ഈടില്ലാതെ മെഷീനറി വായ്പ – 5 കോടി വരെ എങ്ങനെ നേടാം

റ്റി. എസ്. ചന്ദ്രൻ

സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എം.എസ്.എം.ഇ മേഖലയ്ക്ക് അഞ്ചു കോടി രൂപ വരെ മെഷീനറി വാങ്ങുന്നതിന് വായ്പ നൽകുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി ആനുകൂല്യങ്ങൾ

അഞ്ചു കോടി രൂപ വരെ സമയ വായ്പയായി അനുവദിക്കുന്നു. പദ്ധതി ചെലവിന്റെ 20% സംരംഭകർ കണ്ടെത്തിയാൽ മതിയാകും. മെഷീനറി/ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുക.

പലിശ

9.5% വാർഷിക പലിശയാണ് പദ്ധതിയിൽ ഈടാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി പ്രകാരം യോഗ്യതയുള്ള സംരംഭങ്ങൾക്ക് രണ്ട് കോടി രൂപവരെ 5% പലിശയ്ക്ക് ലഭ്യമാക്കും. ബാക്കി തുകയ്ക്ക് 9.5% പലിശ നൽകേണ്ടിവരും.

യോഗ്യത മാനദണ്ഡങ്ങൾ

700-ൽ കുറയാത്ത സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. പ്രത്യേക രീതിയിൽ ഇത് കണക്കാക്കും. പ്രായപരിധി സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഇല്ല. മൂന്നുവർഷം തുടർച്ചയായി പ്രവർത്തിച്ചുവരുന്ന സ്ഥാപനം ആയിരിക്കണം. അവസാന രണ്ടു വർഷം ലാഭകരമായി പ്രവർത്തിച്ചിരിക്കണം. വായ്പ – ഇക്വിറ്റി അനുപാതം 4:1 ആയിരിക്കണം. നേരത്തെ എടുത്ത വായ്പകളിലെ തിരിച്ചടവ് മികച്ചതായിരിക്കണം.

ഈ പദ്ധതി പ്രകാരം സമർപ്പിക്കുന്ന പദ്ധതി ചെലവിന്റെ 75% ത്തിൽ കുറയാത്ത തുക മെഷീനറി വാങ്ങുന്നതിന് വേണ്ടി ആയിരിക്കണം. പ്രാബല്യമുള്ള ഒരു റണ്ണിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പഴയ മെഷീനറികൾക്കോ ഫാബ്രിക്കേറ്റ് ചെയ്യുന്ന മെഷീനറികൾക്കോ വായ്പ ലഭിക്കുകയില്ല. ഉദ്യം രജിസ്‌ട്രേഷൻ വേണം. അപേക്ഷയോടൊപ്പം മെഷീനറിയുടെ ക്വട്ടേഷൻ സമർപ്പിക്കണം. അവർക്ക് തുക നേരിട്ട് ആയിരിക്കും വിതരണം ചെയ്യുക. വാർഷിക മെയിന്റനൻസ് എഗ്രിമെൻറ് ഉണ്ടാക്കണം. ഈ പദ്ധതി പ്രകാരം വാങ്ങുന്ന മെഷീനറികളുടെ ഫസ്റ്റ് ചാർജ് എപ്പോഴും കെ എഫ് സി ക്ക് ആയിരിക്കും.

കൊലാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല

ഈ പദ്ധതി പ്രകാരമുള്ള വായ്പക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള കവറേജ് ലഭിക്കുന്നതിനാൽ അധിക സെക്യൂരിറ്റികൾ നൽകേണ്ടതില്ല. വായ്പയെടുത്തു വാങ്ങുന്ന മെഷീനറിയും ഉപകരണങ്ങളും മാത്രമാണ് ഇവിടെ സെക്യൂരിറ്റിയായി നൽകേണ്ടി വരിക. എന്നാൽ പേഴ്‌സണൽ ഗ്യാരണ്ടി ആവശ്യമായി വരും. മറ്റു വസ്തുക്കൾ ഒന്നും ഈട് നൽകേണ്ടി വരില്ല എന്ന് ചുരുക്കം.

വായ്പ തിരിച്ചടവും മൊറട്ടോറിയവും

ആറു മുതൽ 12 മാസം വരെ മൊറട്ടോറിയം കിട്ടും. മൊറട്ടോറിയം പിരീഡ് ഉൾപ്പെടെ ഏഴു വർഷത്തിനുള്ളിൽ പ്രതിമാസ ഗഡുക്കൾ ആയി വായ്പ തിരിച്ചടയ്ക്കണം.

സബ്‌സിഡി

ഈ പദ്ധതി പ്രകാരം പ്രത്യേക സബ്‌സിഡികൾ ഒന്നും പറയുന്നില്ല. എന്നിരുന്നാലും നിർമ്മാണ സ്ഥാപനങ്ങൾക്ക് എന്റർപ്രണർ സപ്പോർട്ട് സ്‌കീം പ്രകാരം 15% മുതൽ 45% വരെ നിക്ഷേപ സബ്‌സിഡിക്ക് അർഹത ഉണ്ടായിരിക്കും. ഈ സബ്‌സിഡി KFC തന്നെ വിതരണം ചെയ്യും.

വായ്പക്ക് അപേക്ഷിക്കുന്നതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ജില്ലാ/മേഖല ഓഫീസുകളുമായി ബന്ധപ്പെടുകയോ സൈറ്റിൽ കയറി ഓൺലൈൻ ആയി അപേക്ഷിക്കുകയോ ചെയ്യാം. അപേക്ഷ സമർപ്പിക്കും മുൻപ് കെഎഫ്‌സിയുടെ ഓഫീസിൽ പോയി നേരിട്ട് സംസാരിക്കുന്നത് നന്നായിരിക്കും.

മൂന്നുവർഷമെങ്കിലും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന സംരംഭങ്ങൾക്ക് മെഷീനറി വാങ്ങുന്നതിന് സൗകര്യപ്രദമായ ഒരു വായ്പാ പദ്ധതിയാണ് ഇത്. ഈടില്ലാതെ വായ്പ ലഭിക്കും എന്നതും, രണ്ട് കോടി രൂപ വരെ 5% പലിശയ്ക്ക് (സിഎംഎഡിപി പ്രകാരം) ലഭിക്കും എന്നതുമാണ് പദ്ധതിയുടെ ആകർഷകത്വം.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്
മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ