ഉണരുന്നു…സ്‌കൂൾ വിപണി

പാർവ്വതി. ആർ. നായർ

ഒരു വിദ്യാലയ വർഷം കൂടി അരികിലെത്തുകയായി. കാലവർഷം പതിയെ പെയ്തിറങ്ങുന്ന സമയം കൂടിയാണിത്. പണ്ടത്തേതിൽ നിന്നും വളരെ വ്യത്യസ്തമായി സർവത്ര പുത്തൻ മണം പ്രസരിപ്പിക്കുകയാണ് ഓരോ ഓപ്പണിങ്ങ് സീസണും. ഇല്ലായ്മയുടെ രസകരമായ കഥകളയവിറക്കുന്നവരാണ് പഴയ തലമുറ. മുമ്പേ പൊയവർ പഠിച്ച് ആദിയുമന്തവുമില്ലാതായ പുസ്തകങ്ങളും, എന്നോ ആരോ വാങ്ങിയ തുണിത്തരങ്ങൾക്കൊപ്പം കിട്ടിയ പ്ലാസ്റ്റിക് കവറും വാഴയിലയോ, ചേമ്പിലയോ കൊണ്ടുള്ള കുടയുമൊക്കെപ്പിടിച്ച് പാതി നനഞ്ഞും നനയാതെയും വിദ്യാലയങ്ങളിലണഞ്ഞ കുഞ്ഞുങ്ങളുടെ ഈറൻ കഥകൾ ഇന്നത്തെ തലമുറയ്ക്ക് ടി വി സീരിയലുകളിലെ എപ്പിസോഡുകളായി തോന്നാം. എന്നാൽ ആ കഷ്ടപ്പാടുകളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നതങ്ങളിലെത്തിച്ചേർന്ന നിരവധി പേരുണ്ട്. ചെരിപ്പും കുടയും സ്‌കൂൾ ബാഗുമില്ലാത്ത ഒരു കാലഘട്ടം നമുക്കിന്ന് ഗതകാലസ്മൃതികളുടെ ഭാഗം മാത്രം.

ഒരു കുട്ടിയെ സ്‌കൂളിലയയ്ക്കുക എന്നതൊരു നിസ്സാര കാര്യമല്ല. പുതുതായി സ്‌കൂളിലെത്തുന്നവർ, തുടർ പഠനം നടത്തുന്നവർ എന്നിങ്ങനെ രണ്ടായി കുട്ടികളെ ആദ്യം തരംതിരിയ്ക്കാം. വീണ്ടും ഇവയെ മൂന്നാക്കി വിഭജിയ്ക്കണം. കേരളാ, സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സിലബസുകളിൽ പഠിയ്ക്കുന്നവർ എന്ന്. സിലബസ് വ്യത്യസ്തമെങ്കിലും മറ്റ് വഹകൾക്ക് ഏകതാനതയുണ്ട്. ബാഗും കുടയും പാദരക്ഷയും മുതൽ കട്ടറും, എറേസറും വരെ ഏതാണ്ട് ഇരുപതോളം ഉൽപന്നങ്ങളാണ് കുട്ടികൾക്കായി മെയ്, ജൂൺ മാസങ്ങളിൽ വിപണികളിലെത്തുന്നത്. ഉൽപാദകരുടെ പ്രചരണ തന്ത്രങ്ങൾ മൂലം സ്റ്റേപ്ലറും, വൈറ്റ്‌നറും വരെ ഇപ്പോൾ സ്റ്റുഡൻസ് ഐറ്റമായി മാറിയിരിയ്ക്കുന്നു. ഒരു കുട്ടിയ്ക്ക് ശരാശരി 5,000 രൂപയാണ് ഇന്ന് സ്‌കൂൾ തുറക്കലിന് പൊടിയ്‌ക്കേണ്ടി വരുന്നത്. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ സി. ബി. സി. ഇ യിലും, ഐ. സി. എസ്. ഇ യിലും വിതരണം ചെയ്യപ്പെടുന്നത് തീ പിടിച്ച വിലയ്ക്കു തന്നെ. കേരള സർക്കാരിന്റെയും എൻ. സി. ഇ. ആർ റ്റി യുടെയും പാഠപുസ്തകങ്ങളുടെ വിലയുടെ നാലും അഞ്ചും ഇരട്ടിയാണ് സ്വകാര്യ പ്രസാധകർ ഈടാക്കുന്നത്. ഇവയിൽ 85 ശതമാനവും ഉത്തരന്ത്യേൻ ലോബിയുടെ കുത്തകയാണ്. ഇത്തരം ടെക്സ്റ്റുകൾക്കു മാത്രം 1,100 രൂപ മുതൽ നാലായിരത്തി അഞ്ഞൂറു രൂപ വരെ രക്ഷകർത്താക്കൾ ചെലവഴിയ്ക്കുന്നു (പ്രീ സ്‌കൂൾ മുതൽ പ്ലസ് ടു വരെ)

4,19,128 പേർ ആണ് ഇത്തവണ റഗുലർ വിഭാഗത്തിൽ എസ്. എസ്. എൽ. സി. പഠനം കഴിഞ്ഞു പുറത്തിറങ്ങിയത്. പ്രീ സ്‌കൂൾ മുതൽ പത്താം ക്ലാസ് വരെ ലൈവ് ആയി അമ്പതു ലക്ഷത്തിലേറെ കുട്ടികൾ വിവിധ സിലബസുകളിലായി ഇവിടെ അദ്ധ്യയനം നടത്തുന്നു. ഏതാണ്ട് 250 കോടി രൂപയിലേറെ വിപുലമാണ് സംസ്ഥാനത്തെ സ്‌കൂൾ വിപണി. ഇതിൽ നമ്മുടെ സംസ്ഥാനത്തെ സംരംഭങ്ങൾ ടാപ്പ് ചെയ്യുന്നത് 30 ശതമാനത്തോളം മാത്രം. ഈ പ്രസ്താവനയെ വിഘടന വാദമെന്നൊന്നു കരുതരുത്. നമ്മുടെ സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനാർത്ഥം എടുക്കുന്ന സ്ഥിതിവിവരക്കണക്ക് മാത്രമാണിത്.

എന്നും നല്ല വിതരണക്കാരാവാനാണ് മലയാളിയ്ക്കു താൽപര്യം. പ്ലാസ്റ്റിക് കോട്ടട് റാപ്പർ മുതൽ സിന്തറ്റിക് റബ്ബർ വരെയുള്ള വസ്തുക്കൾ വരെ സ്‌കൂൾ വിപണിയിലുണ്ട്. കൂടുതൽ ഫിനിഷിങ്ങ് ഉള്ളതും വർണവും സുഗന്ധവും നിറഞ്ഞതുമായ കൃത്രിമ റബ്ബറുകൾ (എറേസറുകൾ) കുഞ്ഞുങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ സുഗന്ധ രഹിതമായ പ്രകൃതിദത്ത റബ്ബർ വഴിമാറേണ്ടി വരുന്നു. ഇതൊരു ഉദാഹരണം മാത്രം. 12 ലക്ഷം ചെറുകിട റബ്ബർ കർഷകരുള്ള കേരളത്തിൽ സ്‌കൂൾ വിപണിയിൽ എത്ര പ്രകൃതിദത്ത റബ്ബർ ഉൽപന്നങ്ങൾ പുതുതായി അവതരിപ്പിച്ചു കൂടാ. പണ്ട് മഷിപ്പേനകളായിരുന്നു സർവസാധാരണം. കുട്ടികൾ മഷിക്കുപ്പിയും കരുതിയിരുന്ന കാലം നമുക്കുണ്ടായിരുന്നു. മഷി തീരുന്നവർ തുള്ളിക്കണക്കിനു മഷി കടം വാങ്ങിയിരുന്ന സൗഹൃദാന്തരീക്ഷത്തിന്റെ മധുരം നുകർന്നയാളാണ് ലേഖകൻ. അന്നുള്ള ഒരു ന്യൂനത കൈകളിൽ മഷി പടരുന്നതു മാത്രമായിരുന്നു. ഇന്ന് യൂസ് ആന്റ് ത്രോ പേനകളുടെ കാലമായി. 2600 കോടിയുടെ പേന വിപണിയാണ് ഇന്ത്യയിലുളളതെന്നോർക്കുക. പുനരുപയോഗി ക്കാവുന്നതും പ്രകൃതി സൗഹൃദവുമായ പ്രത്യേകിച്ചും റബ്ബർ അധിഷ്ഠിതമായ എഴുത്തുപകരണങ്ങളെപ്പറ്റി നമ്മുടെ ഗവേഷകരും സംരംഭകരും ഒന്നു ചിന്തിയ്ക്കട്ടെ.

ഹാർഡ് ബോർഡുകളും ബ്രൗൺ പേപ്പറുകളുമൊക്കെ പുതിയ സംരംഭങ്ങൾക്ക് വഴി തുറക്കേണ്ടതായിരിയ്ക്കുന്നു. വേസ്റ്റ് പേപ്പറുകളിൽ നിന്നു പുനർജനിയ്ക്കുന്ന ഇത്തരം ഉൽപന്നങ്ങൾ ബുക്കുകൾക്കും പുസ്തകങ്ങൾക്കുമുള്ള കവർ സ്‌കൂൾ പ്രോജക്ടുകൾക്കുള്ള മാധ്യമങ്ങൾ വരെയാകട്ടെ. പരിസ്ഥിതി സൗഹൃദമായ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നവീന ഉൽപന്നങ്ങളുടെ ശ്രേണി കാത്തിരിയ്ക്കുകയാണ് ഉപഭോക്താക്കൾ.

കൈത്തറി, ഖാദി വിപണികളെ ത്വരിതപ്പെടുത്താൻ നമ്മുടെ സ്‌കൂൾ വിപണികൾക്കു കഴിയണം. പ്രകൃതിയ്ക്കിണങ്ങിയവയാണ് ഈ രണ്ടുതരം തുണികളും. ഇവയുടെ ഉൽപാദന മേഖല ഏറെ പ്രതിസന്ധികളും നേരിടുന്നുണ്ട്. ഗ്രാമീണ മേഖലയിലെ 11,500 വനിതകളുൾപെടെ പണിയെടുക്കുന്നതാണ് കേരളത്തിലെ ഖാദി ഗ്രാമ വ്യവസായരംഗം. 15,405 നെയ്ത്തുകാരും, അത്രയോളം സമാന തൊഴിലാളികളും കൈത്തറി മേഖലയിലുമുണ്ട്. സർക്കാർ ധനസഹായത്തിലാണ് ഇന്നും ഇവയുടെ നിലനിൽപ്. മാറി വരുന്ന ഫാഷൻ സങ്കൽങ്ങൾക്കനുസരിച്ച് ഈ പരമ്പരാഗത വ്യവസായത്തെ ആധുനികവൽക്കരിയ്ക്കുന്നുണ്ടെങ്കിലും വൻകിട വസ്ത്ര നിർമാതാക്കളുടെ ലോബിയുമായി ഇവർക്കു മത്സരിയ്ക്കാനാവുന്നില്ല. സ്‌കൂൾ യൂണിഫോം ഉൾപെടെയുള്ളവ പൂർണമായും കൈത്തറി, ഖാദി ഉൽപന്നങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ സിലബസിലുള്ള കുട്ടികൾക്ക് നിർബന്ധമാക്കിയാൽ നമ്മുടെ പരമ്പരാഗത വസ്ത്ര നിർമാണ മേഖല പുരോഗതിയിലേയ്ക്കു കുതിക്കും. ഉത്തരേന്ത്യൻ വസ്ത്ര നിർമാതാക്കളും സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളും ചേർന്ന് ഒത്തു കളിയ്ക്കുന്നതിന്റെ ഫലമായി യൂണിഫോം തുണികൾ സ്‌കൂളുകളിൽ നിന്നാണ് ഏറെയും വിതരണം ചെയ്യപ്പെടുക. 100 മുതൽ 200 ഇരട്ടി വരെയാണ് രക്ഷകർത്താക്കൾക്ക് നിലവിൽ നൽകേണ്ടി വരുന്നത്. ഈ ചൂഷണവും അവസാനിപ്പിയ്ക്കാൻ ഖാദി കൈത്തറി വസ്ത്രങ്ങളുടെ വിതരണത്തിലൂടെ സഹായകമാവും. കേരളത്തിന്റെ തനതു വസ്ത്രം കേരളത്തിലെ വിദ്യാലയങ്ങളെ വർണാഭമാക്കട്ടെ. നമ്മുടെ കുട്ടികളിൽ ഐക്യവും അഖണ്ഡതയും ഊട്ടി വളർത്താൻ പര്യാപ്തമാകട്ടെ. ഒപ്പം വ്യവസായ മേഖലയിലും നവചൈതന്യം പകരാൻ, പുതിയ പുതിയ ആശയങ്ങളിലൂടെ പുതിയ പുതിയ സംരംഭങ്ങൾ ഉയർന്നു വരാൻ നിമിത്തമാകട്ടെ.