ഐ.കെ.ജി.എസ്: നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്

ശ്രീ. വിഷ്ണുരാജ് പി, ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

സംസ്ഥാന സർക്കാർ 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപവാഗ്ദാനങ്ങൾ അതിവേഗത്തിൽ വ്യവസായ നിക്ഷേപങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. 1,211 കോടിയുടെ 4 നിക്ഷേപ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും, 2675 കോടിയുടെ 8 പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയുമാണ്. നിക്ഷേപക സംഗമത്തിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ ആണിവ.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ആന്റ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. 2675 കോടി രൂപയുടെ 8 പദ്ധതികൾ കൂടി മെയ് മാസത്തിൽ നിർമ്മാണം ആരംഭിക്കും. ജൂണിൽ 1,117 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമാകും.

ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജീനോം സിറ്റി മാതൃകയിൽ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ ബയോ മാനുഫാക്ചറിംഗ് മേഖലയിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. ഐ.കെ.ജി.എസിൽ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരൂമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂൺ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നിക്ഷേപ താൽപര്യപത്രങ്ങളുടെ തത്സമയ ട്രാക്കിംഗിനായി വെബ്പോർട്ടൽ രൂപകൽപന ചെയ്ത് ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്കലേഷൻ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.

ഇതുവരെ 450 ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിർദ്ദേശങ്ങളിലുള്ളത്. ഐ.ടി.- ഐ.ടി അനുബന്ധ മേഖലകളിലായി 29 കമ്പനികൾ 9,300 കോടി രൂപയുടെ നിക്ഷേപതാൽപര്യം അറിയിച്ചിട്ടുണ്ട്. ഈ രൂപത്തിൽ ഐ. കെ. ജി. എസ്- ലെ നിക്ഷേപവാഗ്ദാനങ്ങളെല്ലാം യാഥാർത്ഥ്യമാകുന്നതോടെ വികസിത കേരളത്തിന്റെ പുത്തൻ മുഖഛായ ലോകത്തിനു മുന്നിൽ അനാവൃതമാകും.