊണ്ടാണ് ഇതിന് 'ആലപ്പുഴ പച്ച ഏലം' എന്ന് വിളിപ്പേരുണ്ടായത്. പച്ചനിറം കൂടുതലായതിനാലാണ് ഇതിനെ പച്ച ഏലം എന്ന് വിളിക്കുന്നത്.

11. കണ്ണാടിപ്പായ
കേരളത്തിലെ ആദിവാസ ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നിവര്‍ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ. കണ്ണാടിപോലെ തിളങ്ങുന്നതും മിനുസമുള്ളതുമാണ്. ഇതില്‍ പതിയുന്ന പ്രകാശം പ്രതിബിംബം പോലെ പടര്‍ന്ന് പ്രതിഫലിക്കുന്നു. അതാണ് കണ്ണാടിപ്പായയുടെ മുഖ്യ ആകര്‍ഷണം.

12. കൈപ്പാട് അരി
മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയില്‍ നിന്ന് ലഭിക്കുന്ന നെല്ലില്‍ നിന്നുമാണ് കൈപ്പാട് അരി ഉല്‍പാദിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ 10 വര്‍ഷം നീണ്ടുനിന്ന പ്രായോഗിക പരീക്ഷണത്തിനൊടുവില്‍ വികസിപ്പിച്ചെടുത്ത ഏഴോം നെല്‍വിത്തുള്‍പ്പെടെയുള്ളവ കൃഷി ചെയ്യുന്ന മലബാറിലെ കൈപ്പാട് മേഖലയിലെ മുഴുവന്‍ അരിയിനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നതാണ് ഭൗമസൂചിക പദവി ഉള്‍പ്പെട്ടതിന്റെ പ്രധാന നേട്ടം. കടലിനോടോ പുഴയോടോ ചേര്‍ന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പു നിലങ്ങളിലും കോള്‍ നിലങ്ങളിലും കൈപ്പാട് കൃഷി ചെയ്യാന്‍ കഴിയുന്നുവെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

13. പയ്യന്നൂര്‍ പവിത്രമോതിരം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന മോതിരമാണ് 'പയ്യന്നൂര്‍ പവിത്രമോതിരം' എന്നാണ് വിശ്വാസം. ആചാര അനുഷ്ഠാനങ്ങളില്‍ ദര്‍ഭപുല്ല് കൊണ്ട് പവിത്രമോതിരം നിര്‍മ്മിക്കാറുണ്ട്. തന്ത്രശാസ്ത്രത്തില്‍ പവിത്രമോതിരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പൂജഹോമാദികള്‍, പിതൃബലി തുടങ്ങിയ വിശേഷാല്‍ ക്രിയകള്‍ നടത്തുമ്പോള്‍ മോതിര വിരലില്‍ പവിത്രമോതിരം ധരിക്കാറുണ്ട്.

14. പൊക്കാളി നെല്ല്
ഒരാളോളം പൊക്കത്തില്‍ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തില്‍ ആളി നില്‍ക്കുന്നത് കൊണ്ടാണ് ഇതിന് 'പൊക്കാളി' എന്ന പേര് വന്നത്. വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാന്‍ കഴിവുള്ള നെല്ലാണിത്. തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ പാടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, എടവനക്കാട്, നെടുങ്ങാട് പ്രദേശങ്ങളിലും ഈ നെല്ല് കൃഷി ചെയ്തു വരുന്നു. കൃഷി ചെയ്യുന്ന പാടത്തെ പൊതുവെ പൊക്കാളി എന്നു വിളിക്കുന്നു.

15. ബാലരാമപുരം സാരിയും കോട്ടണ്‍ തുണികളും
ലോകപ്രശസ്ത കൈത്തറിയിനമാണിത്. തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്കിലാണ് ബാലരാമപുരം. തമിഴ്‌നാട്ടിലെ ശാലി ഗോത്രക്കാരാണ് ഈ കൈത്തറി ഉല്‍പന്നങ്ങള്‍ നെയ്യുന്നതിന് തുടക്കം കുറിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ്മ രാജകൊട്ടാരത്തിലെ ആവശ്യമായ കസവ് നെയ്യുന്നതിനുവേണ്ടിയാണ് ഇവരെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്നത്. അതിപുരാതനമായ വസ്ത്ര നിര്‍മ്മാണ ചാതുരിയും പാരമ്പര്യവും കൊണ്ട് പ്രശസ്തമാണ് ബാലരാമപുരം.

16. മറയൂര്‍ ശര്‍ക്കര
ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറയൂര്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം 900 കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രദേശത്ത് വര്‍ഷം മുഴുവന്‍ കരിമ്പ് ലഭ്യമാണ്. ഇതിന്റെ നിറം തവിട്ടാണ്. ഇരുമ്പിന്റെ അംശവും കാല്‍സ്യവും കൂടുതലാണ്. കേരള വനം- വന്യജീവി വകുപ്പിന്റെ കീഴിലുള്ള വനശ്രീ യൂണിറ്റുകളില്‍ നിന്നും ഈ ഉല്‍പന്നം നേരിട്ട് വാങ്ങാവുന്നതാണ്. പരമ്പരാഗത രീതിയിലാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. കൈകൊണ്ട് ഉരുട്ടി എടുക്കുകയാണ് ചെയ്യുന്നത്.

17. കൈതയോല
കൈത അല്ലെങ്കില്‍ തഴ എന്ന് വിളിക്കുന്ന അസംസ്‌കൃത വസ്തുവില്‍ നിന്നാണ് കൈതയോല കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. നല്ല വെള്ളമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന പൂക്കളും മുള്ളുകളും ഉള്ള സസ്യമാണ് കൈത. കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇത് കണ്ടുവരുന്നു. അതിപുരാതനമായ ഒരു കുടില്‍ വ്യവസായമാണിത്. കൈതയില്‍ നിന്നും ഇലകള്‍ വെട്ടിയെടുത്ത് ഉണക്കി ആവശ്യാനുസരണമുള്ള നീളത്തിലും വീതിയിലും ഇല/ ഓല വെട്ടിയൊരുക്കിയാണ് ഇത് നിര്‍മ്മിച്ചിരുന്നത്. തഴ / ഓല പുഴുങ്ങിയ ശേഷം ഓരോന്നും ചെറിയതരം കത്തി ഉപയോഗിച്ച് നിവര്‍ത്തിയ ശേഷമാണ് പായ് ഉണ്ടാക്കുന്നത്. കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്ത് പരിസരങ്ങളും തഴപ്പായ്ക്ക് പ്രസിദ്ധമാണ്.

18. പാലക്കാട് മദ്ദളം
പാലക്കാട് ജില്ലയിലെ വാദ്യ ഉപകരണമാണിത്. ചെമ്പകം, കരിങ്ങാലി മരം, പ്ലാവ് എന്നിവയില്‍ നിന്നുമാണ് മദ്ദളം ഉണ്ടാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന മദ്ദളത്തെ പോത്തിന്‍ തോല്‍ കൊണ്ട് സംരക്ഷിക്കുന്നു. കഥകളി, പഞ്ചവാദ്യം എന്നിവയില്‍ ഇത് കൊട്ടാറുണ്ട്. വ്യത്യസ്തമായ സ്വരങ്ങള്‍ ഉപകരണത്തിന്റെ ഇരുവശത്തു നിന്നും കേള്‍ക്കാന്‍ കഴിയും. 150 വര്‍ഷം പഴക്കമുള്ള കുടുംബങ്ങളാണ് ഈ വാദ്യ ഉപകരണം നിര്‍മ്മിച്ചു വരുന്നത്. 13-ാം നൂറ്റാണ്ടില്‍ ദേവവാദ്യമായി ഇത് ഉപയോഗിച്ചിരുന്നു.

19. കണ്ണൂര്‍ ഹോം ഫര്‍ണിഷിങ്ങ്
കണ്ണൂരിലെ പ്രധാനപ്പെട്ട ഉല്‍പന്നമാണിത്. വീടുകളെ മനോഹരമാക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട കയറ്റുമതി ഉല്‍പന്നമാണ്. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇതിന് ഭൗമസൂചിക പദവി ലഭിക്കുന്നതിന് ശ്രമിച്ചത്.

20. കാസര്‍കോഡ് സാരികള്‍
കാസര്‍കോഡ് ജില്ലയിലെ ഉദയഗിരിയാണ് ഇതിന്റെ പ്രധാന നെയ്ത്ത് കേന്ദ്രം. 1938-ലാണ് കാസര്‍കോഡ് സാരികള്‍ ഉല്‍പാദനം ആരംഭിച്ചത്. അലക്കുംതോറും തിളക്കം കൂടുന്ന സാരിയാണിത്. ഓരോ നൂലും സ്റ്റാര്‍ച്ച് മുക്കി നെയ്യുന്നതാണ് ഈ തിളക്കത്തിന്റെ രഹസ്യം. കാസര്‍കോഡ് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘമാണ് ഇതിന്റെ ഉല്‍പാദകര്‍. ഗുണമേന്മയിലും തനിമയിലും പ്രസിദ്ധമാണ് കാസര്‍കോഡ് സാരികള്‍.

21. കുത്താമ്പുള്ളി സാരി
കസവിന്റെ പ്രത്യേകതയാണ് ഈ സാരിയെ മറ്റുള്ള സാരിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മൈസൂരില്‍ എത്തിച്ചേര്‍ന്ന ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണ് ആദ്യകാലങ്ങളില്‍ ഈ സാരി നെയ്ത് എടുത്തിരുന്നത്. തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളിയാണ് ഈ സാരിയുടെ പ്രധാന ഉല്‍പാദനകേന്ദ്രം. ഇപ്പോള്‍ കുത്താമ്പുള്ളി സാരി നിര്‍മ്മിക്കുന്നത് കുത്താമ്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ്. പരമ്പരാഗതമായ രീതിയിലാണ് നെയ്‌തെടുക്കുന്നത്. 2011- ലാണ് ഇതിന് ഭൗമസൂചിക പദവി ലഭിച്ചത്.

22. ചേന്ദമംഗലം മുണ്ടുകള്‍
കൊച്ചിയിലെ മന്ത്രിയായിരുന്ന പാലിയത്തച്ഛന്റെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. തമിഴ്‌നാട്ടില്‍ നിന്നുമുള്ള നെയ്ത്തുകാര്‍ക്ക് ചേന്ദമംഗലത്ത് താമസിച്ച് മുണ്ടുകള്‍ നെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ പാലിയത്തച്ഛന്റെ കുടുംബം ചെയ്തു കൊടുത്തു. ക്രമേണ ഈ പ്രദേശത്തുള്ളവരും നെയ്ത്ത് പഠിച്ചെടുത്തു. ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള നൂലുകള്‍ ഉപയോഗിച്ചാണ് മുണ്ടുകള്‍ നെയ്യുന്നത്. കൈത്തറി സഹകരണ സംഘങ്ങള്‍ രൂപീകരിച്ചതോടെ അതിന്റെ നേതൃത്വത്തില്‍ തൊഴിലാളികളാണ് ഇപ്പോള്‍ ഇത് നെയ്യുന്നത്. തലമുറകളായി മാറിവന്ന പരമ്പരാഗതവും പ്രകൃതിദത്തവുമായ ഉല്‍പാദനരീതിയാണ് ഇപ്പോഴും പിന്തുടരുന്നത്

23. മണ്‍സൂണ്‍ മലബാര്‍ അറബി, കാപ്പി
ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് തന്നെ കാപ്പി കുരുക്കള്‍ കപ്പല്‍ മാര്‍ഗ്ഗം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കപ്പല്‍ യാത്രയിലുടനീളം കാറ്റും മഴയും കൊണ്ട് കാപ്പിക്കുരുവിന് നിറവ്യത്യാസം വരികയും പഴുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഫലമായി ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന കാപ്പിപൊടിയ്ക്ക് രുചി വ്യത്യാസമുണ്ടാകുകയും യൂറോപ്പില്‍ ഇത്തരം കാപ്പിക്ക് വലിയ പ്രചാരമുണ്ടാകുകയും ചെയ്തു. ഇതോടു കൂടിയയാണ് മഴയും കാറ്റും കൊളളുന്ന വിധം കാപ്പിക്കുരു പുറത്ത് വച്ച് സംസ്‌കരിക്കുന്ന മണ്‍സൂണ്‍ മലബാര്‍ സംസ്‌കരണ രീതിയുണ്ടായത്.

24. തിരുവിതാംകൂര്‍ പതിയന്‍ ശര്‍ക്കര
മധ്യ തിരുവിതാംകൂറില്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കരയാണ് പതിയന്‍ ശര്‍ക്കര എന്ന് അറിയപ്പെടുന്നത്. ഉപ്പ് രുചിയും മാലിന്യമില്ലാത്തതുമായ ശര്‍ക്കരയാണിത്. ഇത് തരിതരിയായും കുഴമ്പ് രൂപത്തിലും കണ്ടുവരുന്നു. രുചിയുടെയും മധുരത്തിന്റെയും കാര്യത്തില്‍ വളരെ സവിശേഷത പുലര്‍ത്തുന്നു. ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ച് വരുന്നു.

25. വെങ്കലം വിളക്കി നിര്‍മ്മിക്കുന്ന ചിരട്ട ഉല്‍പന്നങ്ങള്‍
ചിരട്ടയില്‍ നിന്നും കരകൗശല വസ്തുക്കള്‍ പലയിടത്തും നിര്‍മ്മിക്കുന്നുണ്ടെങ്കിലും വെങ്കലം വിളക്കി ചേര്‍ത്ത ചിരട്ടകള്‍ കൊണ്ട് പല രൂപത്തിലുള്ള കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് കേരളത്തില്‍ മാത്രമാണ്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കപ്പ്, പൂപ്പാത്രങ്ങള്‍, പെട്ടി, സ്പൂണ്‍ എന്നിവ ഇങ്ങനെ നിര്‍മ്മിക്കുന്നുണ്ട്.

26. നിലമ്പൂര്‍ തേക്ക്
ലോകത്തിലാദ്യമായി ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മരമാണ് തേക്ക്. നിലമ്പൂരിനെ 'തേക്കിന്റെ മെക്ക' എന്നും വിളിക്കുന്നു. ഇതിനെ മലബാര്‍/ മലപ്പുറം തേക്ക് എന്നും അറിയപ്പെടുന്നു. ഈ തേക്കിന്റെ പ്രത്യേകത മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ തേക്കിന്‍തോട്ടത്തിന് തുടക്കം കുറിച്ചത്. നിലമ്പൂരില്‍ നിന്നും തേക്കിന്‍ തടികള്‍ വന്‍തോതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. തേക്കിന്‍ തടി കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പ്പാത പണി കഴിപ്പിച്ചത്. ഏകദേശം 50 മീറ്റര്‍ ഉയരത്തില്‍ വളരുന്നവയാണ് നിലമ്പൂര്‍ തേക്ക്. നിലമ്പൂര്‍ തേക്കിനു മാത്രമായി തേക്ക് മ്യൂസിയം ഉണ്ട്. ഈ തേക്കിന്റെ വാര്‍ഷിക വളയവും (Annual Rings) ഗന്ധവും പേരു കേട്ടതാണ്.

27. തിരൂര്‍ വെറ്റില
എരിവുള്ള വെറ്റിലയാണ് തിരൂര്‍ വെറ്റില. മലപ്പുറം ജില്ലയിലെ തിരൂര്‍ കേന്ദ്രീകരിച്ചാണ് ഇത് കൃഷി ചെയ്ത് വരുന്നത്. ഉത്തരേന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് തിരൂര്‍ വെറ്റില കൂടുതലും വില്‍പന നടത്തുന്നത്. പുതുക്കോടി, നാടന്‍ ഇനങ്ങള്‍, പരമ്പരാഗത ഇനങ്ങളായ കൂഴിനാടന്‍, കരിനാടന്‍, ചേലന്‍ എന്നിവയും വന്‍തോതില്‍ വില്‍പന നടത്തുന്നു. കനക്കുറവും ഔഷധമൂല്യമുള്ളതുമാണ് തിരൂര്‍ വെറ്റില.

28. വയനാടന്‍ റോബസ്റ്റ കാപ്പി
ഇത് തണല്‍ മരങ്ങള്‍ക്കിടയിലാണ് കൃഷി ചെയ്യുന്നത്. റോബസ്റ്റ മാത്രം ഉല്‍പാദിപ്പിക്കുന്ന പരമ്പരാഗതരീതി പിന്തുടരുന്നത് കൊണ്ടുമാത്രമാണ് ഇതിന് ഭൗമപദവി ലഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വളരെയേറെ ആവശ്യക്കാര്‍ ഉള്ള ഇനമാണിത്. വയനാട് ജില്ലയാണ് ഇതിന്റെ പ്രഭവകേന്ദ്രം.

29. എടയൂര്‍ മുളക്
എരിവില്ലാത്ത മുളകാണ് എടയൂര്‍ മുളക്. എടയൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇത് കൃഷി ചെയ്ത് വരുന്നത്. മലപ്പുറം ജില്ലയിലാണ് എടയൂര്‍ ഗ്രാമപഞ്ചായത്ത്. ചരല്‍ മണ്ണില്‍ ധാരാളം വിളയുന്ന പച്ചമുളകാണിത്.

30. കുറ്റിയാട്ടൂര്‍ മാങ്ങ
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന ഒരു മാങ്ങയാണ് കുറ്റിയാട്ടൂര്‍ മാങ്ങ. ഇതിനെ നമ്പ്യാര്‍ മാങ്ങയെന്നും വിളിക്കുന്നു. കാസര്‍കോഡ് നീലേശ്വരത്ത് നിന്നുമാണ് ഈ മാങ്ങ കുറ്റിയാട്ടൂര്‍ എത്തിയതെന്ന് പറയപ്പെടുന്നു. ഈ മാവ് ഉയരത്തില്‍ വളരുകയില്ല. മാവിന്‍ തൈ നല്ല വെള്ളവും സൂര്യപ്രകാശവും ലഭ്യമാകുന്ന സ്ഥലങ്ങളില്‍ നട്ട് വളര്‍ത്തുന്നു. നല്ല മണവും രുചിയും ഗുണവുമുള്ള മാങ്ങയാണിത്. പുറംതോട് നീക്കം ചെയ്ത് വിത്ത് നട്ടാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഇത് ഒന്നിലധികം തൈകളായി മുളച്ച് വരും.

31. മണ്‍സൂണ്‍ മലബാര്‍ റോബസ്റ്റ കാപ്പി
കാറ്റ്, വെളിച്ചം, മഴ, ഈര്‍പ്പം എന്നിവ കിട്ടുന്ന വിധം ഗ്രേഡുകളാക്കി ഇവയെ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുന്നു. പാകമാകുന്നതുവരെ തികച്ചും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ജൈവികപരമായ ഒരു സംസ്‌കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി റോബസ്റ്റ കാപ്പിയുടെ നിറവും രുചിയും വ്യത്യാസപ്പെടുന്നത് കൊണ്ടാണ് ഇതിന് അന്താരാഷ്ട്ര വിപണിയില്‍ നല്ല ആവശ്യക്കാര്‍ ഉണ്ടായത്.

32. ഓണാട്ടുകര എള്ള്
കാര്‍ത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ താലൂക്കുകള്‍ ചേര്‍ന്നതാണ് ഓണാട്ടുകര. ഓണാട്ടുകര എള്ളും എള്ളെണ്ണയും ഗുണമേന്മയ്ക്ക് പ്രസിദ്ധമാണ്. കായംകുളം ഒന്ന്, തിലക്, തിലതാര, നിലറാണി എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രം, കായംകുളം ഓണാട്ടുകര വികസന ഏജന്‍സി എന്നിവയുടെ ശ്രമഫലമായിട്ടാണ് ഓണാട്ടുകര എള്ളിന് ഭൗമസൂചിക പദവി ലഭിച്ചത്.

33. മുതലമട മാമ്പഴം
കേരളത്തിന്റെ മാംഗോ സിറ്റിയാണ് മുതലമട. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് മുതലമട. മാങ്ങയുടെ വ്യവസായത്തിലൂടെ വളര്‍ച്ച കൈവരിച്ച പ്രദേശമാണ് മുതലമട. രാജ്യത്ത് ആദ്യം മാവ് പൂക്കുന്ന സ്ഥലം എന്ന പ്രശസ്തി മുതലമടയ്ക്കാണ് എന്നാല്‍ കീടബാധ ഇവിടുത്തെ മാംഗോ കൃഷിക്ക് വന്‍ ഭീഷണിയാണ്. മുന്തിയ ഗുണമേന്മയും മധുരമുള്ളതുമായ മാങ്ങയാണ് മുതലമട മാമ്പഴം. കാലാവസ്ഥ വ്യതിയാനവും മാമ്പഴകൃഷിക്ക് ഭീഷണിയാണ്.

34. തലനാട് ഗ്രാമ്പൂ
കോട്ടയം ജില്ലയിലെ മീനച്ചലിലെ തലനാട് എന്ന പ്രദേശവുമായി ബന്ധപ്പെട്ടതാണ് തലനാട് ഗ്രാമ്പൂ. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ വളരുന്ന 60 വര്‍ഷം വരെ ആയുസുള്ള ചെടിയാണ് ഗ്രാമ്പൂ. തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തലനാട് ഗ്രാമ്പൂവിനെ ഏറ്റവും ഗുണമേന്മയുണ്ടാക്കുന്നത്. മറ്റ് ഗ്രാമ്പൂവിനേക്കാള്‍ വലുപ്പം കൂടുതലാണ്. എണ്ണയുടെ അംശവും മണവും കൂടുതലാണ് എന്നതാണ് തലനാടന്‍ ഗ്രാമ്പൂവിനെ മറ്റ് ഗ്രാമ്പൂവില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.