ഓജസ്സിനായി മില്ലറ്റ് ഭക്ഷ്യോത്പന്നങ്ങളുമായി സ്വോജസ് ഫാംസ്

ഇന്ദു കെ.പി.

സുഹൃത്തുക്കളും വനിത സംരംഭകരുമായ വിദ്യരാകേഷ്, പ്രീതി ദീപക് എന്നിവർ ചേർന്ന് ആരംഭിച്ച ചെറുധാന്യ ഭക്ഷ്യോൽപന്ന യൂണിറ്റാണ് ‘ഹെറിടേസ്റ്റ് എൽ എൽ പി’. പാലക്കാട് ജില്ലയിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് എറണാകുളം ജില്ലയിൽ ആലുവാ കുഴിവേലി പടിയിൽ പുതിയ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. ‘സ്വോജസ് ഫാംസ്’ എന്ന ബ്രാൻഡിലാണ് ഇവർ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. സ്ഥിരമായ ഒരു വരുമാനം എന്നതിലപ്പുറം നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ആശയത്തിൽ ഊന്നിയുള്ള ചിന്തയിൽനിന്നും ഉരുതിരിഞ്ഞതായിരുന്നു ഈ ഭക്ഷ്യോൽപന്ന സംരംഭം.

ചക്ക-മില്ലറ്റ് സമ്മിശ്രമായ വിവിധ തരം ഉൽപന്നങ്ങൾ ഉണ്ടാക്കിയാണ് ഇവർ പ്രവർത്തനം ആരംഭിച്ചത്. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്താലും ചെറു ധാന്യങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും എന്ന തിരിച്ചറിവിലുമാണ് ചെറുധാന്യങ്ങളിലേക്ക് ചുവടു മാറിയതെന്ന് സംരംഭകർ പറയുന്നു. ചെറുധാന്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ അവബോധം ഇല്ലാത്തതിനാൽ വിപണി കണ്ടെത്തൽ തുടക്കത്തിൽ വലിയ ബുദ്ധിമുട്ടായിരുന്നു. നമ്മുടെ ആരോഗ്യത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭ 2023 ലോക മില്ലറ്റ് വർഷമായി ആചരിക്കുകയുണ്ടായി. സ്കൂളുകളിലും മറ്റു പൊതുജനാരോഗ്യ രംഗത്തുമെല്ലാം ചെറുധാന്യങ്ങളുടെ ഗുണമേന്മ ബോധ്യപ്പെട്ടതിനാൽ ഇവയ്ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്ന് വിദ്യ പറയുന്നു. 

‘സ്വോജസ്’ എന്ന സംസ്കൃത പദത്തിനർത്ഥം ഓജസ് എന്നാണ്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ തന്നെയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന് സംരംഭകർ പറയുന്നു. മണിച്ചോളം, തിന, കമ്പ്, ചാമ, റാഗി തുടങ്ങിയ മില്ലറ്റുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ കൊണ്ട് നിർമ്മിക്കുന്ന റെഡി ടു കുക്ക് രീതിയിലുള്ള പുട്ടുപൊടി, ഉപ്പുമാവ്, ദോശപ്പൊടി, ഇഡ്ഡലിപ്പൊടി, മില്ലറ്റ് അവൽ എന്നിവയെല്ലാം 350 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിൽ ലഭ്യമാണ്. 95 രൂപ മുതൽ 125 രൂപ വരെയാണ് വില. റെഡി ടു ഈറ്റ് രൂപത്തിലുള്ള മില്ലറ്റ് കോൺഫ്ളേക്സുകളും ഉണ്ട്. ഇവ 150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള പായ്ക്കറ്റിൽ ലഭിക്കും. 120 രൂപ മുതൽ 180 രൂപ വരെയാണ് വില ഈടാക്കുന്നത്. പരമ്പരാഗത രീതി തന്നെയാണ് നിർമ്മാണത്തിൽ അനുവർത്തിക്കുന്നത്. അസംസ്കൃത വസ്തുക്കൾ കഴുകി, ഉണക്കി, പൊടിച്ച്, വറുത്ത് ഗുണമേന്മ ഉറപ്പുവരുത്തി തന്നെയാണ് ഉൽപന്നങ്ങൾ ഉപഭോക്താവിലെത്തിക്കുന്നത്. പായ്ക്കറ്റുകളിലുള്ള കോഡ് സ്കാൻ ചെയ്താൽ അസംസ്കൃത സാധനങ്ങൾ ശേഖരിക്കുന്നതു മുതൽ ഉൽപന്നം വിവിധ ഘട്ടങ്ങളിലുടെ പാകപ്പെടുത്തി പാക്കറ്റ് സീലിങ്ങ് വരെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം നേരിട്ട് അറിയുന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് സംരംഭകർ പറയുന്നു.

     

കേരളത്തിലെ എല്ലാ ജില്ലകളിലെയും സൂപ്പർ മാർക്കറ്റുകൾ, ആമസോൺ എന്നിവിടങ്ങളിലെല്ലാം സ്വോജസ് ഫാം ഉൽപന്നങ്ങൾ ലഭ്യമാണ്. പുറമെ ആശുപത്രികൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ടെന്ന് വിദ്യ പറയുന്നു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും കുവൈറ്റ് പോലുള്ള വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റി അയക്കുന്നുണ്ട്. റീടെയിലിനു പുറമെ ഹോൾസെയിലായും ഇവ നൽകുന്നുണ്ട്. ഒമ്പത് ജോലിക്കാരാണ് യൂണിറ്റിൽ ഉള്ളത്. വിദ്യയുടെ ഭർത്താവ് രാകേഷും പ്രീതിയുടെ ഭർത്താവ് ദീപക്കും സംരംഭത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇത്തരം ഒരു യൂണിറ്റ് ആരംഭിക്കുന്നതിന് ഏകദേശം അമ്പത് ലക്ഷം രൂപ ചെലവു വരുമെന്ന് ഇവർ പറയുന്നു. ഭക്ഷ്യോൽപന്ന യൂണിറ്റായതു കൊണ്ടു തന്നെ എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.

പുല്ലു വർഗ്ഗത്തിൽപ്പെട്ട ധാന്യ വിളയാണ് മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ. അയേൺ, സിങ്ക്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ ധാതുക്കളുടെ സമൃദ്ധമായ ഉറവിടമാണ് മില്ലറ്റുകൾ. ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ദഹന പ്രക്രിയ സുഗമമാക്കുമെന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം. മില്ലറ്റുകൾ തവിടോടു കൂടി ഉപയോഗിക്കുകയാണെങ്കിൽ മാംസ്യത്തിന്റെ അംശം ധാരാളം ലഭ്യമാകും. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ഒരു ഭക്ഷണം കൂടിയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. വെള്ളം, വളം, കീടനാശിനി എന്നിവ പരിമിതമായ തോതിൽ മാത്രം മതിയെന്നതിനാൽ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണിത്. പണ്ട് സാധാരണക്കാരുടെ ഭക്ഷണമായിരുന്നു മില്ലറ്റുകൾ. ഗോതമ്പിന്റെ ഉപയോഗം വന്നതോടെയാണ് ഇവയുടെ ഉപയോഗം ഇല്ലാതായത്. ഇതിന്റെ പോഷക ഗുണങ്ങൾ മനസ്സിലാക്കി വീണ്ടും ഇത് ആഹാരമാക്കാൻ തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ടു സംരംഭക സാധ്യതകളും വർദ്ധിച്ചു.

കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതും തലകീഴായി മറിഞ്ഞതുമായ ഭക്ഷണ രീതികൾ ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണമാണ്. ഓരോ മില്ലറ്റിനും ഓരോ ഗുണങ്ങളുണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ഒരു മില്ലറ്റ് ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. പുതു ജനത ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ളവരായതിനാൽ ഇത്തരം ഭക്ഷ്യോൽപന്നങ്ങൾക്ക് അവർ പ്രധാന്യം നൽകുന്നുണ്ടെന്ന് സംരംഭകർ അഭിപ്രായപ്പെടുന്നു.